ക്രിസ്തുമതനിരൂപണം/ക്രിസ്തുമതസാരം/മുക്തിസാധനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
മുക്തിസാധനം
ക്രിസ്തുമതനിരൂപണം

[ 9 ]


മുക്തിസാധനം


ഇങ്ങനെ ന്യായപ്രകാരം യഹോവ ശപിച്ചത്‌കൊണ്ട് ആത്മാക്കൾക്ക് എല്ലാവർക്കും പാപകർമ്മം ഉണ്ടാക്കിയതിനെ കണ്ട് അവരുടെ മേൽ തോന്നിയ ദയ ഹേതുവായിട്ട് അനുഗ്രഹം ചെയ്‌വാൻ ഇച്‌ഛിച്ചു മുക്‌തിസാധനോപായം ഉണ്ടാക്കുന്നതിലേക്ക് നിശ്‌ചയിച്ചു.


മുക്തിസാധനമാകുന്നത്


പാപപരിഹാരമായി പരിശുദ്ധസ്‌ഥാനത്തെ ഉണ്ടാക്കുന്ന സാധനമാകുന്നു മുക്തിസാധനമാകുന്നത്. പാപനീക്കത്തിനനുകൂലമായ കർമ്മം ബലിദാനമാകുന്നു. ബലി എന്നത് ഉപഹാരപദാർത്ഥമാകുന്നു. ദോ‌ഷനിവൃത്തിക്കായിക്കൊണ്ട് ജീവന്മാരാൽ കൊടുക്കപ്പെട്ട ആട്, മാട് മുതലായ ഉപഹാരപദാർത്ഥങ്ങൾ ദേവന്റെ ഉടമകളും അവരാൽ ചെയ്യപ്പെടുന്ന പുണ്യകർമ്മങ്ങളെല്ലാം ദേവനു ചെല്ലുവാനുള്ള കടമകളും ആകുന്നു. അതുകൊണ്ട് ജീവന്മാർ ബലിദാനത്തിനു സ്വതന്ത്രകർത്താക്കന്മാരല്ലാ, ആട്, മാട് മുതലായവ സ്വതന്ത്രബലികളുമല്ലാ. ജീവപുണ്യങ്ങൾ സ്വതന്ത്രപുണ്യകർമ്മങ്ങളുമല്ല. അതുകൊണ്ട് പരതന്ത്രങ്ങളായ ഇവകളെല്ലാം ദേവാനുഗ്രഹനിയമത്താലല്ലാതെ ഫലിക്കുന്നവയല്ലാ. ബലിദാനത്തിനു സ്വതന്ത്രകർത്താവു ദേവൻതന്നെയാകുന്നു. ദേവനായ ക്രിസ്തുവത്രേ അവതാരദ്വാരാ സ്വതന്ത്രബലിയാകുന്നതിലേയ്ക്ക് സമ്മതിച്ചവൻ. ക്രിസ്തുവിന്റെ ശരീരനിവേദനം, മരണം മുതലായ ദേവപുണ്യക്രിയകൾ മാത്രമേ സ്വതന്ത്രപുണ്യകർമ്മങ്ങളായിട്ടുഭവിക്കൂ. അതുകൊണ്ട് യഹോവ തന്റെ പുത്രനായ ക്രിസ്തുവിനെ ആ മനു‌ഷ്യരുടെ സന്തതിയിൽ ഒരു മനു‌ഷ്യനായിട്ട് അവതരിച്ച് പിശാചിനെ ജയിച്ച് പരമാർത്ഥോപദേശം ചെയ്ത്, തന്നെ പാപബലിയായിട്ടു കൊടുത്ത് ജീവന്മാരെ അനുഗ്രഹിക്കത്തക്കവണ്ണം ഏർപ്പെടുത്തുകയും, ക്രിസ്തു അതിലേയ്ക്ക് സമ്മതിച്ചു [ 10 ] മദ്ധ്യസ്ഥനാകുകയും ചെയ്തു. ഇതിനെ സുചിപ്പിച്ചാണ് സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തലയെ അറുക്കുമെന്ന് പറഞ്ഞിട്ടുള്ളത്. അതാണ് കൃപാനിയമം. അതുകൊണ്ട് ക്രിസ്തുവിന്റെ ബലിദാനത്തിന്റെ ജ്ഞാപകചിഹ്നമായിട്ടാകുന്നു ആട്ടിൻകുട്ടിയെ ബലിദാനത്തിലേക്കു നിയമിച്ചത്. പൂർവീകന്മാരും അപ്രകാരം തന്നെ ക്രിസ്‌തുവിന്റെ ബലിദാനമായ ജ്‌ഞാപ്യത്തെക്കുറിച്ച് വിശ്വസിച്ച് മേ‌ഷബലിദാനമായ ജ്ഞാപകത്തെ ചെയ്‌തുവന്നു.

