Jump to content

ക്രിസ്തുമതനിരൂപണം/നിരയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
നിരയം
ക്രിസ്തുമതനിരൂപണം

1*നിരയം[1]
[തിരുത്തുക]

[ 92 ] അല്ലയോ ക്രിസ്തീയപ്രസംഗികളേ!

ദൈവം പാപികളെ നരകത്തിലിട്ടു നിത്യകാലവും ഒരുപോലെ ദണ്ഡിപ്പിക്കുമെന്നു നിങ്ങൾ പറയുന്നുവല്ലോ, അത് അല്പവും ചേരുകയില്ലാ. സമസ്തനായകനായ ദൈവത്തെ ദു‌ഷിക്കയും, ഒരുവനെ കൊല്ലുകയും, ഒരു വസ്തുവിനെ മോഷ്ടിക്കയും, കള്ളുകുടിക്കയും, വ്യഭിചാരം ചെയ്യുകയും, കള്ളം പറകയും, ഗുരുവിനെ നിന്ദിക്കയും ഇങ്ങനെ പല വർഗ്ഗങ്ങളായ സകലപാതകങ്ങളെയും മുഴുവനും ചെയ്ത വർക്കും അവയിൽ ഏതിനെ എങ്കിലും ഒന്നിനെ മാത്രം ചെയ്തവർക്കും ഒരേ ശിക്ഷതന്നെ എന്നും പറഞ്ഞുകൂടല്ലോ.

അല്ലാതേ ഒരു വേശ്യയോടുചേരുകയും, ഒരു കന്യകയോടു ചേരുകയും, അന്യന്റെ ഭാര്യയോടു ചേരുകയും, ഗുരുവിന്റെ ഭാര്യയോടു ചേരുകയും, മാതാവിനോടു ചേരുകയും, സഹോദരിയോടു ചേരുകയും ചെയ്താൽ ഇവകളെല്ലാം ഒരു വർഗ്ഗത്തിലുൾപ്പെട്ട പാപങ്ങളാകുന്നു, എന്നുവരികിലും ഒന്നിനൊന്ന് അതിഭാരമായിരിക്കയാൽ അവയെ ചെയ്തവർക്കെല്ലാം ഒരുവിധമായ ശിക്ഷയെ ഒരു പോലെ കൊടുക്കും എന്നു പറഞ്ഞു കൂടല്ലോ.

ഇനിയും ഒരു വർഗ്ഗത്തിലുള്ള ഒരേ വിധമായ ഒരു പാപത്തെത്തന്നെ ഒരു നിമി‌ഷത്തിൽ ചെയ്കയും, ഒരു നാഴിക വരെ ചെയ്കയും ഒരു മുഹൂർത്തം വരെ ചെയ്കയും, ഒരു യാമംവരെ ചെയ്കയും, ഒരു ദിവസം വരെ ചെയ്കയും, ഒരു വാരം വരെ ചെയ്കയും, ഒരു പക്ഷംവരെ ചെയ്കയും, ഒരു മാസം വരെ ചെയ്കയും, ഒരു അയനം വരെ ചെയ്കയും, ഒരു വർ‌ഷംവരെ ചെയ്കയും, ഉള്ള നാൾ മുഴുവനും ചെയ്താൽ അവകളെല്ലാം ഒരു സമമെന്നും ഇങ്ങനെ ചെയ്തവരെല്ലാവരും ഒരേ ശിക്ഷ അനുഭവിക്കുമെന്നും പറഞ്ഞുകൂടല്ലോ. (യോഹന്നാൻ 19-അ. 11-വാ.) എന്നെ നിന്റെ കയ്യിൽ ഏല്പിച്ചവന് അധികപാപം ഉണ്ട് എന്നു പറയപ്പെട്ടതിനാലും പാപതാരതമ്യം ഉണ്ടെന്നു സാധിക്കപ്പെടും.

