താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാട്ടുന്ന ഒരു ശാസ്ത്രജ്ഞന്റെയും അവസ്ഥ. എന്നാൽ ഇന്ത്യയിലെ ഒന്നാം നിരയിൽ പെട്ട ശാസ്ത്രജ്ഞർ മിക്കവരും അങ്ങനെയല്ല എന്നും ഓർക്കണം. സി.വി. രാമനോ, എസ്.എൻ. ബോസോ, സാഹയോ, ഭാഭയോ, നാർലിക്കറോ, സി.എൻ.ആർ. റാവുവോ ഇത്തരം അന്ധവിശ്വാസങ്ങൾക്കടിമപ്പെട്ടതായി നാം കാണുന്നില്ല.

ശിശു ജനനത്തിലെ ഏഴുഘട്ടങ്ങളിൽ ഒന്നിനെയാണ് ജ്യോത്സ്യന്മാർ ജനനസമയമായി കണക്കാക്കുന്നത്.

  1. ഗർഭധാരണ സമയം
  2. ഗർഭജല സ്രവണാരംഭം.
  3. ശിരോദർശന സമയം
  4. ഭൂസ്പർശ സമയം
  5. ശിശു ആദ്യ ശ്വാസമെടുക്കുന്ന സമയം
  6. പ്രഥമ രോദനസമയം
  7. ഗർഭനാളഛേദന സമയം

രാജസന്താനങ്ങൾ ഉത്തമരാകാൻ പണ്ട് ഉത്തമ ഗർഭധാനസമയം കൊട്ടാരജ്യോത്സ്യൻ രാജാവിന് പറഞ്ഞു കൊടുക്കുമായിരുന്നു. സാധാരണ മനുഷ്യർക്ക് ഇതൊന്നും സാധ്യമല്ലാത്തതുകൊണ്ട് മുകളിൽ പറഞ്ഞതിൽ ഒന്ന് (മിക്കവരും 3,4,7ഇവയിൽ ഏതെങ്കിലും ഒന്ന്) തെരഞ്ഞെടുക്കും.

ഓരോ ജ്യോതിഷപക്ഷക്കാരും ഓരോ വിധമാണ് തെരഞ്ഞെടുക്കുക. എന്നിട്ടും ഇവരൊക്കെ നടത്തുന്ന പ്രവചനം ഫലിക്കുന്നുണ്ടത്രേ. അപ്പോൾ പ്രവചന രഹസ്യം മറ്റെന്തോ അല്ലേ?

? ഹസ്തരേഖാ ശാസ്ത്രത്തിലും വ്യാഴമണ്ഡലവും ശുക്രമണ്ഡലവും ഒക്കെയുണ്ടല്ലോ. അതും ജ്യോതിഷവുമായി വല്ല ബന്ധമുണ്ടോ?

ഹസ്തരേഖയിലെ വ്യാഴമണ്ഡലവും വ്യാഴവും തമ്മിലും ശുക്രമണ്ഡലവും ശുക്രനും തമ്മിലും ഒരു ബന്ധവുമില്ല. കൈരേഖയിൽ ആരും നമ്മുടെ ഭാവി രേഖപ്പെടുത്തിയിട്ടില്ല. ജനിക്കും മുമ്പെ ഭാവി കുറിക്കുന്നതിലെ അധാർമികത നമ്മൾ മുമ്പെ ചർച്ച ചെയ്തതാണ്. മാത്രമല്ല, അങ്ങനെ ഭാവി നേരത്തെ ആരെങ്കിലും നിശ്ചയിക്കുന്നെങ്കിൽ പിന്നെ നമ്മുടെ കർമങ്ങൾക്കു മേൽ നമുക്കെന്ത് ഉത്തരവാദിത്തമാണുള്ളത്? ഞാൻ മുപ്പതാം വയസ്സിൽ ഒരു കൊലപാതകം ചെയ്തിരിക്കുമെന്ന് 'വിധി' എന്റെ കൈവെള്ളയിൽ വരച്ചുവെച്ചുകഴിഞ്ഞാൽ പിന്നെ അതു ചെയ്യാതിരിക്കാൻ പറ്റുമോ? അതു വിധിയെ ചോദ്യം ചെയ്യലാവില്ലെ? കൊലപാതകം വിധിപോലെ നടത്തിയാലോ, അതിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തുന്നത് ശരിയാണോ? അതായത്, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസും ഗാന്ധിജിയെ വധിച്ച ഗോഡ്സെയും നിയുക്ത കർമങ്ങൾ നിർവഹിച്ച കർമയോഗികൾ ആയി മാറുന്നു.

ഭാവി വരച്ചിട്ടതല്ലെങ്കിൽ പിന്നെ ഉള്ളം കൈയിൽ എന്തിനാണീ വരകൾ? വസ്തുക്കളെ മുറുകെപ്പിടിക്കാൻ സഹായിക്കുന്ന സംവിധാനത്തിൻറെ ഭാഗമാണ് ആ വരകൾ. കൈകൾക്കുള്ളിലെ തൊലിയും മാംസപേശികളും മറ്റു ഭാഗങ്ങളിലേതിൽ നിന്നും വ്യത്യസ്തമാണെന്നു കാണാൻ പ്രയാസമില്ല. ഉള്ളം കൈ മടക്കുമ്പോൾ മാംസപേശികൾ സങ്കോചിച്ച് ഉരുളുകയും തൊലി അതിനനുസരിച്ച് അയഞ്ഞുകൊടുക്കുകയും ചെയ്യും. എന്നാൽ ഉള്ളം കൈയിലെ തൊലി ഒട്ടാകെ ഇങ്ങനെ അയച്ചിട്ടാലോ? മടക്കുമ്പോൾ ഒരു പന്തുപോലെ ഉരുണ്ടുപോവില്ലെ? ഒന്നും പിടിക്കാൻ പറ്റില്ല (മുറുകെപ്പിടിക്കാൻ വിരലുകളുടെ രൂപം പ്രധാനമാണെന്ന കാര്യം മറക്കുന്നില്ല). അതുകൊണ്ട് ചില സ്ഥാനങ്ങളിൽ ഉള്ളിലെ മാസപേശിയുമായി അതിനെ ഉറപ്പിച്ചു ചേർത്തിരിക്കുന്നു. അതാണു രേഖകളായി കാണപ്പെടുന്നത്. 'ഫ്ളക്സിയോൺ ക്രീസസ്' എന്നുവിളിക്കുന്ന ഈ രേഖകളില്ലാത്ത അവസ്ഥയിൽ നാം ഒരു വസ്തു മുറുകെപ്പിടിക്കുന്ന കാര്യം ഒന്നു സങ്കൽപിച്ചു നോക്കൂ. മനുഷ്യർക്കു