താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോയത് അങ്ങനെയാണ്. ജ്യോതിഷത്തിനു പിന്നിൽ കൂടുതൽ വലിയ സ്ഥാപിത താൽപര്യങ്ങൾ ഉള്ളതുകൊണ്ട് അതത്ര എളുപ്പം പോകില്ല എന്നുമാത്രം.

"നക്ഷത്രങ്ങളിൽ നിന്നു വന്ന പദാർഥങ്ങളാലാണ് നിങ്ങളുടെ ശരീരം നിർമിച്ചിരിക്കുന്നത്." എന്ന കാൾസാഗന്റെ വാക്യം ഉദ്ധരിച്ച് ജ്യോതിഷത്തെ ന്യായീകരിക്കാൻ 2001 ആഗസ്റ്റ് 5 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ശ്രീ. എം.എ രവീന്ദ്രൻ ശ്രമിച്ചിരിക്കുന്നു. ജ്യോതിഷത്തിന്റെ കടുത്ത വിമർശകനായിരുന്നു കാൾസാഗനെന്ന് ഏവർക്കും അറിവുള്ളതാണ്. മഹാസ്ഫോടനത്തിലൂടെ പ്രപഞ്ചം നിലവിൽ വന്നപ്പോൾ അതിൽ ഹൈഡ്രജനും ഹീലിയവും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും നക്ഷത്രങ്ങളിൽ നടക്കുന്ന ഫ്യൂഷൻ പ്രക്രിയയിലൂടെയാണ് മറ്റു മൂലകങ്ങൾ സൃഷ്ടിക്കപ്പെട്ടതെന്നും ഫ്രെഡ് ഹോയിലും ബർബിഡ്ജും ഫൗളറും സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സൂര്യന്റെ സ്ഥാനത്ത് ആദ്യം രൂപപ്പെട്ട ഒരു ഭീമൻ നക്ഷത്രം പിന്നീടൊരു സൂപ്പർനോവയായി പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ നെബുലയിൽ നിന്ന് ഒരു രണ്ടാം തലമുറയിൽ ജനിച്ചതാണ് നമ്മുടെ സൗരയൂഥമെന്നും അതുകൊണ്ട് നമ്മുടെ ശരീരം ആ നക്ഷത്ര ധൂളികളാൽ നിർമിതമാണെന്നുമാണ് കാൾ സാഗൻ ഉദ്ദേശിച്ചത്.

ജ്യോതിഷത്തിനു സമൂഹത്തിൽ മറ്റൊരു സ്വാധീനം കൂടിയുണ്ട്. ആയിരത്താണ്ടുകളായി നമുക്ക് പഞ്ചാംഗങ്ങൾ രചിച്ചു നൽകിയത് ജ്യോതിഷിയാണ്. ഗ്രഹണ സമയവും പുണ്യദിനങ്ങളും ഉത്സവദിനങ്ങളും ഒക്കെ പറഞ്ഞുതന്നതും ജ്യോതിഷിയാണ്. പല ചടങ്ങുകൾക്കും മുഹൂർത്തം കുറിച്ചതും ജ്യോതിഷിയാണ്. സാമൂഹ്യജീവിതത്തിൽ ജ്യോതിഷം വലിയ പങ്കാണ് വഹിച്ചുവരുന്നത്. ഇക്കാര്യങ്ങളൊക്കെ സമൂഹത്തിൽ ഉള്ളിടത്തോളം കാലം ജ്യോതിഷവും കാണും. ഇതിനൊന്നും ഫലഭാഗവുമായി ബന്ധമില്ല. മനുഷ്യനെ വിധിവിശ്വാസിയാക്കുന്നതും വ്യക്തിജീവിതത്തെ താറുമാറാക്കുന്നതും ഫലഭാഗമാണ്. അതിനെയാണ് ഉച്ചാടനം ചെയ്യേണ്ടത്.

ജ്യോതിഷ വിശ്വാസം നമ്മുടെ നാട്ടിൽ കൂടിവരുന്നു എന്ന പ്രസ്താവന ശരിയാണോ എന്നു തീർച്ചയില്ല. മൂന്നുകാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒന്ന്,പത്രങ്ങളും മറ്റു മാധ്യമങ്ങളും ജ്യോത്സ്യപംക്തികളെ മയക്കുമരുന്നുപോലുള്ള ഒരു വിഭവമായി തിരിച്ചറിയുകയും കച്ചവടത്തിനതു നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ജ്യോതിഷത്തിനിപ്പോൾ പണ്ടത്തേതിലും കൂടുതൽ പ്രചാരം കിട്ടുന്നുണ്ട്.

രണ്ട്, കമ്പ്യൂട്ടറുകളുടെ വരവേടെ ജാതകഗണനയും പ്രവചനവും എളുപ്പമായിരിക്കുന്നു. വിവാഹപ്പൊരുത്തം നോക്കാനും മറ്റും ഒരു ജ്യോത്സ്യന് മണിക്കൂറുകൾ വേണമെങ്കിൽ കമ്പ്യൂട്ടറിന് സെക്കണ്ടുകൾ പോലും വേണ്ട. അതിനു വേണ്ട 'റെഡിമെയ്ഡ് സോഫ്റ്റ് വെയറുകൾ' വാങ്ങാൻ കിട്ടും. അങ്ങനെ ജ്യോത്സ്യന്റെ പണി എളുപ്പമായിരിക്കുന്നു.

മൂന്ന്, പണ്ടുകാലത്ത് ജാതകമെഴുതാതിരുന്ന പല ജാതിവിഭാഗങ്ങളും ഇപ്പോൾ ജാതകമെഴുതിച്ചുതുടങ്ങിയിരിക്കുന്നു. പണ്ട് താഴ്ന്ന ജാതിക്കാരുടെ ജാതകമെഴുതാൻ ജ്യോത്സ്യന്മാർ താൽപര്യമെടുത്തിരുന്നില്ല (അല്ലെങ്കിൽ അവർ അത്രയേറെ സമ്പന്നരായിരിക്കണം). ഇപ്പോൾ ജ്യോതിഷം ഒരു വലിയ ബിസിനസ്സ് ആയി മാറിയപ്പോൾ അത്തരം വിവേചനങ്ങൾ ഇല്ലാതായി. ഏറ്റവും കൂടുതൽ തിരക്കുള്ള, കൂടിയ ഫീസ് വാങ്ങുന്ന, ജ്യോത്സ്യനെക്കൊണ്ടു തന്നെ തന്റെ കുഞ്ഞിന്റെ ജാതകമെഴുതിക്കുന്നത് പ്രൗഢിയുടെ ചിഹ്നമായി ഓരോ പുത്തൻ പണക്കാരനും (അയാളുടെ ജാതി ഏതായാലും) കരുതിത്തുടങ്ങിയിരിക്കുന്നു.