ക്രിസ്തുമതനിരൂപണം/ക്രിസ്തുചരിതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
ക്രിസ്തുചരിതം
ക്രിസ്തുമതനിരൂപണം

ക്രിസ്തുചരിത്രം[തിരുത്തുക]

[ 31 ]

യേശുക്രിസ്തുവും അല്പംപോലും ദൈവത്വമില്ലാത്ത ആളാണെന്നു കാണിക്കാം.

യുറോപ്പുഖണ്ഡതിലുള്ള പൂർവചരിത്രങ്ങളിൽ യേശുവിന്റെ കാലത്ത് സംഭവിച്ചിട്ടുള്ള സംഗതികളെ ഉള്ളപ്രകാരം കാലഭേദങ്ങളെ നിർണയിച്ച് എഴുതിവെച്ചത് യോസിമോസ് എന്ന ആളാകുന്നു. യേശുവാകട്ടെ യഥാർത്ഥമായിട്ട് അക്കാലത്തുണ്ടായിരിക്കയും മരിച്ചവരെ ജീവിപ്പിക്കൽ മുതലായ അത്ഭുതങ്ങൾകൊണ്ട് ജനങ്ങളെ ഭ്രമിപ്പിക്കുകയും ചെയ്തിരുന്നു എങ്കിൽ യോസിമോസ് എഴുതിയ ചരിത്രത്തിൽ പറയാതെ വിട്ടുകളയുമായിരുന്നോ? ഒരുവേള അവകൾ അദ്ദേഹത്തിന്റെ ചെവിയിൽ കടക്കാതെയിരുന്നതായിരിക്കാം. എങ്കിലും യേശു കുരിശിക്കപ്പെട്ടപ്പോൾ പകൽസമയം രാത്രിസമയം പോലെ അന്ധകരമായിരുന്നു. എന്നുള്ള വിശേഷസംഭവത്തെക്കൂടി അദ്ദേഹം അറിയാതിരുന്നുപോയോ? ഒരുസമയം അങ്ങനെയുമിരിക്കട്ടെ. അന്നുണ്ടായതായി പറയപ്പെട്ട ഭൂകമ്പത്തെക്കുറിച്ചുള്ള ഓർമയും അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും തീരെ നീങ്ങിപ്പോയോ? അത്രയുമല്ല യേശു ജനിച്ചിട്ട ആണ്ട്, മാസം, തീയതി ഇവകളെ ബൈബളിൽ പറയാതെ വിട്ടുകളഞ്ഞതെന്തുകൊണ്ട്? ജനിച്ച ദിവസത്തേക്കാളും മരിച്ച ദിവസം അവശ്യം ഗണിക്കപ്പെടേണ്ടതായിരുന്നിട്ടും ആയതിനെയും പറഞ്ഞിട്ടില്ലല്ലോ. നൂതനമായിട്ട് ഒരു നക്ഷത്രം ഉദിച്ചു അതിനെക്കൊണ്ടു ജനനനാളിനെ ഗണിക്കാമല്ലോ. എന്നാൽ 1*1890[1] സംവത്സരങ്ങൾക്കുമുമ്പേ അപ്രകാരം ഒരു നക്ഷത്രം ഉദിച്ചിട്ടുള്ളതായി ഇൻഡ്യ, ചീന, പേർഷ്യ, യുറോപ്പ് ഈ സ്ഥലങ്ങളിലുള്ള ആകാശഗണിതശാസ്ത്രിമാർ ആരെങ്കിലും സമ്മതിക്കുന്നുണ്ടോ? അതുമില്ല. ആകയാൽ [ 32 ] യേശു എന്നൊരാളുണ്ടായിരുന്നു എന്നുള്ളതുതന്നെ സന്ദേഹത്തിലായിരിക്കുന്നു.

അതായിരിക്കട്ടെ. വാസ്തമായിട്ടുണ്ടായിരുന്നെന്നുതന്നെ വിചാരിക്കാം - യേശുവിന് ജനനംമുതൽക്കേ മറ്റുള്ളവരെപ്പോലെ അല്ലാതെ വേറെ എന്തെങ്കിലും വിശേഷമുണ്ടായിരുന്നോ? ഗർഭത്തിലകപ്പെടാതെയോ യോനീസംബന്ധം കൂടാതെയോ ജനിച്ചോ? ജനിച്ചപ്പോൾ ലോകപ്രസിദ്ധങ്ങളായ അത്ഭുതങ്ങൾ എന്തെങ്കിലുമുണ്ടായോ? സാധാരണപ്രസിദ്ധങ്ങളായ അത്ഭുതങ്ങൾ‍ എന്തെങ്കിലുമുണ്ടായോ? സാധാരണ മനുഷ്യരൂപത്തെപ്പോലെയല്ലാതെ നാലു തല എട്ടുകൈ ഇങ്ങനെ വല്ലവിധവുമായിരുന്നോ? ജനിച്ചപ്പോൾ‍ത്തന്നെ എണീറ്റ്‌നടന്നു ഉപദേശിപ്പാൻ തുടങ്ങിയോ? വിശപ്പ്, ദാഹം, നിദ്ര, ജലം, മലം ഈവക ഉപാധികളോടു കൂടാതെ വളർന്നോ? ഇല്ലല്ലോ. പിന്നെ അദ്ദേഹം ജനിച്ച മുഹൂർത്തവിശേഷംകൊണ്ട് ആദ്യംതന്നെ മാതാവിങ്കൽ പാതിവ്രത്യദോഷശങ്ക ആരോപിക്കപ്പെട്ടു. രണ്ടാമത് ആ ദിക്കിൽ അന്നേദിവസം രണ്ടുദിവസത്തിനകംപ്രായമുള്ള മൂവായിരം കുട്ടികൾ കൊല്ലപ്പെടുകയും തന്നിമിത്തം ജനങ്ങൾക്കുണ്ടായ വ്യസനാധിക്യം ഹേതുവായിട്ടു ആ ദിക്കുമുഴുവൻ ശൂന്യമടഞ്ഞുപോകയും ചെയ്തു. ദൈവപുത്രനാണ്‌ ജനിച്ചതെങ്കിൽ അതുനിമിത്തം സന്തോഷപ്പെടാനുള്ള ദിക്കുമുഴുവനും ഇങ്ങനെ വ്യസനം കൊണ്ടാടുമോ? ഒരിക്കലുമില്ല. ആയതുകൊണ്ടു ക്രിസ്തുതന്നെ അനാദിയായിട്ടു ബന്ധിച്ച മൂലകാരണത്താൽ പൂർവ്വ കാലീന കർമ്മാനുസാരമായിട്ടു മായാകാര്യമായ ചർമ്മം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്ത ധാതുക്കളെക്കൊണ്ടുണ്ടായ ശരീരത്തെ എടുത്തു ഗർഭോല്പത്തി ആയപ്പോൾ മാതാവിൻറെ മൂലാഗ്നികൊണ്ടു തപിച്ച ഗർഭസഞ്ചിയിൽ നിറഞ്ഞ നീരിൽ മുഴുകി വായുവിനാൽ നെരുങ്ങി തത്തിക്കളിച്ച് മാതാവിനുണ്ടായ വിശപ്പ് ദാഹം മുതലായ വേദനകലാൽ കഷ്ടപ്പെട്ട് യോനീദ്വാരത്തിൽ ഞെരുങ്ങി ജനനവേദനമുഴുവനും അനുഭവിച്ചു വളർന്നു ജനദ്രോഹം, ദൈവദൂഷണം മുതലായ കഠിനപാതകങ്ങളെ ചെയ്ത് അലഞ്ഞു തിരിഞ്ഞു 33-ആം വയസ്സിൽ താൻ ചെയ്ത മഹാദോഷങ്ങൾ നിമിത്തം കുരിശിൽതറക്കപ്പെട്ടു നിലവിളിച്ചു പറഞ്ഞവസാനിപ്പിക്കാൻ കഴിയാത്ത വേദനകളോടു കൂടി മരിച്ചതുകൊണ്ടും മറ്റുകാരണങ്ങളാലും അദ്ദേഹം സാധാരണജീവന്മാരെക്കാളും ദുഷ്ട ജീവാനാനെന്നുള്ളതു തെളിവായിരിക്കുന്നു.

(മർക്കോസ് 13-അ. 32.വാ.) എന്നാൽ ആ നാളിനെയും നാഴികയും കുറിച്ച് പിതാവല്ലാതെ ഒരുത്തനും അറിയുന്നില്ല. സ്വർഗ്ഗത്തിലുള്ള ദൂതന്മാരാകട്ടെ പുത്രൻ (യേശു) ആകട്ടെ അറിയുന്നില്ല. ഈ വാക്യംകൊണ്ട് സർവ്വജ്ഞനായ (എല്ലാമറിഞ്ഞ) ദൈവം (പിതാവ്) [ 33 ] ഒരുത്തനിരിക്കുന്നെന്നും യേശുവിനു അപ്രകാരമുള്ള ശക്തിഇല്ലെന്നും തെളിവാകയാൽ ക്രിസ്തു സർവ്വജ്ഞനല്ല.

യേശു തന്റെ ദൈവസ്വഭാവത്തോടുകൂടി നമ്മെപ്പോലെ പശി ദാഹങ്ങളും ബലഹീനതകളുമുള്ളതായ ഒരു മനുഷ്യസ്വഭാവത്തെയും ധരിച്ചിരുന്നു എന്നും ക്രിസ്തുവിനെ ബൈബിളിൽ ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും പറയുന്നതായും സ്വർഗ്ഗത്തുള്ള ദൂതരും പുത്രനും കൂടെ അറിയുന്നില്ലെന്നല്ലാതെ ദൈവപുത്രനും കൂടെ എന്നുപറഞ്ഞില്ലല്ലോ. അതുകൊണ്ട് മനുഷ്യ പുത്രനെന്നാണ് അർത്ഥം ചേർക്കേണ്ടതെന്നും പറയുന്നു എങ്കിൽ ഇതിനു പ്രമാണമേ ഇല്ല. അതുകൂടാതെയും നിങ്ങൾ യേശുവിനു അറിഞ്ഞുകൂടെന്നും പൊതുവേയുള്ള ന്യായമായ അർത്ഥത്തെയല്ലാതെ ഇപ്രകാരം അസംബന്ധങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടു വരുന്നതു തീരെ അബദ്ധമായിട്ടു ഭവിക്കും. എങ്ങനെ എന്നാൽ,

ഇവിടെ ദൈവപുത്രനെന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട് (അറികയില്ലെ)ന്നുള്ള വാക്കിനെ ദൈവസ്വഭാവത്തോടു ചേർത്തുകൂടാ എങ്കിൽ മനുഷ്യപുത്രനെന്നു പറഞ്ഞിട്ടില്ലാതതുകൊണ്ട് മനുഷ്യ സ്വഭാവത്തോടും ചേർത്തുകൂടാ എന്നും, ദൈവം എന്നും മനുഷ്യനെന്നും കൂടാതെ വെറും പുത്രനെന്നുമാത്രം പറഞ്ഞിരിക്കകൊണ്ടു വെറും സ്വഭാവത്തോടുകൂടെ തന്നെ ചേർക്കാവൂ എന്നും അപ്പോൾ യേശുവിനെ ദൈവത്വം, മനുഷ്യത്വം ഇതുകൾ അല്ലാതെ ഒരു വെറും -ത്വം-ഇങ്ങനെ മൂന്ന് 'ത്വ'ങ്ങൾ ഉണ്ടെന്നും ആയതു ബൈബിളിനു വിരോധമെന്നും വന്നു പോകും.

മേൽപറഞ്ഞ നാളിനേയും നാഴികയേയും മനുഷ്യനാണ് അറിയാൻ പാടില്ലാത്തത്. അതുകൊണ്ട് അറികയില്ല എന്നവാക്കിനെ മനുഷ്യത്തോടുതന്നെ ചേർക്കേണ്ടതാണ് എങ്കിൽ മനുഷ്യരിൽ ജ്യോതിശ്ശാസ്ത്രപണ്ഡിതന്മാർ ലോകാവസാനകാലം മുതലായ കാലങ്ങളെ നല്ലപോലെ അറിഞ്ഞുകൊള്ളുന്നുണ്ടല്ലോ. ദൈവത്വത്തിനാൽ മാത്രമേ അറിയപ്പെട്ടുള്ളൂ എന്ന് നിങ്ങളാൽ പറയപ്പെട്ട ലോകാവസാന സമയത്തെക്കുറിച്ചുള്ള ജ്ഞാനം ജ്യോതിശ്ശാസ്ത്രപണ്ഡിതന്മാരിലും ഇരിക്കകൊണ്ടു അവരിലും പ്രത്യേകം പ്രത്യേകം ദൈവത്വം ഉണ്ടെന്നുപറയേണ്ടതായിട്ടു നേരിടും. പിന്നെ മൂഢന്മാർ ഇതിനെ അറികയില്ലെന്ന് ആക്ഷേപം കൂടാതെ പറയാം. അതുകൊണ്ട് അറികയില്ല എന്നുള്ള വാക്കിനെ മനുഷ്യത്തോടും ചേർക്കാൻ പാടില്ല-മൂഢത്വത്തോടും ചെർക്കെണ്ടാതായിട്ടെ ഇരിക്കൂ. ആ സ്ഥിതിക്ക് ഈ വാക്കിനെ യേശുവിന്റെ മൂഢത്വത്തോടു ചേർക്കേണ്ടാതായിട്ടും വരും അപ്പോൾ യേശുവിനു മൂഢത്വം എന്നൊരു ത്വം-കൂടെ ചേര്ക്കണമെന്നും നിശ്ചയിക്കെണ്ടാതായിവരും.ഒരുവേള യേശു വരും [ 34 ] കാര്യങ്ങളെക്കുറിച്ചു വല്ലതും പറഞ്ഞിട്ടുള്ളതായി നിശ്ചയിച്ചുകൊണ്ടാലും ഇപ്പോൾ സാധാരണ കണിയാന്മാരും ചില കർണ്ണയക്ഷിസേവകന്മാരും ചില കോടാങ്കികളും അതുപോലെതന്നെ വരുംകാര്യങ്ങളെക്കുറിച്ചു പറഞ്ഞു വരുന്നത് പ്രത്യക്ഷമായിരിക്കകൊണ്ട് ആയത് ഒരു വിശേ‌ഷമായി കരുതിക്കൂടാ.

ജ്യോതിശ്ശാസ്ത്രം അസത്യവും ജ്യോത്സ്യന്മാർ മുതലായവർ കള്ളന്മാരും ആകുന്നു എങ്കിൽ, ഗ്രഹണം മുതലായവയെ ഇന്നപ്പോൾ എല്ലാമെന്നു മുൻകൂട്ടി കണ്ടുപിടിക്കകൊണ്ടും മനുഷ്യർക്ക്‌ ജാതകം നിർമ്മിക്കൽ തുടങ്ങിയുള്ളവ പ്രത്യക്ഷമായിരിക്കകൊണ്ട് ആ വാക്ക് അൽപ്പംപോലും സാധുവാകയില്ല.

ജ്യോത്സ്യന്മാർ ഇന്നപ്പോൾ എന്നു അറിയപ്പെട്ടിട്ടുള്ള സമയത്തുതന്നെയാണ് ലോകം അവസാനിക്കാൻ പോകുന്നതെന്നുള്ളതു പ്രത്യക്ഷാനുഭവം അല്ലാത്തതുകൊണ്ട് ആയതിനെ വിശ്വസിക്കയില്ല എങ്കിൽ ഗ്രഹപ്പിഴ സമയങ്ങൾ, മരണനാൾ, ക്ഷാമകാലം, ഗ്രഹണങ്ങൾ മുതലായവ ജ്യോത്സ്യന്മാർ ഇന്നപ്പൊഴെല്ലാമെന്നു പറഞ്ഞാൽ അതിൻവണ്ണം ഒത്തുവരുന്നതുകൊണ്ട് ലോകാവസാനസമയവും അവരുടെ കണക്കും പ്രകാരം ഒക്കുന്നതാണെന്നു വിശ്വസിക്കാൻ മാർഗ്ഗമിരിക്കെ ആയതിനെ വിശ്വസിക്കയില്ലെന്നും ബൈബിളിൽ പറയുന്ന ലോകാവസാനകാലത്തേയും ന്യായവിചാരണയേയും കുറിച്ചു പലവിധമായ തർക്കങ്ങളും തകരാറുകളും നേരിട്ടും വിശ്വസികത്തക്കതായ യാതൊരു കാരണവും പ്രത്യക്ഷാനുഭവവും ഇല്ലാതെയും ഇരുന്നിട്ടും ആയതിനെ വിശ്വസിക്കുന്നു എന്നു പറയുന്നത് എന്ത് അന്യായമാണ്? അല്ലാതെയും ദേവദൂതന്മാരും പുത്രനും കൂടെ അറികയില്ലെന്നു തുല്യമായിട്ടു പറഞ്ഞിരിക്കെ നിങ്ങൾ പുത്രനെ മാത്രം വിശേ‌ഷപ്പെടുത്തി എടുത്തുപറയുന്നത് ആ വാക്യത്തിനുംകൂടി വിരുദ്ധമാകുന്നു. ഇനിയും അറികയില്ലെന്നുള്ളതിന് അറിയിക്ക ഇല്ലെന്നും കൂടി അർത്ഥമിരിക്കും എന്നു പറഞ്ഞുകൊണ്ടാലും അതും നിശ്ചയമായിട്ട് ദേവദൂതർക്കും കൂടി പറ്റും. പിന്നെയും കുഴക്കായിട്ടുതീരും. എങ്ങനെയെല്ലാം ഉപായം നോക്കിയാലും സർവ്വജ്ഞത്വം ഇല്ലെന്നുള്ളതിന് ഉറപ്പല്ലാതെ ഇളക്കം അല്പംപോലും വരുന്നതല്ലാ. ഇതിലേയ്ക്കു ഇതാ ഒന്നുകൂടി കാണിച്ചുപോകുന്നു. (മർക്കോസ് 11 അ. 13 വാ.) ഇലകളുള്ള ഒരു അത്തിമരത്തെ ദൂരത്തുനിന്ന്കണ്ട് അതിൽ വല്ലതും കിട്ടുമോ എന്നുവച്ച് ചെന്ന് അതിനരികെ എത്തിയപ്പോൾ ഇലകൾ അല്ലാതെ ഒന്നും കണ്ടില്ലാ, അത്തിപ്പഴങ്ങളുടെ സമയം അപ്പോഴല്ലാഞ്ഞു. ഈ വാക്യംകൊണ്ടും സാധാരണ മനു‌ഷ്യനെപ്പോലെതന്നെ യേശുവിനും അടുത്തുചെന്നു നോക്കുന്നതിനു മുമ്പ് അറിഞ്ഞുകൊള്ളുന്നതിനുള്ള സർവ്വജ്ഞാനം ഇല്ലെന്നു നിശ്ചയമാകുന്നു.

