Jump to content

ക്രിസ്തുമതനിരൂപണം/കൂട്ടക്കൊലകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
കൂട്ടക്കൊലകൾ
ക്രിസ്തുമതനിരൂപണം

കൂട്ടക്കൊലകൾ

[തിരുത്തുക]

[ 97 ] ഈ ക്രിസ്തുമതം ഇങ്ങനെ നിറഞ്ഞു വന്നത് ന്യായം കൊണ്ടോ മറ്റുവല്ല വിധമോ എന്നുള്ളതിനെ കുറിച്ച് പര്യലോചിക്കം.

ക്രിസ്തു ജനിച്ചു 300 സംവത്സരങ്ങൾക്ക് ശേഷം നിസ്സ എന്നാ ദിക്കിലെ ജനങ്ങളുടെ സഹാത്തോടെ കാൺസ്ടെന്റയിൻ എന്ന ആൾ റോമപുരത്തേക്ക് രാജാവായി വന്നു . അനന്തരം ഉപകാരം ചെയ്ത ആ ജനങ്ങൾ ക്രിസ്തുവിനെ കുറിച്ച് കൈകൊണ്ടിരുന്ന ചില അഭിപ്രായങ്ങളെ ചേർത്ത് ഒരു മതമാക്കി അതിനെ വര്ധിപ്പിക്കുന്നതിലേക്ക് വേണ്ടി ക്രിസ്ത്യന്മാരകുന്നവർക്ക് ആളൊന്നിനു 12 പൊനും പ്രത്യേകം വെള്ളിവസ്ത്രവുംകൊടുത്തു പന്തിരായിരം പുരുഷൻമാരെയും അസഖ്യം സ്ത്രീകളെയും ചെറിയ കുട്ടികളെയും ഒരു സംവത്സരം കൊണ്ടുചേർത്തു(Gibbbon's Decline, and fall .Vol ii.P.472-3) .അയാൾ തന്നെ ഇതര മതങ്ങളെ നാശം ചെയ്യുന്നതിന് തക്കവയായ അനേക ചട്ടങ്ങളെ ഉണ്ടാക്കി. ആരെങ്കിലും പഴയ ദേവതകൾക്കു ബലി ഇട്ടാൽ സ്വത്ത് അപഹരിച്ചുകൊണ്ട് അവരെ കൊന്നുകളക പതിവായിരുന്നു. ക്രി-ജ-380-ആം സംവത്സരം മുതൽ 394 വരെ രാജാവായിരുന്ന തിയോഡോ‌ഷ്യസ് എന്ന ആൾ ഇതരമതസ്ഥന്മാരെ സഭ കൂട്ടിക്കൂടാ എന്നും കൂടുന്ന കെട്ടിടങ്ങൾ രാജാവിനാൽ അപഹരിക്കപ്പെടുമെന്നും ക്രിസ്തുമതത്തെ അനുസരിക്കാത്തവർക്ക് യാതൊരു സ്വാതന്ത്യ്രവും ഇല്ലെന്നും ഉത്തരവുനടത്തി.(Gibbbon's Decline, and fall .Vol iii.P.412).

അക്കാലത്തിൽ ക്രിസ്ത്യന്മാരാകാത്തവരുടെ മുതൽ കാര്യങ്ങളെ വിട്ടുകൊടുക്കാത്തപക്ഷം ജീവനെ വിട്ടുകൊടുക്കേണ്ടിവരും.

5-ാമതു നൂറ്റാണ്ടിൽ ഇപാതിയ (ഹൈപേ‌ഷ്യാ) എന്ന ഒരു സ്ത്രീ സ്വന്തമതത്തെ ബോധിപ്പിച്ച ഒരു ക്രിസ്ത്യനെ അതിൽ ചേർക്കുന്നതിലേയ്ക്ക് ആരംഭിച്ചതിനാൽ അവളെ ക്രിസ്ത്യൻപള്ളിയിലേയ്ക്കു പിടിച്ചിഴച്ചു കൊണ്ടുചെന്നു വസ്ത്ര ങ്ങളെ ഉരിഞ്ഞു ദേഹത്തെ ഭിന്നഭിന്നമാക്കി മാംസത്തെ അറുത്തെടുത്ത് ബൈബിൾ പുറപ്പാടുപുസ്തകം 22-അ. 20 വാക്യത്തെ ആധാരമാക്കിക്കൊണ്ട് അവളെ തീയിലിട്ടു കൊന്നു. അർമേനിയ എന്ന ദേശത്തിൽ തിയൊഡറാ എന്ന ചക്രവർത്തിനിയുടെ കാലത്തിൽ ലക്ഷംപേരുവരെ കൊല്ലപ്പെട്ടു. 10-ആമതു നൂറ്റാണ്ടിൽ ഫ്രാൻസ് ദേശത്തെ രാജാവായ ചാറൽസ് എന്ന ആൾ ക്രിസ്ത്യനാകുന്നപക്ഷം തന്റെ മകളെയും സമ്പത്തിനെയും കൊടുക്കാമെന്നു നാർമെൻ ദേശത്ത് റൊലോ എന്ന ആളിനോട് സമ്മതിച്ചുപറകയും അയാൾ അപ്രകാരം ക്രിസ്ത്യനാകയും ക്രിസ്തുമതം ഇന്നതെന്നുപോലും അറിയാത്ത സ്വദേശികളെ എല്ലാവരെയും ക്രിസ്ത്യന്മാരാക്കു കയും ചെയ്തു. ടി. 10-ആമതു നൂറ്റാണ്ടിൽ പോളണ്ടുദേശത്തെ രാജാവ് തന്റെ ഭാര്യയെ കരുതി ക്രിസ്ത്യനായ വർത്തമാനത്തെ മൂന്നാമത് പോപ്പ് ജോൺ എന്ന ആൾ കേട്ടറിഞ്ഞ് ആ പട്ടണവാസികളെ ക്രിസ്ത്യന്മാരാക്കുവാൻ അനേകപാതിരിമാരെ അയച്ചു. എന്നിട്ടും ആരുംതന്നെ ക്രിസ്ത്യന്മാരാകാത്തതുകൊണ്ട് അന്യായചട്ടങ്ങളെ ഏർപ്പെടുത്തി. അവരെ ദണ്ഡനം ചെയ്തു. അതു സഹിക്കാൻ പാടില്ലാത്ത ആ ദിക്കുകാർ എല്ലാം ക്രിസ്ത്യന്മാരായി. [ 98 ] ടി. 10-ആമതു നൂറ്റാണ്ടിൽ റ‌ഷ്യാദേശത്തെ രാജാവ് ഗ്രീസ്സ് ദേശത്തെ ക്രിസ്ത്യാനിസ്ത്രീയെ കല്യാണം കഴിച്ച് അവളുടെ നിർബന്ധത്തിൻ പേരിൽ താനും അതുനിമിത്തം ജനങ്ങളും ക്രിസ്തുമതത്തെ അനുസരിച്ചു. ടി. പത്താമതു നൂറ്റാണ്ടിൽ ഒട്ടോ എന്നവൻ ഡെന്മാർക്ക് ദേശക്കാരെ ജയിക്കയും അനന്തരം ജനങ്ങളോടു നിങ്ങൾ എല്ലാവരും ക്രിസ്ത്യന്മാരാകുമെങ്കിൽ സമാധാനപ്പെട്ടുകൊള്ളാം എന്നു പറകയും ചെയ്കയാൽ മറ്റൊരാശ്രം ഇല്ലാത്ത ആ ജനങ്ങളെല്ലാവരും ക്രിസ്ത്യന്മാരായി. ഇപ്രകാരം നാർവ്വെ ദേശക്കാരും ക്രിസ്ത്യന്മാരായി.

