ക്രിസ്തുമതനിരൂപണം/ദൈവത്തിന്റെ രൂപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
ദൈവത്തിന്റെ രൂപം
ക്രിസ്തുമതനിരൂപണം


[ 4 ]


ദൈവത്തിന്റെ രൂപം


അനാദ്യനന്തനിത്യനായി വ്യാപകനായി സ്വതന്ത്രനായി അരൂപനായി അവികാരിയായി, സത്യം, ജ്‌ഞാനം, അടക്കം, ന്യായം, കൃപ, നന്മ, മേന്മ, നിറവ് മുതലായ ദിവ്യഗുണങ്ങളോടുകൂടിയവനായി പിതാവ്, പുത്രൻ, പവിത്രാത്മാവ് എന്നു മൂന്നുപേരായ ഒരുവനാകുന്നു ദൈവം. അവരിൽ പിതാവിനു യഹോവാ എന്നും പുത്രനു ക്രിസ്‌തു എന്നും യേശു എന്നും പവിത്രാത്മാവിന് പരിശുദ്ധആവി എന്നും കൂടി നാമങ്ങൾ ഉണ്ട്. (സങ്കീർത്തനം 90-അ. 2-വാ യറമി. 23-അ. 24-വാ. മർക്കോസ് 10അ. 27-വ. 1 തിമൊഥെയുസ് 6-അ. 15-വ. സങ്കീർത്തനം 102-അ. 27-വാ. വെളിപ്പാട് 1-അ.8-വാ. 1 നാളാഗമം 29-അ. 9-വാ. ആദി. 17-അ. 1-വാ. പുറപ്പാട് 15-അ. 12-വാ. സങ്കീർത്തനം 145-അ. 17-വാ. പുറപ്പാട് 34-അ. 6-വാ. മത്തായി 28-അ. 19-വാ. ആവർത്തനപുസ്‌തകം 32-അ. 4-വാ. ടി. 33-അ. 27-വാ.) സൃഷ്ടി, സ്‌ഥിതി, സംഹാരം, നിഗ്രഹം, അനുഗ്രഹം ഇവകളാകുന്നു ദൈവകൃത്യങ്ങൾ. അനാദ്യനായ ദൈവം ആദ്യം തന്നെ കൃത്യം ചെയ്യുവാൻ ഇച്‌ഛിച്ചു. പരമണ്ഢലത്തിങ്കൽ ദൈവദൂതന്മാരെ സൃഷ്‌ടിക്കുകയും അവരിൽ തനിക്ക് വിരോധികളായ ചിലരെ പിശാചുക്കളാക്കി നരകത്തിൽ ഇരിക്കത്തക്കവണ്ണം നിയമിക്കുകയും ചെയ്തു. (യഹൂദാ. 6-വെളിപാട് 12-അ. 9-വാ‌. പിന്നീട് ഭൂമിയെയും ആകാശത്തെയും ഒന്നാംദിവസം ഒളിയെയും രണ്ടാംദിവസം വെളിയെയും ജലരൂപങ്ങളായ മേഘങ്ങളെയും മൂന്നാംദിവസം മണ്ണിൽനിന്നും സ്ഥാവരജീവന്മാരെയും നാലാം ദിവസം മഹാപ്രകാശകങ്ങളായ നക്ഷത്രങ്ങളെയും അഞ്ചാംദിവസം ജലത്തിൽ ജലചരങ്ങളെയും ആറാംദിവസം നാനാവിധ മൃഗങ്ങളെയും സൃഷ്ടിച്ചു. അനന്തരം ആ ദിവസംതന്നെ തന്റെ സ്വരൂപമായിട്ടു മനുഷ്യനെ ഉണ്ടാക്കി മൂക്കിന്റെദ്വാരംവഴിയായിട്ടു ജീവശ്വാസത്തെ ഊതിക്കയറ്റി അവനെ ജീവാത്മാവോടുകുടിയവനാക്കി. പിന്നീട് [ 5 ] ആ മനു‌ഷ്യന്റെ ശരീരക്കൂറിൽനിന്ന് ഒരു സ്ത്രീയെക്കൂടി ഉണ്ടാക്കുകയും ആ ആദിമമനു‌ഷ്യരെ ഏ‌ഷ്യാഖണ്ഡത്തിലെ തുലുക്ക് ദേശത്തുള്ള ഏദനെന്ന സ്ഥലത്തു നിർമ്മിക്കപ്പെട്ട തോട്ടത്തിൽ ഇരുത്തി. സൃഷ്‌ടികാലത്തുതന്നെ മനു‌ഷ്യരോട് നിങ്ങൾ സന്തതിയോടുകൂടി പലവംശക്കാരായി ഭൂമിയിൽ നിറഞ്ഞ് അതിലുള്ള സകലവസ്തുക്കളെയും പരിപ്പാലിപ്പിൻ എന്ന് ആശീർവദിക്കുകയും മനു‌ഷ്യർക്കു സ്ഥാവരജീവന്മാരെ ഭോജനമായിട്ട് നിയമിക്കുകയും ഏദനിലുള്ള തോട്ടത്തിൽ കാത്തുനിന്നു വേലചെയ്യുന്നതിനും തോട്ടത്തിലുള്ള സകലവിധ വൃക്ഷങ്ങളുടെ പഴങ്ങളെ ഭക്ഷിച്ചുകൊള്ളുവാനും ആജ്‌ഞാപിക്കുകയും, തോട്ടത്തിന്റെ നടുക്കുള്ള ഗുണദോ‌ഷങ്ങളെ അറിവിക്കുന്ന വൃക്ഷത്തിന്റെ കനിയെ ഭക്ഷിക്കരുതെന്നു വിലക്കുകയും, ഭക്ഷിക്കുന്നു എങ്കിൽ ആ ദിവസത്തിൽ തന്നെ മരിക്കുമെന്ന ശിക്ഷ പറകയും ചെയ്തു. ദൈവത്തെ ഉപചരിക്ക, ശനിവാരനിയമം, സൃഷ്ടികൾക്കുപചരിക്ക, വിധിച്ചതിനെ ചെയ്യുക, വിലക്കിയ കനിയെ ത്യജിക്ക: ഇത്രയുമാകുന്നു ആദിമമനു‌ഷ്യർക്കുനിമയിക്കപ്പെട്ട മതം. അവർ അവിടെ അപ്രകാരമിരിക്കുമ്പോൾ പിശാചാധിപതിയായ സർപ്പം വന്ന് വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനിയെ ഭക്ഷിച്ചാൽ മരിക്ക ഇല്ലാ എന്നും നയനപ്രകാശവും ഗുണദോ‌ഷജ്‌ഞാനവും ഉണ്ടാകുമെന്നും ആ സ്ത്രീയോടു പറഞ്ഞു. അനന്തരം ആ പഴം തീറ്റിക്കു രസവും കാഴ്ചയ്ക്കു ഭംഗിയുമുള്ളതും ബുദ്ധിയെ തെളിയിക്കുന്നതുമാകുന്നു എന്നുകണ്ട ആ സ്ത്രീയും, അവർ കൊടുത്തിട്ട് ആ മനു‌ഷ്യനും ഭക്ഷിച്ചു. അതുകൊണ്ട് അവർക്ക് നയനശോഭ ഉണ്ടാകുകയും അപ്പോൾത്തന്നെ് അവർ നഗ്നരായിട്ട് ഇരിക്കുകയാണെന്നറിഞ്ഞ് അത്തി ഇലകളെ തയ്ച്ച് അരയിൽ കെട്ടിക്കൊള്ളുകയും ചെയ്തു. അനന്തരം പകൽ അവസാനിച്ചപ്പോൾ തോട്ടത്തിൽ സഞ്ചരിച്ചുവരുന്ന യഹോവയുടെ ശബ്‌ദത്തെ കേട്ട് അവർ ദൈവസന്നിധാനത്തിൽനിന്നു മാറി മരങ്ങളുടെയിടയിൽ ഒളിച്ചിരിക്കുകയും അപ്പോൾ യഹോവ മനു‌ഷ്യനെ വിളിച്ച് "നീ എവിടെ?" എന്നു ചോദിക്കയും അതിനവൻ "ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചിരിക്കുന്നു" എന്ന മറുപടി പറകയും അപ്പോൾ യഹോവ "നിന്നെ നഗ്നനെന്ന് ആരറിയിച്ചു? നീ വിലക്കിയ കനിയെ തിന്നോ"എന്നു ചോദിക്കയും "എന്നോടു കൂടി ഇരുത്തിയ സ്ത്രീ തന്നു ഞാൻ അതിനെ ഭക്ഷിച്ചു" എന്ന് അവൻ പറയുകയും യഹോവ സ്ത്രീയോട് "നീ എന്താണ് ഇങ്ങനെ ചെയ്തത്?" എന്നു ചോദിക്കയും അവൾ സർപ്പത്തിന്റെ വഞ്ചന ഹേതുവായിട്ടു ഞാൻ തിന്നുപോയതാണ് എന്നു പറകയും യഹോവ സർപ്പത്തെ നോക്കി, നീ ഇപ്രകാരം ചെയ്തതു കൊണ്ട് എല്ലാ മൃഗജന്തുക്കളെക്കാളും ഏറ്റവും ശപിക്കപ്പെട്ട് ജീവപര്യന്തം വയറുകൊണ്ടിഴഞ്ഞ് മണ്ണുതിന്നു പോകും. അതുകൂടാതെയും നിനക്കും [ 6 ] ഈ സ്ത്രീക്കും നിന്റെ സന്തതിക്കും തമ്മിൽ ശത്രുതയുണ്ടാകും. അതുകൊണ്ട് അതു നിന്റെ തലയെ ചതയ്ക്കും. നീ അതിന്റെ കുതികാലിനെ ചതയ്ക്കും എന്നും പിന്നീട് സ്ത്രീയെ നോക്കി നീ അധികവേദനയോടുകൂടി കുട്ടികളെ പ്രസവിക്കുകയും നിന്റെ ഭർത്താവിന്റെ കീഴിൽ ഇരിക്കുകയും അവർ നിന്നെ പരിപാലിക്കയും, ചെയ്യുമെന്നും പിന്നീട് മനു‌ഷ്യനെ നോക്കി നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടു. അതു നിനക്ക് ഇനി മുള്ളുചെടികളെയും മുള്ളുമരങ്ങളെയും മുളപ്പിക്കുമെന്നും, നീ ജീവപര്യന്തം ക്ലേശപ്പെട്ടു ഭൂമിയിലുള്ള സസ്യങ്ങളെ വിയർപ്പുമുഖത്തോടുകൂടി തിന്നു മണ്ണായ നീ മണ്ണിൽത്തന്നെ ചേരുമെന്നു പറയുകയും ചെയ്തു. (ആദ്യപുസ്തകം 2-ം3-ംഅ.)