ഹേ അങ്ങനെയല്ലാ; യേശു ഇതൊരുപമയായിട്ടു പറഞ്ഞതാണ്. എങ്ങനെയെന്നാൽ ഇലകളുള്ള ഒരു അത്തിമരത്തെ ദൂരത്തുനിന്നും [ 35 ] കണ്ടത് ദൂരമാകുന്ന സ്വർഗ്ഗത്തിൽ നിന്നും പുഷ്ടിയായിരിക്കുന്ന ജറുസലമിനെ കണ്ടതിനും അതിൽ വല്ലതും കണ്ടുകിട്ടും എന്നുവച്ച് അതിനരികെ ചെന്നതു ജറുസാലമ്യരിൽ ന്യായം, കനിവ്, വിശ്വാസം മുതലായ നല്ല ഫലങ്ങൾ ഉണ്ടായിരിക്കുമോ എന്ന് അടുത്തന്വേ‌ഷിച്ചതിനും ഇലകൾ അല്ലാതെ ഒന്നും കാണാഞ്ഞത് ഇസ്രായേല്യരിൽ മാർഗ്ഗത്തിന്റെ പുറമെയുള്ള ആചാരങ്ങളായ വെറും വേ‌ഷമല്ലാതെ വിശ്വാസത്തിന്റെ ഫലങ്ങൾ യാതൊന്നും ഇല്ലാത്തതിനും അത്തിപ്പഴങ്ങളുടെ കാലം അപ്പോളല്ലാഞ്ഞു എന്നത് ജറുസലേം, തന്റെ സന്ദർശനകാലത്തെ അറിയാതിരുന്നതിനും ഇനി നിങ്കൽനിന്ന് എന്നേക്കും ആരും ഫലം തിന്നരുതെന്ന് യേശു ശപിച്ചതു നിന്നിൽ കല്ലിന്മേൽ കല്ലു ശേ‌ഷിക്കാതിരിക്കും നാളുകൾ വരുമെന്നതിനും, ഉടനെ അത്തി ഉണങ്ങിപ്പോയതു ജറൂസലേമിന്റെ നാശത്തിനും അടയാളമാകുന്നു എന്നു പറഞ്ഞാലും സർവ്വജ്ഞാനമില്ലെന്നുള്ളതിന് അധികസ്ഥിരതല്ലാതെ കുറവ് അല്പംപോലും കാണുന്നില്ല. എങ്ങനെ എന്നാൽ വെറും വേ‌ഷമല്ലാതെ കനിവ്, വിശ്വാസം മുതലായവ ഇല്ലാത്ത ജറുസലേമ്യരെ സ്വർഗ്ഗത്തുനിന്നും കാണുന്നതിനുമുമ്പിൽത്തന്നെ അവരുടെ വാസ്തവത്തെ അറിയുന്നതാണ് സർവ്വജ്ഞാനത്തിന്റെ ലക്ഷണം. അതുപോയിട്ട് സ്വർഗ്ഗത്തുനിന്നും കണ്ടപ്പോഴെങ്കിലുമറിഞ്ഞോ? അതും ഇല്ല. അടുത്തുചെന്ന് അന്വേ‌ഷിച്ചതിന്റെ ശേ‌ഷമല്ലേ അറിഞ്ഞൊള്ളു? ആയതുകൊണ്ട് ഇത് സർവ്വജ്ഞാനലക്ഷണമാണെങ്കിൽ എല്ലാവരേയും സർവ്വജ്ഞന്മാരെന്നു തന്നെ പറയാം. അല്ലാതെയും ജറുസലേമിനെ ശപിച്ചതു വലിയ അന്യായമല്ലയോ? വിശ്വാസം മുതലായവയെ ഉണ്ടാക്കുന്നത് പരിശുദ്ധാത്മാവിന്റെ ചുമതലയായ തൊഴിലായിരിക്കെ അപ്രകാരം ചെയ്തു നന്നാക്കാതിരുന്നതിന് അദ്ദേഹത്തെ അല്ലയോ ശപിക്കാനുള്ളത്? അത്രയുമല്ല, അത്തിമരത്തെ ശപിച്ചതാണ് അതിലും വിശേ‌ഷമായിട്ടുള്ളത്. ഇതെന്തൊരു ഭ്രാന്ത്? കഷ്ടം! കഷ്ടം! സാക്ഷാൽ സ്വർഗ്ഗത്തിലിരുന്നപ്പോൾ ഇല്ലാത്ത സർവ്വജ്ഞാനവും വകതിരിവുമാണോ യേശുവിനു ഭൂമിയിൽ വന്നിരുന്നപ്പോൾ ഉണ്ടായിരുന്നു എന്നു പറയുന്നത്? ഇനിയും,

(ലൂക്കോസ് 22. അ. 43-വാ) ആകാശത്തുനിന്ന് ഒരു ദേവദൂതൻ വന്ന് അവനെ ബലപ്പെടുത്തി (യോഹന്നാൻ 11-അ. 58-വാ.) യേശു യഹൂദന്മാരെ ഭയപ്പെട്ടു ഒളിച്ചുനടന്നു എന്നുകാണുകകൊണ്ട് സർവ്വകർതൃത്വവും സ്വാതന്ത്യ്രവുമുള്ളവനല്ലാ (ഭയന്നവനാകുന്നു).

(മത്തായി 26. അ. 37-വാ) യേശുനാഥൻ ദുഃഖപ്പെട്ട് അതിവ്യസനപ്പെട്ടുതുടങ്ങി. എന്റെ ആത്മാവു മരണംവരെയും മഹാദുഃഖപ്പെട്ടിരിക്കുന്നു എന്നു കാണുകയാൽ യേശു സമബുദ്ധിയുള്ളവനല്ലെന്നും ദുഃഖത്തെക്കുറിച്ചുപേടിയും സുഖത്തെക്കുറിച്ച് കാമവും [ 36 ] ഉള്ളവനാണെന്നും വന്നുപോകയാൽ നിത്യാനന്ദനല്ലാ (മത്തായി 12 അ. 17-വാ.) കണ്ടാലും, ഞാൻ തിരഞ്ഞെടുത്തിട്ടുള്ള എന്റെ ഭൃത്യൻ, എന്റെ സ്നേഹിതൻ, എന്റെ ആത്മാവ് അവങ്കൽ ഇഷ്ടപ്പെടുന്നു എന്നു യേശുവിനെക്കുറിച്ച് യഹോവ പറഞ്ഞതായിട്ടും (ലൂക്കോസ് 13-അ. 35-വ) കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നും കാണുകയാൽ യേശു ദൈവത്തിന്റെ ഇഷ്ടവും അനുഗ്രഹവും സിദ്ധിച്ച ഒരു ഭൃത്യനെന്നു മാത്രം തെളിവാകുന്നു.

(മത്തായി 23-അ.46-വാ) വിശേ‌ഷിച്ചും യേശുപിതാവേ! നിന്റെ കൈകളിൽ ഞാൻ എന്റെ ആത്മാവിനെ ഏല്പിക്കുന്നു. (മത്തായി 22-അ. 39-വാ) എന്റെ പിതാവേ! ഞാനിച്ഛിക്കുംപോലെയല്ല നീ ഇച്ഛിക്കുംപോലെയത്രെ, എന്നു യേശു പറഞ്ഞതായി കാണുകകൊണ്ടു തന്റെ ആത്മാവിന് ഉടയവനും രക്ഷിതാവുമായിട്ട് പിതാവ് (ദൈവം) ഒരുത്തനുണ്ടെന്നും താൻ ദൈവമല്ലെന്നും തന്റെ ഇച്ഛപോലെ ഒന്നും ഫലിക്കയില്ലെന്നും ഫലിക്കണമെങ്കിൽ ദൈവത്തോടപേക്ഷിക്കണമെന്നും സിദ്ധിക്കുന്നു. യേശുവിനെ കുരിശിൽ തറച്ചിട്ടു ജനങ്ങൾ പരിഹസിച്ചപ്പോൾ (മത്തായി 27-അ. 46-വാ.) "ഏലി, ഏലീ, ലാമാ ശബക്താനി" (അർത്ഥം: എന്റെ ദൈവമേ! എന്റെ ദൈവമേ! എന്തുകൊണ്ടു നീ എന്നെ കൈവിട്ടത്?) എന്നു യേശു ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞതായും കാണുന്നു. ഇതിനാൽ യേശു ഒരു സാധാരണമനു‌ഷ്യനെപ്പോലെ തന്നെ മരണത്തെക്കുറിച്ച് ഭയവും ഭ്രമവും ഉള്ളവനായും നിലവിളിച്ചതുകൊണ്ട് വേദനയെ സഹിപ്പാൻ ധൈര്യവും ശക്തിയും ഇല്ലാത്തവനായും സർവ്വശക്തനല്ലാത്ത അല്പദേവതയെ സേവിച്ചതുകൊണ്ട് അവസാനകാലത്തു നിരാധാരനായും തന്റെ വിശ്വാസവും ആഗ്രഹവും വിഫലങ്ങളായും ഭവിച്ചു എന്നു സ്പഷ്ടമാകുന്നു.

(മത്തായി 20-അ. 20-23-വാ.) സെബതിപുത്രന്മാരുടെ അമ്മ അവളുടെ പുത്രന്മാരെ അനുഗ്രഹിക്കണമെന്ന് യേശുവിനോടു യാചിച്ചപ്പോൾ അത് എന്റെ പിതാവിനാൽ ആർക്ക് ഒരുക്കപ്പെടുന്നുവോ അവർക്കല്ലാതെ തരുവാൻ എനിക്കുള്ളതല്ല എന്നുപറഞ്ഞതായിട്ടു കാണുന്നു. ഇതിനാൽ ആർക്കും ഒന്നും കൊടുക്കുന്നതിലേക്ക് യേശുവിനു കഴികയില്ലെന്ന് തന്നത്താൻ സമ്മതിച്ചിരിക്കുന്നു. ഈ സംഗതികളെകൊണ്ടു നോക്കുമ്പോൾ യേശുവാകട്ടെ അല്പവും സ്വാതന്ത്യ്രംകൂടാതെ മറ്റൊരു ദൈവത്തെ സേവിച്ച് അവന്റെ നാമംകൊണ്ടു മഹിമ സിദ്ധിച്ച് അവനായിട്ട് തന്റെ പ്രാണങ്ങളെകൊടുത്ത് അവനാൽ പ്രേരിക്കപ്പെട്ട് അവന്റെ ഇച്ഛപോലെ എല്ലാം ചെയ്തു പ്രാർത്ഥിച്ച് അവന്റെ കല്പനപ്രകാരം നില്ക്കുന്ന അടിമയാകുന്നു എന്നു നിശ്ചയം.

[ 37 ]

യേശു മനു‌ഷ്യത്വവും ദൈവത്വവും ഉള്ളവനാകകൊണ്ട് മേല്പറഞ്ഞ സംഗതികളെല്ലാം അദ്ദേഹത്തിന്റെ മനു‌ഷ്യത്വത്തിനു ചേർന്നവയാകുന്നു എങ്കിൽ ആയതു തീരെ ചേർച്ചയാകുന്നില്ല. എന്തുകൊണ്ടെന്നാൽ യേശുവിൽ വെറു മനു‌ഷ്യത്വം മാത്രമല്ലാതെ ദൈവത്വവും കൂടിയുണ്ടായിരുന്നു എങ്കിൽ അദ്ദേഹം സ്നാനം ചെയ്തപ്പോൾ പവിത്രാത്മാവ് ആകാശത്തിൽനിന്നു പ്രാവിന്റെ രൂപമായിട്ട് അദ്ദേഹത്തിന്റെ മേൽ പ്രവേശിക്കുകയും അദ്ദേഹം വ്യാപകനായി ഭവിക്കുകയും ദേവദൂതനാൽ ബലപ്പെടുത്തപ്പെടുകയും മരിക്കുമ്പോൾ ദൈവമേ എന്നെ എന്തുകൊണ്ടു കൈവിട്ടു എന്നു പറഞ്ഞു നിലവിളിക്കുകയും ദൈവത്തിനാൽ സേവകനെന്നു പറയപ്പെടുകയും ചെയ്യണമെന്നില്ലായിരുന്നു. അല്ലാതെയും സാധാരണ ജനിച്ചുവളർന്നു എന്തൊക്കെ അല്പം പ്രസംഗിച്ചുകൊണ്ടുനടന്നതായ ഒരു മനു‌ഷ്യനിൽ ദൈവത്വംകൂടി ഉണ്ടായിരുന്നുവെന്ന് അല്പം പോലും മതിയായ കാരണം കൂടാതെ പറഞ്ഞു സാധിപ്പാൻ ഉൽസാഹിച്ചുനോക്കുന്നതു ചേരുന്നില്ല. ചേരുകയുമില്ല.