6-ആമതു നൂറ്റാണ്ടിൽ ചിൽട്ടെരിക് എന്നവൻ ഫ്രാൻസ് ദേശത്തെ യഹൂദന്മാരെ നിർബന്ധിച്ചു ക്രിസ്ത്യന്മാരാക്കി.

5-ആമതു നൂറ്റാണ്ടിൽ എഫീയസ്സ് എന്ന ദിക്കിൽ നടന്ന വലുതായ പാതിരിസമൂഹത്തിൽ ക്രിസ്തുവിനു വിരോധമായി പറഞ്ഞവനായ പ്ളെവിയാസ് എന്ന പാതിരിയെ കൊല്ലുകയും അയാളുടെ കക്ഷിയിൽ ചേർന്നവരെ തല്ലുകയും ചെയ്തു.

1129-ആം വർ‌ഷം ടുലോസ് എന്ന ദേശത്തുനിന്നു വലിയ മീറ്റിങ്ങിൽ ദേശങ്ങൾ തോറും സഭകളും സഭ ഒന്നിനു ഒരു ഗുരുവും രണ്ടു ശി‌ഷ്യന്മാരും ആ സഭക്കാർ അതാതു ദിക്കിലെ ക്രിസ്ത്യന്മാരാകാത്ത എല്ലാവരെയും ബലാൽക്കാരമായി പിടിച്ചു ക്രിസ്ത്യന്മാരാക്കുകയും തീരെ ആകയില്ല എന്നു പറയുന്നവരെ കൊല്ലുകയും വേണമെന്നു തീരുമാനിച്ചു. ഇതിന്നു മേൽ വിചാരണക്കാരൻ ഒമ്പതാമതു ഗ്രിഗറിയും ആയിരുന്നു. ക്രിസ്ത്യന്മാരാകാത്തവരെ നഗ്നന്മാരായിട്ടു നിർത്തുക. മൊട്ട യടിക്കുക, മഹാവേദനപ്പെടുത്തുന്ന യന്ത്രത്തിൽ കിടത്തി കെട്ടുക. അതിൽതന്നെ കാൽ കൈകളെ വിടർത്തി കെട്ടുക. മാംസം ഉടഞ്ഞ് അരയത്തക്കവണ്ണം ദേഹത്തെ യന്ത്രത്തിൽവച്ച് അമർത്തുക മുതലായ കഠിനകൃത്യങ്ങളെ ടി. സഭക്കാരും അവരോടു പിന്നെ ചേർന്നവരും ചെയ്തു എന്ന് സിവിലി എന്ന ദിക്കിന്റെ വിചാരണകർത്താവായിരുന്ന ആളിന്റെ കൈപുസ്തകത്തിൽ എഴുതിയിരുന്നു. ഇതിനെ വിസ്താരമായിട്ട് അറിയണമെങ്കിൽ ഡാക്ടർ റൂൾ എന്ന ആളിനാൽ എഴുതപ്പെട്ട ടി. വിചാരണ ചരിതപുസ്തകത്തിൽ കാണാം. (Appendix Vol. I.P. 339 to 359 Fd. in 1874). മനു‌ഷ്യരെ വച്ച് അമർത്തികൊല്ലുവാനുള്ള ചിവോലെറ്റ് (Chevolet) എന്ന യന്ത്രത്തിൽ നല്ലതിൻവണ്ണം അമർത്തി തൊണ്ടവരെയും തുണിയെ ചെലുത്തി കൊല്ലുകയും മറ്റു ചെയ്തു. ടി. സഭക്കാർ സ്പാനീയാ ദേശത്തിൽ 31912 പേരെ പച്ച ഉയിരോടെ തീയിലിട്ടു കൊന്നു. 291450 പേരെ അതിക്രൂരമായിട്ട് ദണ്ഡിപ്പിച്ച് അനേകം കുടുംബങ്ങളെ ഇല്ലായ്മ ചെയ്തു. [ 99 ] 1492-ആം വർ‌ഷം മാർച്ചുമാസത്തിൽ സ്പെയിൻ ദേശത്തിലെ ക്രിസ്തുരാജാവ് അനേകനൂതന ചട്ടങ്ങളെ ഏർപ്പെടുത്തി ക്രിസ്തുമതത്തിൽ ചേരാത്തവരായ പുരു‌ഷന്മാർ, സ്ത്രീകൾ, കുട്ടികൾ, വൃദ്ധന്മാർ, ഏഴകൾ, ധനവാന്മാർ മുതലായ എല്ലാ യഹൂദന്മാരും ജൂലായി മാസത്തിനകം ദിക്കുവിട്ടു പൊയ്ക്കൊള്ളണമെന്നും പോകുമ്പോൾ പൊൻ, വെള്ളി മുതലായ സ്വത്തുക്കളെ ഒന്നിനെയും കൊണ്ടുപൊയ്ക്കൂടാ എന്നും വർദ്ധകചരക്കുകളേയോ പാത്രങ്ങളേയോ എടുത്തു കൊണ്ടുപോകാം എന്നും മറ്റും ആയിരുന്നു. യഹൂദന്മാർ അപ്രകാരം എല്ലാ സ്വത്തുക്കളേയും കൈവിട്ടു സ്വദേശത്തു നിന്നു പോകുമ്പോൾ അവിടെ ഉണ്ടായിരുന്ന അനേകപാതിരിമാർ *ബഹുരാഗമായിട്ട്[1] വീഥികളിൽ നിന്നുംകൊണ്ട് യഹൂദന്മാർക്ക് ഒരു വിധത്തിലും ഉപകാരം ചെയ്തുപോകരുതെന്നു പ്രസംഗിച്ചു. ടി. ജൂലായിമാസം വന്നപ്പോൾ എല്ലായിടത്തും യഹൂദന്മാരുടെ നിലവിളിഘോ‌ഷംതന്നെ ആയിരുന്നു. അവർ ഉച്ചത്തിൽ വിളിച്ചുകരഞ്ഞുകൊണ്ട് പോകുമ്പോൾ ഉപകാരം യാതൊന്നും ഇവർക്കു ചെയ്തു പോകരുതെന്ന് പിന്നെയും കല്പന പുറപ്പെടുവിച്ചു. ആഹാരമില്ലാതെയും, കുടിക്കുന്നതിനു ജലമില്ലാതെയും, അനേകായിരം ജനങ്ങൾ മരിച്ചു.