അപ്രകാരം അവരവർ ചെയ്ത പാപത്തിനു തക്കതായ ശിക്ഷയെ തക്കതായ കാലംവരെയും ചെയ്ക എന്നല്ലാതെ അവരെ എല്ലാവരെയും നിത്യവും ഒരുപോലെ ദണ്ഡിപ്പിക്കുന്നതു നീതിയല്ലല്ലോ. ഈ ലോകത്തിൽ രാജാക്കന്മാരും തന്റെ പ്രജകളിൽ ആരെങ്കിലും കുറ്റം ചെയ്താൽ അവൻ ചെയ്ത കുറ്റത്തിന്റെ വർഗ്ഗം, അളവുകാലം എന്നിവയെ നന്നായി തീർച്ചയാക്കിക്കൊണ്ട് തക്കതായ ശിക്ഷയെ ചെയ്യുന്നു. കിഞ്ചിജ്ഞന്മാരായ മനു‌ഷ്യർകൂടിയും ഇപ്രകാരംചെയ്ത എന്നുവന്നാൽ സർവ്വജ്ഞനായ ദൈവം അവരവർ ചെയ്ത പാപങ്ങളുടെ വർഗ്ഗം മുതലായവയെ അറിഞ്ഞു തക്കതായ ദണ്ഡനം ചെയ്കയല്ലാതെ എങ്ങനെയുള്ള പാപികളെയും ഒരുപോലെ നിത്യകാലവും വേദനപ്പെടുത്തി ബുദ്ധിമുട്ടിക്കുമോ?

ഒരുവൻ തന്റെ കുഞ്ഞ് കുറ്റം ചെയ്താൽ ആ കുഞ്ഞിനെ പിന്നീടും അങ്ങനെ ചെയ്യാതിരിക്കുന്നതിനുവേണ്ടി തൂണിലോ മറ്റോ പിടിച്ചുകെട്ടി ഒരു നല്ല 2*ചുള്ളിപ്പിരമ്പുകൊണ്ട്[2] അടിച്ചും വേറെ പല ഉപായങ്ങളെ ചെയ്തും നല്ല മാർഗ്ഗങ്ങളിൽ പ്രവേശിപ്പിച്ച് ശരിയായി വരുത്തിക്കൊള്ളും. അല്ലാതെ ഉള്ള കാലം മുഴുവനും കഠിനോപദ്രവം ചെയ്കയില്ല. ഇതാണ് [ 93 ] കൃപയുള്ള പ്രവൃത്തി. ഒരു മനു‌ഷ്യൻ പോലും ഇത്രത്തോളം കൃപയുള്ളവനാണെങ്കിൽ ദൈവം എത്രത്തോളം കൃപയുള്ളവനായിരിക്കണം? ആ സ്ഥിതിക്ക് ദൈവം തന്റെ കുഞ്ഞുങ്ങളായ ആത്മാക്കളെ അല്പവും കൃപയില്ലാതെ നിത്യവും ക ഷ്ടപ്പെടുത്തുമോ?

പിന്നെയും നരകത്തിൽ ഇരിക്കുന്നവരിൽ ചിലർ ഇടവിടാതെ യേശുവിനെ വിളിച്ചു ഞങ്ങളെ രക്ഷിക്കണേ എന്ന് അപേക്ഷിച്ച് ഏറിയ വിശ്വാസം വെച്ചാൽ അവരെ രക്ഷിക്കുമോ? രക്ഷിക്കയില്ലയോ? രക്ഷിക്കുമെങ്കിൽ നിത്യനരകം ഇലാതെയാകും. രക്ഷിക്കയില്ലെങ്കിൽ അദ്ദേഹം സർവ്വജീവദയാപരനല്ലെന്നും വിശ്വാസം മുക്തിയെ തരുമെന്നുള്ളതു കള്ളമെന്നും വന്നുപോകും.

ഇനിയും ഒരുവൻ താൻ ചെയ്ത പാപംകൊണ്ടു നിത്യവും നരകത്തിൽ കിടന്നു വേദനപ്പെടുമെന്നുവരികിൽ താൻ ചെയ്ത പുണ്യങ്ങളുടെ ഫലത്തെ തീരെ കൈവിട്ടുപോകുമെന്നു പറയേണ്ടതാണ്.

