ക്രിസ്തുമതനിരൂപണം/ദുർഗുണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
ദുർഗുണം
ക്രിസ്തുമതനിരൂപണം


[ 28 ] അല്ലയോ ക്രിസ്തീയ പ്രസംഗികളെ!

നിങ്ങളുടെ യഹോവാ എന്ന ദൈവത്തിൽ ഇല്ലാത്തവയായ സർവ്വജ്ഞത്വാദി ഗുണങ്ങൾ ആ ദൈവത്തിൽ ഉള്ളതായിട്ട് വലിയ കള്ളം പറഞ്ഞു എന്നുതന്നെയുമല്ല അദ്ദേഹത്തിനുള്ളവകളായ വൈരാഗ്യം, കോപം, അസൂയ, ജീവദ്രോഹം, സ്തുതിപ്രീതി, വ്യാകുലത്വം, ദുഷ്ടത്വം, അസത്യം മുതലായ വലിയ ദുർഗ്ഗുണങ്ങളെ ഒന്നിനേയും വെളിക്കുപറയാതെ മറച്ചുവെച്ചുകളയുകയും ചെയ്തല്ലോ?

എന്നാൽ ഞങ്ങൾ മുൻപറഞ്ഞദുർഗ്ഗുണങ്ങൽ എല്ലാം യഹോയ്ക്കു ഉണ്ടെന്നുള്ളതിനെ, നിങ്ങൾ സത്യമെന്നു കൈകൊണ്ടിരിക്കുന്ന , ബൈബിൾ പ്രമാണം കൊണ്ടെതന്നെ സാധിക്കാം. പുറപ്പാടുപുസ്തകം (20-അ. 5-വാ.) ഞാൻ വൈരാഗ്യമുള്ള ദൈവം, (ടി-34-അ. 14-വാ.) വൈരാഗ്യമെന്നനാമമുള്ള യഹോവാ വൈരാഗ്യമുള്ള ദൈവം; യേശുവാ (24-അ. 19-വാ.) അവൻ വൈരാഗ്യമുള്ള ദൈവം എന്നിങ്ങനെ പറഞ്ഞിരിക്കകൊണ്ട് വൈരാഗ്യമുള്ളവനെന്നും,

സംഖ്യാപുസ്ത്കം (16-അ. 46-വാ.) അധികോപം യഹോവായുടെ സന്നിധിയിൽനിന്ന് പുറപ്പെട്ട് ബാധതുടങ്ങിയിരിക്കുന്നു. (പുറപ്പാട്, 32-അ. 10-വാ.) എന്റെ കോപം അവർക്ക് വിരോധമായി കത്തി അവരെ നശിപ്പിക്കേണ്ടതിന് എന്നെ വിടുക, ഇങ്ങനെ പറങ്ങിരിക്കകൊണ്ട് കോപമുള്ളവനെന്നും. ആദ്യപുസ്തകം. (32-അ. 22-23-വാ.) അനന്തരം ദൈവം, ഇതാ ഗുണദോഷങ്ങളെ അറിയത്തക്കവനായി നമ്മിൽ ഒരുവനെപ്പോലെ ആയി. ഇപ്പയും അവൻ തന്റെ കയ്യുനീട്ടി ജീവവൃക്ഷത്തിനെ കനിയും പറിച്ചു ഭക്ഷിച്ചു. സദാകാലവും ജീവിച്ചിരിക്കാത്തവണ്ണം നിയമിക്കണമെന്നും പറഞ്ഞു ഏദൻ എന്ന തോട്ടത്തിൽനിന്നും അവനെ ഇറക്കിവിട്ടു. (ആദ്യപുസ്ത്കം 11-അ.) ജനങ്ങൾ ഒരു വലിയ ഉന്നതമായ കോവിൽ കെട്ടുവാൻ തുടങ്ങിയതിനെ കണ്ട് അതിനാൽ അവർ മഹാകീർത്തി അടയാൻ പോകുന്നു എന്നുകരുതി യഹോവാ അവരെ ഭിന്നിപ്പിച്ചു കളഞ്ഞതിനാൽ അസൂയ ഉള്ളവനെന്നും.