1502-ആം സംവത്സരം ഫെബ്രുവരിമാസത്തിൽ സ്പെയിൻ ദേശത്തു ഈർഡിതാൻസ് എന്ന രാജാവ് തന്റെ രാജ്യത്തു ബഹുകാലമായിട്ടു കുടിപാർത്തിരുന്നവരായ തുലുക്കന്മാരിൽ ക്രിസ്ത്യന്മാരാകുവാൻ കഴികയില്ല എന്നു പറഞ്ഞ മുപ്പതുലക്ഷം പേർ ഏപ്രിൽ മാസത്തിനുമുമ്പ് ദിക്ക് വിട്ടു പൊയ്ക്കൊള്ളമെന്നും അവരുടെ പൊൻ, വെള്ളി മുതലായ യാതൊരുവകകളെയും എടുത്തുകൊണ്ടുപോകരുതെന്നും മറ്റ് അനേക അന്യായ ചട്ടങ്ങളെ നിർമ്മിച്ചുംകൊണ്ട് അവരെ നാടുകടത്തിക്കളഞ്ഞു.

6-ആറാം നൂറ്റാണ്ടുവരെയും ഇംഗ്ലീ‌ഷുകാർ ക്രിസ്ത്യന്മാരായിട്ടില്ലായിരുന്നു; എന്നു തന്നെയുമല്ലാ ക്രിസ്ത്യന്മാരെ കണ്ടാൽ ദേ‌ഷ്യപ്പെട്ടു പുച്ഛിച്ചു സംസാരിക്കുകയും കൂടി ചെയ്യുമായിരുന്നു. ഇങ്ങനെയിരിക്കുമ്പോൾ ഇംഗ്ലണ്ടിൽ കെന്റ് എന്ന സ്ഥലത്ത് രാജാവായിരുന്ന എതെൽബെർട്ട് എന്നവൻ പാരീസ് ദേശത്തെ ക്രിസ്ത്യരാജപുത്രിയായ ബെർതാ എന്നവളെ വിവാഹം ചെയ്തു. അവൾ വരുമ്പോൾ ചില പാതിരിമാരെകൂടെക്കൊണ്ടുവന്ന് ഒരു പള്ളികെട്ടിച്ച് അവരെ അതിൽ പാർപ്പിച്ച് ആദരവോടുകൂടി രക്ഷിക്കുകയും തന്റെ പ്രിയനായ ഏതർബ്രട്ടനെ ക്രിസ്ത്യനാക്കുകയും ചെയ്തു. അതുഹേതുവായിട്ട് അവിടെയുള്ള ജനങ്ങളെയും ക്രിസ്ത്യന്മാരാക്കി. അക്കാലത്ത് ഇംഗ്ലണ്ടിൽ നാർത്തം ബ്രിയാ എന്ന ദേശത്തിലെ രാജാവ് മറ്റുള്ള എല്ലാ രാജാക്കന്മാരെക്കാളും [ 100 ] അതിബലവാനായിരുന്ന ഏതർബർട്ട് എന്നവനും തദ്ദേശവാസികളും ക്രിസ്തുമതവിരോധികളായിരുന്നതിനാൽ അനേകം പാതിരിമാരെ ചെസ്റ്റർ എന്ന ദേശത്തുവച്ച് കൊല്ലുകയും കൂടി ചെയ്തു. 617-ാം സംവത്സരത്തിൽ അവന്റെ പിൻവാഴ്ച രാജാവായി വന്ന എഡ്വിൻ എന്നവനും ക്രിസ്തുമതവിരോധിയായിത്തനെ ഇരുന്നു എങ്കിലും ക്രിസ്ത്യനായ ടി. കെന്റ് ദേശരാജാവിന്റെ പുത്രിയെ വിവാഹം ചെയ്തതിനാൽ അവളുടെ നിർബന്ധത്തിൻപേരിൽ ജനങ്ങളും മറ്റുള്ളവരും പിൽക്കാലം ഇംഗ്ളണ്ടിൽ ക്രിസ്തുമതത്തെ അനുസരിച്ചു. ഇംഗ്ലണ്ടുദേശത്തിൽ പ്രൊട്ടസ്റ്റണ്ടുമതം ഉൽപത്തിയായ ഉടൻ 1529-ാം വർ‌ഷത്തിൽ ആറു വിധികൾ ഏർപ്പെടുത്തപ്പെട്ടു. അപ്പോൾ അവയെ അനുസരിക്കാത്ത 500 പേരെ ജയിലിലേയ്ക്ക് ഇരയാക്കി; അനേകം പേരെ തീയിലിട്ടു കൊന്നു. ആറാമതു എഡ്വർഡ് കാലത്തിൽ ജോൺ പോക്കറിനെ ജീവനോടെ തീയിലും അനേകം പേരെ തൂക്കിലും ഇട്ടു. മേരി എന്ന റാണിയുടെ കാലത്തു റോമൻ കത്തോലിക്കാ ക്രിസ്ത്യന്മാർ പ്രൊട്ടസ്റ്റണ്ടു ക്രിസ്ത്യന്മാരിൽ 277 പേരെ തീയിലിട്ടു കൊന്നു. അവരിൽ 55 സ്ത്രീകളും 4 കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. (എലിസബെത്ത്) എന്ന റാണിയുടെ കാലത്ത് പരി‌ഷ്കാരം ചെയ്യപ്പെട്ട (എപ്പസ്കോപ്പൽ) മി‌ഷനാൽ റോമൻ കത്തോലിക്ക ക്രിസ്ത്യന്മാരും പ്രൊട്ടസ്റ്റണ്ടു ക്രിസ്ത്യന്മാരും കൊല്ലപ്പെട്ടു. ടി. രണ്ടു മതസ്ഥന്മാരും ഒരുത്തർക്കൊരുത്തർ തങ്ങളുടെ മതത്തിൽ ചേരുന്നില്ലെന്നു പറയുന്നവരെ അനങ്ങുവാൻ പാടില്ലാത്ത വിധത്തിൽ കൈകാലുകളെ അമർത്തി കെട്ടി തീയിലിട്ടു കൊല്ലുകയും തൂക്കിലിടുകയും ജയിലിലടയ്ക്കയും സ്വത്തുക്കളെ അപഹരിക്കയും ചെയ്തു. ഇതുപോലെ എത്ര ദോ‌ഷങ്ങൾ ചെയ്തു!

