ക്രിസ്തുമതനിരൂപണം/ഗ്രന്ഥത്തെപ്പറ്റി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
ഗ്രന്ഥത്തെപ്പറ്റി
ക്രിസ്തുമതനിരൂപണം

ഈ ഗ്രന്ഥത്തെപ്പറ്റി
[തിരുത്തുക]

ശ്രീമദ് വിദ്യാനന്ദതീർത്ഥപാദർ[തിരുത്തുക]

"ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴും പാതിരി പ്രസ്ഥാനം ( ക്രിസ്ത്യൻ ) പൂർവാധികം ശക്തിപ്പെടുകതന്നെ ചെയ്തു. ക്ഷേത്രാരാധനയ്ക്കുപോകുന്ന ഭക്തരായ ഹിന്ദുക്കളെ തടഞ്ഞു നിർത്തി 'പിശാചിനെ തൊഴാൻ പോകരുതെന്നും സത്യദൈവമായ ദൈവത്തെ വിശ്വസിച്ച് തങ്ങളുടെ മതത്തിൽ ചേരണ'മെന്നും പാതിരിമാർ ധൈര്യമായി പ്രസ്താവിക്കുമായിരുന്നു. അവരുടെ പ്രഖ്യാപനത്തെ എതിർക്കുന്നതിനോ നിരുൽസാഹപ്പെടുത്തുന്നതിനോ അന്ന് ഹിന്ദുക്കളിൽ ആരും തന്നെ മുന്നോട്ടുവന്നില്ല. ആ ചുറ്റുപാടിലാണ് പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികൾ ഷണ്മുഖദാസൻ എന്ന പേരുവെച്ച് ക്രിസ്തുമതച്ഛേദനമെന്ന പുസ്തകം എഴുതി അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയത്. ഇത് 1070-മാണ്ടിടയ്ക്ക് ആയിരുന്നു എന്നാണറിവ്. ഏറ്റുമാനൂർ ഉത്സവത്തിനു കൂടുന്ന ഹിന്ദുക്കളെ സുവിശേഷപ്രസംഗം കേൾപ്പിക്കാൻ അന്നു കോട്ടയത്തുനിന്നു ക്രിസ്ത്യൻ മിഷണറിമാർ ഏറ്റുമാനൂർ ക്ഷേത്രത്തിൻറെ മുന്നിൽ വരിക പതിവായിരുന്നു. അങ്ങനെയുള്ള ഘട്ടത്തിൽ കാളികാവു നീലകണ്‌ഠപ്പിള്ള എന്ന മാന്യനെ 'ക്രിസ്തുമതച്ഛേദനം' എഴുതികൊടുത്തു പഠിപ്പിച്ചു ഏറ്റുമാനൂർ ക്ഷേത്രപരിസരത്തിൽവെച്ച് ആദ്യമായി സ്വാമിതിരുവടികൾ പ്രസംഗിപ്പിച്ചു. തുടർന്നു ടി.നീലകണ്‌ഠപ്പിള്ളയും കരുവാ കൃഷ്ണനാശാനും കേരളമോട്ടുക്കു സഞ്ചരിച്ചു ക്രിസ്തുമതച്ഛേദന'ത്തിലെ ആശയങ്ങൾ പ്രചരിപ്പിച്ച് പാതിരിപ്രസ്ഥാനത്തെ കുറെയെല്ലാം സ്തംഭിപ്പിച്ചു."

