ക്രിസ്തുമതനിരൂപണം/മുക്തിസാധനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
മുക്തിസാധനം
ക്രിസ്തുമതനിരൂപണം

മുക്തിസാധനം[തിരുത്തുക]

[ 88 ] അല്ലയോ ക്രിസ്തീയ പ്രസംഗികളേ!

ദൈവം താൻ കൊടുത്ത കല്പനയെ കടന്നു മനു‌ഷ്യർ പാപം ചെയ്തതുകൊണ്ട് അവരെ ന്യായപ്രകാരം ശപിച്ചു എങ്കിലും അനന്തരം കൃപ തോന്നി അവർക്കുവേണ്ടി പാപബലിയാകുന്നതിനു തന്റെ പുത്രനെ അയച്ചുവെന്നു നിങ്ങൾ പറയുന്നുവല്ലോ. എന്നാൽ ദൈവം ആ സമയത്തു ശപിച്ചതുതന്നെ അനീതിയായിപ്പോയി എന്നു മുമ്പിൽ കൂട്ടിക്കാണിചിട്ടുണ്ട്. അലാതെയും,

താൻ വിധിച്ച കല്പനയെ അതിക്രമിച്ചുകൊണ്ട് വർദ്ധിച്ച പാപത്തിലേയ്ക്ക് പ്രായച്ഛിത്തം ചെയ്‌വാൻ മനു‌ഷ്യർ ശക്തന്മാരായി ഭവിക്കയില്ലല്ലോ എന്നു ദയവുതോന്നി അതിനായിട്ട് തന്റെ പുത്രനെ അയച്ച ദൈവം താൻ വിധിക്കുന്ന കല്പനകൊണ്ടു മനു‌ഷ്യർ പാപികളായിപ്പോകുമെന്നുള്ളതിനെ മുൻപിൽകൂട്ടി അറിഞ്ഞു വിധിക്കാതെ തന്നെ ഇരുന്നുകളയരുതാഞ്ഞോ? ആകട്ടെ, അതിലേയ്ക്ക് ഇടയായില്ലെങ്കിലും തന്റെ ശാപത്തെ മനു‌ഷ്യർക്ക് തടുക്കുവാൻ കഴിയില്ലെന്നു കൃപ തോന്നി ശപിക്കാതെ ഇരിക്കരുതാഞ്ഞോ? അല്ലാത്തപക്ഷം താൻ സൃഷ്ടിപ്പാൻ തുടങ്ങിയാൽ ഇപ്രകാരമുള്ള സങ്കടങ്ങളും ദോ‌ഷങ്ങളും സംഭവിക്കുമെന്ന് ആദ്യമേ അറിഞ്ഞു തന്റെ പാട്ടിന് അനങ്ങാതെകണ്ടിരിപ്പാൻ കഴികയില്ലാഞ്ഞോ?

താൻതന്നെ മഹാവേദനയെ വരുത്തുകയും വിലക്കുകയും ചെയ്തതു തന്റെ നീതിയേയും കൃപയേയും അന്യന്മാരെ ബോധിപ്പിക്കയും തന്നെ സ്തുതിപ്പിക്കയും ചെയ്യുന്നതിനുവേണ്ടി ആകുന്നുവെങ്കിൽ അതൊരു പ്രകാരത്തിൽ ചേരും. എന്തുകൊണ്ടെന്നാൽ യഹോവയുടെ പ്രവൃത്തികളെല്ലാം തനതുകാര്യത്തെ ഉദ്ദേശിച്ചല്ലാതെ അന്യന്മാരുടെ സുഖത്തെ ഉദ്ദേശിച്ചല്ലാ. ആകയാൽ നിത്യാനന്ദവും നീതിയും കൃപയും ഇല്ലാത്തവൻ തന്നെയാണ്.