അയർലാന്തുപ്രദേശത്തെ പ്രൊട്ടസ്റ്റാണ്ടു മതത്തിലുൾപ്പെടാത്ത റോമൻകത്തോലിക്കാ പാതിരിമാരെ നാടുകടത്തിവിട്ടു. പരി‌ഷ്കരിക്കപ്പെട്ട പ്രൊട്ടസ്റ്റാണ്ടുമതസംബന്ധമായ നടപടികൾക്ക് ഇഷ്ടപ്പെടാത്ത റോമൻ കത്തോലിക്കന്മാർക്ക് അപരാധം നിശ്ചയിക്കുകയും ജയിലിൽ വയ്ക്കുകയും അഞ്ചുമൈലിനുമേൽ പൊയ്ക്കൂടാ എന്ന നിബന്ധന ചെയ്കയും ചെയ്തു. 1694-ാം സംവത്സരത്തിൽ കത്തോലിക്കമതസ്ഥന്മാർ തന്റെ കുട്ടികളെ അന്യദേശങ്ങളിൽ പഠിക്കുന്നതിലേയ്ക്കയച്ചുകൂടാ എന്നും 1709-ാം വർ‌ഷത്തിൽ കത്തോലിക്കാ കുട്ടികൾക്ക് അമ്മതസ്ഥന്മാർ പാഠം ചൊല്ലിക്കൊടുത്തുകൂടാ എന്നും നിബന്ധനചെയ്തു. 1703-ാം വർ‌ഷത്തിൽ കത്തോലിക്കാ മതത്തിൽനിന്നു പ്രൊട്ടസ്റ്റണ്ടായിവരുന്നവർക്ക് മാത്രമേ തന്റെ പിതുരാർജിത സ്വത്തിനവകാശമുള്ളു എന്നും കത്തോലിക്കാ കുട്ടികൾക്ക് യാതൊരു സംബന്ധവുമില്ലെന്നും പ്രോട്ടസ്റ്റണ്ടുകൾ കത്തോലിക്കരായാൽ തന്റെ പിതൃസ്വത്തിനവകാശമില്ലെന്നും കത്തോലിക്കന്മാർ കൃ‌ഷിയിടുന്ന [ 101 ] നിലത്തിനു കൊടുക്കുന്ന വരിയിൽ മൂന്നിലൊരു ഭാഗം ആദായം കിട്ടത്തക്കവണ്ണമേ കൃ‌ഷി ഇറക്കാവൂ, അധികമാദായം എടുത്താൽ അതിനെ തെര്യപ്പെടുത്തുന്ന പ്രൊട്ടസ്റ്റണ്ടുകാരന് ആ നിലത്തിനെ ഒഴിഞ്ഞുകൊടുത്തു കൊള്ളണമെന്നും, കത്തോലിക്കന്മാർ 5 പവനിലധികം വില പിടിക്കുന്ന കുതിരകളെ ഉപയോഗിചുപോകരുത്, ഒരു വേള 10 പവൻ വിലയിലുള്ളതിനെ ഉപയോഗിച്ചുപോയാൽ ആ വിവരത്തിനെ അറിയപ്പെടുത്തുന്ന പ്രൊട്ടസ്റ്റണ്ടുമതസ്ഥന് ആ കുതിരയെ 5 പവൻ വിലയ്ക്കു കൊടുത്തുകൊള്ളണമെന്നും, സ്കോട്ലണ്ടുദേശത്ത് 1670-ാം വർ‌ഷത്തിൽ ഉത്തരവു കൂടാതെ പ്രസംഗിച്ചുകൂടാ എന്നും ചട്ടമുണ്ടായി. 1674-ാം വർ‌ഷത്തിൽ ന്യായം പറയുന്ന അഡ്വക്കേറ്റന്മാരെ നാടുകടത്തി വിട്ടു. 1678-ൽ മലയിൽ ഇരുന്ന ഐലണ്ടർമാരെ വരുത്തി അവരുടെ ഇഷ്ടം പോലെ ജനങ്ങളെ കൊല്ലുകയും മോഷ്ടിക്കുകയും തീ കൊളുത്തുകയും ചെയ്യുന്നതിനു അനുവാദംകൊടുത്തു. ആയുധ പാണികളായ 8000 ഐലണ്ടർമാരെ സ്കാട്ലാണ്ട് വടക്കു ഭാഗത്തുള്ള ഗ്രാമത്തിൽ പ്രവേശിപ്പിചു. അവർ അപ്രകാരം ചെന്നു് ജനങ്ങളുടെ സ്വത്തുക്കളെ അപഹരിക്കുകയും സ്തീകളെ നഗ്നകളാക്കി അനേകം അക്രമങ്ങൾ ചെയ്യുകയും, രണ്ടുപേരെ ഒന്നിച്ചുകെട്ടി രണ്ടുപേരുടെയും പെരുവിരലുകളെ ഒന്നിച്ചുചേർത്ത് മുറുക്കി മരത്തിൽ തൊങ്ങലിടുകയും, ഒരു പെൺപിള്ളയെ ജപാലയപ്രധാനിയുടെ വീട്ടിനകത്തുള്ള തവള മുതലായ ജന്തുക്കൾ നിറഞ്ഞ ഒരു വലിയ പള്ളത്തിൽ എടുത്തു തള്ളിക്കളയുകയും ഒരു സ്ത്രീയുടെ വിരലുകളെ വളരെ നേരംവരെ തീക്കുറ്റി കൊണ്ടു ചുടുകയും ഈ ഉപദ്രവങ്ങളെ സഹിക്കാൻ വഹിയാതെ അവൾ ചില ദിവസംകൊണ്ടു മരിച്ചുപോകയും ടർക്കിമെട് എന്നവൻ അധികാരം നടത്തിയ 18 സംവത്സരത്തിനകം ക്രിസ്തുമതവിരോധികളായ 10220 പേരെ കൊല്ലുകയും, 97321 ആളുകളുടെ സ്വത്തുക്കളെ അപഹരിച്ച് അവരെ ജീവപര്യന്തം ജയിലിലിടുകയും ചെയ്തു (History of the Inquisition by Dr. W.H. Rule Vol. I, page 150).