മതിയായ കാരണങ്ങൾ ഉണ്ട്. എങ്ങനെയെന്നാൽ ദൈവം യേശുവിനെ തന്റെ പുത്രനെന്നും താൻ അദ്ദേഹത്തിന്റെ പിതാവെന്നും പറഞ്ഞിരിക്കകൊണ്ട് യേശുവിന് ദൈവത്വമുണ്ടെന്നു സാധിക്കാമല്ലോയെങ്കിൽ,

(യോഹന്നാൻ 10-അ 33 മുതൽ 36) യെഹൂദന്മാർ യേശുവിനോട് മനു‌ഷ്യനായിരിക്കുന്ന നീ നിന്നെത്തന്നെ ദേവനെന്നു പറയുകയും ദേവനെ ദു‌ഷിക്കുകയും ചെയ്യുന്നു എന്നു കടന്നുചോദിചപ്പോൾ അവരോട് ഉത്തരമായിട്ട് "നിങ്ങൾ ദൈവങ്ങളാകുന്നു എന്നു ഞാൻപറഞ്ഞു എന്നു നിങ്ങളുടെ വേദത്തിൽ എഴുതിയിരിക്കുന്നില്ലയോ?" "ദൈവത്തിന്റെ വചനം ആർക്കുണ്ടായോ അവർ ദൈവങ്ങൾ എന്ന് അവൻ ചൊല്ലുന്നു എങ്കിൽ വേദവാക്യമോ ലംഘിക്കപ്പെടുവാൻ കഴികയില്ലല്ലോ. പിതാവ് ശുദ്ധമാക്കി ലോകത്തിൽ അയച്ചിട്ടുള്ളവനെക്കുറിച്ച് ഞാൻദൈവത്തിന്റെ പുത്രനാകുന്നു എന്നു നിങ്ങളോട് പറഞ്ഞതുകൊണ്ട് നീ ദൈവദൂ‌ഷണം പറയുന്നു എന്നു നിങ്ങൾ പറയുന്നുവോ?" (യോഹന്നാൻ 20.അ. 17-വാ) എന്നെ തൊടരുത്. എന്തു കൊണ്ടെന്നാൽ ഞാൻ എന്റെ പിതാവിന്റെ അടുക്കലേയ്ക്ക് ഇതുവരെയും കരേറിപ്പോയില്ല. എന്നാൽ നീ എന്റെ സഹോദരന്മാരുടെ അടുക്കൽ പോയിട്ട് ഞാൻ എന്റെ പിതാവിന്റെയും നിന്റെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുക്കൽ കരേറി പോക്കുന്നു എന്നു പറക. ഇതാ യേശുവിന്റെ ഈ ഒരു വാക്യം പോരെയോ? ഇതിൽ സംശയമറത്തു പറഞ്ഞു കളഞ്ഞല്ലോ. ഇതുകൊണ്ട് മറ്റുള്ളവർക്ക് ഏതാണൊ ദൈവം അതുതന്നെ യേശുവിനും ദൈവ [ 38 ] മെന്നും യേശുവിന് ആരാണോ പിതാവ് അവൻതന്നെ മറ്റുള്ളവർക്കും പിതാവ് എന്നും നിശ്ചയമാകുന്നു. (യറമിയ 31.അ. 9-വാ) ഞാൻ ഇസ്രയിലിന് പിതാവും എബ്രാഹിം എന്റെ കടിഞ്ഞൂലും ആകുന്നു; എന്ന് യഹോവാ പറഞ്ഞതായിട്ടും ഉണ്ട്. ഇനിയും ബൈബിളിൽ പലേടത്തും ഇതുപോലെ കാണാം. അതുകൊണ്ട് മറ്റുപലരേയും പുത്രന്മാരെന്നു പറഞ്ഞതുപോലെ യേശുവിനേയും പുത്രനെന്ന് ഒരുപചാരമായിട്ടു പറഞ്ഞുവെന്നല്ലാതെ ഇതിലേയ്ക്ക് അദ്ദേഹത്തിനുമാത്രം പ്രത്യേകിച്ചു യാതൊരു വിശേ‌ഷതയും കാണുന്നില്ല. ഈ സ്ഥിതിക്കു ദൈവപുത്രനെന്നു പറഞ്ഞതിനെ കാരണമാക്കിക്കൊണ്ട് ദൈവംതന്നെ എന്നു നിശ്ചയിക്കുന്നു എങ്കിൽ മേൽപറയപ്പെട്ട ദൈവപുത്രന്മാരുംകൂടി ദൈവങ്ങളാണെന്നും എബ്രഹാം മൂത്തപുത്രനാകയാൽ മൂത്ത ദൈവമെന്നും ആ മുറയ്ക്ക് 4*കടശിയിലുള്ളവനാക[2] കൊണ്ട് യേശു എല്ലാവരിലും ഇളയപുത്രനെന്നും ഇളയദൈവവുമാകുന്നു എന്നും അപ്പോൾ അനേകദൈവങ്ങളും ഉണ്ടെന്നു വന്നുപോകും. ആയതു പരിഹാസത്തിനിടയായിട്ടു ഭവിക്കും.

ഇനിയും മറിയമെന്ന കന്യകയിൽ ഭർതൃസംയോഗം കൂടാതെ ജനിചതുകൊണ്ട് യേശുവിനു ദേവത്വം ഉണ്ടെന്നുവരാം. എങ്കിൽ,

ആ സ്ത്രീയെ യോസപ്പിനു ഭാര്യയായിട്ടു നിയമിക്കപ്പെട്ടതിനുശേ‌ഷം ഗർഭം ധരിച്ചതുകൊണ്ട് അവനാൽ ആകട്ടെ വേറെ ആകട്ടെ ചേരപ്പെട്ടുതന്നെ ഗർഭം ധരിക്കണമെന്നല്ലാതെ ചേരാതെയാണെന്നു പറയുന്നതെങ്ങനെ?

യോസേപ്പും മറിയവും ലൗകിക ആശയെ തീരെ ത്യജിച്ചു മരണംവരെ ചേരാതെതന്നെ മനഃപൂർവ്വമായിട്ടു തപോവൃത്തിയിലിരുന്നു എങ്കിൽ അവർ വിവാഹനിയമത്തിൽ ഉൾപെടണമെന്നില്ലായിരുന്നല്ലോ, അല്ലാതെയും (മത്തായി 1-അ. 12-വാ.) അവൾ അവളുടെ പ്രഥമപുത്രനെ പ്രസവിക്കുവോളം അവൻ അവളെ അറിയാതെയിരുന്നു എന്നതുകൊണ്ട് മൂത്തമകനെ പെറ്റതിന്റെ ശേ‌ഷം ചേർന്നു എന്നും (യോഹന്നാൻ 2-അ. 12-വാ) അതിന്റെശേ‌ഷം അവനും അവന്റെ സഹോദരന്മാരും എന്നതുകൊണ്ട് അവർ രണ്ടുപേരും ആഗ്രഹമുള്ളവരായിരുന്നു എന്നല്ലാതെ ആഗ്രഹത്തെ ത്യജിച്ചവരല്ലെന്നും തെളിവായിരിക്കകൊണ്ട് പിന്നെ ചേർന്നതുപോലെതന്നെ മുൻപിലും ചേർന്നിരിക്കും. എന്നു തന്നെയുമല്ലാ വിവാഹം നിയമിക്കപ്പെട്ട ദിവസം മുതൽ അവർ രണ്ടുപേരും ഒരു സ്ഥലത്തുതന്നെയാണ് താമസിച്ചിരുന്നതും. അങ്ങനെയിരുന്നിട്ടും അവർ ചേർന്നിട്ടില്ലെന്നു നിങ്ങൾക്കെങ്ങനെ അറിയാം? അവർതന്നെ അപ്രകാരം പറഞ്ഞു എങ്കിൽ അത് അവരുടെ അഭി [ 39 ] മാനത്തെ രക്ഷിക്കുന്നതിനോ വേറെ എന്തെങ്കിലും കാര്യത്തിനുവേണ്ടി അപ്രകാരം പറഞ്ഞിരിക്കാം. അതുകൊണ്ട് നിങ്ങൾ ഇപ്രകാരം സിദ്ധാന്തിച്ചു പറയുന്നതു ശരിയല്ല.

യേശുവിന്റെ ശി‌ഷ്യന്മാർ തങ്ങളുടെ ഗുരുവിനെ സ്തുതിക്കുന്നതിനായിട്ട് യേശു മരിച്ചു എത്രയോ സംവൽസരങ്ങൾ കഴിഞ്ഞതിനുശേ‌ഷം എഴുതിയ കള്ളക്കഥകളെ എങ്ങനെയാണ് വിശ്വസിക്കുന്നത്?

ആകയാൽ മറിയം പുരു‌ഷനോട് ചേരാതെ പുത്രനെ പ്രസവിചു എന്നുള്ളത് ശുദ്ധമേ കള്ളമാകകൊണ്ട് അതുഹേതു വായിട്ട് യേശുവിന് ദൈവത്വം സാധിച്ചുകൂടാ. അതൊരുവേള സത്യമെന്നു കരുതികൊണ്ടാലും മനു‌ഷ്യരിൽവച്ച് ഒരു വിശേ‌ഷമനു‌ഷ്യൻ എന്നല്ലാതെ ജനിപ്പിക്കപ്പെട്ടവനെ മഹാദൈവമെന്നു പറയുന്നത് ചേരാത്തതാകുന്നു.

ഇനി യേശുനാഥൻ ജന്മപാപസംബന്ധം കൂടാതെ ജനിച്ചു എന്നു നിങ്ങൾ പറയുന്നല്ലോ. ആദി മനു‌ഷ്യൻ ചെയ്ത പാപം വിട്ടുപോകാതെ അവന്റെ സന്തതികളിൽ ചേരുമെന്ന് ദൈവനിയമം ഇരിക്കകൊണ്ടും യേശു എന്ന ആളും ആ ആദിമനു‌ഷ്യന്റെ സന്തതിയിൽ നിന്നുണ്ടായ മറിയത്തിന്റെ ഉദരത്തിൽ അവളുടേ ശോണിതകാര്യശരീരിയായി ജനിച്ചവനാകകൊണ്ട് ജന്മപാപം സംബന്ധിക്കുമെന്നുള്ളതിലേയ്ക്ക് സന്ദേഹമില്ല. അദ്ദേഹം പരിശുദ്ധനാകയാൽ പാപം സംബന്ധിക്കയില്ലായെങ്കിൽ ജനിക്കുന്നതിനുമുൻപേ പരിശുദ്ധന്മാരായിരിക്കുന്ന ജീവന്മാരെ എല്ലാവരെയും ജനിക്കുമ്പോൾ ജന്മപാപം പടികൂടുമെന്നതുകൊണ്ടും, ദൈവം പക്ഷപാതി അല്ലാത്തവനാകകൊണ്ടും ജന്മപാപം സംബന്ധിക്കില്ല എന്നു പറയുന്നതു തീരെ യുക്തമാകുന്നില്ല. “ദൈവമേ എന്നെ കൈവിട്ടോ” എന്നു നിലവിളിച്ചതും “എന്റെ ജീവനെ നിന്റെ കൈകളിൽ ഏല്പിക്കുന്നു” എന്നു പറഞ്ഞും മരിച്ചതുകൊണ്ട് അദ്ദേഹം ദൈവത്തിന്റെ കൃപയെ അപേക്ഷിച്ചിട്ടുള്ള ഒരുവനാകുന്നു. താൻ ദൈവമാകുന്നു എന്ന് യേശു തന്നത്താനെ പറഞ്ഞിട്ടുണ്ടോ എന്നറിയുന്നതിനു ബൈബിളിനെ ആയിരം പ്രാവശ്യം മറിച്ചും തിരിച്ചൂം നോക്കിയാലും ഒരിടത്തും ഒരു മരുന്നിനെങ്കിലും അല്പം കാണുകയില്ല. അങ്ങനെയിരിക്കെ എങ്ങനെയാണ് ഏതു പ്രമാണത്തെ അനുസരിച്ചാണു യേശുവിനെ ദൈവമെന്നു നിങ്ങൾ പറയുന്നത്?

താൻ ദൈവമാണെന്ന് തന്നത്താനെ പറയുന്നതിലേയ്ക്കു യേശുവിനു പ്രിയമില്ലാത്തതുകൊണ്ട് അപ്രകാരം പറയാതിരുന്നു എങ്കിൽ യേശുവിനു പ്രിയമില്ലാത്തതും വിരോധവും താൻ പറഞ്ഞിട്ടില്ലാത്തതുമായ ഈ വിഡ്ഢിത്തം എന്തിനാണ് മറ്റുള്ളവർ ഉണ്ടാക്കിപറഞ്ഞുകൊണ്ട് നടക്കുന്നത്?

[ 40 ]

യേശു തന്നത്താനെ മനു‌ഷ്യപുത്രനെന്ന് പറഞ്ഞുകൊണ്ട് സഞ്ചരിച്ചല്ലോ. അത് എന്താണ്? മനു‌ഷ്യനായവൻ താൻ മനു‌ഷ്യനാണെന്നു പറഞ്ഞുകൊണ്ടു നടക്കാറില്ലല്ലോ, അതുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞതുതന്നെ ഒരു വിശേ‌ഷമുണ്ടായിട്ടാണ് എന്ന് നിങ്ങളിൽ ചിലർ പറയുന്നുണ്ട്

ശരിതന്നെ അതിൽ വിശേ‌ഷമിരിക്കുന്നു. എന്തെന്നാൽ തച്ചനായ യേശു സാധാരണ അല്പതൊഴിലാളികളും പഠിപ്പില്ലാത്തവരുമായ ജനങ്ങളിൽ ചിലരെ കൈവശപ്പെടുത്തി, അവരോടു താൻ ദൈവപുത്രനാണെന്നും ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്നും പറഞ്ഞുകൊണ്ടു നടന്നതിന് വിരോധികളായ യഹൂദന്മാർ എവിടെവച്ചാണു കണ്ടുപിടിച്ച് തൊന്തരവു ചെയ്യുന്നതെന്നറിഞ്ഞില്ലാ എന്നിങ്ങനെ ഭയപ്പെട്ടു അതിലേയ്ക്കുപായമായിട്ടത്രേ മനു‌ഷ്യപുത്രനെന്നു പറഞ്ഞിട്ടുള്ളത്. ഇതുതന്നെയാണ് അതിൽ ഇരിക്കുന്ന വിശേ‌ഷം. യേശു ചില സമയങ്ങളിൽ യഹൂദന്മാരെ കണ്ട് ഒളിച്ചുകളഞ്ഞതുതന്നെയാണ് ഇതിലേയ്ക്കു ദൃഷ്ടാന്തവും.

(മത്തായി 16-അ. 27,28-വാ.)മനുഷ്യപുത്രൻ തന്റെ പിതാവിൻറെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും. അപ്പോൾ അവൻ ഏവനും അവനവന്റെ പ്രവൃത്തിക്കു തക്ക പകരം നല്കും. മനു‌ഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതുകാണുവോളം മരണത്തെ ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്ന് യേശു പറഞ്ഞിരിക്കുന്നു.

ഇതെന്തെന്നാൽ ബൈബിൾപ്രകാരം 1*1850 [1]സംവത്സരത്തിനു മുമ്പിൽ യേശുക്രിസ്തു ഈ ലോകത്തിൽ ഇരുന്നിരുന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ജനങ്ങളോട് നിങ്ങളിൽ ചിലർ ജീവനോടെ ഇരിക്കുമ്പോൾ തന്നെ ലോകത്തിന്റെ അവസാനകാലം വരുമെന്നു അപ്പോൾ ന്യായവിചാരണ ചെയ്യപ്പെടുമെന്നും അതിനെ അവർ കാണുമെന്നും അർത്ഥമാകുന്നു.

യേശു അപ്രകാരം പറഞ്ഞ സ്ഥിതിക്ക് അക്കാലത്തിരുന്നവരിൽ ചിലർ ഇപ്പോഴിരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആയവർക്ക് കുറഞ്ഞപക്ഷം 1850 വയസ്സ് കാണണം. അത്രത്തോളം വയോധികന്മാർ ഇപ്പോഴില്ലാത്തതുകൊണ്ടും അവർ മരിച്ച് ഏകദേശം 1750 സംവത്സരമായിരിക്കുമെന്നുള്ളതുകൊണ്ടും ലോകാവസാനവും ന്യായവിചാരണകാലവും ഇനിയും ആയിട്ടില്ലാത്തതു യേശു ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന കാലഘട്ടം കൊണ്ടും യേശു വെറു നുണയാണ് പറഞ്ഞതെന്നുകൂടി നിശ്ചയിക്കാം.

[ 41 ]

യൂറോപ്പ്ഖണ്ഡത്തിൽ ഈ വാക്യത്തെ സത്യമെന്നു വിശ്വസിച്ച് ക്രിസ്ത്യന്മാരിൽ അനേകം പേർ ക്രിസ്തു ജനിച്ച് ആയിരാം സംവത്സരത്തിൽ ലോകാവസാനകാലം വന്നു പോയെന്നു ഭയപ്പെട്ട് പത്രങ്ങളെഴുതി എങ്ങും പ്രസിദ്ധപ്പെടുത്തി വന്നതിൽ ഏറെക്കുറെ ടി. ഖണ്ഡം മുഴുവനും അക്കാലത്ത് ഇതുതന്നെ ഒരു വലിയ ഘോ‌ഷമായിരുന്നു. ഇതിനെ കേട്ടവരെല്ലാം ബന്ധപ്പെട്ട പാതിരിമാരുടെ അടുക്കൽ ചെന്ന് അഭയംവീണ് ശുശ്രൂ‌ഷചെയ്തുവന്നു. അക്കാലത്ത് സൈന്യത്തോടുകൂടി പോയിക്കൊണ്ടിരുന്ന ഒരാൾ സൂര്യഗ്രഹണമുണ്ടായതിനെക്കണ്ട് "ഓഹോ ലോകാവസാനം ആരംഭിചു പോയി. അതുകൊണ്ടുതന്നെയാണ് സൂര്യൻ മറയുന്നത്. ഇനി ചെറുതു ചെറുതായിട്ട് സമസ്തവും മറഞ്ഞുപോകും" എന്നു നിശ്ചയിച്ച് ഏറ്റവും ഭയപ്പെട്ട് ആ മനു‌ഷ്യനും സൈന്യവും അങ്ങോട്ടുമിങ്ങോട്ടും കണ്ട ദിക്കുകളിലേയ്ക്ക് ഓടി. ആ സമയത് അനേകജനങ്ങൾ അവരവരുടെ ബന്ധുക്കളെയും സ്വത്തുക്കളേയും ഉപേക്ഷിച്ചിട്ട് പാലസ്തീനിൽ ക്രിസ്തുവന്നു രക്ഷിക്കുമെന്നു വിശ്വസിച്ചുകൊണ്ട് അവിടേയ്ക്ക് ഓടിപ്പോയി. ആയിടയിൽ സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ഉണ്ടായാൽ ലോകാവസാനം വന്നുപോയെന്നും ചൊല്ലി ദിക്കുവിട്ടോടി ഗുഹകളിലും മറ്റും ഒളിച്ചിരിക്ക വഴക്കമായിരുന്നു. ഭൂഗോളഖഗോള ശാസ്ത്രങ്ങളെക്കുറിച്ചുള്ള അറിവില്ലാതിരുന്നതു കൊണ്ടും ക്രിസ്തുവിനെ ദൈവമെന്നു വിചാരിച്ച് അദ്ദേഹം പറഞ്ഞ മൊഴികളെ സത്യമെന്നു വിശ്വസിച്ചതുകൊണ്ടും ആകുന്നു ഈ അനർത്ഥം വന്നത്. അതെല്ലാം എന്തിനു പറയുന്നു! നാഗരികമുള്ള ഇക്കാലങ്ങളിലും ചില ക്രിസ്ത്യന്മാർ 1881-ആം വർ‌ഷം ആ വാക്യത്തെ വിശ്വസിച്ചു ഭയപ്പെട്ടതിനെ എല്ലാവരും അറിഞ്ഞിരിപ്പാനിടയുണ്ടല്ലോ. ഇപ്പോഴും ചില ചെറിയ പത്രികകളിൽ ക്രിസ്തു ഇതാവരുന്നു! അതാവരുന്നു! മേഘത്തിൻ നടുവേ വരുന്നു! കള്ളനെപ്പോലെ വരുന്നു! ഇതാ വന്നുപോയ്യി എന്നിങ്ങനെ എഴുതി ഭയപ്പെടുത്തുന്നുണ്ട്. വിശ്വസിപ്പാൻ ആരുമില്ലെങ്കിലും അവർ അല്പവും ലജ്ജ́കൂടാതെ എഴുതുന്നതിൽ നിന്നും പിന്മാറുന്നില്ല. അതുമിരിക്കട്ടെ. മേൽകാണിച്ച ന്യായങ്ങളെക്കൊണ്ട് യേശുക്രിസ്തു ദൈവമല്ലെന്നും അദ്ദേഹം മുഖാന്തിരം മനു‌ഷ്യർക്ക് ഇഹപരസുഖങ്ങൾ യാതൊന്നും സിദ്ധിപ്പാൻ ഇടയില്ലെന്നും നിശ്ചയമായിരിക്കുന്നു.