മാനസികപരിവർത്തനം കൊണ്ടല്ല, ലൌകികപ്രലോഭനങ്ങൾ കൊണ്ടാണ് ഹിന്ദുവർഗത്തിൽപ്പെട്ട ഹരിജനങ്ങളും മറ്റും ക്രിസ്തുമതത്തിലേക്കു മാറാൻ നിർബദ്ധിതരായതെന്നു ഈ പ്രസ്താവനകൊണ്ട് മനസിലാക്കാവുന്നതാണല്ലോ. മതപ്രചാരത്തേക്കാൾ സ്വസമുദായവികാസമാണ് ക്രിസ്തുമത പ്രവാചകരുടെ ലക്ഷ്യമെന്നുകൂടി ന്യായമായി ഊഹിക്കാവുന്നതാണ്. ഇങ്ങനെ ഹിന്ദുക്കൾ അന്യമതത്തിന്റെ പേരിൽ അന്യസമുദായങ്ങളിൽ ലയിക്കുന്നതിനു അന്നത്തെ സവർണ്ണ ഹിന്ദുക്കളും കുറെയെല്ലാം കാരണക്കാരായിരുന്നു എന്നുള്ളതിന് ചില സൂചനകൾ.....പൂർവ്വപീഠികയിൽ സ്വാമിതിരുവടികൾ ഉല്ലേഖനം ചെയ്തിട്ടുണ്ട്.

"......ക്രിസ്തുമതത്തെ ഖണ്ഡിക്കണമെന്നു മാത്രമല്ല ആ മതത്തിലെ തത്വങ്ങൾ ഹിന്ദുക്കൾ മനസിലാക്കുകയും അതും ഹിന്ദുമതവും തമ്മിൽ താരതമ്യപഠനം ചെയ്യണമെന്നും കൂടി പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികൾ ആ ഗ്രന്ഥപ്രസിദ്ധീകരണം കൊണ്ടുദ്ദേശിച്ചിരുന്നു. അതിനാൽ ആ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം ക്രിസ്തുമതസാരമായിട്ടും രണ്ടാംഭാഗം 'ക്രിസ്തുമതനിരൂപണ'മായിട്ടുമാണ് അദ്ദേഹമെഴുതിയത്. ബൈബിളിൽ അടങ്ങിയിരിക്കുന്ന ക്രിസ്തുമത തത്വങ്ങളുടെ ചുരുക്കം ഭംഗിയാംവണ്ണം ക്രിസ്തുമതസാരത്തിൽ അദ്ദേഹം അടക്കിയിട്ടുണ്ട്.

ഭാരതീയ ദാർശനിക ദൃഷ്ടിയിൽക്കൂടി ആ തത്വങ്ങളെ നിരൂപണം ചെയ്കയാണ് രണ്ടാംഭാഗത്തിൽ ചെയ്തിരിക്കുന്നത്. അന്നത്തെ ക്രിസ്ത്യാനികളിൽ ഭൂരിപക്ഷത്തിനും ക്രിസ്തുമതതത്ത്വങ്ങളെക്കുറിച്ച് ശരിയായ ബോധമില്ലായിരുന്നു. ബൈബിളിലെ കുറെ കഥകളും ഉപദേശങ്ങളും കാണാതെ പഠിക്കുക മാത്രമേ അക്കൂട്ടർ അന്നുചെയ്തിരുന്നുള്ളൂ. അതുകൊണ്ട് ക്രിസ്തുമതത്തിലെ സിദ്ധാന്തങ്ങളും ആചാരാനുഷ്ഠാനക്രമങ്ങളും അവർക്ക് മനസിലാക്കാൻ സാധിച്ചിരുന്നില്ല.അതിനാൽ ക്രിസ്തുമതസാരം അവർക്കുകൂടി വളരെ പ്രയോജനപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. അതുപോലെ അന്നത്തെ കേരളത്തിലെ ഹിന്ദുക്കളിൽ വളരെയധികം പേർക്കും ഹിന്ദുമതതത്വങ്ങളും അറിയുവാൻ പാടില്ലായിരുന്നു....മിഷനറിമാർ ഹിന്ദുമതതത്വങ്ങളെ നിരൂപണംചെയ്തു നിന്ദിക്കുമ്പോൾ അതിനു സമാധാനംപറയുവാൻ അന്നത്തെ ഹിന്ദുസമുദായത്തിനു അല്പം പോലും കഴിവില്ലായിരുന്നു....അതിനാൽ ഹിന്ദുമത ബോധമുണ്ടാക്കുവാനും, പാതിരിമാരുടെ വാദങ്ങൾക്ക് സമുചിതമായ മറുപടി പറഞ്ഞു അവരുടെ മതം മാത്രമേ സത്യവും പരിശുദ്ധവുമായിട്ടുള്ളൂ എന്ന വാദത്തെ തകർക്കാനുമാണ് ശ്രീ ചട്ടമ്പിസ്വാമി തിരുവടികൾ ശ്രമിച്ചത്‌.