ഇവർ തന്നെ ചലമാൻക എന്ന ദിക്കിൽ ജൂതമതസ്ഥാഭിപ്രായത്തെപ്പറ്റി പറയുന്നു എന്നും വച്ച് 6000 ശാസ്ത്രങ്ങളെ തീയിലിട്ടു ചുട്ടു. (Draper's Conflict of Religion and Science Page 149). 1481-ആം വർ‌ഷത്തിൽ ആന്റുലൂ‌ഷ്യായിൽ നാലാമത് പോപിചിക്ടസ് എന്നവനാൽ നിയമിക്കപ്പെട്ട വിചാരണ സഭക്കാർ 2000 പേരെ ജീവനോടെ തീയിലിട്ടുകൊല്ലുകയും 17,000 പേർക്ക് അപരാധവും ജീവപര്യന്തദണ്ഡനവും വിധിക്കയും ചെയ്തു. അങ്കറി (ഹംഗറി)എന്നദിക്കിൽ കിസ്കാ ഉസൈട്ട എന്നവൻ പിക്ടാസ് എന്നൊരു വകക്കാരെ കൊലചെയ്തു. ജർമ്മനി ദേശത്തിൽ പ്രൊട്ടസ്റ്റണ്ടുമതത്തെ ഉണ്ടാക്കിയ ലൂതർ എന്നയാൾ [ 102 ] കള്ളന്മാരെ കഴുവേറ്റുന്നപോലെ ഗുരുക്കന്മാരായ പോപ്പന്മാരെ എല്ലാവരെയും കൊന്നു. അവരുടെ രക്തത്തിൽ ഇനി എപ്പോഴാണ് കൈകഴുകുന്നതെന്നു വ്യസനിച്ചു (Spanish Inquisition La Maistre P. 67 Ed. 1838.).

