Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആർക്കും ഒറ്റനോട്ടത്തിൽ ബോധ്യമാകും (അതിനു വേണ്ടി മാത്രമാണ് അർഥഹീനമായ ഇക്കാര്യങ്ങൾക്കായി ഇത്രയും പേജുകൾ ചെലവഴിച്ചത്). ഇതിനു പുറമെ പാപസാമ്യം, ദശാസന്ധി ദോഷം മുതലായ ജാതകദോഷങ്ങൾ കൂടി വിവാഹപ്പൊരുത്തത്തിനു പരിഗണിക്കണം.

ചന്ദ്രൻ കർക്കിടക ലഗ്നത്തിൽ നിൽക്കുകയും അതിനു ശനിയുടെയും ചൊവ്വയുടെയും ദൃഷ്ടിയുണ്ടായിരിക്കുകയും ചെയ്താൽ അപ്പോൾ ജനിക്കുന്ന ശിശു കൂനനോ കുള്ളനോ ആയിരിക്കും.

ഗർഭധാരണ സമയത്ത ലഗ്നം മീനമാവുകയും ചന്ദ്രൻ, ചൊവ്വ, ശനി ഇവ അതിനെ ദൃഷ്ടി ചെയ്യുകയും ചെയ്താൽ കുഞ്ഞ് മുടന്തനായിരിക്കും.

ചന്ദ്രനോടൊപ്പം ഏതെങ്കിലും പാപൻ ഋക്ഷസന്ധികളിലൊന്നിൽ (4,8,12 രാശികളുടെ അന്ത്യഭാഗം) നിന്നാൽ ശിശു മന്ദബുദ്ധിയായി വളരും

പാപസാമ്യം

സ്ത്രീ ജാതകത്തിൽ ജന്മലഗ്നം, ചന്ദ്രലഗ്നം, ശുക്രലഗ്നം (ശുക്രൻ നിൽക്കുന്ന രാശി) ഇതിൽ ഓരോന്നിൽ നിന്നും ലഗ്നാലും ചന്ദ്രലും ശുക്രാലും എന്ന് ജ്യോത്സ്യഭാഷ -1, 2, 4, 7, 8,12 എന്നീ രാശികളിൽ സൂര്യൻ,ചൊവ്വ,ശനി,രാഹു എന്നീ പാപന്മാരിൽ ആരെങ്കിലും നിൽക്കുന്നത് ഭർത്താവിന് ദോഷം ചെയ്യുമെത്രെ, പ്രത്യേകിച്ചും 8 ൽ ചൊവ്വ ഗൗരവമുള്ളതത്രെ. ലഗ്നാലുള്ള പാപസൂചനയുടെ പകുതിയാണ് ചന്ദ്രാലുള്ളതിന്, അതിന്റെ പകുതി ശുക്രാലും. പുരുഷ ജാതകത്തിലും സമാനമായ പാപ സൂചനയുണ്ടെങ്കിൽ പാപസാമ്യമായി. പാപസാമ്യമുണ്ടെങ്കിൽ വിവാഹത്തിനു ദോഷമില്ല. ഉദാ: രണ്ടു പേർക്കും ചൊവ്വാ ദോഷമുണ്ടെങ്കിൽ കുഴപ്പം തീർന്നു (സ്ത്രീ ജാതകത്തിലെ ഏഴിലോ എട്ടിലോ നിൽക്കുന്ന പാപന്മാർക്ക് പുരുഷജാതകത്തിലെ ഏഴിൽത്തന്നെ വേണം പാപൻ എന്നതു നിർബന്ധമാണ്)

ദശാസന്ധി

ഒരു ദശയുടെ അവസാനത്തെ 6 മാസവും അടുത്ത ദശയുടെ ആദ്യത്തെ ആറു മാസവും ചേർന്നതാണ് ഒരു ദശാ സന്ധി. സ്ത്രീ - പുരുഷന്മാർക്ക് അവരുടെ ഭാവി ജീവിതത്തിൽ എപ്പോഴെങ്കിലും ഒന്നിച്ചു ദശാസന്ധി വരുന്നുവെന്ന് കണ്ടാൽ വിവാഹം വർജിക്കണം.

ചുരുക്കത്തിൽ, ജീവിതകാലത്ത് വരാവുന്ന എല്ലാ ആപത്തുകൾക്കും വേണ്ടത്ര കാരണങ്ങൾ പൊരുത്തം എന്ന ജാലവിദ്യയിലൂടെ ജ്യോത്സ്യൻ കണ്ടെത്തിയിട്ടുണ്ട്. പൊരുത്തക്കേടില്ലാത്ത ഒരു ജാതകവും ഉണ്ടാകില്ലെന്ന് ജ്യോതിഷം ഉറപ്പു വരുത്തിയിരിക്കുന്നു. അതിലെ സങ്കീർണതകൾ എല്ലാം ജ്യോത്സ്യന്മാർ ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്.. ആരെങ്കിലും സ്വന്തം ഭാവി സ്വയം വായിച്ചെടുക്കാനായാൽ കച്ചവടം നഷ്ടമാകുമല്ലോ. എന്നു മാത്രമല്ല സംഭവിക്കുന്ന ഏതു ദുരന്തത്തിനും (സൽക്കാര്യങ്ങൾക്കും) ഒരു വിശദീകരണം നൽകാനുള്ള വകുപ്പ് ഗ്രഹനിലയിലുണ്ടാകും. ഗ്രഹനിലയനുസരിച്ച് സംഭവിക്കേണ്ടിയിരുന്നതു സംഭവിക്കാതിരുന്നാൽ ജ്യോത്സ്യനോടാരും വിശദീകരണം ചോദിക്കാറുമില്ലല്ലോ.