യഹോവാ പിന്നെയും ആ ആദിമനു‌ഷ്യരുടെ സന്താനരൂപമായിട്ടുതന്നെ ആത്മാക്കളെ സൃഷ്‌ടിക്കുന്നു. അതുകൊണ്ട് വിലക്കപ്പെട്ടതിനെ ചെയ്ത ആ ആദിമനു‌ഷ്യരും പാപികളായിത്തീർന്നു. പാപം ഹേതുവായിട്ടു ദുഃഖമുണ്ടായി. (റോമാ. 5-അ. 12--19-വാ. സങ്കീ. 51-അ. 5-വാ.)

യഹോവ ഇപ്രകാരം ആത്മാക്കളെ സൃഷ്‌ടിച്ച് താനാഗ്രഹിച്ച കാലംവരെയും ശരീരത്തോടുകൂടി ജീവിച്ചിരിക്കത്തക്കവണ്ണം സ്ഥിതിചെയ്ത് സ്ഥിതിയുടെ അവസാനത്ത് സംഹരിക്കുന്നു. അവരിൽ തനിക്കു വിരോധികളായ അശുദ്ധന്മാരെനിഗ്രഹിക്കുകയും തന്നെ വിശ്വസിച്ചു വഴിപ്പെടുന്ന ഭക്‌തന്മാരായ ശുദ്ധന്മാരെ അനുഗ്രഹിക്കുകയുംചെയ്യും.

(സങ്കീ. 103-അ. 19-വാ. (2) പത്രോസ് 30-അ. 10-വാ. മത്തായി 25-അ, 46-വാ.)