(ഈ കർക്കശനെയാണ് വളരെ പരി‌ഷ്കാരം ചെയ്തവൻ എന്ന് പ്രൊട്ടസ്റ്റണ്ടുകാർ കൊണ്ടാടുന്നത്). ആർച്ച് ബി‌ഷപ്പ് ഉ‌ഷരി എന്ന പ്രൊട്ടസ്റ്റണ്ട് മതപാതിരി തനിക്കു തുല്യന്മാരായ 11 ബി‌ഷപ്പുമാർ കയ്യെഴുത്തിട്ട ഒരു പത്രത്തിൽ റോമൻ കത്തോലിക്ക പോപ്പുകളോടു ക്ഷമകാട്ടുന്നതു മഹാപാതകമായിട്ടുള്ളതാണെന്ന് എഴുതിവായിച്ചു. നാക്സ് എന്ന പ്രൊട്ടസ്റ്റണ്ട് ക്രിസ്ത്യൻ കത്തോലിക്കാഗുരുക്കന്മാരെയും രാജസ്ത്രീകളേയും ജനങ്ങൾ നിർബന്ധമായി കൊല്ലണമെന്നും പറഞ്ഞു. ഇംഗ്ലീഷു പാർലമെന്റു സഭക്കാരും ദൈവമഹിമയെ പ്രസിദ്ധമാക്കുന്നതിലേയ്ക്കും ബലാല്ക്കാരം ചെയ്യുന്നതു ശരിയായിട്ടുള്ളതെന്നും സ്കാട്ലാന്തു പാർലമെന്റുകാർ വിഗ്രഹാരാധന ചെയ്യും കത്തോലിക്കന്മാരെ കൊല്ലുന്നതു പ്രോട്ടസ്റ്റണ്ട്മതനിർബന്ധമാണെന്നും പറഞ്ഞു. (അക്കാലത്തെ പാർലിമെണ്ടുകാരുടെ മാതിരികള നോക്കുവിൻ). ഇപ്പോഴത്തെ പാർലിമെണ്ടുകാർ ഇപ്രകാരം ചെയ്വാൻ തുനിയുമോ? ഇങ്ങനെ അക്രമങ്ങൾ ചെയ്വാൻ ഇപ്പോൾ ചട്ടമുണ്ടോ? ഇപ്പോൾ ഇംഗ്ളീ‌ഷു പാർലിമെണ്ടു (ഗവർമ്മെണ്ടു) എത്രയോ പരി‌ഷ്കാരമായിപ്പോയി. 1550-ആം വർ‌ഷം എട്ടാമതു ഹെന്റിക്ക് മന്ത്രിയായിരുന്ന ഗ്രാമ്നരെന്ന പ്രോട്ടസ്റ്റണ്ടു ക്രിസ്ത്യൻ തന്റെ മതത്തിൽ വരാത്ത 5 പുരു‌ഷന്മാരെ കൊല്ലുകയും ഒരു സ്ത്രീയുടെ വിരലിൽ എണ്ണത്തുണി ചുറ്റി തീ കൊളുത്തുകയും ചെയ്തു. (Student's History of England Hume.P.291) ആൽവാ താൻ പരിപാലനം ചെയ്ത നാലഞ്ചു സംവത്സരത്തിനുള്ളിൽ 18,000 പേരെ കൊന്നു എന്ന മിടുക്കു പറഞ്ഞു. ഒരു വർ‌ഷത്തിൽ 800 പേർ ദഹിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. പാരീസ് പട്ടണത്തിൽ 1172-ആം വർ‌ഷം ആഗസ്റ്റ് മാസം 24-ആം തീയതി ഹിയൂർക്കനാട എന്നു ഒരു വക ആളുകളിൽ 14,000 പേരെ ഓടിച്ചുകൊണ്ട് രാജാവ് തന്റെ അരമനയിലെ ജനലിൽ ഇരുന്നുകൊണ്ട് ബാണപ്രയോഗം ചെയ്തു അവരെ പക്ഷികളെ കൊല്ലുംപോലെ കൊന്നു. പിന്നും ചേരാത്തവരെ പിടിച്ചു നന്നായിക്കെട്ടി വേദനയായ യന്ത്രത്തിനകത്തു ചെലുത്തി അവരുടെ വായ്കളിൽ വിരിഞ്ഞ വായുള്ള കുഴലുകളെ തിരുകി നിറുത്തി അതിൽക്കൂടി തൊണ്ണയിൽ ഇറങ്ങത്തക്കവണ്ണം ദ്രാക്ഷാരസം കുമുകുമിനെ ഒഴിച്ചു കഷ്ടപ്പെടുത്തുകയും മുഴുവനും നഗ്നന്മാരാക്കി അസംഖ്യം അപമാനങ്ങളെ, തലമുതൽ കാൽവരെ *കുണ്ടുദൂശികളെ[2] കുത്തിച്ചെരുകി,പേനാക്കത്തികൊണ്ടു വെട്ടി [ 103 ] തീയിലിട്ടു നല്ലവണ്ണം പഴുപ്പിച്ച് *പറ്റുകുരടുകൊണ്ട്[3] അവരുടെ മൂക്കുകളെ പറിച്ചെടുത്തുകളകയും ചെയ്തു. ഇപ്രകാരം നടന്ന അന്യായങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും ഇത്രമാത്രമാണെന്നു പറഞ്ഞാൽ അവസാനിക്കയില്ല. ഇവിടെ വളരെ ചുരുക്കമായിട്ട് എഴുതിയതാണ് എങ്കിലും ക്രിസ്തുമതം ഇത്രത്തോളം വർദ്ധിച്ചു വന്നതിന്റെ കാരണങ്ങൾ നല്ലതിൻവണ്ണം തെളിവായല്ലോ. സഹിപ്പാൻ വഹിയാത്ത ഇങ്ങനെയുള്ള ഹിംസകളെ ചെയ്താൽ ആരാണ് ചേരാതിരിക്കുന്നത്? മരണഭയമുള്ള എല്ലാവരും ചേരുകതന്നെ ചെയ്യും. അല്ലാതെ ഇതരമതങ്ങളെയും ക്രിസ്തുമതത്തെയും ആരാഞ്ഞുനോക്കി ഗുണദോ‌ഷങ്ങളെ അറിഞ്ഞു ക്രിസ്തുമതം തന്നെ നല്ലതെന്ന സമ്മതത്തോടുകൂടി യാതൊരുത്തരും ആ മതത്തെ സ്വീകരിച്ചിട്ടില്ലാ. ഈ ദേശത്തെ മഹമ്മദീയർ എത്രയോ അക്രമങ്ങളെ ചെയ്താണ് ഹിന്ദുക്കളെ അവരുടെ മതത്തിൽ ചേർത്തത്. എങ്കിലും ക്രിസ്ത്യന്മാർ ചെയ്തതിട്ടുള്ളതിൽ ലക്ഷത്തിലൊരംശം പോലും ആകയില്ല. എന്നാൽ ഇക്കാലങ്ങളിലോ യോറോപ്പിലും അമേരിക്കയിലും ബൈബിളിനു വിരോധമായ ഭൂഗോളശാസ്ത്രം, ശാസ്ത്രം, തർക്കശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം മുതലായ വിദ്യകൾ നല്ലപോലെ അഭ്യസിച്ച് തർക്കശാസ്ത്രം മുഖേന വാസ്തവം ഇന്നപ്രകാരമെന്ന് അറിഞ്ഞതിനാൽ ക്രിസ്തുമതം മറ്റുള്ള മതങ്ങളിൽ നിന്ന് എഴുതിഎടുത്ത കെട്ടുകഥയാണെന്ന് നിശ്ചയമായതുകൊണ്ട് ബൈബിളിനെക്കുറിച്ചുണ്ടായിരുന്ന ദുരഭിമാനം വിട്ടുപോകയും ചെയ്കയാൽ ചട്ടങ്ങളെ ഏർപ്പെടുത്തി പക്ഷപാതം കൂടാതെ ജനങ്ങളെ രക്ഷിച്ചുവരികയും അതുകൊണ്ട് ആംഗ്ളീയ ഗവണ്മെണ്ടു രാജ്യഭരണത്തിലുൾപ്പെട്ട എല്ലാ ജനങ്ങൾക്കും ന്യായം സമമായിട്ടു ലഭിക്കയും ഈ വിധം നാഗരീകം വർദ്ധിച്ചു വരുന്തോറും ക്രിസ്ത്യന്മാരുടെ ദുർമ്മാർഗ്ഗങ്ങളെല്ലാം സൂര്യോദയത്തിങ്കൽ ഹിമകണങ്ങളെന്നപോലെ ഓടിപോകയും മുമ്പിലത്തെ അന്യായങ്ങളും ഹിംസകളും ഇപ്പോൾ ചെയ്വാൻ വഹിയാത്തതുകൊണ്ട് പാതിരിമാർ ദ്രവ്യം, പ്രത്യക്ഷഭോഗവസ്തുക്കൾ ഇവകളെ ഉപയോഗിച്ചു ക്രിസ്ത്യന്മാരാക്കുകയും ക്രിസ്തുവിനെയും തൻമതത്തെയും തടുക്കാൻ കഴിയാത്ത ഏതോ വലിയ ആപത്തിൽ അകപ്പെട്ടു വലയുന്നപോലെയും അവർ ഇതിനെ കണ്ടു വ്യസിനിച്ചു ഉപദേശിക്കുന്നതായിട്ടും വിശ്വസിപ്പിച്ചു ക്രിസ്ത്യന്മാരായാൽ ടി. ആപത്തുകളിൽനിന്നു രക്ഷപ്പെടുമെന്നപോലെയും ക്രിസ്ത്യന്മാരായവരെല്ലാപേരും രക്ഷപ്പെട്ടുപോയതായിട്ടും നടിച്ചുകൊണ്ട് പാതിരിമാർ തേൻപോലെയും പാൽപോലെയും സംസാരിക്കുകയും ചെയ്യുന്നു [ 104 ] എന്നലാതെ അവരുടെ അടുക്കൽ ന്യായം, ദയ മുതലായ ഗുണങ്ങൾ അല്പമെങ്കിലുമുണ്ടെന്നു വിചാരിപ്പാൻ പാടില്ല. ഇനിയും പാതിരിമാർ യൂറോപ്യന്മാരുടെ നാഗരീകത്തിനും നീതിയിലും ക്രിസ്തുമതമാണ് കാരണമെന്നു മടികൂടാതെ പറയുന്നത് ഒരിക്കലും ശരിയല്ലെന്നുള്ളതിലേയ്ക്ക് മുൻകാണിച്ച അന്യായങ്ങളും ഹിംസകളും നാഗരീകത്തിനു നീതിക്കും കാരണമായ ബൈബിളിനു മുഴുവിരോധമാകുന്നു എന്നും അവകളിരുന്ന പുസ്തകശാലകളോടുകൂടി തീയിട്ടു ചുടുകയും അതുകളെ പഠിച്ചറിഞ്ഞവരായ എല്ലാ പാതിരിമാരേയും ജയിലിൽ ഇരുത്തിയും ഹിംസിച്ചുകൊണ്ടു ചെയ്തിട്ടുള്ളതും തന്നെ സാക്ഷികളാകുന്നില്ലയോ?