ഇനി ഈ വി‌ഷയത്തെപ്പറ്റി യേശുവിന്റെ അഭിപ്രായം എങ്ങനെയെന്നുകൂടി ഒന്നു നോക്കിക്കളയാം.

(മത്തായി 7-അ. 21-വാ.) എന്നോടു കർത്താവേ! കർത്താവേ എന്നു പറയുന്നവർ എല്ലാം സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ. ഇതിനാൽ താൻ ദൈവമല്ലെന്നും തന്നെ കർത്താവ് എന്നു പറയുന്ന ഒരുവനും സ്വർഗ്ഗത്തു എത്തുകയില്ലെന്നും യേശു തന്നത്താനെ സമ്മതിച്ചുകൊണ്ടതായി തെളിയിക്കുന്നു.

[ 42 ]

ഒരുവൻ യേശുവിനെ നല്ലവനെന്നു പറഞ്ഞപ്പോൾ യേശു അവനോട്, (മത്തായി 19-അ. 17-വാ.) എന്നെ നല്ലവനെന്നു പറയുന്നത് എന്ത്? ദൈവം ഒരുവനൊഴികെ നല്ലവൻ ഒരുത്തരും ഇല്ല. ഇതാ, ഇനി എന്തു വേണം? ഇതിലേയ്ക്ക് ഇത്രയും പോരെങ്കിൽ ത്രൈകത്വത്തെക്കുറിച്ചു പറയുന്ന പ്രകരണങ്ങൾ കണ്ടുകൊൾക. ഹെ! അങ്ങനെയല്ല യേശുവിനെ നല്ലവനെന്നു വിളിച്ചവൻ യേശുവിനെ സാക്ഷാൽ ദൈവമെന്നുള്ള വിശ്വാസം കൂടാതെ ഇരുന്നതുകൊണ്ടും യേശു എല്ലാവരുടെയും ഉള്ളിലിരിപ്പിനേയും വരുവാൻ പോകുന്നതിനേയും എല്ലാം അറിയുന്നവനാകകൊണ്ടും അവന്റെ അവിശ്വാസവിളിയെ താൻ കൈക്കൊള്ളാതെ നി‌ഷേധിച്ചതാകുന്നു എങ്കിൽ ഈ സമാധാനത്തിനു വാക്യപ്രമാണമേ ഇല്ല. ഒരുവേള ഉണ്ടെന്നു നിരൂപിച്ചുക്കൊണ്ടാലും യേശുവിന് അന്യഹൃദയവിചാരത്തെകുറിച്ച് അറിഞ്ഞുകൂടെന്നുള്ളതു നിശ്ചയമാണ്. എന്തെന്നാൽ പണവും വാങ്ങിച്ചുകൊണ്ട് യേശുവിനെ കൊല്ലുന്നതിലേയ്ക്ക് കാണിച്ചുകൊടുത്തവനായ യൂദാവിന്റെ അവിശ്വാസത്തെ അറിഞ്ഞുകൊള്ളാതെ അവന്റെ കൂട്ടത്തിൽ ഒരുവനാക്കിവച്ചു കൊള്ളുകയും അവന്റെ ചതിവിനെ അറിഞ്ഞ തൽക്ഷണം മനസ്സെരിഞ്ഞ് പെട്ടെന്ന് അവനെ ശപിക്കയും ചെയ്തതു കൊണ്ടത്ര. ഇനിയും അനേകമുണ്ട്. അവിടവിടെ കണ്ടു കൊള്ളാം.

ഇനിയും യേശുനാഥൻ പലപ്രകാരത്തിലും അത്ഭുതങ്ങളെ ചെയ്തിട്ടുള്ളതുകൊണ്ട് ദൈവം എന്നു വിചാരിക്കാമല്ലോ. എങ്കിൽ യേശുവിനാൽ ചെയ്യപ്പെട്ട അത്ഭുതങ്ങൾ എന്തെല്ലാമാണെന്നും അതുകളെ യേശു ചെയ്തു എന്നു പറയുന്നതു സത്യം തന്നെയോ എന്നും ആലോചിച്ചുനോക്കാം.

യേശു പിശാചിനെ ജയിച്ച് ഓടിച്ചു. പിശാച് എന്നുള്ളത് എന്താണ്? അത് ആരാൽ സൃഷ്ടിക്കപ്പെട്ടത്? എന്നറിയുന്നതിലേയ്ക്ക് ബൈബിളിനോട് അന്വേ‌ഷിച്ചാൽ ആയത് ഈ വി‌ഷയത്തെപ്പറ്റി ഒന്നും പറയാതെ മനൗവ്രതം അനു‌ഷ്ഠിച്ചു കൊണ്ടിരിക്കുന്നു. പിന്നെ ബൈബിൾ വ്യാഖ്യാതാക്കന്മാരും മറ്റുള്ള ക്രിസ്ത്യന്മാരും ലോകസൃഷ്ടിസമയത്തു ദൈവം അനേകായിരം ദേവദൂതന്മാരെയും സൃഷ്ടിച്ചു എന്നും അവർ ദൈവത്തിന്റെ കീഴടങ്ങായ്കയാൽ ദൈവം ശപിച്ചു എന്നും അങ്ങനെ ശപിക്കപ്പെട്ടവനാകുന്നു പിശാചെന്നും പറയുന്നു. ബൈബിളിൽ അരിച്ചെടുത്താലും കടുകോളവും അകപ്പെടാത്ത ടി.വി‌ഷയം വ്യാഖ്യാതാക്കന്മാർക്കും മറ്റുള്ള ക്രിസ്ത്യന്മാർക്കും എങ്ങനെ അറിവു കിട്ടിയോ ആവോ. ഹോ! ഹോ! ദേവദൂതൻ യോസഫിനു സ്വപ്നത്തിൽവന്നു പറഞ്ഞതുപോലെ ഇവരോടും വന്നു പറഞ്ഞതായിരിക്കാം. ഒരുവേള ആ പിശാചിന്റെ കഥ സത്യമെന്നുവച്ചുകൊണ്ടാലും യേശു ദൈവമാകയില്ല നിശ്ചയം.

[ 43 ]

എങ്ങനെ എന്നാൽ പിശാച് ഉന്നതസ്ഥാനങ്ങളിൽ നിന്നും താണ സ്ഥിതിയിൽ വന്നത് ആരാൽ? ദൈവത്തിനാലല്ലയോ? യേശു ദൈവമാണെന്നുവരികിൽ അടുക്കൽ പിശാചു വരുമോ? കണ്ട ഉടനെ ഓട്ടം പിടിക്കുകയോ കാൽക്കൽ വന്നു നമസ്ക്കരിക്കുകയോ ചെയ്യുമായിരുന്നല്ലോ? മാടൻ, കാളി, അയ്യനാർ, ശങ്കിലിഭൂതത്താൻ മുതലായ ചെറിയ ദേവതകളുടെ സന്നിധി മുമ്പാകെ തന്നെ പിശാച് ഉപദ്രവമുള്ളവർ ചെന്നാൽ "അയ്യോ! ഞാൻപൊയ്ക്കൊള്ളാമെ! ഇതാ പോകുന്നേ!" എന്ന് നിലവിളിചുകൊണ്ട് ബാധിക്കപ്പെട്ടവനെ വിട്ടും കളഞ്ഞ് പറയുന്ന അടയാളവും കാണിച്ച് നെടും കമ്പി നീട്ടുന്നലോ. അതുപോയിട്ട് ഈ യേശുനാഥനെ വന്നുപിടിക്കുന്നതിലേയ്ക്ക് പിശാച് അല്പം സംശയിക്കപോലും ചെയ്തില്ലെന്നുള്ളതിലേയ്ക്ക് പ്രമാണം ഇതാ നോക്കുവിൻ

(മത്തായി 4-അ. 1 മുതൽ 4 വാ.), (ലൂക്കോസ് 4-അ. 1 മുതൽ 13 വരെ വാ.) ക്രിസ്തുവിനെ പിശാചു പിടിച്ചെന്നും കുറ്റം ചെയ്വാൻ നിശ്ചയിച്ചെന്നും പട്ടിണി ഇട്ടെന്നും കാട്, നാട് മുതലായ പലേസ്ഥാനങ്ങളിലും കൊണ്ടുനടന്നു എന്നും ഉയർന്ന പർവ്വതതിൽ കരേറ്റി എന്നും തന്നെ വന്ദിപ്പാൻ പറഞ്ഞു എന്നും കാണുന്നതുകൊണ്ട് യേശുവിനു പിശാചിനെ തന്റെ അടുക്കൽ വരാതെയാക്കുവാനോ വന്നു പിടിച്ചതിന്റെ ശേ‌ഷം തന്നെ ഉപദ്രവിക്കാത്തവിധത്തിൽ അടക്കി നിറുത്തുവാനോ തൽക്ഷണം മാറ്റി ദൂരത്തുകളയുന്നതിനോ ഒന്നിനും തന്നെ ശക്തിയില്ലെന്നുള്ളതു നിശ്ചയമാകുന്നു.

അങ്ങനെയല്ലാ (മത്തായി 40-അ. 1-വാ.) യേശുനാഥൻ യോഹന്നാനിൽ നിന്നു സ്നാനം ഏറ്റ ഉടനെ പിശാചിനാൽ പരീക്ഷിക്കപ്പെട്ടവനായി ആത്മാവിനാൽ മരുഭൂമിയിലേയ്ക്കു മേൽപോട്ടു നടത്തപ്പെട്ടു എന്നു പറഞ്ഞിരിക്കകൊണ്ട് ആത്മാവിന്റെ അനുവാദപ്രകാരം പരീക്ഷിപ്പാനായിട്ടാണ് യേശുവിനെ പിശാചു പിടിച്ചത് അല്ലാതെ പിശാചിനു തോന്നിയപോലെ അക്രമമായിട്ടു വന്നുപിടിച്ചതല്ല എങ്കിൽ ഈ വി‌ഷയത്തെക്കുറിച്ചും അല്പം പര്യാലോചിക്കാം. ആത്മാവ് യേശുവിനെ വനാന്തരത്തിൽ കൊണ്ടുചെന്നു പിശാചിനാൽ പരീക്ഷിക്കപ്പെടത്തകവണ്ണം ആക്കിയത് എന്തിനായിട്ട്? യേശു പരീക്ഷകളിൽ ജയിച്ച് പിശാചിന്റെ പക്കൽനിന്നു ഇദ്ദേഹം ദൈവപുത്രൻ തന്നെയാണ് എന്നു യോഗ്യതാപത്രം (സർട്ടിഫിക്കറ്റ്) സമ്പാദിച്ചുകൊണ്ടാൽ ലോകർ അപ്രകാരം വിശ്വസിച്ചുകൊള്ളുമെന്ന് ആത്മാവ് നിരൂപിച്ചതായിരിക്കുമോ? പിതാവ്, പവിത്രാത്മാവ്, പുത്രൻ ഇവർ മൂന്നു പേരും തെകത്വപ്രകാരം ഒരുത്തനല്ലോ ആകുന്നത്. ആ സ്ഥിതിക്ക് പുത്രൻ പവിത്രാത്മാവിൽ നിന്നും, പവിത്രാത്മാവ് പിതാവിൽ (ദൈവത്തിൽ അതായത് യഹോ [ 44 ] വയിൽ) നിന്നും വേറയല്ലെന്നും വരുമല്ലോ. പുത്രൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ടതുകൊണ്ട് പവിത്രാത്മാവും പിതാവുംകൂടി പരീക്ഷിക്കപ്പെട്ടവരായിത്തന്നെ ഭവിച്ചു.

