താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഊഹം' എന്നതിലപ്പുറം മൂല്യമൊന്നുമില്ല. ജ്യോതിഷി 'ഊഹാപോഹപടു' ആയിരിക്കണമെന്ന് ഭാരതീയാചാര്യന്മാർ പറഞ്ഞത് വെറുതെയല്ല.

സ്വന്തം വീട്ടിൽ കള്ളൻ കയറിയാൽ ജ്യോത്സ്യൻ പ്രശ്നം വെക്കുമോ? പോലീസിലറിയിക്കുമോ ? സ്വന്തം പുത്രൻ ഒളിച്ചോടിയാൽ മഷി നോക്കി പോയ ദിക്കു കണ്ടെത്തുമോ, പോലീസ് സഹായം തേടുമോ? തനിക്കു തന്നെ ക്യാൻസർ വന്നാൽ ചെമ്പവിഴവും ഗോമേദകവും മോതിരത്തിൽ കെട്ടി കൂസലില്ലാതെ നടക്കുമോ. അതോ ആധുനിക ചികിത്സ തേടുമോ?

"ശാസ്ത്രത്തിന്റെ സംശോധനാരീതിയിൽ നിന്നു രക്ഷപ്പെടാൻ ജ്യോത്സ്യന്മാർ ചെയ്തത് ഇതാണ്. പ്രവചനങ്ങൾ തികച്ചും അവ്യക്തമാക്കുക, അതുകൊണ്ട് പ്രവചനങ്ങൾ ഒരിക്കലും തെറ്റില്ല, അവയെ ചോദ്യം ചെയ്യാനും കഴിയില്ല."

കാൾ പോപ്പർ.

ഫലഭാഗ ജ്യോതിഷത്തെ ഭാരതീയപൈതൃകമായി കാണുന്നതിൽ അർത്ഥമില്ല എന്നു നാം കണ്ടുകഴിഞ്ഞതാണ്. അത് ഇറക്കുമതിയാണ്. പിന്നീട് നാം ഒത്തിരി കൂട്ടിച്ചേർത്തു എന്നത് നേരാണ്. പക്ഷേ തുടക്കം ഇവിടെയല്ല. ശുക്രൻ,വ്യാഴം എന്നീ ചന്തമേറിയ ഗ്രഹങ്ങളെ ശുഭന്മാരായി ഗണിച്ച് അവയുടെ സ്ഥാനം വെച്ച് ഹോമാദികർമ്മങ്ങൾക്കുള്ള മുഹൂർത്തം ഗണിക്കുന്ന രീതി ഇന്ത്യയിൽ പണ്ടേ ഉണ്ടായിരുന്നെങ്കിലും, ജനനസമയത്തെ ഗ്രഹനില വെച്ച് ഭാവി ഗണിക്കുന്ന രീതിയും വിവാഹത്തിനു ജാതകച്ചേർച്ച നോക്കുന്ന രീതിയും പണ്ട് ഭാരതത്തിൽ ഉണ്ടായിരുന്നില്ല. പുരാണങ്ങളെല്ലാം അതിനു തെളിവാണ്. രാമായണം തന്നെ നോക്കൂ. രാമൻ ജനിച്ച നക്ഷത്രവും ചില ഗ്രഹസ്ഥാനങ്ങളും രാമായണത്തിലുണ്ട്. പ്രായം ഗണിക്കാൻ അതാവശ്യമാണ്( എത്ര പൂർണചന്ദ്രനെ കണ്ടു എന്നതാണ് അക്കാലത്ത് പ്രായത്തിന്റെ സൂചന 1000 പൂർണ ചന്ദ്രനെ കണ്ടാൽ അതായത് 80 വയസ്സു കഴിഞ്ഞാൽ - കേമമായി). എന്നാൽ രാമൻ സീതയെ വേട്ടത് ജാതകം നോക്കിയല്ല, വില്ലൊടിച്ച് മത്സരത്തിൽ ജയിച്ചാണ്. മഹാഭാരതത്തിലോ? അർജ്ജുനൻ പാഞ്ചാലിയെ നേടിയതും ജാതകം നോക്കിയല്ല, മുകളിൽ കറങ്ങുന്ന മത്സ്യത്തിന്റെ കണ്ണിൽ താഴെ പ്രതിഫലിച്ച നിഴൽ നോക്കി അമ്പെയ്തുകൊള്ളിച്ചാണ്. ശ്രീകൃഷ്ണൻ രുഗ്മിണിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അക്കാലത്തെ സാഹിത്യ കൃതികൾ നോക്കൂ. ദുഷ്യന്തൻ ശകുന്തളയെ വരിച്ചത് ഗാന്ധർവ്വ വിധിപ്രകാരമാണ്. ദമയന്തി നളനെ സ്വയം തെരഞ്ഞെടുത്തതാണ്. അന്നത്തെ വിവാഹരീതി പൊതുവേ ഉന്നതരുടെ ഇടയ്ക്ക് സ്വയംവരമാണ് , സ്വയംവരാവകാശം സ്ത്രീക്കാണു താനും. സ്വയം വരത്തിൽ ഗ്രഹനിലക്കെന്താണ് സ്ഥാനം? ക്രി മു. 9-10 നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട വേദാംഗജ്യോതിഷത്തിൽ പോലും ഫലഭാഗമില്ല. പിന്നെ നമ്മുടെ പൈതൃകമായി എന്തിനു നാം ഈ വേതാളത്തെ പേറണം? പ്രാചീന ഇന്ത്യൻ ജനത പൊതുവെ പ്രകൃതിയേയും ജീവിതത്തേയും സ്നേഹിച്ച, ഇഹലോകജീവിതത്തോട് വളരെ സൃഷ്ടിപരമായ സമീപനം പുലർത്തിയിരുന്ന ഒരു ജനതയായിരുന്നു. അവരുടെ മേൽ പിൽക്കാലത്ത് വിധി വിശ്വാസവും ജാതകവിശ്വാസവും കെട്ടിവെച്ചത് ബ്രാഹ്മണമതവും ജാതി വ്യവസ്ഥയുമാണ്.