Jump to content

താൾ:Kristumata Nirupanam.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ സ്ത്രീക്കും നിന്റെ സന്തതിക്കും തമ്മിൽ ശത്രുതയുണ്ടാകും. അതുകൊണ്ട് അതു നിന്റെ തലയെ ചതയ്ക്കും. നീ അതിന്റെ കുതികാലിനെ ചതയ്ക്കും എന്നും പിന്നീട് സ്ത്രീയെ നോക്കി നീ അധികവേദനയോടുകൂടി കുട്ടികളെ പ്രസവിക്കുകയും നിന്റെ ഭർത്താവിന്റെ കീഴിൽ ഇരിക്കുകയും അവർ നിന്നെ പരിപാലിക്കയും, ചെയ്യുമെന്നും പിന്നീട് മനു‌ഷ്യനെ നോക്കി നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടു. അതു നിനക്ക് ഇനി മുള്ളുചെടികളെയും മുള്ളുമരങ്ങളെയും മുളപ്പിക്കുമെന്നും, നീ ജീവപര്യന്തം ക്ലേശപ്പെട്ടു ഭൂമിയിലുള്ള സസ്യങ്ങളെ വിയർപ്പുമുഖത്തോടുകൂടി തിന്നു മണ്ണായ നീ മണ്ണിൽത്തന്നെ ചേരുമെന്നു പറയുകയും ചെയ്തു. (ആദ്യപുസ്തകം 2-ം3-ംഅ.)

യഹോവാ പിന്നെയും ആ ആദിമനു‌ഷ്യരുടെ സന്താനരൂപമായിട്ടുതന്നെ ആത്മാക്കളെ സൃഷ്‌ടിക്കുന്നു. അതുകൊണ്ട് വിലക്കപ്പെട്ടതിനെ ചെയ്ത ആ ആദിമനു‌ഷ്യരും പാപികളായിത്തീർന്നു. പാപം ഹേതുവായിട്ടു ദുഃഖമുണ്ടായി. (റോമാ. 5-അ. 12--19-വാ. സങ്കീ. 51-അ. 5-വാ.)

യഹോവ ഇപ്രകാരം ആത്മാക്കളെ സൃഷ്‌ടിച്ച് താനാഗ്രഹിച്ച കാലംവരെയും ശരീരത്തോടുകൂടി ജീവിച്ചിരിക്കത്തക്കവണ്ണം സ്ഥിതിചെയ്ത് സ്ഥിതിയുടെ അവസാനത്ത് സംഹരിക്കുന്നു. അവരിൽ തനിക്കു വിരോധികളായ അശുദ്ധന്മാരെനിഗ്രഹിക്കുകയും തന്നെ വിശ്വസിച്ചു വഴിപ്പെടുന്ന ഭക്‌തന്മാരായ ശുദ്ധന്മാരെ അനുഗ്രഹിക്കുകയുംചെയ്യും.

(സങ്കീ. 103-അ. 19-വാ. (2) പത്രോസ് 30-അ. 10-വാ. മത്തായി 25-അ, 46-വാ.)




ജീവലക്ഷണം


ഉൽപ്പത്തികാലത്ത് യഹോവയാൽ ശുദ്ധസ്വരൂപമായിട്ടു സൃഷ്ടിക്കപ്പെട്ടവരായി ആദ്യന്തനിത്യന്മാരായി സ്വാവധിപര്യന്തം സ്വതന്ത്രന്മാരായി അരൂപന്മാരായി മനസ്സാകുന്ന സംബന്ധസാധനത്തോടുകൂടിയവരായി ചിന്ത, അറിവ്, സ്നേഹം, ദ്വേ‌ഷം, യത്നം, സുഖം, ദുഃഖം എന്ന ഗുണങ്ങൾ ഉള്ളവരായിരിക്കുന്ന ചേതനന്മാരത്രേ ജീവന്മാരാകുന്നത്. ആ ജീവന്മാരിൽ സൃഷ്ടിമുതൽ പാപംചെയ്യാതിരിക്കുന്നവരായ ദേവദൂതന്മാരും പാപത്തിൽനിന്നു വേർപെട്ടവരായ മുക്തന്മാരും ശുദ്ധജീവന്മാരെന്നും തങ്ങളാലും തങ്ങളുടെ പൂർവ്വികന്മാരാലും സമ്പാദിക്കപ്പെട്ട പാപത്തോടു കൂടിയവർ അശുദ്ധജീവന്മാരെന്നും പറയപ്പെടും. (ആദ്യപുസ്തകം 27, യോബ്. 33 അ. 4വാ. 32അ. 8വാ. മത്തായി 10 അ. 28-വാ,, ലൂക്കോസ് 24-അ., 39-വാ., യോബ് 35-അ. 10-വാ., പ്രസംഗക്കാരൻ 12-അ. 7-വാ.)

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/6&oldid=162585" എന്ന താളിൽനിന്ന് ശേഖരിച്ചത്