വിദ്യാശാലകൾക്കു പാതിരിമാർ പ്രധാനികളായിരുന്ന കാലത്തു ടി. ശാസ്ത്രങ്ങളെ പാഠംവയ്ക്കാതെ ബൈബിളിനെ (ക്രിസ്തുമതവി‌ഷയമായ) പാഠങ്ങളെ മാത്രം വയ്ക്കയാൽ ടി. ശാസ്ത്രങ്ങൾ അക്കാലത്ത് പരിപാലിക്കപ്പെടാതെ പോകയും ട്വാർക്കിമാട് എന്ന ആൾ ഹിബ്രുവിൽ എഴുതിയിരുന്ന ശാസ്ത്രപുസ്തകങ്ങളെ തീയിലിടുകയും ചാലമാൻക എന്ന ദേശത്ത് 6000 ശാസ്ത്രപുസ്തകങ്ങളെ ചുടുകയും സ്പാനിയാവിൽ ശാസ്ത്രങ്ങളെ വർദ്ധിപ്പിച്ചുകൊണ്ടുവരുന്നതിലേയ്ക്ക് ഉത്സാഹിച്ചവരായ 119 ശാസ്ത്രിമാരെ ജയിലിൽ കൊണ്ടിട്ടു കൊല്ലുകയും ഫ്രാൻസിൽ രസവാദശാസ്ത്രങ്ങളും മറ്റുള്ള ശാസ്ത്രങ്ങളും പഠിച്ചുകൂടാ എന്നും ക്രിസ്തുമതവിരോധകമായ ഏതു പുസ്തകങ്ങളെയും ക്രിസ്തുമതപ്രധാനിയുടെ ഉത്തരവു കൂടാതെ അച്ചിട്ടു കൂടാ എന്നും ഉത്തരവുണ്ടാക്കുകയും 1519-ആം വർ‌ഷത്തിൽ *പാണിനി[4] എന്ന തർക്കശാസ്ത്രിയെ ദലൂസ എന്ന ദിക്കിൽ നാക്കിനെ പറിച്ചുകൊല്ലുകയും ചെയ്തല്ലോ. ഇനിയും അനേകമുണ്ട്. സമയം പോരാത്തതിനാൽ നിർത്തുന്നു.

