ഗ്രീക്കുകാർക്ക് ആദ്യകാലത്ത് 10 ദിവസമുള്ള ആഴ്ചകളായിരുന്നു. മെക്സിക്കോക്കാർക്ക് ആഴ്ചയ്ക്ക് 5 ദിവസം മതിയായിരുന്നു. ജൂതരും ബാബിലോണിയക്കാരുമാണ് ഏഴു ദിവസമുള്ള ആഴ്ച ആദ്യം നടപ്പിലാക്കിയത്. ആറു ദിവസം കൊണ്ട് ദൈവം പ്രപഞ്ച സൃഷ്ടി പൂർത്തിയാക്കി ഏഴാം ദിവസം വിശ്രമിച്ചു എന്ന ബൈബിൾ കഥ ഏഴാംദിവസം 'സാബത്ത് ദിവസം' ആയി ആചരിക്കാൻ ജൂതരെ പ്രേരിപ്പിച്ചു. പക്ഷേ, പഴയ നിയമത്തിൽ ആഴ്ചകൾക്കൊന്നും പേരുണ്ടായിരുന്നില്ല. ബാബിലോണിയക്കാരാണ് ദിവസങ്ങൾക്ക് ആദ്യമായി ഗ്രഹനാമങ്ങൾ നൽകിയത്. ഇതാണ് ആഴ്ചയുടെ കഥയെങ്കിൽ, അതുവെച്ച് ഫലം പറയുന്നതിൽ ജ്യോതിഷം പോലുമില്ലെന്നർഥം. ബുദ്ധിശക്തിയും അനുഭവസമ്പത്തും ഏറെയുള്ള ഒരു ജ്യോത്സ്യനോ മുൻപറഞ്ഞ തരം 'ശാസ്ത്രജ്ഞന്മാർ'ക്കോ നിങ്ങളെ മുന്നിൽ കിട്ടിയാൽ ഭാവി പ്രവചിക്കാൻ യഥാർഥത്തിൽ ഗ്രഹനിലയും വെറ്റിലയും കൈരേഖയും ഒന്നും വേണ്ട; നിങ്ങളുടെ സഹകരണം മാത്രം മതി. സൗഹൃദ സംഭാഷണത്തിലൂടെ വേണ്ടത്ര കാര്യങ്ങൾ അയാൾ നിങ്ങളിൽ നിന്നു ചോർത്തിക്കൊള്ളും.
ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടെയും കാന്തിക മണ്ഡലമാണ് ജാതകനെ സ്വാധിക്കുന്നത് എന്ന വമ്പൻ തമാശയും ചില ജ്യോതിഷികൾ തട്ടി വിടുന്നുണ്ട് എങ്കിലും ചന്ദ്രനും ബുധനും ഒരു സ്വാധീനവും കാണില്ല. കാമ്പു തണുത്തുറഞ്ഞുപോയ അവയ്ക്ക് കാന്തിക മണ്ഡലമില്ല. സൂര്യന്റെ കാന്തിക മണ്ഡലത്തിൽ അനിയതമായി ഉണ്ടാകുന്ന ഏറ്റക്കുറവുകൾ ജ്യോതിഷത്തിലൊട്ടു വരുന്നുമില്ല. പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങൾക്ക് ഭൂമിയിൽ ഒരു കാന്തിക മണ്ഡലവും സൃഷ്ടിക്കാൻ കഴിവില്ല. ജനിക്കുന്ന കുഞ്ഞിന്റെ ഭാവിയെ കാന്തിക മണ്ഡലം എങ്ങനെ സ്വാധീനിക്കും എന്നും മനസ്സിലാവുന്നില്ല. |
? ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കൃതികളിൽ മുൻപന്തിയിലാണത്രേ നോസ്ത്രദാമിന്റെ "സെഞ്ച്വറീസ്". സെപ്തംബർ 11-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം വരെ അദ്ദേഹം പ്രവചിച്ചിട്ടുണ്ട് എന്ന് ആളുകൾ പറയുന്നു. ഇതിൽ വല്ല സത്യവുമുണ്ടോ?
'നാളെയെ നേരിൽ കണ്ട മനുഷ്യൻ' എന്നു വിശ്വാസികൾ പുകഴ്ത്തുന്ന നോസ്ത്രദാമസ് 1503- 1566 വർഷങ്ങളിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു ഡോക്ടറും ജ്യോതിഷിയുമാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലം തൊട്ട് ആയിരത്താണ്ടുകൾ വരെ (3797 വരെയെന്ന് ദാമസ് ഭക്തർ) സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ 942 'നാലുവരി' ശ്ലോകങ്ങളിലായി പ്രവചിച്ചു വെച്ചിരിക്കുകയാണ്. ഓരോ ശ്ലോകവും ഓരോ പ്രവചനമാണ്. 100 പ്രവചനങ്ങൾ വീതമുള്ള 10 ശതകങ്ങൾ (centuries) ആയി അവയെ തിരിച്ചിരിക്കുന്നു. ഏഴാം ശതകത്തിൽ മാത്രം 42 ശ്ലോകമയുള്ളൂ. എല്ലാം പഴയ ഫ്രഞ്ചുഭാഷയിൽ, തികച്ചും അവ്യക്തമായ ശൈലിയിലാണ്. സംഭവങ്ങൾ നടന്ന ശേഷമേ നോസ്ത്രദാമസ് പറഞ്ഞ കാര്യമാണല്ലോ സംഭവിച്ചിരിക്കുന്നത് എന്ന് 'നോസ്ത്രദാമസ് വിദഗ്ധർ'ക്കുപോലും മനസ്സിലാകൂ. വ്യാഖ്യാതാവിന്റെ സഹായമില്ലാതെ സാധാരണ വിശ്വാസികൾക്ക് ഒന്നും പിടികിട്ടില്ല. ഒന്നാം ശതകത്തിലെ 64-ാം ശ്ലോകം നോക്കൂ.
"രാത്രിയിൽ അവർക്കു തോന്നും സൂര്യനെ കണ്ടു എന്ന്