ഇനി തന്റെ പുത്രനെ അയച്ചുവെന്നു പറയുന്നുവല്ലോ. പുത്രനെ തന്ന പിതാവു മുമ്പനെന്നും പിതാവിനാൽ തരപ്പെട്ട പുത്രൻ പിമ്പനെന്നും പിതാവിനാൽ അയയ്ക്കപ്പെട്ടതുകൊണ്ട് പുത്രൻ പരതന്ത്രനെന്നും വെളിവായി കാണുകയാൽ പിതാവും പുത്രനും ഒരുവനാണെന്നും തുല്യന്മാരാണെന്നും നിങ്ങൾ പറയുന്നതു മഹാവിരുദ്ധമാകുന്നു. [ 89 ] പുത്രനായ ക്രിസ്തു ഭർത്താവില്ലാതെ ഗർഭം ധരിച്ച കന്യകയുടെ വയറ്റിൽ ജനിച്ചവനെന്നും അദ്ദേഹത്തിനു ദൈവത്വം ഉണ്ടെന്നും ജന്മപാപം ഇല്ലെന്നും അത്ഭുതങ്ങളെ ചെയ്തെന്നും മരിച്ചതിന്റെ ശേ‌ഷം ജീവിച്ചെന്നും നിങ്ങൾ പറയുന്നതു ശുദ്ധ നുണയാണെന്നും ആ ക്രിസ്തു ദേവനല്ലാ മനു‌ഷ്യൻ തന്നെ എന്നും മുമ്പേ കൂട്ടി സ്ഥാപിച്ചുവല്ലോ.

ക്രിസ്തു മനു‌ഷ്യൻ അനുഭവിക്കേണ്ടതായ ദണ്ഡത്തെ താൻ അനുഭവിച്ചു എന്നു പറയുന്നല്ലോ. അവനവൻ ചെയ്ത കുറ്റത്തിന് അവനവൻ തന്നെ ദണ്ഡമനുഭവിക്കേണ്ടതല്ലാതെ മറ്റൊരുവൻ ദണ്ഡിക്കപ്പെടുന്നതു നീതിയാണോ? ഒരുത്തന്റെ വിശപ്പു മറ്റൊരുത്തൻ ഭക്ഷിച്ചതുകൊണ്ട് ശമിക്കുമോ? ഒരുവന്റെ വ്യാധി മറ്റൊരുവൻ മരുന്നു സേവിച്ചാൽ ശമിക്കുമോ? (ഹെസക്കൽ 18-അ.20-വാ.) പാപം ചെയ്യുന്ന ആത്മാവോ അതു മരിക്കും. പുത്രൻ പിതാവിന്റെ അതിക്രമത്തെ വഹിക്കയില്ലാ. പിതാവു പുത്രന്റെ അതിക്രമത്തെ വഹിക്കയുമില്ല. നീതിമാന്റെ നീതി അവന്റെമേൽ ഇരിക്കും. ദുഷ്ടന്റെ ദുഷ്ടത അവന്റെ മേൽ ഇരിക്കും. (ആവർത്തനപുസ്തകം 24-അ. 14-വാ.) പുത്രന്മാർക്കുവേണ്ടി പിതാക്കന്മാർ കൊലചെയ്യപ്പെടുകയും അരുത്. അവനവൻ തന്നെ തന്റെ പാപം നിമിത്തം കൊലചെയ്യപ്പെടണം. ഇപ്രകാരം നിങ്ങളുടെ ബൈബിൾ പറയുമെങ്കിൽ മനു‌ഷ്യർ അനുഭവിപ്പാനുള്ള ദണ്ഡത്തെ ക്രിസ്തു താൻ തന്നെ അനുഭവിച്ചു എന്നു പറയുന്നത് അല്പം എങ്കിലും ശരിയാകുമോ?

ഇനിയും ക്രിസ്തു വേദനപ്പെട്ടു അതുകൊണ്ട് നിത്യാനന്ദനല്ലാ. അദ്ദേഹത്തിന്റെ മനു‌ഷ്യത്വമല്ലാതെ ദേവത്വം വേദനപ്പെട്ടിട്ടില്ല എന്നു വരികിൽ മനു‌ഷ്യർ കല്പനയെ അതിക്രമിച്ചു ചെയ്ത പാപം പാടുപെട്ടതുകൊണ്ടു നിവൃത്തിയാകയില്ലാ എന്നു നിങ്ങൾ തന്നെ പറകകൊണ്ട് അദ്ദേഹത്തിന്റെ മനു‌ഷ്യത്വം മാത്രമേ പാടുപെട്ടുള്ളു എങ്കിൽ പാപമോചനം വന്നിട്ടുമില്ലാ നിശ്ചയം.

അല്ലാതെയും "ക്രിസ്തു താനേ ദണ്ഡിക്കപ്പെട്ടു രക്ഷിച്ചു" എന്ന് പറഞ്ഞേച്ചു പിന്നീടു മനു‌ഷ്യത്വം പാടുപെട്ടു ദേവത്വം രക്ഷിച്ചു എന്നു പറയുന്നതു വലിയ കളവല്ലയോ?

