Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അധ്യായം 6


ജ്യോതിഷത്തിലെ ചില സാങ്കേതിക പദങ്ങളും വിശ്വാസങ്ങളും

"മീനം ലഗ്നമാവുകയും അവിടെ ചന്ദ്രൻ നിൽക്കുകയും ആ ചന്ദ്രനെ ഏതെങ്കിലും ബന്ധുഗ്രഹം ദൃഷ്ടി ചെയ്യുകയും ചെയ്താൽ രാജയോഗം സംഭവിക്കും" (ജനനം തെരുവിലായാലും കാര്യമാക്കേണ്ട!)


ഫലഭാഗജ്യോതിഷം ഇന്ത്യ ഗ്രീസിൽ നിന്നും കാൽദിയയിൽ നിന്നും കടംകൊണ്ടതാണെങ്കിലും അതിനെ രൂപം മാറ്റി ഭാരതവൽക്കരിക്കുന്നതിൽ നമ്മുടെ ജ്യോതിഷികൾ കാട്ടിയ വിരുത് അപാരമാണ്. അതിനായി ബൃഹത്തായ ഒരു പദാവലി തന്നെ അവർ സൃഷ്ടിച്ചെടുത്തു. നമ്മുടെ ദേവീദേവന്മാരെ അതുമായി ബന്ധിപ്പിച്ച് വിശ്വാസത്തിന്റെ ഒരാവരണം നിർമിച്ചു. ജ്യോതിഷത്തിന്റെ ആവിഷ്കർത്താവ് ശിവപുത്രനായ സുബ്രഹ്മണ്യനാണെന്നും അദ്ദേഹത്തിന്റെ 'സ്കന്ദഹോര'യാണ് ജ്യോതിഷത്തിന്റെ മൂലഗ്രന്ഥമെന്നും പ്രചരിപ്പിച്ചു. പരാശരൻ ബ്രഹ്മാവിന്റെ പുത്രനാണത്രേ, വരാഹൻ സൂര്യന്റെ അവതാരവും. കൃതയുഗം മുതൽ രചിക്കപ്പെട്ട അനേകം ഹോരാ ശാസ്ത്രഗ്രന്ഥങ്ങൾ എല്ലാം പഠിച്ച് അർഥം ഗ്രഹിക്കാൻ മനുഷ്യർക്ക് കഴിയാതെ വന്നപ്പോൾ, കാലാന്തരത്തിൽ ആ ശാസ്ത്രം തന്നെ നശിച്ചുപോകുമോ എന്ന് ഭയന്ന്, ആദിത്യ ഭഗവാൻ തന്നെ ആദിത്യദാസൻ എന്നയാളുടെ മകനായി വരാഹമിഹിരൻ എന്ന പേരിൽ അവതരിച്ച്, ഹോരാ ശാസ്ത്രങ്ങളെ സംഗ്രഹിച്ച്, ബൃഹജ്ജാതകം രചിച്ചു എന്നാണ് ദശാധ്യായി (തലക്കുളത്തു ഗോവിന്ദഭട്ടതിരിയുടെ വരാഹഹോരാ വ്യാഖ്യാനം) പറയുന്നത്.

ജ്യോതിഷത്തെ പുർജന്മ വിശ്വാസവുമായി കോർത്തിണക്കി എന്നതാണ് ഇന്ത്യൻ ജ്യോതിഷികൾ ഒരുക്കിയ മറ്റൊരു വലിയ തന്ത്രം. ജനനസമയത്ത് ഗ്രഹങ്ങൾ ഒന്നും ചെയ്യുന്നില്ല, മുജ്ജന്മ കർമഫലമായി വന്നുചേർന്ന 'വിധി' യെ സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. വരാഹൻ പറയുന്നു:

"കർമാർജിതം പൂർവ ഭവേ സദാദി

യത്തസ്യപക്തിം സമദി വ്യനക്തി"