താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശ്വസിച്ച, മന്ത്രങ്ങൾ ഉരുവിട്ട് സ്വർഭാനുവിനെ തുരത്താൻ ശ്രമിച്ച മഹർഷിയാണ് അത്രി. വസിഷ്ഠ സിദ്ധാന്തത്തിലെ നിഗമനങ്ങളെ വരാഹൻ നിശിതമായി വിമർശിക്കുന്നതും നാം കാണുന്നു. ഗ്രഹങ്ങൾ ഭൂമിയെയല്ല, സൂര്യനെയാണ് ചുറ്റുന്നതെന്ന് മനസ്സിലാക്കാനോ, കണ്ണാൽ കാണാത്ത മൂന്ന് ഗ്രഹങ്ങളെക്കൂടി നവഗ്രഹങ്ങളോടൊപ്പം ചേർക്കാനോ, കൃത്യതയുള്ള ഒരു കലണ്ടർ നിർമിച്ചെടുക്കാൻപോലുമോ ഇവരുടെയൊന്നും ഉൾക്കാഴ്ചയ്ക്കും ദിവ്യദൃഷ്ടിക്കും കഴിഞ്ഞില്ല. ഇതിനർഥം എല്ലാ ഉൾക്കാഴ്ചകളും തുടങ്ങുന്നത് അതാത് കാലത്തെ അറിവിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെന്നാണ്. അതുകൊണ്ട് നമ്മുടെ കാര്യകാരണ ബോധത്തെ നിരാകരിക്കുന്ന ഒന്നിനെയും സ്വീകരിക്കാൻ നാം ബാധ്യസ്ഥരല്ല.

ഗ്രഹനിലയിൽ നിന്ന് ജനനസമയം ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. ശനിയും വ്യാഴവും വയസ്സു പറഞ്ഞുതരും. രവിസ്ഥാനം ജനിച്ച മാസം കാണിക്കും. ചന്ദ്രലഗ്നവും നാളും ജനിച്ച തിഥി തരും. (ചന്ദ്രനും സൂര്യനും തമ്മിലുള്ള കോണീയ ദൂരമാണല്ലോ തിഥി തീരുമാനിക്കുന്നത്. പണ്ട്, ആഴ്ച എന്ന സങ്കൽപമില്ലായിരുന്ന കാലത്ത്, ജന്മദിനം സൂചിപ്പിക്കാൻ തിഥിയാണ് ഉപയോഗിച്ചിരുന്നത്.) ജന്മലഗ്നം സമയത്തിന്റെ സൂചകമാണ്. രവിസ്ഥാനവും ലഗ്നസ്ഥാനവും തമ്മിലുള്ള വ്യത്യാസത്തെ 30 ഡിഗ്രിക്ക് (ഒരു രാശിക്ക്) 2 മണിക്കൂർ എന്ന തോതിൽ കണക്കാക്കിയാൽ സൂര്യോദയത്തിന് എത്ര മണിക്കൂർ മുമ്പാണ് / ശേഷമാണ് കുഞ്ഞു ജനിച്ചത് എന്നു കിട്ടും. ഇതിലപ്പുറം ഒന്നും ഗ്രഹനിലയിൽ നിന്നു നാം പ്രതീക്ഷിക്കരുത്.

? ശാസ്ത്രജ്ഞരിൽ പലരും ജ്യോതിഷത്തിലും ശകുനത്തിലും ഒക്കെ വിശ്വാസിക്കുന്നവരാണല്ലോ. റോക്കറ്റ് വിക്ഷേപിക്കുമ്പോൾ പോലും വിഘ്നേശ്വരപൂജ നടത്തുകയും തേങ്ങ ഉടയ്ക്കുകയും ചെയ്യുന്നതായി കേൾക്കുന്നു. ശാസ്ത്രജ്ഞർ മക്കളുടെ വിവാഹത്തിന് ജാതകം ചേരുമോ എന്നു നോക്കാൻ ജ്യോത്സ്യരുടെ വീട്ടിൽ കാവലിരിക്കുന്നതായും പറയുന്നു. ശാസ്ത്രജ്ഞർ പോലും ജ്യോതിഷവിശ്വാസികളായാൽപിന്നെ സാധാരണക്കാരെ എന്തിനു കുറ്റപ്പെടുത്തണം?

എല്ലാ ശാസ്ത്രജ്ഞരും ജനിച്ചുവളരുന്നത് സാധാരണ മനുഷ്യരായാണ്. സാധാരണ മനുഷ്യരെപ്പോലെ സമൂഹവും കുടുംബവും അവരിലും അന്ധവിശ്വാസങ്ങൾ കുത്തിനിറയ്ക്കാൻ ശ്രമിയ്ക്കും. ആ അന്ധവിശ്വാസങ്ങൾക്കു മേലാണ് പിന്നീടവർ തങ്ങളുടെ ശാസ്ത്രസൗധം പടുത്തുയർത്തുന്നത്. അപൂർവം ചിലർക്കേ ആ അടിത്തറ പിന്നെ മാറ്റിപ്പണിയാൻ കഴിയാറുള്ളൂ. റോക്കറ്റ് വിക്ഷേപണരംഗത്ത് പ്രവർത്തിക്കുന്ന ഒരു രസതന്ത്രജ്ഞനെ എടുക്കൂ. മികച്ച ഒരു ഇന്ധനം വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാകാം അയാൾ. പക്ഷേ, നമ്മുടെ പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചോ ജ്യോതിഷത്തിന്റെ ശരി - തെറ്റുകളെക്കുറിച്ചോ അയാൾ ഒരിക്കലും ചിന്തിച്ചിരിക്കണമെന്നില്ല. വിഘ്നേശ്വര പൂജ നടത്താനും തേങ്ങ ഉടയ്ക്കാനും അയാൾ മുന്നിലുണ്ടായെന്നുവരാം. എന്നിട്ടും റോക്കറ്റ് കടലിൽ തകർന്നുവീണാലും അയാൾ വേറെ ന്യായീകരണം കണ്ടെത്തിക്കൊള്ളും. ഒരു പുജയും നടത്താതെ മറ്റു പലരും വിടുന്ന റോക്കറ്റുകളും ലക്ഷ്യത്തിലെത്തുന്നുണ്ട് എന്ന കാര്യത്തെക്കുറിച്ചും അയാൾ വേവലാതിപ്പെടുന്നില്ല. ഇതപോലെ തന്നെയാണ് ഇലക്ട്രോണിക്സിലോ കമ്പ്യൂട്ടർ വിദ്യയിലോ മെക്കാനിക്സിലോ മികവു