(പുറപ്പാട്പുസ്തകം 12-അ.) മിസ്രയിൽ ദേശത്തുള്ള എല്ലാ കടിഞ്ഞൂൾകുട്ടികളേയും പാതിരാത്രിയിൽ കൊന്നു. പറവോവിന്റെ ഹൃദയത്തെ കഠിനപ്പെടുത്തി തന്റെ കൽപനയെ കൈകൊള്ളാതെ വിലക്കികൊണ്ട് അവനെയും അവന്റെ സേനകളേയും തന്റെ മഹിമ പ്രകാശിപ്പിക്കുന്നതിനുവേണ്ടി സമുദ്രത്തിൽ മുക്കികൊന്നു. (ലെവിയാ പുസ്തകം 16-അ. 1-വാ.) തന്റെ സന്നിധിയിൽവന്ന അഹരോന്റെ പുത്രൻമാരെ രണ്ടുപേരെ കൊന്നു. (ശമുയൽ 1-പുസ്തകം. 25-അ. 38-വാ.) നാബാൻ എന്നവനെ അടിച്ചുകൊന്നു. പിന്നും ഇസ്രയെൻ ജനങ്ങളുടെയും മറ്റു പലരുടെയും ഇടയിൽ കലഹങ്ങളെ ഉണ്ടാക്കി വളരെ കൊലചെയ്തു എന്നു പറഞ്ഞിരിക്കകൊണ്ട്, ജീവദ്രോഹി എന്നും, [ 29 ]

തന്റെ മഹിമ പ്രകാശിക്കുന്നതിനുവേണ്ടി പ്രയത്നിച്ചു തിരിയുന്നവനെന്നും ബൈബിളിൽ പല സ്ഥലത്തും പറഞ്ഞിരിക്കകൊണ്ട് സ്തുതിപ്രിയനെന്നും,

സൃഷ്ടിച്ചപ്പോൾ സന്തോഷിക്കുകയും പിന്നീട് പരിതപ്പിക്കുകയും ചെയ്തതുകൊണ്ട് വ്യാകുലത്വമുള്ളവനെന്നും (പുറപ്പാട് 1-അ.) വയറ്റാട്ടികളായ സിപ്രായും പൂയായും കള്ളം പറഞ്ഞതുകൊണ്ട് അവരെ അനുഗ്രഹിച്ചു. (1-രാജാക്കന്മാർ 22-അ.) ഒരു ആത്മാവിനെ അയച്ചു കള്ളം പറയിച്ച ആഹാബ് എന്നവനെയും അവന്റെ സേനകളേയും കൊന്നു എന്നു പറഞ്ഞിരിക്കകൊണ്ട് അസത്യവാനെന്നും, (പുറപ്പട് 11-അ.)

ഇസ്രലന്മാരെ അയൽക്കാരോട് ആഭരണങ്ങളെ ഇരവൽ വാങ്ങികൊണ്ടുഒളിച്ചു ഓടിപോകത്തക്കവണ്ണം കൊളുത്തിവിട്ടു. (2-ശമുവേൽ. 12-അ.) ദാവീദ് എന്നവൻ ഉറിയാവിന്റെ ഭാര്യയെ പിടിച്ചതുകൊണ്ട് ദാവീദിന്റെ സ്തീകളെ അവന്റെ അയൽക്കാരനോടു ശയിക്കാൻ കൽപ്പിച്ചു. (ആദ്യപുസ്തകം 20-അ. അബ്രഹാവും 26-അ.) ഇസഹാക്കും കള്ളം പറഞ്ഞതിന്റെശേഷം അവരെ ശിക്ഷിക്കാതെ അനുഗ്രഹിച്ചു. (ഹൊശയാ 1-അ. 2-അ.) നീ ചെന്ന് നിനക്ക് വേശ്യാവൃത്തിയുള്ള ഒരു ഭാര്യയേയും വേശ്യാവൃത്തികളിലെ പൈതങ്ങളെയും എടുത്തുകൊൾക എന്നിങ്ങനെയെല്ലാം പറഞ്ഞിരിക്കകൊണ്ടു മഹാദുഷ്ടതയുള്ളവൻ എന്നും കാണുന്നു.