ഇനിയും ദൈവംതന്നെ അല്ലെങ്കിൽ തന്റെ അംശമായ യേശുവിനെ ലോകർ അംഗീകരിക്കത്തക്കവണ്ണം പിശാചിന്റെ പരീക്ഷയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചു വിചാരിച്ചാൽ ആ ദൈവം ഒരുവേള പിശാചിനു തന്നോളം അല്ലെങ്കിൽ തന്റെ അംശമായ യേശുവിനെക്കാളും ശക്തി ഉണ്ടായിരിക്കുമോ എന്നു സംശയമുള്ളവനായും പിശാചിനു തന്നോളം അല്ലെങ്കിൽ തന്റെ അംശമായ യേശുവിനോളം ശക്തി ഇല്ലെന്നുള്ള നിശ്ചയം ഇല്ലാത്തവനായും ജീവകോടികൾ യേശുവിനെ വിശ്വസിക്കുന്നതിലേയ്ക്ക് ഇതുതന്നെ നല്ല മാർഗ്ഗമെന്നു നിരൂപിച്ചും ഇരുന്നിരിക്കുമെന്ന് അനുമാനിക്കുന്നതിനേ വഴി കാണുന്നുള്ളൂ. ഹാ! ഹാ! അദ്ദേഹത്തിന്റെ സർവ്വജ്ഞത്വമോ അദ്ദേഹം ദൈവത്തിന്റെ ഒരംശമായിരിക്കുന്ന വിധമോ അദ്ദേഹം ലോക ത്തിന്റെ രക്ഷാമാർഗ്ഗത്തെ കണ്ടുപിടിച്ചു നിയമിച്ച യോഗ്യതയോ? അമ്മമ്മാ! ഇതുകളെല്ലാം ഏറ്റവും അതിശയിക്കത്തക്കവകളായിത്തന്നെ ഇരിക്കുന്നു. ആകട്ടെ ഇനി യേശു പിശാചിന്റെ പരീക്ഷകളിൽ ജയിച്ചോ എന്നും പരീക്ഷകൾതന്നെ എന്തെല്ലാമായിരുന്നു എന്നും നോക്കാം. പിശാച് യേശുവിനു വിശപ്പുണ്ടെന്നു കണ്ടിട്ട് അല്പവും കൂസൽ കൂടാതെ നീ ദൈവപുത്ര നാണെങ്കിൽ ഈ കല്ലുകളോട് അപ്പമാകാൻ ചൊല്ലുക എന്നുപറഞ്ഞു. എന്നിട്ടോ യേശു അപ്രകാരം ചെയ്തില്ലാ. ഭേ‌ഷ് ബലെ! ഇതാണോ ജയം? യേശു പിന്നെ എന്തുചെയ്തു? മനു‌ഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്. ദൈവവായൂടെ വരുന്ന സകലവചനത്താലത്ര എന്നു പറകമാത്രമേ ചെയ്തുള്ളൂ. ഹാ! ഹാ! ഈ അസംബന്ധം പറഞ്ഞതും കല്ലുകളെ അപ്പമാക്കാതിരുന്നതും എന്തുകൊണ്ട്? (മത്തായി 4- ഞ്ജ) "യേശു 40 ദിവസം ഉപവസിച്ചതിന്റെ ശേ‌ഷം വിശന്നു" എന്നു മത്തായിതന്നെ പറഞ്ഞിരിക്കകൊണ്ട് വിശപ്പില്ലാഞ്ഞിട്ടല്ലായിരുന്നു എന്നു നിശ്ചയിപ്പാനും പാടില്ല. വിശപ്പിനെ ജയിച്ചിരുന്നു, അതുകൊണ്ടാണ് എങ്കിൽ ഭക്ഷണത്തിന് ഒന്നും ഇല്ലാതിരുന്ന ആ സമയം നോക്കി വിശപ്പ് പ്രതികൂലമായിട്ടു വരുന്നത് എന്തുകൊണ്ട്? വന്നാലും യേശു ഉത്തരം പറഞ്ഞതുപോലെ ദൈവവായൂടെ വരുന്ന സകലവചനങ്ങളെക്കൊണ്ട് അതിനെ തടുത്തുകളയാൻ കഴിയുമായിരുന്നു എങ്കിൽ തന്നത്താൻ മറന്ന് അത്തിമരത്തിനെ ശപിക്കത്തക്കവണ്ണം ഉണ്ടായ കോപത്തിനു കാരണമായിട്ടു വന്ന വിശപ്പിനെ തടുക്കുന്നതിലേയ്ക്ക് ഈ 2*വചനഭേ‌ഷജത്തെ [3]അന്നു പ്രയോഗിച്ചു നോക്കാതെ ഇരുന്നത് [ 45 ] എന്തുകൊണ്ട്? പ്രയോഗി ച്ചിട്ടും ഫലിച്ചില്ലാ എങ്കിൽ യേശുഉത്തരം പറഞ്ഞതായി പറയുന്ന മത്തായി 4-4 ശുദ്ധമേ നുണതന്നെയാണ്. ആകയാൽ യേശുവിനു വിശപ്പില്ലാഞ്ഞിട്ടും വിശപ്പിനെ അടക്കുവാൻ കഴിയുമായിരുന്നിട്ടും വേണ്ടെന്നു തോന്നീട്ടും അല്ല കല്ലിനെ അപ്പമാക്കാഞ്ഞത്, ദിവ്യശക്തി എന്നുവേണ്ട ഒരു ജാലശക്തി പോലും ഇല്ലാഞ്ഞിട്ടുതന്നെയാണ്. ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടും എന്ന പഴഞ്ചൊല്ലുപോലെയത്ര യേശുവിന്റെ ചിലപ്പോളുള്ള വാക്കുകൾ. പിന്നെ എന്തോന്നാ യിരുന്നു പരീക്ഷ? പിശാച് യേശുവിനെ എടുത്തുകൊണ്ടുചെന്നു ദേവാലയത്തിലെ മാളികമുകളിൽവച്ചുംകൊണ്ട് താഴത്തു ചാടുക, പാടുകേട് ഒന്നും വരാതെ ദൈവദൂതൻ വന്നു താങ്ങിക്കൊള്ളുമെന്നു പറഞ്ഞു. എന്നിട്ടോ? അപ്രകാരവും ചെയ്തില്ല. ഓഹോ! ഇവിടെ ഒന്നിനൊന്നു നല്ല ജയമായിട്ടുതന്നെയാണ് കാണുന്നത്. എങ്കിലും യേശു മുമ്പിൽ പറഞ്ഞതുപോലെ ഇതിലേയ്ക്കും ഉത്തരമായിട്ടു വല്ലതും പറഞ്ഞിട്ടുണ്ടോ? ഉണ്ട്, ഉണ്ട്. നിന്റെ കർത്താവായ ദൈവത്തെ പരീക്ഷിക്കരുതെന്നും കൂടി എഴുതിയിരിക്കുന്നില്ലയോ എന്നായിരുന്നു പറഞ്ഞത്. ഇത് എന്തൊരു അസംബന്ധം! പിശാച് പറഞ്ഞപ്രകാരം ചാടാതെയിരുന്നത് എന്തുകൊണ്ട്? യേശു ക്ഷമയുള്ളവനാകയാൽ അങ്ങനെ ചെയ്യാതെ ഇരുന്നതാണ് എങ്കിൽ ഇത്ര ക്ഷമയുള്ള പുണ്യവാളൻ അന്യായമായിട്ട് ചില സമയങ്ങളിൽ ചിലരെ ശപിക്കുകയും ക്രൂരവാക്കു പറകയും ചെയ്തിട്ടുണ്ടല്ലോ. അതു എന്തുകൊണ്ട്? അതിനാൽ ക്ഷമകൊണ്ടല്ല. ഭയപ്പെട്ടിട്ടത്ര ചാടാഞ്ഞത്. അല്ലാതെയും പിശാചിനാൽ പരീക്ഷിക്കപ്പെട്ട് ജയിക്കാനും ആത്മാവിന്റെ നിയോഗപ്രകാരവും തന്നെയാണ് യേശു പിശാചിന്റെ കയ്യിൽ അകപ്പെട്ടത് എന്നുള്ള സമാധാനം അസത്യമല്ലെന്നുവരികിൽ നിശ്ചയമായിട്ടും പരീക്ഷിപ്പാനുള്ള കടമ പിശാചിന്റെമേലും ആ സമയത്ത് പിൻവാങ്ങാതെ എതിർത്തുനിന്ന് ആ പരീക്ഷകളിൽ ഒക്കെ ജയിക്കേണ്ട കടമ യേശുവിന്റെമേലും ആകുന്നു. ആ സ്ഥിതിക്ക് പിശാച് പരീക്ഷയ്ക്കുവേണ്ടി പറഞ്ഞതെല്ലാം നടത്തി ജയവീരനായി ക്കൊള്ളാതെ 3*ചോമാരിയായി[4] ഇരുന്നുകളഞ്ഞതും ആ സമയത്ത് ആവശ്യമില്ലാത്തവയായ ചില വാക്കുകളെ പറഞ്ഞതും അല്ലയോ തന്നെ അയച്ച ആത്മാവിന്റെയും ദൈവത്തിന്റെയും അഭിപ്രായത്തിനും താൻ ഏറ്റുകൊണ്ടുവന്ന കാര്യത്തിനും നേരെ വിരുദ്ധമായിട്ടുള്ളത്?

അതും ഇരിക്കട്ടെ. ഇനി യേശു ദൈവത്തിന്റെ ഒരു കൃപയുള്ളവനെന്നുവരികിലും നിശ്ചയമായിട്ട് ദേവദൂതൻ വന്ന് രക്ഷിക്കുമെന്നു ധൈര്യപ്പെട്ടു താഴത്തു ചാടിക്കളയരുതാഞ്ഞോ? അല്ലാത്തപക്ഷം തന്റെ [ 46 ] മഹിമകൊണ്ട് ആ പിശാചിനെ താഴത്തു തള്ളിക്കളകയെങ്കിലും തന്റെ സ്വരൂപത്തെ താഴത്തു ചാടിയതുപോലെ തോന്നിപ്പിക്ക എങ്കിലും ചെയ്യരുതാഞ്ഞോ? ഇതുകളിൽ ഒന്നിനെയും ചെയ്തതായി കാണുന്നില്ലല്ലോ.

പിന്നെയും യേശുവിനെ പമ്പരംപോലെ കറക്കി എടുത്ത് ഒരു വലിയ മലയുടെ മുകളിൽകൊണ്ടുചെന്ന് സകലരാജ്യങ്ങളെയും കാണിക്കുകയും തന്റെ പാദങ്ങളിൽ നമസ്കരിച്ചാൽ നിസ്സംഗനായി ഇതുകളെല്ലാം നിനക്കു തരാമെന്നു പറയുകയും ചെയ്തു. യേശു കിടന്നു "ഭയപ്പെട്ടു" കുടുങ്ങി വിലപിച്ച് ഭ്രാന്തു പറക മാത്രമേ അപ്പോഴും ചെയ്തുള്ളൂ. പിന്നെ ഭയംകൊണ്ട് എന്തെല്ലാം ഗോഷ്ടികൾ പിശാചിന്റെ മുൻപാകെ കാണിച്ചിരിക്കുമെന്ന് അവർക്കു രണ്ടുപേർക്കും തന്നെ അറിയാം. അതും ഇരിക്കട്ടെ, പിശാചിനെ ജയിക്കയും ശിക്ഷിക്കുകയും ചെയ്തു എങ്കിൽ ജയവീരനെന്നും ലോകരക്ഷകനെന്നും വിശ്വസിച്ചു കൊള്ളാമായിരുന്നു. ഇവിടെ വാസ്തവമായിട്ടു പറയണമെങ്കിൽ യേശു പിശാചിനെ ജയിക്കയല്ല ഉണ്ടായത്. പിശാച് യേശുവിനെ ജയിക്കയായിരുന്നു. ആകയാൽ പിതാവ്, പവിത്രാത്മാവ്,പുത്രൻ ഈ മൂന്നുപേരും പരീക്ഷകനായ പിശാചിനേക്കാൾ ശക്തി കുറഞ്ഞവരെന്നു നല്ലതിൻവണ്ണം തെളിയുന്നു. ഇങ്ങനെ പിശാചിനോട് തോറ്റവൻ ദൈവമാണുപോലും. അതെ! ഇദ്ദേഹം നല്ല സമർത്ഥൻ തന്നെ ഇദ്ദേഹം പിശാചിനെ ജയിച്ച ജയമേ ജയം! ഇദ്ദേഹം മലയിൽ നിന്നു ചാടിയ ചാട്ടമേ ചാട്ടം! ഇദ്ദേഹം കല്ലിനെ അപ്പമാക്കിയ മിടുക്കേ മിടുക്ക് അടെ അപ്പാ! എന്ത് അത്ഭുതം! അയ്യോ! തന്റെ വാക്കുകളെ കേൾക്കാത്ത യേശുവിനെ അപജയപ്പെടുത്താതെ പാവമെന്നും ചൊല്ലി വിട്ടു കളഞ്ഞ പിശാചല്ലയോ യഹോവയെക്കാളും കൃപയുള്ളവൻ? ഒരുത്തനെ പിടിച്ചിരുന്ന അനേകം പിശാചുക്കൾ ക്രിസ്തുവിനോട് ഒരായിരം പന്നികളെ ഭക്ഷണത്തിനായി ചോദിക്കുകയും ക്രിസ്തു അക്രമമായിട്ട് അപ്രകാരം കൊടുക്കുകയും പിശാചുക്കൾ ആ പന്നികളെ സമുദ്രത്തിൽ മുക്കിക്കൊല്ലുകയും ചെയ്തു. ആ പന്നികളുടെ ഉടയക്കാരന് എത്രയോ നഷ്ടം! നോക്കുവിൻ! ഇതും യേശുവിന്റെ ദേവത്വത്തിന് ഒരു ദൃഷ്ടാന്തമാണു പോലും!

ഒരിക്കൽ യേശുവിന് വിശന്നു ബുദ്ധിമുട്ടിയപ്പോൾ ആയതിന് അറിഞ്ഞു പഴം കൊടുക്കാത്തതുകൊണ്ട് അത്തിവൃക്ഷത്തെ ശപിച്ച് ഉണക്കിക്കളഞ്ഞു. ഹോ! ഇത് വലിയ അത്ഭുതംതന്നെ. പഴമില്ലാത്ത കാലത്ത് എങ്ങനെയാണ് കൊടുക്കുന്നത്? ഒരുവേള പഴം ഉള്ള സമയം തന്നെ ആയിരുന്നാലും അന്യന്മാർ ആവശ്യം പോലെ പറിച്ചുകൊള്ളുക അല്ലാതെ അതിനെ അറിഞ്ഞുതരുന്നതിലേയ്ക്കു മരത്തിനു കഴിയുമോ? അല്ലാതെയും മരങ്ങൾ വളർന്ന് അതാതു കാലങ്ങളിൽ പൂക്കുന്നതും [ 47 ] കായ്ക്കുന്നതും പഴുക്കുന്നതും എല്ലാം ദൈവനിയമംപോലെ അല്ലയോ? അദ്ദേഹം ദൈവമെന്നു വരികിൽ പഴം കൊടുക്കാത്തതിനു കാരണം മറ്റാരുമല്ലല്ലോ. ആയതുകൊണ്ട് യേശു തന്നത്താനെ ശപിച്ചുകൊള്ളുകയല്ലാതെ ഒരു ദോ‌ഷത്തിനും കാരണമാകാത്ത വൃക്ഷത്തെ ശപിച്ചതു എന്തിന്? എങ്കിലും അമ്പമ്പോ? അത്ര വലിയ വിശപ്പോ? ആ വിശപ്പിനെ അടക്കുവാൻ കഴിയാത്തവനാണോ നാല്പതു ദിവസംവരെ ഉപവസിച്ചത്? അതു ശുദ്ധമേ നുണതന്നെ. വിശപ്പിനെ അടക്കുവാൻ അദ്ദേഹത്തിനു ശക്തിയുണ്ട് എങ്കിലും തന്റെ മഹിമയെ ശി‌ഷ്യന്മാർക്കു കാണിക്കുന്നതിലേയ്ക്കുവേണ്ടിയായിരുന്നു ശപിച്ചത് എങ്കിൽ പഴം കൊടുക്കാത്ത വൃക്ഷത്തിനെക്കൊണ്ട് അപ്പോൾത്തന്നെ കൊടുപ്പിക്കേണ്ടതായിരുന്നു. അതാണ് അധികം മഹിമ. എന്തെന്നാൽ തൽക്കാലം വിശപ്പ് അടങ്ങി തൃപ്തിപ്പെടുകയും ശി‌ഷ്യന്മാർ വിശ്വസിക്കുകയും ചെയ്യുമായിരുന്നല്ലോ. വേണ മെന്നുള്ളത് ഒന്നും ചെയ്യുന്നതിലേയ്ക്ക് യേശുവിന് അറിഞ്ഞു കൂടാ. ഇദ്ദേഹം ഈ സ്ഥിതിക്ക് ഒരുവേള നാലപതുദിവസം ഉപവസിച്ചു എന്നുവരികിലും ആയതു തന്റെ മനസ്സോടു കൂടിയല്ലാ; പിന്നെയോ ഒരുത്തരും ഒന്നും കൊണ്ടുചെന്നു കൊടുക്കാതെയും തനിക്കു പോയി അന്വേ‌ഷിക്കുന്നതിന് പിശാച് വിട്ടയയ്ക്കാതെയും ഇരുന്നതു കൊണ്ട് കുരുകുരുത്ത പട്ടിണിയിൽ അകപ്പെട്ടുപോയതാകുന്നു.

ഇനി യേശു വെള്ളത്തിൽ നടന്നു എന്നു പറയുന്നത് പക്ഷേ സത്യം തന്നെ ആയിരുന്നാലും ആയത് ഒരു അതിശയമല്ല ഇക്കാലത്ത് സാധാരണ മനു‌ഷ്യർക്ക് ചെയത്തക്കതായ ജലസ്തംഭമെന്നു പറയപ്പെടുന്ന ഒരു വിദ്യയാകുന്നു.

ഇനി ജാലവിദ്യക്കാരും വൈദ്യന്മാരും മിസ്മറിസക്കാരും ഇക്കാലങ്ങളിൽ ചെയ്യുന്നതായ ചില ചെറിയ വിശേ‌ഷങ്ങൾ പോലെ യേശുവും ചെയ്തതായി കാണുന്നുണ്ട്. അവകൾ നിസ്സാരങ്ങളാകയാൽ ഇവിടെ വിവരിക്കുന്നില്ല.

യേശു മരിച്ചവരെ ജീവിപ്പിച്ചതുകൊണ്ട് അദ്ദേഹത്തിനെ ദൈവമെന്നു പറയാം എങ്കിൽ ക്രിസ്തു മരിച്ചവരുടെ ഉയർപ്പിൽ മുമ്പനായി എന്നും (അപ്പോസ്തോലർ നടപ്പുകൾ 26-അ. 23-വാ.) അതുപോലെ തന്നെ (വെളിപാട് 1-അ. 5-വാ.) പറകയാൽ യേശു മറ്റൊരുത്തരെയും ജീവിപ്പിച്ചിട്ടില്ലെന്നു നിശ്ചയമാക്കുന്നു. എങ്ങനെ എന്നാൽ ഇദ്ദേഹം വേറെ ഒരുത്തനെ ജീവിപ്പിച്ചിട്ടുള്ള സ്ഥിതിക്ക് ഇദ്ദേഹത്തിനാൽ ജീവിപ്പിക്കപ്പെട്ടവൻ മുമ്പൻ എന്നും ഇദ്ദേഹം പിൻപൻ എന്നും വരുവാനേ പാടൊള്ളൂ. എന്തെന്നാൽ യേശു ഉയിർത്തതിന്റെ ശേ‌ഷം മറ്റൊരുത്തനെ ജീവിപ്പിച്ചു എന്നു പറയുന്നതിലേയ്ക്ക് ബൈബിൾ തീരെ സമ്മതിക്കാത്തതിലത്രേ. [ 48 ] യേശു ജീവിച്ചവരിൽ ഒന്നാമൻ എന്നല്ലാതെ ജീവിപ്പിക്കപ്പെട്ടവരിൽ ഒന്നാമനെന്നു പറഞ്ഞില്ലല്ലോ എന്നാൽ,

ഏവൻ യേശുവിനാൽ ജീവിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്നോ ആ അവൻ യേശുവിനാൽ ജീവിപ്പിക്കപ്പെട്ടവനായാലും താനെ ജീവിച്ചവനും കൂടിയാകുന്നു. ഇന്നലെ രാത്രി ഇടിവെട്ടി. അതുകേട്ട് ഞാൻഎഴുന്നേറ്റു എന്ന് ഒരുവൻ പറയുമ്പോൾ ശബ്ദം ഹേതുവായിട്ടെങ്കിലും ഞാൻഎഴുന്നേറ്റു എന്നു പറയുന്നതുപോലെ യേശുവിനാൽ ജീവിപ്പിക്കപ്പെട്ടവൻ താനേ ജീവിച്ചവനും ആകുന്നു.

