താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ശുക്രൻ ഏഴിലാണെങ്കിൽ ജാതകൻ സമ്പത്തും സൗന്ദര്യവും സുന്ദരിയായ ഭാര്യയും ഉള്ളവനാകും. പക്ഷെ പരസ്ത്രീകളിലാകും അയാൾക്ക് താല്പര്യം" (പണ്ടുകാലത്ത് നമ്പൂതിരിമാർ ജനിക്കുമ്പോൾ ശുക്രൻ മനഃപൂർവം പോയി ഏഴാം ഭാവത്തിൽ നിൽക്കുമായിരുന്നു!).

"ശുക്രൻ 12-ം ഭാവത്തിൽ നിന്നാൽ മൃഷ്ടാന്നഭോജന സുഖവും ശയനസുഖവും സമ്പൽ സമൃദ്ധിയും ഉണ്ടാകും" (നമ്പൂതിരിമാർ ജനിക്കുമ്പോൾ ശുക്രൻ പണ്ട് 7ലും 12ലും ഒരേ സമയം നിന്നിട്ടുണ്ടാകുമോ ആവോ!).

ഗ്രഹങ്ങളുടെ ജാതി

വ്യാഴവും ശുക്രനും ബ്രാഹ്മണരും, കുജനും സൂര്യനും ക്ഷത്രിയരും, ചന്ദ്ര-ബുധന്മാർ വൈശ്യരും, ശനി ശുദ്രനും, രാഹു ഭ്രഷ്ടനും (പറയൻ) ആണ്. (ബുധന്റെയും ശനിയുടെയും കാര്യത്തിൽ തർക്കമുണ്ട്).

ചന്ദ്രൻ, സൂര്യൻ, വ്യാഴം ഇവർ സത്വഗുണമുള്ളവരും, ശുക്രനും ബുധനും രജോഗുണമുള്ളവരും, കുജനും ശനിയും തമോഗുണമുള്ളവരും ആകുന്നു.

ഗ്രഹങ്ങളുടെ രൂപം

സൂര്യൻ തേൻനിറമുള്ള കണ്ണുകളോടുകൂടിയവനും ചതുര ശരീരിയുമാണ് ('മധുപിംഗല ദൃക് ചതുരശ്രതനു' എന്നു വരാഹൻ.) അവന് പിത്ത പ്രകൃതിയും തലമുടി കുറവുമാണ്. ചന്ദ്രന്റെ ശരീരം വൃത്താകാരവും വാത-കഫങ്ങൾ കൂടിയതും ആണ്. അവൾ ബുദ്ധിശാലിയും മധുരഭാഷിയും സുന്ദരനേത്രയും ആണ്. കുജൻ യുവാവും ദാനശീലനും പിത്ത പ്രകൃതിയും ചഞ്ചലഹൃദയനും കൃശമധ്യനും ആണ്. ബുധൻ നാനാർഥങ്ങളോടെ സംസാരിക്കുന്നവനും രസികനും ത്രിദോഷങ്ങൾ അധികമുള്ളവനും ആകുന്നു. ഇങ്ങനെ പോകുന്നു വരാഹന്റെ രൂപവർണന.

ഗ്രഹങ്ങളുടെ ശത്രു-മിത്രത്വം

ഗ്രഹങ്ങൾ തമ്മിൽ നിസർഗ്ഗ (സ്ഥിര) ശത്രു-മിത്രത്വവും, താൽക്കാലിക ശത്രു-മിത്രത്വവും ഉണ്ടത്രെ. ആദ്യം സ്ഥിര ശത്രു-മിത്രത്വം പറയാം (ഇക്കാര്യത്തിൽ വരാഹനോട് വിയോജിക്കുന്നവരും ഉണ്ട്). സൂര്യന് ചന്ദ്രനും കുജനും വ്യാഴവും നിസർഗ്ഗ ബന്ധുക്കൾ. ശനി, ശുക്രൻ നിസർഗ്ഗ ശത്രുക്കൾ, ബുധൻ നിസർഗ്ഗസമൻ. ചന്ദ്രന് സൂര്യൻ, ബുധൻ ബന്ധു, കുജൻ, വ്യാഴം, ശുക്രൻ, ശനി സമന്മാർ (ശത്രുക്കളില്ല). കുജന് വ്യാഴം, ചന്ദ്രൻ, സൂര്യൻ ബന്ധു; ബുധൻ ശത്രു. ശുക്രൻ, ശനി സമന്മാർ ഇങ്ങനെ പോകുന്നു പട്ടിക. ബന്ധുത്വം ചിലപ്പോൾ ഏകപക്ഷീയവുമാകാം. ഉദാ: ചന്ദ്രന് ബുധൻ ബന്ധുവാണെങ്കിലും തിരിച്ച് ബുധന് ചന്ദ്രൻ ശത്രുവാണ് (എന്താണാവോ കാരണം?)

തൽക്കാല ശത്രുമിത്രത്വങ്ങൾ ഉണ്ടാകുന്നതു ഗ്രഹസ്ഥിതിയനുസരിച്ചാണ്. ഓരോ ഗ്രഹത്തിനും അതിന്റെ സ്ഥാനത്തു നിന്ന് 2,3,4,12,11,10 എന്നീ ഭാവങ്ങളിൽ (അതായത് മുമ്പും പിമ്പുമുള്ള 3 വീതം രാശികളിൽ) നിൽക്കുന്നവർ തൽക്കാല ബന്ധുക്കളാണ്. മറ്റു ഭാവങ്ങളിൽ നിൽക്കുന്നവർ തൽക്കാല ശത്രുക്കളും (പരാശരനും മറ്റും ഇതിനോട് പൂർണമായി യോജിക്കുന്നില്ല). നിസർഗ്ഗബന്ധു തൽക്കാല ബന്ധു കൂടിയായാൽ അതി ബന്ധുവും, നിസർഗ ശത്രു തൽക്കാല ശത്രു കൂടിയായാൽ അതിശത്രുവും ആയിരിക്കും.