താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശേഖരം മറിച്ച് നിങ്ങൾക്കുള്ള ഭാഗം വായിച്ചു കേൾപ്പിച്ചുതരും. നിങ്ങളുടെ സകലബന്ധുക്കളുടെയും, ഭാര്യയുടെ/ഭർത്താവിന്റെ ബന്ധുക്കളുടെയും വിവരങ്ങളും നിങ്ങളുടെ ഭൂതം ഭാവി വർത്തമാനങ്ങളും അതിലുണ്ടാകും. ഈ ഭൂമിയിലുള്ള ആരു ചെന്നാലും അയ്യോ 'നിങ്ങളുടെ കാര്യം മാത്രം അഗസ്ത്യമുനി എഴുതിവെച്ചിട്ടില്ലല്ലോ' എന്ന് ഒരു നാഡീ ജ്യോത്സ്യനും പറയില്ല. ഇനി ജനിക്കാൻ പോകുന്ന കോടാനുകോടികളുടെ കാലത്തും അതുണ്ടാവില്ല. 'അഗസ്ത്യമുനിയെ സമ്മതിക്കണം അപ്പാ' എന്ന് ആരും പറഞ്ഞുപോകും.

ജ്യോതിഷപ്രകാരം ചൊവ്വ അഗ്നിയുടെയും ബുധൻ പൃഥ്വിയുടെയും വ്യാഴം ആകാശത്തിന്റെയും ശുക്രൻ വെള്ളത്തിന്റെയും ശനി വായുവിന്റെയും സൂചകങ്ങളാണത്രേ. സൂര്യചന്ദ്രന്മാർ കാലവും മനസ്സുമാണ്. രാഹു കേതുകൾ ചലനത്തിനാധാരമായ ബിന്ദുക്കളാണ്. ഗുളികൻ മാലിന്യവും. ജാതകത്തിൽ അഞ്ചിൽ ചൊവ്വയുണ്ടെന്നു പറയുമ്പോൾ അർഥമാക്കുന്നത് മാനസികതലത്തിൽ അഗ്നി ഭൂതത്തിന്റെ ആധിക്യമുണ്ടെന്നാണ്. അതുകൊണ്ടാണത്രെ ആ വ്യക്തി മുൻകോപിയും സാഹസികനും ആകുന്നത്.

എന്തടിസ്ഥാനമാണിപ്പറഞ്ഞതിനുള്ളത്. പഞ്ചഭൂതസിദ്ധാന്തം ഇന്നാർക്കെങ്കിലും സ്വീകാര്യമാണോ? ചൊവ്വ അഞ്ചിലായാലും ആറിലായാലും എന്തുകൊണ്ട് ഒരു വ്യത്യാസമുണ്ടാകണം. മുൻകോപികളെയും സാഹസികരെയും പറ്റി എന്തെങ്കിലും സ്റ്റാറ്റിസ്റ്റിക്കൽ പഠനം നടത്തിയിട്ടുണ്ടോ?

ഇതുപോലെ അത്ഭുതകരമാണ് ഗൗളികളുടെ ഭാവിയെക്കുറിച്ചുള്ള അറിവും. നിങ്ങൾക്ക് അടുത്ത ഭാവിയിൽ എന്തുസംഭവിക്കും എന്നു സൂചിപ്പിക്കും വിധം വിവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കാനും ദേഹത്തു വീണിട്ട് തെക്കോട്ട് ഓടണോ അതോ കിഴക്കോട്ടോടണോ എന്നു തീരുമാനിക്കാനും (രണ്ടിനും വ്യത്യസ്ഥഫലമാകും) മൂപ്പർക്കുള്ള കഴിവ് അപാരമാണ്. പക്ഷെ അതു 'വായിച്ചെടുക്കാൻ' ഒരു ഗൗളീശാസ്ത്രജ്ഞൻ തന്നെ വേണം.

താംബൂലപ്രശ്നത്തിലെ പ്രശ്നം ഏതു വെറ്റിലയിലാണ് നിങ്ങളുടെ ഭാവി ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്ന് കണ്ടെത്തുന്നതിലാണ്. ഒരു കെട്ടുവെറ്റിലയുമായി നിങ്ങൾ പ്രശ്നക്കാരന്റെ അടുത്തുപോയാൽ മതി. രാശിചക്രത്തിൽ 'ആരൂഢ'മായി വെക്കാൻ ഒരു നാണയവും കരുതണം. കെട്ടിൽ നിന്നൊരു വെറ്റില പ്രശ്നക്കാരൻ എടുക്കും. അതിലെ നേർത്ത ഞരമ്പുകളിലും പുഴു അരിച്ച പാടുകളിലും വൈറസും പൂപ്പുകളും സൃഷ്ടിച്ച രൂപങ്ങളിലും അയാൾ നിങ്ങളുടെ ഭാവി വായിച്ചുതരും. ഇതൊക്കെ ഭാരതീയർക്കു മാത്രം വശമുള്ള ശാസ്ത്രങ്ങളാണ്.

ഈ പ്രവചനങ്ങളൊന്നും വാരഫലത്തേക്കാളോ ഗ്രഹനില വെച്ചുള്ള പ്രവചനത്തേക്കാളോ മോശമാണെന്നും പറയുക വയ്യ. വാരഫലം എന്താണ്? ആഴ്ചയുടെ ഓരോ ദിവസവും നിങ്ങൾക്ക് ശുഭമോ അശുഭമോ ആയ എന്തൊക്കെ ഫലം ചെയ്യും എന്നു പ്രവചിക്കലല്ലേ? (പത്രങ്ങളിലെ വാരഫലത്തിൽ ഇതൊക്കെക്കൂടി സംഗ്രഹിച്ച് ചിലപ്പോൾ ഒരാഴ്ചത്തെ മൊത്തം ഫലമാക്കി മാറ്റിയിരിക്കും). ആഴ്ച എന്നതിന് ജ്യോതിശാസ്ത്രപരമായ വല്ല പ്രാധാന്യവുമുണ്ടോ? ആഴ്ചയുടെ ദിവസങ്ങളും ഗ്രഹങ്ങളുമായി പേരിലല്ലാതെ,വല്ല ബന്ധവുമുണ്ടോ? വേദകാലത്ത് ആഴ്ച എന്ന ആശയമേ ഇന്ത്യയിലുണ്ടായിരുന്നില്ല. അക്കാലത്ത് ദിവസങ്ങളെ തിഥികൾ കൊണ്ട് സൂചിപ്പിച്ചിരുന്നു എന്നുവേണം കരുതാൻ. ഗ്രഹനാമങ്ങളോടുകൂടിയ ആഴ്ചയുടെ ദിവസങ്ങൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നത് ക്രിസ്ത്വബ്ദാരംഭത്തിനു തൊട്ടുമുമ്പാണ്.