Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാത്രമല്ല, കൈകൊണ്ട് വസ്തുക്കളെ മുറുകെ പിടിക്കുന്ന കുരങ്ങുകൾക്കും മറ്റു പല ജീവികൾക്കും കൈരേഖകളുണ്ട്.

പഴയ ക്രമങ്ങളും ആചാരങ്ങളും ഉപേക്ഷിക്കേണ്ടി വരുന്ന ഘട്ടങ്ങളിലൊക്കെ ശക്തമായ എതിർപ്പുകൾ ഉയർന്നു വരിക സ്വാഭാവികമാണ്. വർഷത്തിന്റെ നീളം ആദ്യകാലത്ത് 360 ദിവസമായാണ് ഈജിപ്തുകാർ കണക്കാക്കിയിരുന്നത്. അങ്ങനെയാണ് വൃത്തം 360 ഡിഗ്രിയായതും 360 ന്റെ ഘടകങ്ങളായ 30ഉം (മാസദൈർഘ്യം) 24ഉം (ദിന ദൈർഘ്യം മണിക്കൂറിൽ) 60ഉം (1 മണിക്കൂർ = 60 മിനുട്ട് , 1 മിനുട്ട് = 60 സെക്കൻറ്) എല്ലാം പ്രാധാന്യം നേടിയതും. പുരോഹിതർ ഇതിനനുസരിച്ചാണ് ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. വർഷത്തിന്റെ യഥാർഥ നീളം 365¼ ആണെന്ന തിരിച്ചറിവ് വല്ലാത്ത കുഴപ്പമാണവിടെ സൃഷ്ടിച്ചത്. കൃഷിക്കാർക്കും കച്ചവടക്കാർക്കും അതു സ്വീകാര്യമായി. പക്ഷെ, പുരോഹിതർ ശക്തിയുക്തം എതിർത്തു. അങ്ങനെ ഈജിപ്തിൽ ഒരേസമയം രണ്ടു കലണ്ടർ വേണ്ടി വന്നു. ഒന്ന് കൃഷിയ്ക്കും വ്യാപാരത്തിനും വേണ്ടി; മറ്റൊന്ന്, ആചാരാനുഷ്ഠാനങ്ങൾക്കു വേണ്ടി. ചാന്ദ്രകലണ്ടർ ഉപേക്ഷിക്കില്ല എന്ന് രാജാവിനെക്കൊണ്ട് പട്ടാഭിഷേകസമയത്ത് ഹീലിയോപോലിസിലെ (സൂര്യക്ഷേത്രം) പ്രധാന പുജാരി പ്രതിജ്ഞയെടുപ്പിക്കുമായിരുന്നു.

കൈരേഖകളുടെ രൂപം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. പാരമ്പര്യവും അസ്ഥികളുടെ ഘടനയും ഒക്കെ അതിന്റെ രൂപത്തെ സ്വാധീനിക്കും. മുൻപറഞ്ഞ മുഖ്യരേഖകളൊഴിച്ചുള്ള ചെറിയ രേഖകളെല്ലാം താൽക്കാലികങ്ങളാണ്. തൊലിക്കു കട്ടിവെക്കുമ്പോൾ പലതും മാഞ്ഞുപോകും. എന്നാൽ മുഖ്യരേഖകൾക്ക് മാറ്റമുണ്ടാകില്ല.

? ആയിരത്താണ്ടുകളായി ജ്യോതിഷം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. അതുമുഴുവൻ തട്ടിപ്പാണെങ്കിൽ ആളുകളതുപണ്ടേ തിരിച്ചറിയേണ്ടതല്ലേ? പക്ഷെ ജ്യോതിഷ വിശ്വാസം നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണല്ലോ. പ്രവചനങ്ങൾ കുറെയൊക്കെ ശരിയാകുന്നതുകൊണ്ടല്ലേ അത്?

ആയിരത്താണ്ടുകളായി നിലനിൽക്കുന്നു എന്നത് ഒരു വിശ്വാസം തട്ടിപ്പല്ല എന്നതിന്റെ തെളിവല്ല. രാഹു സൂര്യനെ വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്ന് ആയിരത്താണ്ടുകൾ ഭാരതീയർ വിശ്വസിച്ചില്ലേ? ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്, ഭക്ഷണം കഴിക്കരുത്, കിണർ മൂടിയിടണം, ഗ്രഹണം കഴിഞ്ഞാൽ കുളിച്ച് ശുദ്ധം വരുത്തണം, ഗ്രഹണദോഷം പോകാൻ ബ്രാഹ്മണർ പ്രത്യേക സ്നാനവും പൂജകളും നടത്തണം. എന്നൊക്കെ നമ്മുടെ നാട്ടുകാർ വിശ്വസിച്ചിരുന്നില്ലേ? അടുത്ത കാലത്തല്ലെ അതൊക്കെ അബദ്ധമാണെന്നു മനസ്സിലായത്? ഗ്രഹണമെന്നാൽ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നതാണെന്നും, ഏറിയാൽ 273 കി.മീ. ചുറ്റളവിൽ ഏഴു മിനിട്ട് (മിക്കപ്പോഴും അതിലുമെത്രയോ കുറവ്) നേരമേ ഒരിടത്ത് അതു നിൽക്കൂ എന്നും, അതാർക്കും ഒരു കുഴപ്പവും ചെയ്യില്ല എന്നും ഇന്നു നമുക്കറിയാം. പ്രകാശഫിൽറ്ററിലൂടെ പലരും ഗ്രഹണം നോക്കി ആസ്വദിക്കാറുമുണ്ട് (ഗ്രഹണാന്ത്യത്തിൽ ചന്ദ്രബിംബത്തിൻറെ വക്കിലെ ചില ഗർത്തങ്ങളിലൂടെ സൂര്യപ്രകാശം പെട്ടെന്ന് കടന്നുവരാം. വജ്രമോതിരം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കണ്ണിനു കേടുവരുത്താം എന്നതുകൊണ്ടാണ് ഫിൽറ്റർ ഉപയോഗിക്കേണ്ടത്). ഗ്രഹണഭയത്തെ ന്യായീകരിക്കാൻ ഇന്നും ജ്യോത്സ്യന്മാരും അവർക്കു താത്വിക പിന്തുണ നൽകുന്ന 'ശാസ്ത്രജ്ഞരും' ശ്രമിക്കുന്നതുകാണാം. ഗ്രഹണസമയത്ത് സൂര്യപ്രകാശം തടയപ്പെടുന്നതുകൊണ്ട് അന്തരീക്ഷത്തിൽ വിഷധൂളികളും രോഗാണുക്കളും വർധിക്കുമെന്നും വൻതോതിൽ അൾട്രാവയലറ്റ് രശ്മികൾ സൂര്യനിൽ നിന്നു പ്രവഹിക്കുമെന്നും അവർ പ്രചരിപ്പിക്കുന്നു. രാത്രിയിൽ 12 മണിക്കൂർ നേരം ഭൂമിയുടെ പകുതി