പിന്നെയും അനന്തകോടി ജിവന്മാർ നിത്യകാലവും അനുഭവിക്കേണ്ടതായ സകലവേദനകളും ക്രിസ്തു തനിച്ച് അല്പകാലംകൊണ്ട് അനുഭവിച്ചുകളഞ്ഞു എന്നുള്ളതു ശരിയാകുമോ? സർവ്വസാമർത്ഥ്യംകൊണ്ട് അങ്ങനെ ചെയ്തുവെങ്കിൽ അല്പകാലം പോലും താൻ വേദനപ്പെടാതെ സർവ്വസാമർത്ഥ്യം കൊണ്ട് അന്യന്മാരുടെ വേദനകളെ വിലക്കിക്കളയരുതാഞ്ഞോ?

ദൈവം മനു‌ഷ്യർക്ക് ഈ ജന്മത്തിൽ യാതൊരു കാരണവും കൂടാതെ തന്റെ തിരുവുള്ളപ്രകാരം മാത്രം സുഖദുഃഖങ്ങളെ കൊടുക്കുന്നു [ 90 ] എന്നും മനു‌ഷ്യർ ഇപ്പോൾ ചെയ്യുന്ന പാപങ്ങളെ കാരണമാക്കിക്കൊണ്ട് അവരെ മരിച്ചതിന്റെ ശേ‌ഷം നരകത്തിൽ തള്ളി നിത്യവേദനകളെ അനുഭവിപ്പിക്കുമെന്നും നിങ്ങൾ പറകകൊണ്ട് ക്രിസ്തുവും ഈ ജന്മത്ത് അനുഭവിച്ച സകല ദുഃഖങ്ങളും ഒരു കാരണവും കൂടാതെ ദൈവത്തിന്റെ തിരുവുള്ളപ്രകാരം വന്നുചേർന്നതെന്നും അതുകൊണ്ട് മനു‌ഷ്യർക്കും പാപമോചനമില്ലെന്നും ഈ ജന്മത്തു ക്രിസ്തു സകലമനു‌ഷ്യരുടെ പാപങ്ങളെയും ഏറ്റുകൊണ്ടു എന്നു പറയുന്നത് സത്യമെന്നുവരികിൽ പരത്തിൽ നിത്യനരകവേദന അനുഭവിക്കുമെന്നും നിശ്ചയിച്ചുകൊള്ളാം, അല്ലയോ?

അല്ലാതെയും ഇഹത്തിൽ അല്പം പാപം ചെയ്തവരും പരത്തിൽ നിത്യവേദന അനുഭവിക്കുമെന്നു നിങ്ങൾ പറയുന്നുവല്ലോ. ആ സ്ഥിതിക്ക് എല്ലാ മഹാപാപങ്ങളെയും തന്നിൽ ഏറ്റുകൊണ്ടു ക്രിസ്തു ഇഹത്തിലും പരത്തിലും അത്യന്തഘോരവേദനകളെ നിത്യവും അനുഭവിക്കേണ്ടതാണ് എന്നുള്ളതിന് സന്ദേഹമില്ലല്ലോ.

തന്റെ പുത്രനെന്ന വാത്സല്യംകൊണ്ട് യഹോവാ ഇദ്ദേഹത്തിനെ നരകത്തിൽ തള്ളാതെകണ്ട് വിട്ടയയ്ക്കും എന്നു വരികിൽ യഹോവാ പക്ഷപാതം ഉള്ളവനായിപ്പോകും.

മേലും മനു‌ഷ്യർ മുമ്പേ ചെയ്തുപോയ പാപങ്ങളുടെ മാത്രമല്ലാ പിന്നീട് ചെയ്വാൻപോകുന്ന പാപങ്ങളുടെ നിവൃത്തിക്കായിട്ടും കൂടി പാടുപെട്ടു എന്നു നിങ്ങൾ പറയുന്നല്ലോ? ഒരുത്തന് ഇനി വരുവാൻ പോകുന്ന സംവത്സരത്തിലെ വിശപ്പിനെയുംകൂടി തീർത്തുകളയുന്നതിലേയ്ക്കു മറ്റൊരുത്തൻ ഇപ്പോൾതന്നെ ഉണ്ടു കളഞ്ഞു എന്നു പറഞ്ഞാൽ ആയതിനെ കുഞ്ഞുങ്ങൾ പോലും വിശ്വസിക്കുമോ?

