താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിന്തയുടെയും ഒരാവരണം നൽകി ഭദ്രമാക്കുന്നതിൽ ജാതക വിശ്വാസം വലിയ പങ്കാണു വഹിച്ചത്. ഒരാൾ ശൂദ്രനായി ജനിക്കുന്നത് മുജ്ജന്മകർമഫലമായാണ്. ദുരിതങ്ങൾക്കു കാരണം ജാതി ചൂഷണമല്ല, തന്റെ തന്നെ മുജ്ജന്മകർമങ്ങളാണ്. അതു വായിക്കുന്നതിനു മാത്രമാണ് ഗ്രഹനില. 'ചാതുർവർണ്യം മയാസൃഷ്ടമാണ്' അതിനെതിരെ ശബ്ദിക്കുന്നത് വിധിയേയും നിയതിയേയും വെല്ലുവിളിക്കുന്നതിനു തുല്യമാണ്.

ഒരു വ്യക്തിയുടെ സ്വഭാവവും ശരീരപ്രക‌ൃ‌തിയും നിർണയിക്കുന്നത് മുഖ്യമായും ജനിതക ഘടകങ്ങളും (അച്ഛന്റെയും അമ്മയുടെയും പരമ്പരയിൽ നിന്ന്) ജീവിത സാഹചര്യങ്ങളും ചേർന്നാണ് എന്ന കാര്യം ശാസ്ത്രബോധമുള്ള ആരും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല. തോന്നുന്നില്ല. എന്നിട്ടും ജാതകന്റെ രൂപവും ഭാവവും ഗ്രഹനില വെച്ച് പ്രവചിക്കുന്നത് എങ്ങനെ ശരിയാകും? നമ്മുടെ വൻ നഗരങ്ങളിലെ കുറ്റവാളികളിലേറെയും തെരുവിൽ ജനിച്ച്, അനാഥരായി, ഭക്ഷണത്തിനും നിലനിൽപിനും വേണ്ടി അന്യോന്യം പോരടിച്ച് വളർന്ന്, ഒടുവിൽ പല കുറ്റവാളി സംഘങ്ങളിലും ചെന്നുപെട്ട നിർഭാഗ്യവാന്മാരാണ്. ചെന്നൈ സെൻട്രൽ ജയിലിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടത് അവിടുത്തെ അന്തേവാസികളിൽ ഭൂരിപക്ഷവും തെരുവിന്റെ മക്കളായി വളർന്നവരാണെന്നാണ്. അവർ ജനിച്ച അതേ സമയത്തു ജനിച്ച 'മാന്യന്മാരുടെ മക്കൾ' 'മാന്യന്മാരായി'ത്തന്നെ കഴിയുന്നു.

അങ്ങനെ കർമപാശവും ജാതകവും വിധി വിശ്വാസവും ചേർന്ന് ജാതിവ്യവസ്ഥയ്ക്ക് ഉറച്ച അടിത്തറയുണ്ടാക്കി. അത് ഒരു തരം അടിമ വ്യവസ്ഥ തന്നെയായിരുന്നു. പക്ഷേ, യൂറോപ്പിലേതിൽ നിന്നും വ്യത്യസ്തമായിരുന്നു. യൂറോപ്പിലെ അടിമത്തം ആയുധവും ശക്തിയും ഉപയോഗിച്ചാണ് നിലനിർത്തിയത്. അതു കൊണ്ടുതന്നെ അവിടെ ഇടയ്ക്കിടെ വിപ്ലവങ്ങളുണ്ടായി. ക്രി.മു 73-71 കാലത്ത് സ്പാർട്ടക്കസിന്റെ നേതൃത്വത്തിലുണ്ടായ അടിമകളുടെ ഉയിർത്തെഴുന്നേൽപ് ചിത്രത്തിന്റെ ഭാഗമാണ്. എന്നാൽ അത്തരം ഒന്ന് ഇന്ത്യയിൽ ഒരിക്കലും ഉണ്ടായില്ല. ബുദ്ധനും ജൈനനും നയിച്ച അഹിംസാത്മക വിപ്ലവങ്ങളെ ബ്രാഹ്മണമതം പതുക്കെ മെരുക്കിയെടുത്തു. തങ്ങളുടെ ദൈന്യാവസ്ഥയ്ക്കു കാരണം തങ്ങളുടെ തന്നെ വിധിയാണെന്ന് ഒരു ജനത വിശ്വസിച്ചു കഴിഞ്ഞാൽ പിന്നെ അവരെ രക്ഷിക്കാൻ ഒരു ശക്തിക്കും കഴിയില്ല. ഇതാണ് ഇന്നും നമ്മുടെ ശാപം. ഫ്യൂഡലിസത്തിന് വളക്കൂറുള്ള മണ്ണാണിവിടെ. ഇന്ത്യൻ മണ്ണിൽ നിന്ന് വിധി വിശ്വാസത്തെയും ജാതകവിശ്വാസത്തെയും ജാതിയേയും ഒന്നിച്ചല്ലാതെ, വെവ്വേറെ പിഴുതെറിയാൻ കഴിയുമെന്നു തോന്നുന്നില്ല. ജ്യോതിഷത്തെ എതിർത്തുനോക്കൂ, ഇവിടുത്തെ ഉന്നത ജാതിയിൽപെട്ട മേലാളന്മാരും പുരോഹിതരും ജ്യോത്സ്യരും സംസ്കൃതശ്ലോകങ്ങളുമേന്തി ആക്രമിക്കാൻ വരുന്നതുകാണാം.

?മനുഷ്യനും മനുഷ്യൻ ജീവിക്കുന്ന ഭൂമിയുമെല്ലാം ബൃഹത്തായ ഈ പ്രപഞ്ചത്തിന്റെ ഒരംശമാണല്ലോ. എങ്കിൽ ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്ന പ്രതിഭാസങ്ങൾ മനുഷ്യരിലും സ്വാധീനം ചെലുത്തില്ലേ? ആ അർഥത്തിൽ ജ്യോതിഷ പ്രവചനങ്ങൾ ശരിയായിക്കൂടെ?

മനുഷ്യനും ഭൂമിയും പ്രപഞ്ചത്തിന്റെ ഭാഗമാണെന്നതും പ്രപഞ്ചത്തിൽ നടക്കുന്ന പല പ്രതിഭാസങ്ങളും നമ്മെ സ്വാധീനിക്കുമെന്നതും നേരാണ്. ഉദാഹരണത്തിന് ആൻഡ്രോമിഡ ഗാലക്സിയിൽ ഒരു സൂപ്പർ നോവ സ്ഫോടനമുണ്ടായാൽ അതിൽ നിന്നുവരുന്ന കോസ്മിക് രശ്മികളും 'സൈഗ്നസ് എക്സ് - 1' എന്ന തമോഗർത്തത്തിൽ (Black hole) നിന്നുവരുന്ന എക്സ്റേ