ഒരുവൻ തന്റെ പാപത്തിലേയ്ക്കുവേണ്ടി ദുഃഖത്തെ അനുഭവിക്കുമെങ്കിൽ പുണ്യത്തിലേയ്ക്കുവേണ്ടി സുഖത്തെയും അനുഭവിക്കുമെന്നല്ലയോ പറയേണ്ടത്? അങ്ങനെയല്ലാതെ പുണ്യത്തിലേയ്ക്കുള്ള ഫലമായ സുഖത്തെ അനുഭവിക്കാതെ കൈവിട്ടുപോകുമെന്നു പറയുന്നതു നീതിയാണോ? അതു നീതിയാണെങ്കിൽ പാപത്തിന്റെ ഫലമായ ദുഃഖത്തെയും അനുഭവിക്കേണ്ട എന്നുതന്നെ പറയാം.

എന്നാൽ എപ്പോഴും പുണ്യം ചെയ്യുന്നതാണ് മനു‌ഷ്യർക്കു കടമയായിട്ടുള്ളത്. ആകയാൽ പുണ്യം ചെയ്തവർ സുഖത്തെ അനുഭവിക്കേണ്ട എന്നും പാപം ചെയ്യുന്നതു ദൈവത്തിനു വിരോധമാകകൊണ്ട് പാപികൾ നിത്യനരകത്തിൽ പോകുന്നതു നീതി എന്നും പറയുന്നു എങ്കിൽ മനു‌ഷ്യർ ചെയ്യുന്ന സകല പുണ്യങ്ങളെയും കടമയാണെന്നു പറഞ്ഞതു കൊണ്ട് ആ പുണ്യങ്ങളെ സംബന്ധിച്ചു യാതൊരു ഫലവും ഇല്ലെന്നു തീർച്ചയായി. ആ സ്ഥിതിക്ക് എങ്ങനെയുള്ള പുണ്യത്തെ ചെയ്താലും അതുകൊണ്ട് ഒരുത്തർക്കും മോക്ഷ പ്രാപ്തിക്കു പാടില്ലല്ലോ.

ആകയാൽ ഒരുത്തരും ഒരിക്കലും മനോവാക്കായങ്ങളാൽ യാതൊരു പുണ്യകർമ്മവും ചെയ്യണമെന്നില്ലാ. ചെയ്ത പാപത്തിലേയ്ക്കുവേണ്ടി പശ്ചാത്താപപ്പെടുക, ക്രിസ്തുവേ വിശ്വസിക്ക, സ്നാനം ഏല്ക്ക, നൽകരുണ സ്വീകരിക്ക, 3*മുഴങ്കാലിൽ[3] നിന്നു കൈകളെ രണ്ടിനേയും മലർത്തി മേല്പോട്ടു നോക്കി കണ്ണുകളെ മൂടിക്കൊണ്ടു ക്രിസ്തു [ 94 ] ക്രിസ്തുവിനെ പ്രാർത്ഥിക്ക, അദ്ദേഹത്തിന്റെ കല്പനയെ പ്രചാരിക്ക, പുണ്യങ്ങളിൽ യാതൊന്നിനെയും ചെയ്യാതെ എല്ലാ പേരും ചുമ്മാതെയിരുന്നു മുക്തിയെ പ്രാപിക്കാമലോ.

അങ്ങനെയല്ലാ മുക്തിസിദ്ധിക്ക് ഈ പുണ്യങ്ങൾ വേണമെങ്കിൽ മനോവാക്കായങ്ങളെക്കൊണ്ട് ചെയ്യുന്ന ഈ പുണ്യങ്ങളും മുക്തിസാധനങ്ങൾ തന്നെ എന്നു സമ്മതിച്ചു പോയിരിക്കുന്നു. ആകയാൽ പുണ്യങ്ങളെക്കൊണ്ടു പ്രയോജനമില്ലെന്നു പറഞ്ഞുകൂടാ. (ലൂക്കോസ് 14-അ. 13,14-വാ.) എന്നാൽ നീ ഒരു വിരുന്നുകഴിക്കുമ്പോൾ ദാരിദ്യ്രക്കാരെയും, ഊനമുള്ളവരെയും, മുടന്തരെയും, കുരുടരെയും വിളിക്ക, അപ്പോൾ നീ ഭാഗ്യവാനാകും. അതു എന്തുകൊണ്ടെന്നാൽ നിനക്കു പ്രതിപകരം ചെയ് വാൻ അവർക്കില്ല. എന്നാൽ നീതിമാന്മാരുടെ ഉയിർപ്പിങ്കൽ നിനക്കു പ്രതിപകരം ചെയ്യപ്പെടും താനും. (മത്തായി 6-അ. 3,4-വാ.) എന്നാൽ നീ ധർമ്മംചെയുമ്പോൾ നിന്റെ ധർമ്മം രഹസ്യമായിട്ടിരിപ്പാനായിട്ടു നിന്റെ വലതുകൈ ചെയ്യുന്നതിനെ നിന്റെ ഇടത്തുകൈ അറിയരുത്, എന്നാൽ രഹസ്യത്തിൽ കാണുന്നവനായ നിന്റെ പിതാവ് താൻതന്നെ പരസ്യമായി നിനക്കു പ്രതിഫലം തരും. ഇപ്രകാരം നിങ്ങളുടെ ബൈബിൾ പുണ്യങ്ങളെക്കൊണ്ടു ഫലമുണ്ടെന്നു പറയുമ്പോൾ നിങ്ങൾ പുണ്യങ്ങളെല്ലാം കടമ എന്നു പറയുന്നത് ഒക്കുമോ?

