താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കേരളം കണ്ട മറ്റൊരു വലിയ ജ്യോതിഷി. തിരൂരിനടുത്തു തൃക്കണ്ടിയൂർ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. മുഖ്യ കൃതികൾ തന്ത്രസംഗ്രഹവും ആര്യഭടിയഭാഷ്യവുമാണ്. കൂടാതെ ഗോളസാരം, സിദ്ധാന്ത ദർപ്പണം തുടങ്ങിയ വേറെയും കൃതികളുണ്ട്.

ഇന്ത്യയിലെ വർഷഗണന

വർഷത്തിന്റെ നീളം 365.242196 ആണെന്നു പറഞ്ഞല്ലോ. സൂര്യൻ വിഷുവസ്ഥാനത്തു നിന്നു തുടങ്ങി വീണ്ടും വിഷുവസ്ഥാനത്തു തിരിച്ചെത്താൻ വേണ്ട സമയമാണിത്. സായന വർഷം (Tropical Solar Year) എന്നാണിത് അറിയപ്പെടുന്നത്. വിഷുവസ്ഥാനം ഓരോ വർഷവും 50 സെ. കണ്ട് പടിഞ്ഞാറോട്ടു നീങ്ങിപ്പോകുന്നതുകൊണ്ട് സൂര്യൻ 359 ഡിഗ്രി 59 മി 10 സെ സഞ്ചരിക്കാനെടുക്കുന്ന സമയമാണ് സായന വർഷം. എന്നാൽ ഭാരതീയരുടെ വർഷ ഗണന ഇങ്ങിനെയല്ല സൂര്യൻ മേടം രാശിയുടെ ആരംഭ ബിന്ദുവിൽ (മേഷാദിയിൽ) തുടങ്ങി അവിടെത്തന്നെ തിരിച്ചെത്തണം. അഥവാ 360 ഡിഗ്രി കറങ്ങണം അതിന് 365.2596434 ദിവസം വേണം ഇതാണ് നിരയന വർഷം (Siderial Solar Year). അയനാംശം ഓരോ വർഷവും കുറയ്ക്കാത്തതു മൂലം ഉള്ള മറ്റൊരു പ്രശ്നമാണിത്

കോപ്പർ നിക്കസ്സിനും ഒരു നൂറ്റാണ്ടുമുമ്പ് സൗരകേന്ദ്രസിദ്ധാന്തം ആവിഷ്കരിച്ച ജ്യോതിശ്ശാസ്ത്രജ്ഞനാണ് നീലകണ്ഠസോമയാജി. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ അഞ്ചു ഗ്രഹങ്ങളും ഭൂമിയെയല്ല സൂര്യനെയാണ് ചുറ്റുന്നതെന്നും അവയുടെ പഥം ഉൽകേന്ദ്രിതം (Eccentric) ആണെന്നും അദ്ദേഹം കണക്കാക്കി. ബുധനും ശുക്രനും ഒരിക്കലും സൂര്യനിൽ നിന്ന് ദൂരെ പോകുന്നില്ല എന്ന നിരീക്ഷണത്തിൽ നിന്നാണ് അദ്ദേഹം ഈ നിഗമനത്തിൽ എത്തിയത്. എന്നാൽ സൂര്യൻ ഗ്രഹങ്ങളോടൊപ്പം ഭൂമിയെ ചുറ്റുന്നു എന്ന് സോമയാജി വിശ്വസിച്ചു. ഇക്കാര്യത്തിൽ കോപ്പർ നിക്കസ് ഒരുപടി മുന്നിലാണെന്ന് സമ്മതിക്കണം.

നീലകണ്ഠസോമയാജിക്കു ശേഷം വന്ന ജ്യോതിഷികളെല്ലാം തന്നെ ഈ ഗ്രഹ സങ്കല്പമാണ് സ്വീകരിച്ചത് എന്നു കാണാം.

മലയാളത്തിൽ രചിച്ച പ്രശസ്ത ജ്യോതിഷഗ്രന്ഥമായ 'യുക്തിഭാഷ' യുടെ കർത്താവ് എന്ന നിലയ്ക്കാണ് ജ്യേഷ്ഠദേവൻ അറിയപ്പെടുന്നത്. പരമേശ്വരന്റെ മകനായ ദാമോദരനായിരുന്നു അദ്ദേഹത്തിന്റെ ഗുരു.

പുതുമന സോമയാജിയുടെ മുഖ്യകൃതി 'കരണപദ്ധതി' യാണ്. മലയാളത്തിലെന്നപോലെ തമിഴിലും തെലുങ്കിലും അത് ലഭ്യമാണ് എന്നത് കൃതിയുടെ ജനകീയതയുടെ തെളിവാണ്. ഗണനം എളുപ്പമാക്കി എന്നതാണ് അദ്ദേഹം കൈവരിച്ച നേട്ടം.

അപ്പുതമ്പുരാൻ എന്നു വിളിക്കുന്ന ശങ്കരവർമ കടത്തനാട്ട് രാജകുടുംബത്തിലെ അംഗമായിരുന്നു. കേരള ജ്യോതിഷത്തിന്റേയും ഗണിതത്തിന്റേയും സമാഹാരമാണ് അദ്ദേഹത്തിന്റെ 'സദ്‌രത്നമാല' എന്ന കൃതി.

ഇന്ത്യയിൽ ജ്യോതിശ്ശാസ്ത്രം വളർച്ച മുട്ടിനിന്ന ഒരു ഘട്ടത്തിൽ അതിനു പുതുജീവൻ നൽകാൻ കഴിഞ്ഞു എന്നതിൽ കേരളത്തിന് അഭിമാനിക്കാം. എന്നാൽ, അപ്പോഴും നമ്മെ നിരാശപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഗ്രഹനിലയും ഗ്രഹണവും ഗണിക്കാൻ വേണ്ട കൃത്യതയായിരുന്നില്ലേ നമ്മുടെ ജ്യോതിഷികളെല്ലാം തേടിയത്? ഇത്രയേറെ ഭാവനയും ഗണിതവിജ്ഞാനവും ഉണ്ടായിട്ടും ഒരു പുതിയ പ്രപഞ്ച ചിത്രം കണ്ടെത്താൻ അവർക്കായില്ലല്ലോ! ആ മേൽക്കൈ നാം യൂറോപ്പിനു വിട്ടു കൊടുക്കേണ്ടി വന്നത് കഷ്ടമായിപ്പോയി.