ഇനിയും ബൈബിൾ പുസ്തകത്തിൽ കാണുന്ന യഹോവായുടെ ദുർഗ്ഗുണങ്ങളെയും ദുരാചാരങ്ങളെയും ദുർവാക്കുകളെയും പറക എന്നുവച്ചാൽ അധികവിസ്താരമായി പോകുമെന്നും ഇത്രയുംകൊണ്ട് മതിയാകുമെന്നും കരുതി ഇവിടെ അവസാനിപ്പിക്കുന്നു.

ഇനി (ആദ്യപുസ്തകം 1-അ. 26-27-വാ.) ദൈവം തന്റെ രൂപമായിട്ടു മനുഷ്യനെ സൃഷ്ടിച്ചു എന്നു കാണുന്നു. അപ്പോൾ യഹോവാ അരൂപിയോ സ്വരൂപിയോ ? ഒരിക്കലും സ്വരൂപിയല്ലാ. അരൂപിതന്നെയാണ്. എങ്കിൽ അരൂപമായ സ്വരൂപത്തിലല്ലയോ സൃഷ്ടിച്ചിരിക്കു. ഇപ്പോൾ മനുഷ്യരെന്നു പറയപ്പെട്ടുവരുന്ന മനുഷ്യരെതന്നെയാണ് സൃഷ്ടിച്ചിരുന്നത് എന്നുവരുകിൽ സൃഷ്ടിച്ചദൈവം അരൂപിയല്ല സ്വരൂപി അത്രേ.

ഹെ! അങ്ങനെ അല്ല തന്റെ സ്വരൂപമെന്നു പറഞ്ഞതിനർത്ഥം ശരീരമെന്നല്ലാ ആത്മാവ് എന്നാണ് എങ്കിൽ യഹോവ സൃഷ്ടിച്ചതു ശരീരത്തെയോ ആത്മാവിനെയോ രണ്ടിനേയും കൂടിയോ? (ആദിപുസ്തകം 2-അ. 7-വാ.) യഹോവ മനു‌ഷ്യനെ മണ്ണുകൊണ്ടു സൃഷ്ടിച്ചു ജീവശ്വാസത്തെ മൂക്കിൽകൂടി ഊതി മനു‌ഷ്യനെ ജീവാത്മാവാക്കി എന്നു കാണുക [ 30 ] കയാൽ സൃഷ്ടിച്ചത് തന്റെ രൂപത്തിലെന്നിരിക്കകൊണ്ടും ആത്മാവ് ദൈവത്തിന്റെ ജീവശ്വാസമാകയാൽ അതുസൃഷ്ടിക്കപ്പെട്ടതല്ലെന്ന് ഇരിക്കയാലും ആത്മാവിനെയല്ല ശരീരത്തെയാണ് സൃഷ്ടിച്ചത്. ജ്ഞാനത്തിന്റെ വടിവിൽ സൃഷ്ടിച്ചു എന്നു പറയുന്നതിനാൽ ഇനിയും വലിയ ദോഷം ഇരിക്കുന്നു. അതായത് ആദിമനുഷ്യനെ ജ്ഞാനത്തിന്റെ രൂപമായിട്ടാണു സൃഷ്ടിച്ചതെങ്കിൽ അവനു സ്വാഭാവികമായിട്ടു ജ്ഞാനം പ്രകാശിക്കാതെ ഇരിക്കുമോ? അറിഞ്ഞിരുന്നുഎങ്കിൽ തന്റെ സ്ത്രീ, പിശാചായ സർപ്പത്തിന്റെ കൈവശപ്പെട്ടുപോകുമോ? അവൾ വശപ്പെട്ടുപോയാലും അവളുടെ വാക്കിനെ ഇവൻ കേൾക്കുമായിരുന്നോ? ഇല്ലല്ലോ. അതുകൊണ്ട് സ്വരൂപമെന്നത് അറിവല്ല, ശരീരം തന്നെയാണ്.