ആ സങ്കൽപ്പവും വിശ്വാസവും നടപടിയുംതന്നെ ആദി ക്രിസ്തുമതം. സൃഷ്‌ടിക്കുപിൻപ് 1657 സംവത്സരം കഴിഞ്ഞതിന്റെ ശേ‌ഷം ജലപ്രളയാവസാനകാലത്ത് മാംസഭോജനത്തെയും, സൃഷ്ടിയുടെ 2106-ാം സംവത്സരത്തിൽ അബ്രഹാമിൽ ലിംഗാഗ്രചർമ്മച്‌ഛേദനത്തെയും നിയമിച്ചു. സൃഷ്ടിയുടെ 2513-ാം സംവത്സരത്തിന്റെ ശേ‌ഷം യഹോവാ മോശ എന്നവനു പ്രത്യക്ഷനായിട്ടു പൂർവ്വനിയമത്തിന്റെ വിസ്‌താരമായ മൂന്നുവക വിധികളെ ഉപദേശിച്ചു. അസന്മാർഗ്ഗവിധി, ക്രിയാവിധി, നീതിവിധി എന്നു പറയപ്പെടുന്നു.

  1. ഒരേ ദൈവത്തെതന്നെ വണങ്ങണം.
  2. അന്യദൈവത്തെ വണങ്ങരുത്.
  3. ദൈവനാമത്തെ വൃഥാ ഉച്ചരിക്കരുത്.
  4. ശനിപുണ്യവാരനിയമം. (എന്ന ഈ ദേവാർത്ഥകാര്യങ്ങൾ നാലും)
  5. അച്‌ഛനമ്മമാരെ ഉപചരിക്ക.
  6. കൊല്ലായ്‌ക.
  7. വ്യഭിചരിക്കായ്ക.
  8. മോഷ്‌ടിക്കായ്‌ക.
  9. കള്ളസ്സാക്ഷി പറയായ്‌ക.
  10. അന്യമുതലിനെ ആഗ്രഹിക്കായ്‌ക.

(എന്ന മനു‌ഷ്യാർത്ഥകാര്യം ആറും കൂടി) ഇങ്ങനെ പത്തുവിധമായ നിയമ പുണ്യങ്ങളെ വിധിക്കുന്ന 10 കല്‌പനകളാകുന്നു സന്മാർഗ്ഗവിധികൾ. അതിന്നു ദേവന്യായപ്രമാണം എന്നും പേരുണ്ട്.

ശരീരശുദ്ധി, ദ്രവ്യശുദ്ധി, ആശൗചം, ഉപവാസം, പുണ്യസ്‌ഥലം, പുണ്യകാലം, പുണ്യദ്രവ്യം, ഗുരുത്വം, ആലയസേവ, പൂജ, നിസ്‌ക്കാരോത്സവം മുതലായ നിയമപുണ്യങ്ങളെ അറിവിക്കുന്നത് ക്രിയാവിധി.