'അതിനുവേണ്ടി അവിടുന്നു തിരെഞ്ഞെടുത്തത് കാളിയാങ്കൽ നീലകണ്‌ഠപ്പിള്ളയേയും കരുവാ കൃഷ്ണനാശാനേയുമാണ്....തിരിവിതാംകൂറിൽ കോട്ടയത്തുനിന്നു വടക്കോട്ട് നീലകണ്‌ഠപ്പിള്ളയും കോട്ടയത്തുനിന്നു തെക്കോട്ട് കൃഷ്ണനാശാനും മതപ്രസംഗത്തിനു നിയോഗിക്കപ്പെട്ടു. ഹിന്ദുമതത്തെക്കുറിച്ചു പ്രസംഗിക്കുകയും ആ തത്വങ്ങളിലും ഹൈന്ദവപുരാണകഥകളിലും ക്രിസ്ത്യൻ പാതിരിമാർ പുറപ്പെടുവിക്കാറുള്ള ആക്ഷേപങ്ങൾക്കു സമുചിതമായ സമാധാനം പറഞ്ഞ് ഹിന്ദുമതവൈശിഷ്ട്യം സ്ഥാപിക്കുകയുമായിരുന്നു ആ പ്രസംഗത്തിലെ പരിപാടി....

-'ശ്രീമത് തീർത്ഥപാദപരമഹംസ സ്വാമികൾ' ഒന്നാംഭാഗം. "ക്രിസ്ത്യൻ പാതിരിമാരുടെ മതപരിവർത്തനസംരംഭം" എന്ന അദ്ധ്യായം.

മന്നത്തു പത്മനാഭൻ[തിരുത്തുക]

ഉപദേശികളുടെ ഹിന്ദുമതവിദ്വേഷപ്രസംഗംകേട്ട് ദുസ്സഹനായി, യുക്തിവാദികളിൽ ആഗ്രഗണ്യനായ ചട്ടമ്പിസ്വാമികൾ 'ക്രിസ്തുമതച്ഛേദനം' എന്നൊരു വിശിഷ്ട ഗ്രന്ഥമെഴുതി പ്രസിദ്ധീകരിക്കേണ്ടി വന്നിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കി കരുവാ കൃഷ്ണനാശൻ എന്നൊരു ഈഴവപ്രമാണിയും കാളിയാങ്കൽ നീലകണ്ഠപ്പിള്ള എന്നൊരു നായർ പ്രമാണിയും പല പ്രസംഗങ്ങൾ ചെയ്തിട്ടുണ്ട്. അവരുടെ പ്രസംഗങ്ങൾ ഉപദേശിമാരെ ഒടിക്കത്തക്കതായിരുന്നു."

-എൻറെ ജീവിതസ്മരണകൾ
( 213-214പേജുകൾ )

ബോധേശ്വരൻ[തിരുത്തുക]