ഇനിയും സ്വരൂപമെന്നുള്ളതിന് അർത്ഥം അറിവ് എന്നാണ് എങ്കിൽ മനുഷ്യനു കനി തിന്നുന്നതിന് മുമ്പിലുണ്ടായിരുന്ന ജ്ഞാനമേ ദൈവത്തിനുള്ളു എന്നും അപ്പോൾ കനി തിന്നതിന്റെ ശേഷം മനുഷ്യനുണ്ടായ ഗുണദോഷജ്ഞാനം പോലും ദൈവത്തിനില്ലെന്നും ഒരുവേള ഉണ്ടെന്നുപറയുന്നപക്ഷം യഹോവായും ഈ കനിയെ എപ്പോഴോ ഒരിക്കൽ തിന്നിട്ടാണ് ഗുണദോഷജ്ഞാനം വന്നിട്ടുള്ളത് എന്നും, സ്വാഭാവികമായിട്ടു ഈ ജ്ഞാനം ഇല്ലെന്നും തീർച്ചയാകും എന്നാകുന്നു.

പിന്നെയും മണ്ണുകൊണ്ടുണ്ടാക്കി എന്നും മൂക്കിൽ ഊതി എന്നും കല്പന കൊടുത്തു എന്നും കാണുന്നുല്ലോ. ഇതിലേക്ക് കയ്യ്, വായ്, മൂക്ക് ഇവകളും ദൈവം വരുന്ന ശബ്ദത്തെ കേട്ടു എന്നുകാണുകയാൽ ശബ്ദം കേൾക്കുമാറു നടക്കുന്നതിലേക്ക് കാലുകളും കായൻ, നോവാ മുതലാവർക്കു കാണപ്പെട്ടു എന്നിരിക്കായാൽ രൂപവും കൂടാതെ എങ്ങനെ ആണ്? ഇനിയും ആദം നഗ്നനാകകൊണ്ട് ലജ്ജിച്ച് ഒളിച്ചിരുന്നു എന്നു കാണുന്നു. അപ്പോൾ അരൂപിയെ കാണുന്നതിനോ കാണാതെ ലജ്ജിക്കുന്നതിനോ ആർക്കെങ്കിലും ഇടവരുമോ? ഇല്ലല്ലോ. ഇതെല്ലാം കൊണ്ടും നോക്കുമ്പോൾ യഹോവാ സ്വരൂപിയെന്നുതന്നെ നിശ്ച്യിക്കപ്പെടുന്നു.

ആദിപുസ്തകം 3 അ. 8വാ പകൽ തണുപ്പുള്ള സമയത്തു തോട്ടത്തിൽ സഞ്ചരിക്കുന്ന യഹോവാ എന്നിരിക്കയാൽ യഹോവാ ഉച്ചക്കാലത്തെ വെയിലിനെ ഭയപ്പെട്ട് എളവെയിലിൽ സുഖത്തിനുവേണ്ടിലാത്തുന്നുവെന്നും അതുകൊണ്ടു ശീതോഷ്ണസുഖദുഃഖാദികൾ ഉള്ളവനെന്നും ഉറപ്പാകുന്നു.

ഇനിയും പലതുമുണ്ട് അവകളെല്ലാം ഇരിക്കട്ടെ.

ഇങ്ങനെ എല്ലാംകൊണ്ടും യഹോവക്കു ദൈവലക്ഷണമില്ലെന്നും ആയതിനാൽ വണങ്ങത്തക്കവനെന്നും മഹത്വമുള്ളവനെന്നും അർഥമുള്ളതായി പറയെപ്പെടുന്ന 'എലോഹിം' സർവ്വവല്ലഭനെന്നു അർഥമുള്ളതായി പറയപ്പെടുന്ന 'എലിയോൻ' തന്നാൽ താനായി ജീവനുള്ളവൻ നിത്യൻ യഥാവാൻ ആദ്യന്തമില്ലാത്തവൻ ഈ അർഥങ്ങളുള്ളതായി പറയപ്പെടുന്ന 'യഹോവാ' എല്ലാവരുടെയും മേലും ദൈവമായവൻ സകലതിനും ന്യായാധിപതി എന്ന അർഥങ്ങളുള്ളതായി പറയപ്പെടുന്ന 'ശദായി' എബ്രായഭാഷയിലുള്ള ഈ നാമങ്ങളും ദൈവമെന്നർഥമുള്ള 'തെയ്യൊസ്സി' കർത്താവെന്നർഥമുള്ള 'കൂറിയോസ്സി' ഗ്രീക്കുഭാഷയിലുള്ള ഈ നാമങ്ങളും ഈ യഹോവാ ദൈവത്തിനു ചേരാത്തവയാകുന്നു എന്നും സ്പഷ്ടമാക്കുന്നു.