താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മിച്ചിട്ടുണ്ടാകും (ഗ്രഹസ്ഫുടം ലഗ്നസ്ഫുടത്തേക്കാൾ കുറവാണെങ്കിൽ) അല്ലെങ്കിൽ ഉടൻ അസ്തമിക്കും. അതിൽ നിന്ന് ഒരു രശ്മിയും കുഞ്ഞിന്റെ അടുത്തെത്തില്ല. എട്ടാംഭാവം അസ്തമിക്കാൻ ഒരുങ്ങുന്ന രാശിയാണ്. ചുരുക്കത്തിൽ, അസ്തമിച്ചു കഴിഞ്ഞ, അല്ലെങ്കിൽ അസ്തമിക്കാൻ പോകുന്ന, ചൊവ്വ കുഞ്ഞിന്റെ ഭാവി വിവാഹജീവിതം താറുമാറാക്കും എന്നാണ് ജ്യോത്സ്യൻ പറയുന്നത് (അല്ലെങ്കിൽ ഇണക്കും വേണം ചൊവ്വാദോഷം). ഇതിനെന്തെങ്കിലും ന്യായീകരണമുണ്ടോ?

ചിങ്ങം രാശിയിലെ മകം നക്ഷത്രം (α-Leonis) കിടക്കുന്നത് 85 പ്രകാശവർഷം അകലെയാണ് ചന്ദ്രന്റെ പരഭാഗത്ത് ആ നക്ഷത്രം വന്നതു കൊണ്ട് അപ്പോൾ ജനിക്കുന്ന കുഞ്ഞിന് ഒരു ഗുണവും ഉണ്ടാകാനിടയില്ല. ചിങ്ങത്തിലെ മറ്റു പ്രധാന നക്ഷത്രങ്ങളെല്ലാം കിടക്കുന്നത് പലദൂരങ്ങളിലാണ് ഡെനെബോള (β-Leo) 39 ഉം അൽ ജീബ (χ-Leo) 91 ഉം സോസ്മ (δ-Leo) 52ഉം പ്രകാശവർഷം അകലെയാണ്. 1600 ഉം 2000 വും പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളും അതിലുണ്ട്. ചുരുക്കത്തിൽ ചിങ്ങത്തിന്റെ സിംഹരൂപം നമ്മുടെ ഭാവനയുടെയും കണ്ണിന്റെ പരിമിതിയുടെയും സൃഷ്ടിയാണ്. ചിങ്ങത്തിൽ ജനിച്ചതുകൊണ്ട് സിംഹശൗര്യം ഉണ്ടാകുമെന്നു പറയുന്നത് വിവരക്കേടാണ്

"കാര്യകാരണ ബോധത്തിന്റെ പ്രയോഗവും ആധികാരികതയും ഉപേക്ഷിച്ച ഒരാളോടു വാദിക്കുക എന്നത് മരിച്ചു കഴിഞ്ഞ ഒരാൾക്ക് മരുന്നു നൽകും പോലെ അർഥഹീനമാണ്"

തോമസ് പെയ്ൻ

ചൊവ്വ ഒരു നിർജ്ജീവഗ്രഹമാണ്. നമ്മുടെ ഉപഗ്രഹങ്ങൾ അവിടെ പലവട്ടം ഇറങ്ങി പരിശോധിച്ചിട്ടുണ്ട് അതിൽ ജീവന്റെ അംശം പോലുമില്ല. അതിന്റെ ഗുരുത്വാകർഷണം നിസ്സാരമാണെന്നും നാം കണ്ടു. പ്രസവസമയത്ത് കുഞ്ഞിനടുത്ത് നിൽക്കുന്ന ഡോക്ടർക്കും നഴ്സിനും അതിലേറെ ഗുരുത്വാകർഷണമുണ്ടാകും അപ്പോൾ പിന്നെ ചൊവ്വാദോഷത്തിന്റെ അടിസ്ഥാനമെന്താണ്?. പ്രാചീനകാലത്തെ അറിവിന്റെ പരിമിതി തന്നെ. ആകാശത്തെ ഗ്രഹങ്ങൾക്കെല്ലാം ബാബിലോണിയർ ദേവസങ്കല്പങ്ങൾ നൽകിയ കഥ നാം പറഞ്ഞതാണ്. ചൊവ്വ ചുവപ്പായതുകൊണ്ട് (ചോരയുടെ നിറം) അതിനെ യുദ്ധത്തിന്റെ ദേവനാക്കി. കാൽദിയന്മാർ ഫലഭാഗം സൃഷ്ടിച്ചെടുത്ത കാലത്ത് ചൊവ്വ നിർണ്ണായകമായി. ജ്യോത്സ്യം ഇന്ത്യയിലെത്തിയപ്പോഴും ഗ്രഹസ്വഭാവങ്ങളിൽ മാറ്റം വരാതെ നാം നോക്കി. അവരുടെ ശുഭന്മാർ നമുക്കും ശുഭന്മാരും അവരുടെ പാപികൾ നമുക്കും പാപികളും ആയിത്തന്നെ തുടർന്നു.

യഥാർഥത്തിൽ ചൊവ്വയുടെ സ്ഥാനവും കുഞ്ഞിന്റെ ജനനവുമായി ഒരു ബന്ധവുമില്ലെന്ന് നമുക്കറിയാം. ചൊവ്വ ഭൂമിയെയല്ല സൂര്യനെയാണ് ചുറ്റുന്നത്, ഏതാണ്ട് ഒരേ വേഗത്തിൽ. കുഞ്ഞു ജനിക്കുന്നതറിഞ്ഞ് ഏഴിലോ എട്ടിലോ പോയി നിൽക്കാൻ അതിനു കഴിയില്ല. കുഞ്ഞിനും കുഞ്ഞിന്റെ അമ്മയ്ക്കും പ്രസവസമയം നിശ്ചയിക്കാനുള്ള കഴിവില്ല. ചൊവ്വയ്ക്ക് കുഞ്ഞിനോട് ഒരു മുൻവിരോധവുമില്ല. അതിന് ചിന്താശക്തിയുമില്ല. എങ്കിൽ പിന്നെ കുഞ്ഞിനെ ചൊവ്വാദോഷത്തിൽ ജനിപ്പിച്ചാതാരാണ് (അങ്ങിനെ ഒരു ദോഷമുണ്ടെങ്കിൽ)?. ദൈവവിശ്വാസിക്കു പറയേണ്ടിവരും ദൈവമാണെന്ന്. എങ്കിൽ ദൈവത്തിന്റെ നീതിബോധത്തിൽ എന്തോ പിശകില്ലേ? തെറ്റുചെയ്തവരെ ദൈവം ശിക്ഷിക്കുമെന്നാണ് മതങ്ങൾ പറയുന്നത്. പക്ഷേ, ഇവിടെ ജനിക്കും മുമ്പെ ശിക്ഷ കൊടുത്തുകഴിഞ്ഞു. മറ്റു ചില കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ശുക്രനെയും ഗുരുവിനെയും ഉച്ചസ്ഥാനത്തോ മൂലത്രികോണത്തിലോ ഒക്കെ നിർത്തി