"ഈ രാജ്യത്തെ ക്രിസ്തുമതപ്രചാരണം സ്വാമിയിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങളെന്താണെന്നുഅറിയണമെന്നുള്ളവർ 'ക്രിസ്തുമതച്ഛേദനം' ഒന്നു വായിച്ചിരിക്കേണ്ടതാണ്. ഭാരതത്തിന്റെ സംസ്കാരത്തെയും തദ്വാരാ ഭാരതത്തെയും സംരക്ഷിക്കണമെന്നുള്ളവർക്ക്‌ ഈ രാജ്യത്ത് വിദേശീയമതങ്ങളെ അടിച്ചേൽപ്പിക്കുവാൻ ചെയ്യുന്ന പ്രവർത്തനങ്ങളിൽ സമചിത്തതയോടെ കഴിഞ്ഞു പോകുവാൻ ഒക്കുന്നതല്ലല്ലോ. സ്വാമിയുടെ അറിയപ്പെട്ടിരുന്നകാലത്ത്‌ രചിക്കപ്പെട്ട ഈ കൃതി ('ക്രിസ്തുമതച്ഛേദനം') ഭാരതീയ ദാർശനികന്മാരുടെ വീക്ഷണകോടിയിൽക്കൂടി ഒരു മത പ്രമാണത്തെ സമീപിക്കുന്ന സമ്പ്രദായത്തിൽപ്പെട്ടതാണ്. എന്നാൽ കരുവാ കൃഷ്ണനാശാൻ കളിയാങ്കൽ തുടങ്ങിയ ശിഷ്യസത്തന്മാർ ആ വഴിക്കുള്ള മതഖണ്ഡനപ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ ഉഗ്രതരമാക്കിച്ചെയ്തിരുന്നു എന്നു എനിക്ക് മനസിലാക്കുവാൻ സംഗതിയായിട്ടുണ്ട്. വെളിയിൽനിന്നുള്ള യാതൊരുബോധനങ്ങളും ലഭിക്കാനില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഹിന്ദുക്കൾക്കുവേണ്ടത് എന്താണെന്നറിയാൻ സ്വാമിക്ക്‌ ( ചട്ടമ്പിസ്വാമികൾക്ക് ) ഉണ്ടായിരുന്ന കഴിവുകളെ വേണ്ടവർ വേണ്ടതരത്തിൽ കണ്ടറിഞ്ഞില്ലാ എന്നുള്ളത് വിശിഷ്യാ പ്രസ്താവിക്കണമെന്നില്ലല്ലോ.

-ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം
( വ്യാസനും ശങ്കരനും )

ശ്രീ കെ.ഭാസ്ക്കരപ്പിള്ള[തിരുത്തുക]

"ഈ ഗ്രന്ഥനിർമ്മിതിയിൽ ദ്വേഷബുദ്ധി ദർശിച്ച ഒരു സംശയാലുവിന് അവിടുന്നു ( ചട്ടമ്പിസ്വാമികൾ ) നൽകിയ മറുപടി ഇതാണ്;

'ക്രിസ്തുമതാദർശം അനുസരിച്ച് മാത്രമാണ് ഞാൻ അതിനെച്ഛേദിച്ചിട്ടുള്ളത്. എല്ലാത്തിനെയും പരിശോധിക്കണമെന്നും നല്ലതിനെ മുറുകെ പിടിക്കണമെന്നും ഉള്ളത് അവരുടെ പ്രമാണമാണ്. അതുപോലെ ഞാനും പരിശോധിച്ചു. ഒരു വസ്തുവിന്റെ അന്തർഭാഗത്ത്‌ കിടക്കുന്നവയെ പരിശോധിക്കണമെങ്കിൽ ഛേദിക്കാതെ എന്താ നിവൃത്തി? ബീജം കണ്ടെത്തണമെങ്കിൽ ഫലം പൊട്ടിച്ച് തൊണ്ടുമാറ്റി നോക്കണം. അതുകൊണ്ട് ഞാൻ അങ്ങനെ ചെയ്തു. എന്റെ ഛേദനം അധികം ഉപകാരമായി ഭവിച്ചത് അവർക്കാണ്. തന്നത്താനെ അറിയാൻ അതു പലർക്കും ഉപകാരപ്പെട്ടു എന്നു ചില ക്രിസ്ത്യൻ സ്നേഹിതന്മാർ എന്നോടു പറഞ്ഞിട്ടുണ്ട്."

....ക്രിസ്തുമത തത്വങ്ങളെ പ്രാധാന്യമനുസരിച്ച് വരമ്പിട്ട് തിരിച്ച് കേവലം 21 പുറങ്ങളിൽ ഒതുക്കി നിർത്തിയിരിക്കുന്ന ക്രിസ്തുമതസാരം ആ മതത്തിൻറെ രത്നച്ചുരുക്കമാണ്. ആ ഭാഗത്തെ ക്രിസ്തീയ പുരോഹിതന്മാരും മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്."

' ചട്ടമ്പിസ്വാമികൾ '
( പേജ് 47,48 )