ഇനി യേശു അന്യന്മാരാൽ ജീവിപ്പിക്കപ്പെടാതെ താനേ ജീവിച്ചവൻ തന്നെ ആണോ? അല്ലല്ല. അദ്ദേഹവും ജീവിപ്പിക്കപ്പെട്ടവൻ തന്നെ എന്ന് (റോമർ 15-അ. 24-വാ) ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്നും എഴുപ്പി എന്നും (കൊരിന്തി. 15-അ. 12 മുതൽ 15-വാ.) വരെ യേശു ഉയർന്ന് എഴുന്നു എന്നും കാരണം കൂടാതെ പറഞ്ഞും വച്ച് തൽക്ഷണംതന്നെ ദൈവത്താൽ എഴുന്നേൽപ്പിക്കപ്പെട്ടു എന്നു കാരണത്തോടുകൂടി പറഞ്ഞിരിക്കുന്നു.

(റോമാ. 4-അ. 24-വാ) യേശുവിനെ ജീവനോടെ എഴുപ്പിയവനെ വിശ്വസിക്കാ എന്നും. (അപ്പോസ്തലർ നടപ്പ് 3-അ. 5-വാ) ദൈവം ക്രിസ്തുവിനെ മരിച്ചവരിൽ നിന്നും എഴുപ്പി എന്നും (കൊരിന്തി 15-അ. 12 മുതൽ 15-വാ.) യേശു ഉയര്ത്തു എഴുന്നേറ്റുവന്നു വന്നു എന്നും കാരണം കൂടാതെ പറഞ്ഞും വെച്ച് തൽക്ഷണംതന്നെ ദൈവത്താൽ എഴുന്നെല്പിക്കപ്പെട്ടു എന്ന് കാരണത്തോടുകൂടി പറഞ്ഞിരിക്കുന്നു. (റോമാ. 10-അ. 8 മുതൽ 10-വാ.) ദൈവം ക്രിസ്തുവിനെ മരിച്ചവരിൽ നിന്ന് എഴുന്നേല്പിച്ചു എന്നു നിന്റെ ഹൃദയത്തോടെ വിശ്വസിച്ചാൽ നീ രക്ഷപ്പെടുമെന്നു പരി‌ഷ്കാരമായി പറയുന്നു. ആകയാൽ യേശു മരിച്ചുയിർത്തവരിൽ ഒന്നാമനെന്ന പ്രമാണവാക്യം ശരിയാണെന്നുവരികിൽ മരിച്ചവരെ ജീവിപ്പിച്ചു എന്നത് അബദ്ധം തന്നെ.

ഇനി യേശു ജനങ്ങളുടെ സകല പാപങ്ങൾക്കും ബലിയായിട്ട് മരിച്ചതുകൊണ്ട് ദൈവം എന്നു പറയാം എങ്കിൽ,

