താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രശ്മികളും എല്ലാം നമ്മളെ ബാധിക്കാം. പക്ഷെ അതെല്ലാം സ്ഥൂലസ്വാധീനങ്ങളാണ്. എല്ലാ മനുഷ്യരേയുമാണത് ബാധിക്കുക. ജനിക്കുന്ന കുഞ്ഞിന്റെ മേൽ അതിനെന്തങ്കിലും സൂക്ഷ്മസ്വാധീനമുള്ളതായി തെളിവില്ല. മാത്രമല്ല അതൊന്നും ജ്യോതിഷത്തിന്റെ പരിഗണനയിൽ വരുന്നുമില്ല. സൗരയൂഥത്തിലെ വിദൂരഗ്രഹങ്ങൾപോലും (യുറാനസും നെപ്റ്റ്യൂണും പ്ലൂട്ടോയും)അതിൽ പരിഗണിക്കപ്പടുന്നില്ല. 5 ഗ്രഹങ്ങളും സൂര്യചന്ദ്രന്മാരും അവയുടെ പരഭാഗത്ത് മാറി മാറി വരുന്ന ചില നക്ഷത്ര ചിത്രങ്ങളുമേ ജ്യോതിഷത്തിലുള്ളു. ഇല്ലാത്ത ഗുളികനും രണ്ടു സാങ്കല്പിക സ്ഥാനങ്ങളായ രാഹു-കേതുക്കളും മനുഷ്യ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാനാണ്? ബീഹാറിലും യു. പി യിലും വയറിളക്കംമൂലം കുഞ്ഞുങ്ങൾ മരിക്കുന്നെങ്കിൽ അതിന് കാരണം പഴകിയ വൃത്തിഹീനമായ ഭക്ഷണം കഴിക്കുന്നതും ഒ ആർ എസ് നല്കാനുള്ള ബോധം അമ്മമാർക്കില്ലാത്തതുമാണ്. അല്ലാതെ ശനിയോ കേതുവോ ദോഷസ്ഥാനത്ത് നിൽക്കുന്നതുകൊണ്ടല്ല. കേരളത്തിൽ അങ്ങനെ സംഭവിക്കാത്തത് നമ്മുടെ അമ്മമാർക്ക് വിദ്യാഭ്യാസം കിട്ടിയതുകൊണ്ടാണ്. സ്ഥൂലപ്രപഞ്ചത്തിന്റെ സ്വാധീനമായി ജ്യോത്സ്യപ്രവചനങ്ങളെ ന്യായീകരിക്കുന്നത് ഒരു തരം വഞ്ചനയാണ്. അത്തരം ഒരു സ്വാധീനത്തെ പരിഹാരപൂജയും ക്ഷേത്രദർശനവും വഴിപാടുകളുംകൊണ്ട് പരിഹരിക്കാം എന്ന് പറയുന്നത് ഏറെ പരിഹാസ്യവും.

അമേരിക്കയിൽ കേസ് വെസ്റ്റേൺ റിസർച്ച് യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രജ്ഞനായ ജോൺ മക്ഗർവി 16634 ശാസ്ത്രജ്ഞരുടേയും (American Men of Science ൽ നിന്ന്) 6475 രാഷ്ട്രീയ പ്രവർത്തകരുടേയും (Who's who in American Politics ൽ നിന്ന്) ജന്മദിനങ്ങൾ സമ്പാദിച്ച് അത് വെച്ച് അവരുടെ ഗ്രഹനിലകൾ പരിശോധിച്ചപ്പോൾ അവരോരോരുത്തരും തമ്മിൽ ഒരു സാമ്യവും കണ്ടെത്താൻ കഴിഞ്ഞില്ല. അതേ ഗ്രഹനിലയോടുകൂടി ജനിച്ച പതിനായിരങ്ങൾ വേറെയുമുണ്ട്. അവരാരും ശാസ്ത്രജ്ഞരോ രാഷ്ട്രീയപ്രവർത്തകരോ ആയതുമില്ല. ഗ്രഹനില ആരേയും ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും ആക്കില്ലെന്ന് വ്യക്തം.

നമ്മുടെ ജ്യോത്സ്യന്മാർക്ക് സംഘടനയുണ്ട് ആളും അർഥവും ഉണ്ട്. നമ്മുടെ ശാസ്ത്രജ്ഞരുടേയും രാഷ്ട്രതന്ത്രജ്ഞരുടേയും ഗ്രഹനില കിട്ടാൻ പ്രയാസവുമില്ല. ഇത്തരം ഒരു പഠനം സത്യസന്ധമായി നടത്താൻ അവർ തയ്യാറാകുമോ? (അന്വേഷകരുടെ കൂട്ടത്തിൽ വിശ്വാസമില്ലാത്ത ഒരാളെങ്കിലും ഉണ്ടാകണം.)

?നിങ്ങൾ ശാസ്ത്രവാദികൾ പറയുന്നത് എല്ലാറ്റിന്റേയും അവസാനവാക്ക് ശാസ്ത്രമാണെന്നാണ്. മനുഷ്യന് അതിഭൗതികമെന്നോ അതീന്ദ്രിയമെന്നോ ഒക്കെ വിളിക്കാവുന്ന ചില ഉൾക്കാഴ്ചകൾ ഉണ്ടായിക്കൂടെ? ചിലർക്കത് കൂടുതൽ കണ്ടെന്നും വരില്ലേ? പ്രാചീനകാലത്തെ ഋഷികളും മറ്റും അത്തരം ചില മനുഷ്യരായിരിക്കാമെന്നും അവർക്കുണ്ടായിരുന്ന ഇത്തരം ഉൾക്കാഴ്ചകളുടെ ഫലമായുണ്ടായതാണ് ജ്യോതിഷമെന്നും വന്നുകൂടെ?

ശാസ്ത്രം എല്ലാറ്റിനും അവസാനവാക്കാണെന്ന് ചിന്താശക്തിയുള്ള ഒരാളും പറയില്ല. നല്ല സാമൂഹ്യബോധവും ചരിത്രബോധവും കലാസ്വാദനശേഷിയും ഒപ്പം ശാസ്ത്രബോധവും ഉണ്ടെങ്കിലേ സാർഥകമായ ഒരു ജീവിതം സാധ്യമാകൂ. അതെല്ലാം ചേർന്നാണ് നമ്മുടെ മൂല്യബോധം രൂപപ്പെടുത്തുന്നത്. മൂല്യബോധമില്ലാത്ത വ്യക്തികളുടേയും ജനതയുടേയും കയ്യിൽ ശാസ്ത്രവും സാങ്കേതിക വിദ്യകളും എത്ര ആപൽക്കരമാണെന്ന് നാം നിത്യേനയെന്നോണം കണ്ടുകൊണ്ടിരിക്കുകയാണ്.