ഇങ്ങനെയെല്ലാമിരിക്കക്കൊണ്ടു ക്രിസ്തു മനു‌ഷ്യരുടെ പാപങ്ങൾക്കായി ദണ്ഡിക്കപ്പെട്ടു എന്നുപറയുന്നത് അല്പവും ചേരുകയില്ലല്ലോ.

ക്രിസ്തു പാപവിമോചനം ചെയ്തു എന്നുപറയുന്നല്ലോ; അങ്ങനെ ചെയ്തു എങ്കിൽ പാപം പിന്നീട് ലോകത്തിൽ എങ്ങാനും ഇരിക്കുമോ? ഒരു മനു‌ഷ്യൻ കല്പനയെ അതിക്രമിച്ചതുകൊണ്ട് ഉണ്ടായ പാപം എല്ലാ മനു‌ഷ്യരേയും പിടികൂടി എന്നു പറയുന്ന നിങ്ങൾക്ക് ഒരുവൻ വിമോചനം ചെയ്തതുകൊണ്ടു കഴിഞ്ഞ പാപം തൽക്ഷണംതന്നെ എല്ലാവരിൽനിന്നും വിട്ടുമാറിപ്പോയി എന്നുള്ള അഭിപ്രായം എന്താ കൊള്ളുകയില്ലയോ?

ക്രിസ്തു എല്ലാവരുടെയും മുൻപുണ്ടായിരുന്നതും പിന്നീട് ഉണ്ടാവാൻ പോകുന്നതും ആയ പാപങ്ങളെ നിവാരണം ചെയ്തു എങ്കിൽ ആ [ 91 ] ക്ഷണത്തിൽതന്നെ സകലരും പാപത്തിൽ നിന്നും വേർപെട്ടു മുക്തന്മാരായി ഭവിക്കേണ്ടതാണ്. അങ്ങനെ ഭവിക്കാത്തതുകൊണ്ട് ക്രിസ്തു പാപവിമോചനത്തെ ചെയ്തില്ലാ എന്നതു നിശ്ചയമാകുന്നു.

മേലും ഒരു രാജാവാകട്ടെ താൻ വിധിച്ച കല്പനകളെ ചില ജനങ്ങൾ അതിക്രമിച്ചുപോയെന്നു വരികിൽ അതിലേയ്ക്കായിട്ട് അവരെ ശിക്ഷിക്കയല്ലാതെ വിമോചനം ചെയ്തു വിടുക എന്നും ആ കുറ്റത്തിനു താനായിട്ടു നിവൃത്തിയുണ്ടാക്കുക എന്നും തന്റെ തലയിൽ മണ്ണുവാരി ഇട്ടുകൊള്ളുക എന്നും അന്യർക്കായിക്കൊണ്ട് തന്റെ മകനെ ദണ്ഡിപ്പിക്ക എന്നും ഉള്ളതെല്ലാം നീതിയും മഹിമയും ബുദ്ധിയും ന്യായവും ആണോ?

ആകയാൽ മനു‌ഷ്യരുടെ പാപത്തിനെ അവർക്ക് അനുഭവിപ്പാൻ ഇടവരാതെ അവർക്കുവേണ്ടി ക്രിസ്തു വിമോചനം ചെയ്തു എന്നുള്ളത് അല്പവും സത്യമായിട്ടുള്ളതല്ലാ.

ഇനി വിശ്വാസമാണ് മുക്തിയെ തരുന്ന സാധനം എന്നും സ്നാനം ചെയ്യുന്നതിനു മുൻപോ, ചെയ്തതിന്റെ ശേ‌ഷമോ മരിച്ച കുഞ്ഞുങ്ങൾക്കു മോക്ഷമുണ്ടെന്നും നിങ്ങൾ പറയുന്നല്ലോ. ആ കുഞ്ഞുങ്ങൾക്കു വിശ്വാസം ഉണ്ടോ ഇല്ലയോ? ആ സ്ഥിതിക്ക് അവർക്കു മുക്തിസാധനം എന്തോന്നാ? ആയത് അവരെക്കുറിച്ചുള്ള കൃപയാകുന്നു എങ്കിൽ വിശ്വാസം ഇല്ലാത്ത എല്ലാ ആത്മാക്കളെക്കുറിച്ചും ആ കൃപയുണ്ടാകാത്തത് എന്ത്?

ഇങ്ങനെ മുക്തിസാധനനിരൂപണം കൊണ്ടും ഗതിലക്ഷണമില്ലെന്നു സാധിക്കപ്പെട്ടു.