ഏതു ദൈവത്തിന് ആരാണ് യേശുവിനെ ബലിയായിട്ടു കൊടുത്തത്? കുറ്റം ചെയ്ത യേശുവിനെ യഹൂദന്മാർ പിടിച്ചു കൊന്നുകളഞ്ഞു. അല്ലാതെ ഒരിക്കലും ബലിയായതല്ല. അദ്ദേഹം കുറ്റക്കാരനല്ലാഞ്ഞു എങ്കിൽ യഹൂദന്മാർ കൊല്ലുകയും ഇല്ലായിരുന്നല്ലോ. അത്രയുമല്ലാ പാപബലിയായിട്ടു മരിക്കുന്നതിലേയ്ക്കു അവതരിച്ചവനാണെങ്കിൽ താൻ നേരെ മനസ്സോടുകൂടി യഹൂദന്മാരുടെയിടയിൽ പരസ്യ [ 49 ] മാക്കാതെ ഗൂടന്മമായിട്ടു സഞ്ചരിച്ചതെന്തിന്? ഗൂടന്മമായിട്ടല്ലായിരുന്നു എങ്കിൽ (യോഹന്നാൻ 11-അ. 57-വാ.) മഹാപുരോഹിതരും പരീസരും യേശു ഇരിക്കുന്ന സ്ഥലത്തെ ആരെങ്കിലും അറിഞ്ഞാൽ തെര്യപ്പെടുത്തണമെന്ന് ഉത്തരവുകൊടുത്ത് അന്വേ‌ഷിപ്പിക്കുകയും ചെയ്തല്ലോ. എന്നിട്ടും കാണാതെ ഇരുന്നതു എന്തുകൊണ്ട്? അതിനാൽ ജനങ്ങളുടെ ഇടയിൽ ഗൂഢമായിട്ടുതന്നെയാണ് സഞ്ചരിച്ചിരുന്നതെന്നു നിശ്ചയം. എന്നിട്ടും ഭയം മുഴുത്തുകൊണ്ട് സമാധാനമില്ലാതെ അവിടംവിട്ട് വേറെ സ്ഥലത്തു ഒളിച്ചുതാമസി ക്കുകയും ചെയ്തല്ലോ. അത് എന്തിനായിട്ട്? അതങ്ങനെ വൃഥാ പൊയ്പോയെന്നല്ലാതെ ഭയപ്പെട്ടും ഒളിച്ചും അല്ലാ എങ്കിൽ (യോഹന്നാൻ 11-അ. 53,54-വാ.) അന്നുമുതൽ അവർ യേശുവിനെ കൊല്ലുവാൻ ആലോചന ചെയ്തുകൊണ്ട് വന്നതിനാൽ യേശു അവിടം വിട്ടു മരുഭൂമിക്കരുകിൽ എപ്രായിം എന്ന നഗരത്തിലേയ്ക്ക് വാങ്ങി അവിടെ ശി‌ഷ്യന്മാരുമായി പാർത്തു എന്നും (യോഹന്നാൻ 8-അ. 58,59-വാ.) യഹൂദന്മാർ കല്ലെറിയാൻ തുടങ്ങിയപ്പോൾ ഒളിച്ചുപൊയ്ക്കളഞ്ഞെന്നും മലയുടെ വക്കിൽ കൊണ്ടുചെന്നു തലകീഴായി താഴത്തു തള്ളുന്നതിനു യഹൂദന്മാർ ഭാവിച്ചപ്പോൾ ഒളിച്ചോടി എന്നും എഴുതിയിരിക്കുന്നതു എന്തുകൊണ്ട്? അതു മറ്റുള്ള രക്തസാക്ഷികളെപ്പോലെ വേഗതയിലോ ചില ആളുകൾ മാത്രം അറികയോ കഷ്ടപ്പെട്ടാൽ പോരാ തങ്ങൾക്ക് ഒരു രക്ഷിതാവ് വന്നു കഷ്ടം അനുഭവിച്ച് മരിച്ചത് ലോകം അറിഞ്ഞില്ലെന്നു ന്യായവിധിനാളിൽ ഒഴിവുകഴിവു പറയാതിരിപ്പാൻ പ്രസിദ്ധമായി കഷ്ടപ്പെടേണ്ടതാകയാൽ ഇസ്രയേല്യർ എല്ലാവരുംകൂടി വരുന്ന വലിയ പെരുന്നാളായ പെസഹാ ഉൽസവത്തിൽ പുറജാതികളും കാൺകെത്തന്നെ ആകാവൂ എന്നു പിതാവിനാൽ നിശ്ചയിക്കപ്പെട്ടും പുത്രനാൽ സമ്മതിക്കപ്പെട്ടും ഇരുന്നതായ ആ സമയം വരുന്നതിനു മുമ്പെ കഷ്ടപ്പെടുന്നതിന് മനസ്സില്ലാഞ്ഞിട്ടായിരുന്നു ഒളിച്ചിരുന്നത് എങ്കിൽ ഇതിലേയ്ക്ക് വാക്യപ്രമാണം ഉണ്ടോ? ഇല്ലല്ലോ, അതും ഇരിക്കട്ടെ. നിങ്ങൾ പറയുന്നപ്രകാരം യേശുവിന്റെക ഷ്ടപ്പാട് ലോകം ആസകലം അറിയണമെന്ന് പിതാവിന് നിർബന്ധമായി ഉണ്ടായ അഭിപ്രായപ്രകാരം എല്ലാവരും ആ കഷ്ടപ്പാടിനെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞോ? ഇപ്പോൾ അറിയുന്നോ? ഇനി അറിയുമോ? അനേകഭൂഖണ്ഡങ്ങളിൽ ജനങ്ങൾ യേശുവിന്റെ പേരുപോലും കേട്ടറിയുന്നതിനു മുമ്പേ മരിചുപോയിട്ടുണ്ട്. ഇപ്പോൾ എത്രയോ മരിക്കുന്നുമുണ്ട്. ഇനി എത്രയോ മരിച്ചുപോകുകയും ചെയ്യും. അതുകൊണ്ട് പിതാവിന് ഇതിനെപ്പറ്റി യാതൊരു അഭിപ്രായവും ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ ആയതു തെറ്റിപ്പോയിരിക്കയാൽ പിതാവിന്റെ മറ്റുള്ള അഭിപ്രായങ്ങളും ഫലിക്കുമെന്ന് വിശ്വ [ 50 ] സിക്കാൻ പാടില്ല. ഒരു ദിക്കിലുള്ള ജനങ്ങളെല്ലാവരും അറിയണമെന്നേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ മറ്റുദേശങ്ങളിലും ഈ മതത്തെ കൊണ്ടുനടന്ന് കാലക്ഷേപം ചെയ്യുന്നത്? അല്ലാതെയും പിതാവിനാൽ നിശ്ചയിക്കപ്പെട്ട നേരത്തിൽ അല്ലാതെ അതിനു മുൻപേ കഷ്ടപ്പെടുവാൻ മനസ്സില്ലെന്ന് പറഞ്ഞതിനാൽ യേശു പിതാവ് നിർബന്ധിച്ചു നിശ്ചയിച്ച തുകൊണ്ടുമാത്രമാണ് ക ഷ്ടം അനുഭവിച്ചതെന്നും തന്റെ സ്വന്തമനസ്സ് കഷ്ടപ്പെടുന്നതിലേയ്ക്ക് അല്പവും ഇല്ലായിരുന്നു എന്നും, പിതാവിന്റെ നിർബന്ധം അല്ലെങ്കിൽ അപ്പോഴും കഷ്ടപ്പെടുകയില്ലാഞ്ഞു എന്നും ഉള്ളത് വെളിവാകുന്നു. ഇനിയും പിതാവിനാൽ ഒരു സമയം കുറിക്കപ്പെട്ടിട്ടുണ്ടായിരുന്നു എങ്കിൽ അതുപോലെയും ആ സമയത്തും അല്ലാതെ തനിക്കു കഷ്ടപ്പാടു വന്നുകൂടല്ലോ. വരികയുമില്ലല്ലോ. പിന്നെയെന്തിനാണ് മുമ്പിൽ കൂട്ടി ഒളിച്ചത്? പിതാവിനാൽ ഇങ്ങനെ കുറിക്കപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഒളിച്ചതെങ്കിൽ അറിഞ്ഞിരിക്കാത്തതിനാൽ അതിനെ സമ്മതിച്ചും ഇരിക്കയില്ല. അപ്പോൾ ഈ കഷ്ടപ്പാട് മനു‌ഷ്യർക്കുവേണ്ടിയും തന്റെ മനസ്സോടുകൂടിയും അല്ലാ തന്റെ തലയിലെഴുത്തുകൊണ്ട് വന്നതാണെന്നു നിശ്ചയമാകുന്നു. അങ്ങനെയല്ല പിതാവിനാൽ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നു മാത്രമേ അറിഞ്ഞിരുന്നൊള്ളൂ ആയത് ഇന്ന സമയമാണെന്നുള്ളത് അറിഞ്ഞിരുന്നില്ല. അതുകൊണ്ടാകുന്നു ഒളിച്ചതെങ്കിൽ സമയം നിശ്ചയമില്ലെന്നു വരികിൽ ഒളിച്ചതിനുകാരണം ഭയമല്ലാതെ വേറെ ഒന്നും അല്ലെന്നുവരും. അതും ഇരിക്കട്ടെ, കടശിയിൽ പിടികൂടിയ ദിവസംതന്നെയാണ് പിതാവിനാൽ കുറിക്കപ്പെട്ട ദിവസമെന്ന് അതിനുമുമ്പിൽ അറിഞ്ഞിരിക്കാൻ ഇടയില്ലാത്തതുകൊണ്ട് അന്നും താൻ ഒളിച്ചുകളയേണ്ടതല്ലായിരുന്നോ? അങ്ങനെ ചെയ്യാതെ നേരെ നിന്നുകൊടുത്തുഎന്നും കാണുന്നല്ലോ. അതെന്താണ്? അതിനുമുമ്പേ ചിലരുടെ അടുക്കൽനിന്നു പെട്ടെന്നു മറഞ്ഞുകളഞ്ഞിട്ടുള്ള ദിവ്യശക്തി അപ്പോൾ എവിടെപ്പോയിരുന്നു? പിതൃസങ്കല്പപ്രകാരം എന്നുള്ള കാരണം ഇവിടെ ഒരുവിധവും ചേരാത്തതുകൊണ്ട് അതുഹേതുവായിട്ടാണ് മുമ്പ് ഒളിച്ചുകളഞ്ഞതും പിന്നെ നേരെ നിന്നു കൊടുത്തതും എന്നു നിശ്ചയിക്കുന്നതിലേയ്ക്കു പാടില്ല. ശത്രുക്കളുടെ കൈക്കുള്ളിൽ അകപ്പെട്ടതുകൊണ്ട് ഓടിമറഞ്ഞു രക്ഷപ്പെട്ടുകൊള്ളുവാൻ പാടില്ലാതെ വന്നതിനാലത്ര നിന്നുകൊടുത്തത്. അല്ലാതെ അവിടെ അപ്പോൾ എന്തുചെയ്വാൻ കഴിയും? അതിനാൽ യഹോവ യേശുവിനെ പാപബലിക്കായിട്ടു നിശ്ചയിക്കുകയോ ആയതു ഇന്ന സമയത്തെന്നു തീരുമാനിക്കുകയോ യേശു അതിനെ അറികയോ സമ്മതിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടുള്ളതല്ലെന്നു നിശ്ചയം. [ 51 ] ആകപ്പാടെ പിതാവു തന്നെക്കുറിച്ച് ഇന്നപോലെ നിശ്ചയിച്ചിട്ടുണ്ടെന്നും ആ സ്ഥിതിക്ക് അപ്രകാരമേ ഭവിക്കൂ എന്നും ഒരറിവും വിശ്വാസവും യേശുവിനുണ്ടായിരുന്നെങ്കിൽ നിശ്ചയമായിട്ടും ഒളിച്ചുനടക്കുകയില്ലായിരുന്നു. അല്ലാത്തപക്ഷം യേശുവിനെ കാണിച്ചുകൊടുത്ത യഹൂദാവിനെ അനുഗ്രഹിക്കാതിരുന്നതും (മത്തായി 26-അ. 24-വാ.) മനു‌ഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനു‌ഷ്യനു ഹാ കഷ്ടം! ആ മനു‌ഷ്യൻ ജനിച്ചില്ലെങ്കിൽ അവന്നു കൊള്ളാമായിരുന്നു എന്നിങ്ങനെ യേശു ശാപമിട്ടതും എന്തിനായിട്ട്? യഹൂദയുടെ ഈ ദ്രാഹപ്രവൃത്തിയെപ്പറ്റി അവൻ ശാസിക്കപ്പെട്ടില്ലെന്നുവരാതെയിരിപ്പാൻ വേണ്ടി ആയതിനെ ചൂണ്ടിക്കാണിച്ചു കൊടുത്തതാണ് എങ്കിൽ, അപ്രകാരം ഒരു ചൂണ്ടിക്കാണിക്കലായ ശാപം മനസ്സില്ലാത്ത തന്നെ ഇങ്ങനെ നിർബന്ധിച്ച് അകപ്പെടുത്തിയവനും ഇതിലേയ്ക്ക് എല്ലാം കാരണഭൂതനുമായ പിതാവിന്നു കൊടുക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്യാത്തതുകൊണ്ട് ഇതു ശരിയായ ശാസനയല്ലാ വ്യസനംകൊണ്ടുള്ള ശാപംതന്നെയാണ്. സകലവും അറിയുന്ന തന്റെ ദൈവസ്വഭാവപ്രകാരം യഹൂദയുടെ ദ്രാഹത്തെ താൻ ആദ്യമേ വെളിപ്പെടുത്തുവാ നായിട്ടാണ് ശപിച്ചതെങ്കിൽ ഇവനെ ദ്രാഹിയെന്ന് ആദ്യമേ അറിയാതെ അപ്പോസ്തലന്മാരിൽ ഒരുവനായിട്ട് സ്വീകരിച്ചതുകൊണ്ടുതന്നെ യേശുവിനു മുമ്പിൽക്കൂട്ടിയുള്ള അറിവ് ഇല്ലായിരുന്നു എന്ന് നിശ്ചയമാകുന്നു. അതല്ലാ താൻ അറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നു എങ്കിൽ ആ ദ്രാഹത്തെ താൻ ചെയ്യിച്ചതായിട്ടല്ലേ വരൂ. ആ മുറയ്ക്ക് കൂടിയേ തീരു എങ്കിൽ തന്നെയും പ്രധാനകാരണനായ യഹോവായേയും അല്ലയോ ശപിച്ചുകൊള്ളേണ്ടത്? അതുകൊണ്ട് ഈ സമാധാനവും യഹൂദയെ മാത്രം ദ്രാഹി എന്നു പറയുന്നതും ചേരുന്നില്ല. എല്ലാംകൂടി അടുത്തു മുറുകിവന്നപ്പോൾ മറ്റു ചിലരേപ്പോലെ യേശുവും അറിഞ്ഞിരിക്കുമെന്നല്ലാതെ മുൻകൂട്ടി അറിഞ്ഞിരുന്നു എന്ന് പറയുന്നത് കള്ളമാകുന്നു. ഇനിയും യേശുവിന്റെ കഷ്ടതയ്ക്ക് കാരണം യഹൂദാവിന്റെ കാട്ടിക്കൊടുക്കലോ പിതാവിന്റെ നിശ്ചയിക്കലോ അതോ രണ്ടുകൂടിയോ? യഹൂദാവിന്റെ കാട്ടിക്കൊടുക്കലാണെങ്കിൽ പാപബലിയല്ലെന്നു നിശ്ചയം. പിതാവിന്റെ നിശ്ചയിക്കലാണെങ്കിൽ അതിന് അനുകൂലമായ കാണിച്ചുകൊടുക്കലിനെ ചെയ്ത യഹൂദാവിനെ ഒരിക്കലും ദ്രാഹിയാണെന്നു പറകയും നരകത്തിൽ തള്ളുകയും ചെയ്തുകൂടാ. രണ്ടും കൂടിയാണെങ്കിൽ ഒന്നു ഗുണമെന്നും ഒന്നു ദോ‌ഷമെന്നും [ 52 ] പറയുന്നത് അന്യായമാണ്. അതിനാൽ ഭയപ്പെട്ടു ഒളിച്ചുനടന്ന തന്നെ കാണിച്ചുകൊടുത്തതിലുണ്ടായ സങ്കടം കൊണ്ടു മനസ്സെരിഞ്ഞു ശപിച്ചതുതന്നെയാണ്. ഈ ന്യായങ്ങളെക്കൊണ്ട് "ക്രിസ്തു പാപബലിയായിട്ടല്ല മരിച്ചതെ"ന്ന് തെളിയുന്നു. ഇതിനു മുമ്പിൽ യേശു മരിച്ചതിന്റെ ശേ‌ഷം ദൈവത്താൽ ജീവിക്കപ്പെട്ടതല്ലാതെ താനേ ജിവിച്ചല്ലോ എന്നു പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾ ദൈവവും ജീവിപ്പിച്ചില്ല എന്നും മരിച്ചവൻ മരിച്ചവൻതന്നെ എന്നും സ്ഥാപിക്കാം. (1 കൊരിന്തിയർ 15-അ. 17-വാ.) ക്രിസ്തു എഴുന്നേറ്റില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം വൃഥാ ആയിരിക്കുമെന്ന് പലോസ് പറയുന്നു. ക്രിസ്ത്യന്മാരുടെ വിശ്വാസത്തിനു ക്രിസ്തു ഉയിർത്തെഴുന്നു എന്നുള്ളതു മുഖ്യകാരണമായിരിക്കയാൽ ആ വി‌ഷയത്തെപ്പറ്റി പ്രത്യേക ഒരു പുസ്തകം എഴുതിവരുന്നു. അതുകൊണ്ട് ആയതിനെ ഇവിടെ ചുരുക്കിപ്പറയുന്നു. യേശു ഉയിർത്തെഴുന്നോ ഇല്ലയോ എന്നുള്ളതിനെക്കുറിച്ച് വിചാരിക്കണമെങ്കിൽ അപ്പോൾ ഉണ്ടായിരുന്നവരിൽ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നു നോക്കേണ്ടത് അത്യാവശ്യമാണ്. അപ്പോഴിരുന്ന യഹൂദന്മാരെല്ലാവരും ക്രിസ്തു ഉയിർത്തെഴുന്നു എന്നു ഘോ‌ഷിക്കുന്നത് ശുദ്ധമേ അസത്യമാണെന്നു പറഞ്ഞിരിക്കുന്നു. ഇപ്പോൾ പറഞ്ഞുവരുന്നു. ഇനി ക്രിസ്തുവിനു സാധകമായി പറയുന്ന ബൈബിൾകൊണ്ടു നോക്കാം. ബൈബിളാചാര്യന്മാരിൽ ഒരുത്തരും യേശു ഉയിർത്തെഴുന്നതിനെ നേരെ കണ്ടതായി പറയുന്നില്ല. പിന്നെയൊ? അവൻ കണ്ടു ഇവൾ കണ്ടു എന്നെല്ലാം അന്യന്മാരുടെമേൽ പഴിചുമത്തുന്നേയുള്ളൂ. ഹോ! ശരിതന്നെ, അവർ കാണാത്തതിനെ എങ്ങനെയാണ് കണ്ടതായിട്ടു പറയുന്നത്? (മത്തായി 28-അ. 17-വാ.) പതിനൊന്നു ശി‌ഷ്യന്മാരും യേശുവിനെ ഗെലീലായിൽ കണ്ടുവന്ദിച്ചു. എന്നാൽ ചിലർ സന്ദേഹപ്പെടുകയും ചെയ്തു. ഈ പതിനൊന്നുപേരിൽ മത്തായിയും ഒരുവനാണ്, ഇയാൾ സന്ദേഹപ്പെട്ടവരിൽ ഒരുത്തൻതന്നെയോ അല്ലയോ എന്ന് അറിയുന്നില്ല. ഇയാൾ വാസ്തവത്തിൽ കണ്ടിരുന്നു എങ്കിൽ താൻ കണ്ടു എന്ന് എന്തുകൊണ്ട് പറഞ്ഞുകൂടാ? അതിനാൽ ഇയാളും സന്ദേഹിച്ചതിൽ ഒരുവൻ തന്നെയാണ്. എന്നാൽ ചില ശി‌ഷ്യന്മാരെങ്കിലും സംശയിപ്പാൻ എന്ത്? കണ്ടത് യേശുവിനെ അല്ലയോ? വളരെനാൾ ശുശ്രൂ‌ഷയും ചെയ്തുകൊണ്ടു യേശുവിനോടുകൂടി സഞ്ചരിച്ച പ്രധാന ശി‌ഷ്യന്മാരുപോലും സംശയിച്ചും വിശ്വസിക്കാതെയും ഇരിക്കുന്ന സ്ഥിതിക്ക് 1855 സംവത്സരത്തിനുമുമ്പ് ക്രിസ്തു ഉയിര്ത്തെന്നു പറയുന്നതിനെ നാം എങ്ങനെയാണ് വിശ്വസിക്കുന്നത്? അല്ലാതെയും യേശു ഉയിർത്തെഴുന്നേറ്റു എന്നു പറഞ്ഞവരായ മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ [ 53 ] ഇവർ നാലുപേരും അന്യോന്യവിരോധമായി പറഞ്ഞിരിക്കുന്നു. അതിനെ ചുരുക്കി കാണിക്കാം! (യോഹന്നാൻ) പ്രഭാതകാലത്ത് ഇരുട്ടുള്ളപ്പോൾ മഗ്ദലൂർ മറിയാൾ (ഒരുത്തി) യേശുവിന്റെ കല്ലറയ്ക്കു പോയി. (മത്തായി) ഉ‌ഷസ്സിനു മഗ്ദലൂർമറിയാളും വേറെ മറിയാളും (രണ്ടുപേർ) കല്ലറയ്ക്കു പോയി. (മാർക്കോസ്) അതികാലത്തു സൂര്യോദയത്തിങ്കൽ മഗ്ദലൂർമറിയാളും യാക്കോബിന്റെ അമ്മയായ മറിയാളും സാളമെ എന്നവളും (മൂന്നുപേർ) കല്ലറയ്ക്കുപോയി. (ലൂക്കോസ്) എത്രയും പ്രഭാതത്തിൽ മഗ്ദലൂർ മറിയാളും വേറെ സ്ത്രീകളും (പലർ) കല്ലറയിലേയ്ക്കുപോയി. (മത്തായി) യേശുവിന്റെ കല്ലറയിൻമേൽ കല്ലിരിക്കുന്നതായിട്ട് ടി. സ്ത്രീകൾ കണ്ടു. അപ്പോൾ ദൈവദൂതൻ വാതിലിലിരുന്ന കല്ലിനെ മറിച്ചുതള്ളിയുംവെച്ച് അതിൻമേൽ ഇരുന്നു. (മാർക്കോസ്) സ്ത്രീകൾ കണ്ടപ്പോൾ കല്ലറയിൻമേൽ കല്ല് ഇല്ലായിരുന്നു. അപ്പോൾ ഒരു യുവാവ് (ദൈവദൂതനല്ല) കല്ലിന്മേൽ ഇരുന്നതിനെകണ്ടു. (മാർക്കോസ്) രണ്ടു മനു‌ഷ്യർ നിൽക്കുന്നതിനെ അവർ കണ്ടു. ഇവിടെ മത്തായി മാർക്കോസുകൾ പറഞ്ഞ ദേവദൂതനെയോ ഒരു ചെറുപ്പക്കാരൻ ഇരുന്നതിനെയോ ഇവർ കണ്ടില്ല. (യോഹന്നാൻ) സ്ത്രീകൾ രണ്ടു ദൂതന്മാരെ ഇരുന്നതായിട്ടു കണ്ടു. മത്തായി പറഞ്ഞ ഒരു ദേവദൂതനെയോ മർക്കോസ് പറഞ്ഞ ഇരുന്നിരുന്ന യുവാവിനെയോ ലൂക്കോസ് പറഞ്ഞ നിന്നിരുന്നവരായ രണ്ടു മനു‌ഷ്യരെയോ സ്ത്രീകൾ കണ്ടില്ല. (ലൂക്കോസ്) പിന്നെ സ്ത്രീകൾ ഈ വി‌ഷയങ്ങളെപ്പറ്റി ശി‌ഷ്യന്മാരോട് പറഞ്ഞു. (മർക്കോസ് 16-അ. 8-വാ.) സ്ത്രീകൾ ഭയന്ന് ഒരുത്തരോടും പറഞ്ഞില്ല. (മത്തായി 27-അ. 9-വാ.) മഗ്ദലൂർ മറിയാൾ യേശുവിനെ കണ്ടയുടനെ യേശുവിന്റെ കാൽ തൊട്ടു വണങ്ങി. (യോഹന്നാൻ 20-അ. 17-വാ.) മഗ്ദലൂർ മറിയാൾ യേശുവിനെ തൊട്ടില്ല യേശുവാണെന്ന് മനസ്സിലായില്ല.(യോഹന്നാൻ) ആദ്യം മഗ്ദലൂർ മറിയാൾക്കു കാണപ്പെട്ടു. (ലൂക്കോസ് 24-അ. 50,51-വാ.) യേശു ബെത്തനെയിൽനിന്നും സ്വർഗ്ഗത്തിലേയ്ക്കുപോയി. (അപ്പോസ്തലർ 1-അ. 9 മുതൽ 12-വാ.) ക്രിസ്തു ഒലിവാ എന്ന മലയിൽനിന്നും സ്വർഗ്ഗത്തേയ്ക്കുപോയി. (ലൂക്കോസ് 24-അ. 33 മുതൽ 37-വാ.) (യോഹന്നാൻ 20-അ. 19-വാ.) യേശുവിന്റെ പതിനൊന്നു ശി‌ഷ്യന്മാർക്കും ജറുസലേമിൽവച്ച് ആദ്യപ്രാവശ്യം ദർശനം ഉണ്ടായി. (മത്തായി 28-അ. 16,17-വാ.) പതിനൊന്നു ശി‌ഷ്യന്മാർക്കും ഗെലീലായിൽവച്ച് യേശു ആദ്യപ്രാവശ്യം കാണപ്പെട്ടു. (മത്തായി 12-അ. 40-വാ.) യേശു കല്ലറയിൽ മൂന്നു പകലും മൂന്നുരാവും ഇരിക്കും (എന്ന് യേശു) പറഞ്ഞു. (മർക്കോസ് 14-അ. 25-42-44-45-46) യേശു കല്ലറയിൽ ഒരു പകലും രണ്ടുരാവും ഇരുന്നു. ടി. നാലുപേരും പരസ്പരം വിരുദ്ധങ്ങളായി ഇങ്ങനെ എഴുതിയിരിക്കകൊണ്ട് ഒരിക്കലും വിശ്വസിക്കത്തക്കവയല്ല. ഇപ്രകാരം കൈവിട്ടുകളഞ്ഞസ്ഥിതിക്ക് വേറെ ഇനി എന്തോന്നാണ് ഇതിലേയ്ക്ക് ആധാരമായിട്ടുള്ളത്? [ 54 ]

അവർ നാലുപേരും ഇപ്രകരം വിരുദ്ധങ്ങളായിട്ടു പറഞ്ഞു എന്നുവരികിലും അവരിൽ ഒരുത്തനെങ്കിലും ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലാ എന്നു പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ എന്നു ചില ക്രിസ്ത്യന്മാർ പറയുന്നു എങ്കിൽ, ഇതിലേയ്ക്ക് ഒരു ദൃഷ്ടാന്തം പറയാം. കേൾപ്പിൻ: തിരുവനന്തപുരത്ത് അട്ടക്കുളങ്ങരെ ‌ഷാപ്പിൽ കട്ടിലിന്മേൽ കാലത്ത് 6 മണി മുതൽ വൈകിട്ട് 6 മണി വരെ ഒരു വെളുത്ത കാക്ക ഇരുന്നു എന്ന് ഒരുവനും ആ കാക്ക തന്നെ ആ സമയത്ത് വെമ്പായത്ത് കുറുപ്പിന്റെ വീട്ടിൽ കിടക്കയിൽ ഇരുന്നതായിട്ട് മറ്റൊരുത്തനും ആ സമയത്തുതന്നെ ആ കാക്ക ശംഖിൻമുഖത്ത് കൊട്ടാരത്തിൽ ഇരുന്നതായിട്ടു മൂന്നാമതൊരുത്തനും ആ കാക്ക ആ സമയത്തുതന്നെ കൊട്ടാരക്കരക്ഷേത്രത്തിൽ ഇരുന്നതായിട്ട് ഒരുത്തനും പറഞ്ഞുകഴിഞ്ഞാൽ അതിനെ കേൾക്കുന്നവർ ഇവരിൽ ആരും വെള്ളക്കാക്ക ഇല്ലെന്നു പറഞ്ഞില്ലല്ലോ, ആയതുകൊണ്ട് വെള്ളക്കാക്ക ഉണ്ടായിരുന്നതുതന്നെ എന്നു നിരൂപിക്കുമോ? പരിഹസിക്കുമോ? പരിഹസിക്കുകതന്നെ ചെയ്യും. മേൽക്കാണിച്ച ന്യായങ്ങളെക്കൊണ്ട് പിശാചിനെജയിച്ചു എന്നുള്ളതുമുതൽ മരിച്ചുയർത്തു എന്നുള്ളതുവരെ പറഞ്ഞിട്ടുള്ളവയിൽ ഒരത്ഭുതവും യേശുവിനാൽ ചെയ്യപ്പെട്ടിട്ടില്ലെന്നു തെളിവാകുന്നു.