  1. മേൽ വിവരിച്ച പ്രബലന്യായങ്ങളെക്കൊണ്ട് പിതാവ്, പുത്രൻ, പവിത്രാത്മാവ് ഇവർ ദൈവലക്ഷണമുള്ളവരലെന്നും ക്രിസ്തുവിന്റെ പാപബലിയും വിശ്വാസവും മുക്തിസാധനമാകയില്ലെന്നും മുക്തിലക്ഷണവും നിത്യനരകത്തെ അനുഭവിക്കുമെന്നുള്ളതും അല്പംപോലും ചേരുന്നവയല്ലെന്നും ബൈബിൾ അപ്രമാണമാണെന്നും മറ്റും നല്ലതിൻവണ്ണം സാധിക്കപ്പെട്ടിരിക്കുന്നു.
  2. ഇനി ചിലർ പല ദൂ‌ഷണങ്ങളെയും ആഭാസന്യായങ്ങളെയും വിളിച്ചെഴുന്നെള്ളിച്ചുകൊണ്ട് ഇതിലേയ്ക്കും മറുപടി എഴുതിവിടുന്നു [ 105 ] എന്നുവരികിൽ നാമെന്തുചെയ്യും. കമന്നു വീണു മുഖം ഭൂമിയിൽ തല്ലിയിട്ടും മീശയിൽ മണ്ണുപുരണ്ടില്ലെന്നും ഡീക്കുപറകയുന്നവരും മനസ്സിലൊന്നും വാക്കിലൊന്നുമായിട്ടു ശമ്പളത്തിനുവേണ്ടി കിടന്നു മാറടിക്കുന്നവരുമായ ഈ കൂട്ടക്കാരോട് എന്തൊക്കെ എത്രയൊക്കെ പറഞ്ഞാൾ തന്നെയെന്താ? ഈ അസംബന്ധങ്ങളെയൊക്കെ തള്ളിയേച്ച് ന്യായ മാർഗ്ഗമായിട്ടു ഖണ്ഡിച്ചു വ്യവഹരിച്ചു സ്ഥാപിക്കുന്നു എന്നുവരികിൽ ആ അഭിപ്രായത്തിൽ നാമും ചേർന്നു കൊള്ളുന്നതിലേയ്ക്കു തയാർ.
  3. ക്രിസ്തുമതം ഇന്ന സ്ഥിതിയിലുള്ളതാണെന്ന് ഇതിനെ വായിക്കുന്നവർക്ക് അറിവു കിട്ടും. അതുകൊണ്ട് മലയാളികളായ ഹിന്ദുക്കൾക്ക് ഇത് ഏറ്റവും ഉപകാരമായി ഭവിക്കുമാറാകണമെന്ന എന്റെ അത്യാഗ്രഹം സഫലമായി ഭവിക്കുന്നതിലേയ്ക്ക് സാക്ഷാൽ പരമശിവന്റെയും പുരാതന മഹാത്മാക്കളുടെയും സജ്ജനങ്ങളുടെയും ഈ വി‌ഷയത്തിൽ ഇപ്പോൾ ഉത്സാഹിചു കൊണ്ടിരിക്കുന്നവരായ ഗുരുക്കന്മാരുടെയും പൂർണ്ണാനുഗ്രഹത്തെത്തന്നെ ആശ്രയിച്ചുകൊള്ളുന്നു.
  4. അല്ലയോ ഹിന്ദുക്കളേ, നിങ്ങൾ ദയവുചെയ്ത് ഈ പുസ്തകത്ത ചിത്തസമാധാനത്തോടുകൂടി ആദ്യം തുടങ്ങി അവസാനം വരെയും വായിച്ചു മനസ്സിലാക്കുകയും ഇതിൽ കാണിച്ചിട്ടുള്ള ന്യായങ്ങളാൽ ക്രിസ്തുമതം ഛേദിക്കപ്പെട്ടോ ഇല്ലയോ എന്നു നല്ലതിൻവണ്ണം ചിന്തിച്ചു നോക്കുകയും ചെയ്യുവിൻ.

അവർ നിങ്ങളെ അവരുടെ ക്രിസ്തുമതത്തിൽ ചേർക്കുന്നതിലേയ്ക്ക് ഉത്സാഹിച്ചു വന്നു വാദിക്കുമ്പോൾ ആ വാദങ്ങളെ ഒക്കെയും നല്ല പ്രബലന്യായങ്ങളെക്കൊണ്ട് ഖണ്ഡിച്ചുവിട്ടും കളഞ്ഞ് പരിപൂർണ്ണദൈവമായിരിക്കുന്ന പരമശിവനെ ഭജിച്ചു സൽഗതിയെ പ്രാപിക്കുന്നവരായി ഭവിപ്പിൻ.

ഇനിയും അടുത്തപോലെ കാണാം.

കുറിപ്പുകൾ

[തിരുത്തുക]
  1. ബഹുരാഗമായിട്ട് = അത്യാഹ്ലാദമായിട്ടു
  2. കുണ്ടുദൂശി = മൊട്ടുസൂചി
  3. പറ്റുകുരട് = കൊടിൽ
  4. പാണിനി = യുറോപ്പിലെ ഒരു ഭാഷാപണ്ഡിതൻ