മേലും മനു‌ഷ്യരാൽ ചെയ്യപ്പെടുന്ന പാപങ്ങൾ അവർക്കു മാത്രമേ ദുഃഖപ്രദങ്ങളായി ഭവിക്കൂ-ആകയാൽ അവ മനു‌ഷ്യർക്ക് വിരോധം എന്നു പറകയല്ലാതെ അവകളെ സംബന്ധിച്ച യാതൊരുദോ‌ഷങ്ങളും പറ്റാത്ത ദൈവത്തിന് അവ വിരോധമെന്നു പറയുന്നത് അല്പവും നന്നാകയില്ല. ആകയാൽ ഒരുവൻ പുണ്യപാപങ്ങളെ രണ്ടിനേയും സമമായിട്ടെങ്കിലും ഒന്നിനൊന്ന് അധികമായിട്ടെങ്കിലും ചെയ്തിരുന്നാൽ ആ രണ്ടിന്റെയും ഫലങ്ങളെ അവൻ അനുഭവിക്കുമെന്നല്ലാതെ ഒന്നിനെ വിട്ടേച്ച് ഒന്നിനെ മാത്രമേ അനുഭവിക്കൂ എന്നു പറയുന്നതു അല്പവും നീതിയല്ലാത്തതാകുന്നു. അതിനാൽ പല പുണ്യങ്ങളെ ചെയ്തവനും ഒരു പാപത്തെ ചെയ്തതുകൊണ്ട് 4*മീളാത്ത[4] നരകത്തിൽ വീണു നിത്യവും ദുഃഖം അനുഭവിക്കും എന്നു പറയുന്നത് ബുദ്ധികേടാകുന്നു.

മേലും നിങ്ങൾ പറയുന്ന നരകമായത് ഇടയിലുണ്ടാക്കപ്പെട്ടതാകയാലും ഖണ്ഡിതമായ ഒരു സ്ഥലം എന്നുപറകകൊണ്ടും അഗ്നി, ഗന്ധകം, കൃമി മുതലായ നിത്യ പദാർത്ഥങ്ങളോടു കൂടിയതാകകൊണ്ടും അതിൽ ഇരിക്കുന്നവർ ശരീരികൾ ആകകൊണ്ടും കാണപ്പെട്ടവ അഴിയുമെന്നു നിങ്ങളുടെ ബൈബിൾ പറകകൊണ്ടും അത് എന്നുകൂടിയിട്ടെങ്കിലും അഴിഞ്ഞുപോകുന്നതല്ലാതെ നിത്യമായിരിക്കയില്ലല്ലോ.

ആകയാൽ പാപികൾ നരകത്തിൽ നിത്യവേദന അനുഭവിക്കുമെന്നത് ഒരുവിധത്തിലും ചേരുകയില്ലാ. ഇങ്ങനെ നിരയത്തെക്കുറിച്ചു വിചാരിച്ചതിലും നരകലക്ഷണമില്ലെന്നു സാധിക്കപ്പെട്ടു.

കുറിപ്പുകൾ [തിരുത്തുക]

  1. നിരയം = നരകം, പാപം
  2. പിരമ്പ് = ചൂരൽ
  3. മുഴങ്കാലിൽനിന്ന് = മുട്ടുകാലിൽ നിന്ന്
  4. മീളാത്ത = തിരിയെ എടുക്കാത്ത