ഇത്രയുമല്ല കടശിയിൽ യേശുവിനെ പിടിച്ചിരുന്നവർ അവനെ പരിഹസിച്ചു തല്ലി കണ്ണുമൂടിക്കെട്ടി അടിച്ചേച്ച് നിന്നെ അടിച്ചവനാരെന്നു ചോദിച്ചതിന്റെ ശേ‌ഷം യേശുവിനു പറയാൻ കഴിഞ്ഞില്ല. ഏറോദേസു രാജാവ് യേശുവിനെ കണ്ടു വളരെ സന്തോ‌ഷത്തോടുകൂടി വല്ലതും ഒരത്ഭുതം ചെയ്തുകാണിപ്പാൻ പറഞ്ഞിട്ട് അതിനും കഴിഞ്ഞില്ല. എന്നിട്ടാണ് തൂക്കിലിടുവാൻ നിയമിച്ചത്. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും ഇവൻ ഇസ്രയേൽ രാജാവെങ്കിൽ കുരിശിൽനിന്നിറങ്ങിവരട്ടെ, എന്നാൽ ഞങ്ങൾ വിശ്വസിക്കും എന്നു പറഞ്ഞിട്ടും താൻ പ്രതം പോലെ നിന്നതല്ലേ ഉള്ളൂ. കല്ലേറുകൊള്ളുമെന്നു തോന്നിയപ്പോഴും മലവക്കിൽ നിന്നു തള്ളപ്പെടാൻ നേരത്തും ശി‌ഷ്യന്മാരോടു സമാധാനം പറഞ്ഞേചും ഭയന്ന് ഒളിച്ചോടിപ്പോയതിനെ ദിവ്യശക്തികൊണ്ടു മറഞ്ഞുകളഞ്ഞതാണെന്നല്ലയോ നിങ്ങൾ പറയുന്നത്? എന്നാൽ ആ ദിവ്യശക്തി ഈ സമയത്ത് എവിടെപ്പോയി? യേശുവിന് ഒളിച്ചുള്ള സഞ്ചാരം പതിവായിരുന്നു. ചിലപ്പോൾ ശത്രുക്കൾ വല്ലവരും പിടികൂടിയാലും വല്ലവിധവും ആൾകൂട്ടത്തിൽ പതുങ്ങി ഒളിച്ചോടുക പലപ്പോഴും ഉണ്ടായതിനാൽ ഒരിക്കൽ അവർ വളരെ താല്പര്യപ്പെട്ടു പിടികൂടി. അപ്പോഴകപ്പെട്ടു പോയി. അങ്ങനെ അകപ്പെട്ട ദിവസം പിതാവിനാൽ നിയമിക്കപ്പെട്ട ദിവസമാണെന്നും പറഞ്ഞുകൊള്ളുന്നു. ഈ സ്ഥിതിക്ക് സകലപേർക്കും ദൈവത്വവും മനു‌ഷ്യത്വവും ഉണ്ടെന്നും ദൈവമാണെന്നും പറഞ്ഞുകൊള്ളാമല്ലോ.

[ 55 ]

ആകട്ടെ, മേല്പറഞ്ഞ അത്ഭുതങ്ങളെല്ലാം യേശു ചെയ്തതായിട്ട് നോക്കാം. എന്നാലും ദൈവമെന്നു പറയാൻ പാടില്ല എന്തുകൊണ്ടെന്നാൽ മോശ, യോശുവാ, ഏലീശാ, എലിയാ മുതലായവരും ഇതുപോലെതന്നെ അനേകം അത്ഭുതങ്ങളെ ചെയ്തതായിട്ടും നിങ്ങളുടെ ബൈബിൾ ഘോ‌ഷിക്കയാൽ അവരെയും പ്രത്യേകം ദൈവമെന്നു പറയേണ്ടതായിട്ടുവരും. അതുകൊണ്ടത്ര. അല്ലാതെയും (മത്തായി 17-അ. 20-വാ.) ഒരു കടുകുമണിയോളം മാത്രം നിങ്ങൾക്കു വിശ്വാസമുണ്ടായാൽ ഈ മലയോട് ഇവിടെനിന്ന് അവിടേയ്ക്കു വാങ്ങിപ്പോകയെന്നു പറയാം. വാങ്ങിപ്പോകയും ചെയ്യും. അത്രയുമല്ല നിങ്ങൾക്കു കഴിയാത്തത് ഒന്നും ഉണ്ടാകയില്ല. (ടി. 22, യോഹന്നാൻ 14) ഉപവസിച്ചു പ്രാർത്ഥിക്കുന്നവർക്കും ദൈവത്തിൽ വിശ്വാസമുള്ള എല്ലാവർക്കും വലിയ അത്ഭുതങ്ങളെ ചെയ്വാൻ കഴിയുമെന്നും,(പുറപ്പാട് പുസ്തകം 7-ആം 8-ആം അദ്ധ്യായം) ദൈവത്തിന്റെ മഹിമയാൽ മോശ മുതൽ പേരെ ഈജിപ്ത് ദേശത്ത് പറവോ എന്നാ രാജാവിന്റെ അടുക്കൽ ചെന്ന് കോലിനെ പാമ്പാക്കൽ, വെള്ളത്തെ രക്തമാക്കൽ, തവളകളെ ഉണ്ടാക്കൽ മുതലായ അത്ഭുതങ്ങളെ ചെയ്തപ്പോൾ രാജസമീപതുണ്ടായിരുന്നവരും ദൈവശത്രുക്കളും ശൂന്യക്കാരുമായ മാന്ത്രികന്മാർ ഇതിനു തുല്യമായും അധികമായും ചെയ്തു എന്ന് കാണുന്നു. ഇതുകലാൽ ദൈവം അല്ലാത്തവർക്കും വിശ്വാസമില്ലാത്ത ദൈവശത്രുക്കൾക്കും അത്ഭുതങ്ങളെ ചെയ്യുവാൻ കഴിയുമെന്നുമുള്ളത് സ്പഷ്ടമായിരിക്കുന്നു.

പിന്നെയും (മത്തായി 24-24) കള്ളക്രിസ്തുക്കളും കള്ളദീർഘദർശികളും വന്നു കഴിയുന്നതായിരുന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരെയും വഞ്ചിപ്പാൻ തക്കവണ്ണം വലുതായിട്ടുള്ള അടയാളങ്ങളെയും അത്ഭുതങ്ങളെയും കാട്ടും. ഇതിനാൽ ഒരുവൻ അത്ഭുതങ്ങളെ ചെയ്താൽ അവനെ ദൈവമെന്നു വിശ്വസിച്ചുപോകരുതെന്നു മാത്രമല്ലാ ദൈവഭക്തനാണെന്നെങ്കിലും വിചാരിക്കുന്നതിലേയ്ക്ക് മാർഗ്ഗവും ദൈവശത്രുവാണെന്നു നിശ്ചയിക്കുന്നതിലേയ്ക്കു യാതൊരു വിരോധവും ഇല്ലെന്നും ഉറപ്പാക്കാവുന്നതാണ്. എങ്ങനെ വിചാരിച്ചാലും യേശുവിനെ ദൈവമെന്നു പറയുന്നതിലേയ്ക്കു കടുകളവും ന്യായം കാണുന്നില്ലാ.

ഇപ്രകാരം മരിച്ചുപോയ യേശു ഉയർത്തെഴുന്നില്ലെന്ന് അനേകം പ്രബലന്യായങ്ങളെക്കൊണ്ട് സ്ഥാപിച്ചു. ഇനി മരിച്ചതിന്റെ ശേ‌ഷം ഏതു സ്ഥിതിയിൽ ആയിരിക്കാം എന്നുള്ളതിനെ ബൈബിളിലെ ന്യായങ്ങളെക്കൊണ്ടുതന്നെ ചിന്തിച്ചുനോക്കാം.

പാപികൾക്കെല്ലാവർക്കും നരകമാകുന്നു നിത്യവാസസ്ഥലം. എന്നാൽ യേശുവാകട്ടെ എല്ലാവരുടേയും സകലപാപങ്ങളേയും ഏറ്റുപോയതുകൊണ്ട് എല്ലാ പേരെക്കാളും മഹാപാപിയും അതു ഹേതുവായിട്ട് 5*തിടീനെന്നു [5] നരകത്തിൽപോയി വീഴുന്നതിലേക്കുമാത്രമല്ലാതെ മറ്റൊന്നിനും യോഗ്യത ഇല്ലാത്തവനും ആകുന്നു. ആയതുകൊണ്ട് യേശു നരകത്തിൽ തന്നെ പതിച്ചിരിക്കുമെന്ന് ഉറപ്പായിട്ടു നിശ്ചയിക്കേണ്ടതാണ്. എന്നുതന്നെയുമല്ല ഇതിന്നനുസരണമായിട്ടു ക്രിസ്തു മരിച്ചതിന്റെ ശേ‌ഷം പാതാളത്തിൽ ഇറങ്ങി എന്നുംകൂടി അപ്പോസ്തലന്മാരുടെ [ 56 ] വിശ്വാസപ്രമാണത്തിൽ പറഞ്ഞിരിക്കകൊണ്ട് സന്ദേഹമില്ലാ. ക്രിസ്തു നരകത്തിൽതന്നെ പോയിരിക്കുന്നു എന്നു തീർച്ചയായിരിക്കുന്നു.

ഇനിയും നരകത്തിൽ പോയവർക്ക് തിരിച്ചു കരേറ്റമില്ലെന്നു നിങ്ങൾതന്നെ സിദ്ധാന്തമായിട്ടു പറയുന്നതുകൊണ്ട് നരകത്തിൽ പോയവനായ യേശുവും അപ്രകാരംതന്നെ മടങ്ങി കരേറീട്ടില്ലെന്നു നിശ്ചയിക്കുന്നതിനേ ന്യായമുള്ളു. ഇതിലേയ്ക്കു അനുകൂലമായിട്ട് (യോഹന്നാൻ 20-അ. 17-വാ.) എന്റെ പിതാവിന്റെ അടുക്കലേയ്ക്ക് ഇതുവരെയും കരേറി പോയിട്ടില്ലാ എന്നിങ്ങനെ പ്രമാണവും സിദ്ധിച്ചിരിക്കയാൽ സംശയമില്ലാ. മോക്ഷത്തിൽ വ്യാപിക്കാത്ത സ്ഥിതിക്കു എങ്ങും വ്യാപിച്ചിരുന്നു എന്നും പറയാനും പാടില്ല. അതുകൊണ്ടു തന്റെ യോഗ്യതയ്ക്കു തക്കവണ്ണം ചെന്നുചേർന്ന സ്ഥാനവും ആരായാലും ശരി ചെന്നകപ്പെട്ടവർക്ക് ഒരുകാലത്തും മോചനമില്ലാത്ത സ്ഥലവും ആയ നിത്യനരകത്തിൽ തന്നെ അടങ്ങിക്കിടക്കുന്ന എന്നല്ലാതെ വേറെ ഒരു വിധത്തിലും പറയുന്നതിലേയ്ക്ക് ശ്രുതിയും യുക്തിയും അനുഭവവും ഒന്നും തന്നെ ഇല്ലാ.

ആകയാൽ (യോഹ. 20-അ. 28-വാ.) ദൈവം, (മത്തായി 1-അ. 23-വാ.) നമ്മോടുകൂടെയുള്ള ദൈവം, (എബ്ര. 1-അ. 8-വാ.) നിത്യസിംഹാസനസ്ഥനായ ദൈവം (റോമ. 9-അ. 5-വാ.) എന്നേയ്ക്കും വാഴ്ത്തപ്പെട്ടവനായി സർവ്വത്തിൻമേലും ദൈവമായവൻ. (യഹൂദാ 25-അ. തീമോ 1-അ. 17-വാ.) നമ്മുടെ രക്ഷിതാവാകുന്ന ഏക ജ്ഞാനിയായ ദൈവം, (1 തമോ. 6-അ. 14 മുതൽ 16 വരെ വാ.) ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും, (1.യോഹ. 3-അ. 16-വാ.) നമുക്കുവേണ്ടി തന്റെ ജീവനെവച്ച ദൈവം, (അപ്പൊ: നടപ്പ് 20-അ. 28-വാ.) നമ്മെ സ്വന്തം രക്തത്താൽ സമ്പാദിച്ച ദൈവം, (തീത്തൂ 2-അ. 14-വാ.) മഹാ ദൈവം. (1 തീമോ 3-അ. 16-വാ.) ജഡത്തിൽ വെളിപ്പെട്ട ദൈവം, (1 യോഹ. 5-അ. 2-വാ.) സത്യദൈവം, (എശായ 9-അ. 6-വാ.) ശക്തിയുള്ള ദൈവം, (യോഹ. 1-അ. 1-വാ.) വചനമാകുന്നദൈവം, (വെളി. 17-അ. 14-വാ.) കർത്താധികർത്താവ്, (ലൂക്കാ. 2-അ. 6-വാ.) കർത്താവാകുന്ന ക്രിസ്തു, (വെളി 1-അ. 8-വാ.) ഇരുന്നവനും ഇരിക്കുന്നവനും വരുന്നവനുമായ കർത്താവ്, (1കൊരി. 8-അ. 6-വാ.) യേശു ക്രിസ്തു എന്ന ഏക കർത്താവ്, (എശായ 6-അ. 5-വാ.) സൈന്യങ്ങളുടെ യഹോവയായ കർത്താവ്, (യോഹ 12-അ. 38-വാ. 1 കൊരിന്തി 2-അ. 8-വാ.) മഹത്വത്തിൽ കർത്താവ്, (റോമാ 14-അ. 8-വാ.) ജീവികൾക്കും മരിച്ചവർക്കും കർത്താവ്, (2 കൊരി. 15-അ. 47-വാ.) സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവ്, (നീതി [ 57 ] യും കരുനയുള്ളവനെന്നർത്ഥമുള്ളതായി പറയുന്നു, അൽപ്പാഒമേഗാ (വെളി. 22-അ. 13-വാ.) ആദിയും അന്തവും, (വെളി. 3-അ. 14-വാ.) ആമേൻ, (വെളി. 19-അ. 16-വാ.) രാജാധിരാജാവ്, (എബ്രാ. 1-അ. 12-വാ.) യഥാവാൻ, (വെളി, 2-അ. 23-വാ.) ഉൾപ്പൂവുകളെയും ഹൃദയങ്ങളേയും ആരായുന്നവൻ, (കൊലാ. 1-അ. 17-വാ.) സർവത്തിനും മുമ്പൻ, (യോഹ. 16-അ. 30) സകലവും അറിയുന്നവൻ, (കൊലൊ 1-അ. 8-വാ.) സകലവും സൃഷ്ടിച്ചവൻ, (വെളി, 1-അ. 8-വാ.) സർവശക്തൻ, (2 തെസ്സ.1-അ. 8-വാ) നിത്യൻ, (എശായാ 9-6) നിത്യപിതാവ്, (യറമി 23-അ. 5-വാ.) രാജാവ്, (വെളി. 22-അ. 12-വാ.) പ്രതിഫലം കൊടുക്കുന്നവൻ, (മത്താ.9-അ. 6-വാ.) പാപങ്ങളെ മോചിക്കുന്നവൻ, (യോഹ. 6-അ. 53,54-വാ.) മരിച്ച വരെ ഉയർപ്പിക്കുന്നവൻ, (എബ്ര. 13-അ. 8-വാ.) മാറ്റമില്ലാത്തവൻ, (വെളി.22-അ. 13-വാ.) ഒന്നാമത്തവനും ഒടുക്കത്തവനും, (ലൂക്കാ, 1-അ. 76-വാ.), അത്യുന്നതൻ, (എശാ. 40-അ. 3-വാ., യറി. 23-അ. 6-വാ.) യഹോവാ എന്നിങ്ങനെ എല്ലാം യേശുവിനുള്ളതായി പറയപ്പെടുന്ന നാമങ്ങളൊന്നും യേശുവിനു ചേരുകയില്ല. ഇപ്രകാരമുള്ളവനായിരുന്ന യേശുവിനെ ദൈവമെന്നു സ്ഥാപിപ്പാൻവേണ്ടി പറഞ്ഞിട്ടുള്ള അയുക്തങ്ങളും അസത്യങ്ങളുമായ സമാധാനങ്ങളെയും സംഭവിച്ചിട്ടില്ലാത്തതുകളായ മഹിമകളെയും നോക്കുമ്പോൾ ഇനി ആരെയാണ് ഏതു ജീവന്മാരെയാണ് നിങ്ങളുടെ ഈ ന്യായപ്രകാരം ദൈവമെന്നു സ്ഥാപിപ്പാൻ പാടില്ലാത്തത്? കഷ്ടം! കഷ്ടം! എന്തെങ്കിലും തൽക്കാല കാര്യലാഭത്തെക്കരുതി മടി കൂടാതെ ഇതിൻമണ്ണം പറഞ്ഞുകൊണ്ടു നടപ്പാൻ തുനിഞ്ഞാലും കേൾക്കുന്നവർക്കെല്ലാവർക്കും ഒരുപോലെ മതി കെട്ടുപോകുമെന്നു നിരൂപിച്ചോ?

ഇങ്ങനെ യേശുവിനെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു കണ്ടിരിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 1890 = ചട്ടമ്പിസ്വാമി ഈ പുസ്തകം രചിച്ച വർഷത്തെ സൂചിപ്പിക്കുന്നു
  2. കടശിയിൽ = അവസാനമായി
  3. വചന ഭേഷജം = വാക്കാകുന്ന ഔഷധം
  4. ചോമാരി = മഠയൻ
  5. തിടീനെന്നു = പെട്ടെന്ന്