Jump to content

ക്രിസ്തുമതനിരൂപണം/ആദിസൃഷ്ടി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
ആദിസൃഷ്ടി
ക്രിസ്തുമതനിരൂപണം

[ 23 ] അല്ലയോ ക്രിസ്തീയ പ്രസംഗികളേ!

യഹോവ ആദിമനു‌ഷ്യരെ വിവേകമില്ലാത്തവരായിട്ടു സൃഷ്ടിച്ചത് എന്തിന്? അങ്ങനെ അല്ല അവർ വിവേകമുള്ളവർതന്നെ ആയിരുന്നു എങ്കിൽ വിലക്കപ്പെടുന്നതിനെ ചെയ്യുന്നതാണ് ചീത്ത, ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നു തിരിച്ചറിയാതെ വിലക്കിയ കനിയെ ഭക്ഷിച്ചത് എന്തുകൊണ്ട്?

ആ കനിയെ ഭക്ഷിച്ചതിന്റെ ശേ‌ഷം ഉണ്ടായ ഗുണദോ‌ഷജ്ഞാനം മുമ്പേ ഇല്ലാതിരുന്നതും എന്തുകൊണ്ട്?

അപ്രകാരം സൃഷ്ടിച്ച യഹോവാ അവരെ ഇരുത്തിയ തോട്ടത്തിൽ ഉപയോഗമില്ലാത്ത ഒരു വൃക്ഷത്തെയും കൂടി ഉണ്ടാക്കിവച്ചത് എന്തിന്? ഒരു പിതാവാകട്ടെ കാഴ്ചയ്ക്കു നല്ലതായ ഒരു വി‌ഷക്കനിയെ കൊണ്ടുചെന്നു വിവേകമില്ലാത്ത കുട്ടികൾ ഇരിക്കുന്ന തന്റെ വീട്ടിൽ വെച്ച് ഇതിനെ ഭക്ഷിക്കരുതെന്ന് വിലക്കിയേച്ചു പോയതിന്റെ ശേ‌ഷം അവർ അതിനെ ഭക്ഷിച്ചു അപചയപ്പെട്ടുവെങ്കിൽ ആ കുറ്റം ആ പിതാവിന്റെ പേരിലല്ലാതെ കുട്ടികളുടെ പേരിലാകുമോ? അതുപോലെ ആദിമനു‌ഷ്യർ പാപികളായ കുറ്റം ആ യഹോവാ എന്ന ദൈവത്തിലല്ലാതെ അവരിൽ ഇരിക്കുമോ?

ഇനിയും ആ ദൈവം, താൻ പറഞ്ഞപ്രകാരം വിലക്കിയ പഴത്തെ ഭക്ഷിച്ച ആളിനെ അന്നുതന്നെ മരണശിക്ഷ കൊടുക്കാതെ വിട്ടുകളഞ്ഞത് നീതിയോ? അത് കൃപകൊണ്ടെന്നുവരികിൽ സർവ്വജ്ഞനായ താൻ പിന്നീടു വരുവാൻ പോകുന്ന എല്ലാവറ്റെയും അറിയുന്നവനായിരിക്കെ അതിനെ മുമ്പിൽകൂട്ടി നിരൂപിക്കാതെ വിട്ടുപോയത് എന്തുകൊണ്ട്?

മേലും, ആ കനിയെ തിന്നാൽ ഗുണദോ‌ഷജ്ഞാനം ഉണ്ടാകുമെന്നുള്ളത് വാസ്തവമാണല്ലൊ. ആ സ്ഥിതിക്ക് അതിനെ വിലക്കിയതു [ 24 ] തന്നെ വഞ്ചകമല്ലയോ? എന്നാൽ അങ്ങനെ അല്ല ആ വൃക്ഷത്തിനു സ്വയമേ ഗുണദോ‌ഷജ്ഞാനം അറിയിക്കുന്ന ഒരു ശക്തി ഇല്ലാ,യഹോവാ വിധിച്ച പ്രകാരം ചെയ്യുന്നതു നല്ലതെന്നും, വിലക്കിയതിനെ ചെയ്യുന്നതാണ് ചീത്ത എന്നും അറിയുന്നതിലേയ്ക്ക് ഒരു അറികുറിയായി നിൽക്കകൊണ്ട് അതിനെ ഗുണദോ‌ഷത്തെ ഉണർത്തുന്ന വൃക്ഷമെന്നു പറഞ്ഞു, എന്നു വരികിൽ ഈ അർത്ഥത്തെ സമ്മതിക്കുന്നതിലേയ്ക്കു പ്രമാണമൊന്നുമില്ലാതെയും ആ കനിയെ ഭക്ഷിച്ചുപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു എന്നു പറഞ്ഞു ഇരിക്കകൊണ്ട് ആയത് തീരെ ചേരുകില്ല.

ഇനിയും എന്തെങ്കിലുമാകട്ടെ, വൃക്ഷത്തെ അവിടെ വയ്ക്കുകയും ഇതിന്റെ പഴത്തെ ഭക്ഷിക്കരുതെന്നു വിലക്കുകയും ചെയ്തത് എന്തിനായിട്ട്? തന്റെ വിധിക്ക് അടങ്ങുന്നത് ഗുണം, അടങ്ങാത്തത് ദോ‌ഷം എന്നുള്ളതിനെ ആ മരം വഴിയായി അവർക്ക് അറിവുകൊടുക്കണമെന്നു നിരൂപിച്ചിട്ടാകുന്നു എങ്കിൽ തനിക്കും പരന്മാർക്കും ഉപകാരപ്പെടത്തക്കതായ വേറെ വല്ല കൽപനകളെയും കൽപിക്കാമായിരുന്നല്ലോ, ഒരു ഫലവും ഇല്ലാത്തതായ ഈ വൃഥാകൽപനയെ കൽപിച്ചത് എന്തിന്?

അതും ആത്മാക്കൾക്കു വിവേകത്തെ കൊടുത്തതാണ് എങ്കിൽ ദൈവമാകുന്നു സർവകാരണനെന്നും അതുകൊണ്ട് അവന്റെ വിധിയെ അനുസരിക്കുന്നതാണു ഗുണമായിട്ടുള്ളതെന്നും അല്ലാത്തത് ദോ‌ഷമാണെന്നും അവർ നല്ലതിൻവണ്ണം അറിയുമായിരുന്നു. അപ്പോൾ അതിലേക്കായിട്ട് ഈ വി‌ഷവൃക്ഷം വേണമെന്നിലല്ലോ? വേണമെങ്കിൽ മുക്തന്മാരായവർക്കും ഇങ്ങനെയുള്ള കൽപന കൊടുക്കേണ്ടതാണ്.

അല്ലാതെയും, തന്റെ ആജ്ഞയിൽ ഉൾപ്പെടുമോ ഇല്ലയോ എന്നു പരീക്ഷിക്കുന്നതിനു വി‌ഷവൃക്ഷത്തെവച്ചു വിലക്കിനോക്കി എന്നു വരുമ്പോൾ മുമ്പിൽക്കൂട്ടി അറിയാത്തതുകൊണ്ട് സർവ്വജ്ഞനല്ലെന്നു വന്നുപോകുമല്ലോ.

ദൈവം മനു‌ഷ്യർക്കു സ്വാധീനത്വത്തെ കൊടുത്തിരുന്നു. അതുകൊണ്ട് അവരുടെ പേരിൽ അല്ലാതെ ദൈവത്തിന്റെ പേരിൽ കുറ്റമില്ല. എങ്കിൽ,

ഒരു പിതാവ് വിവേകമില്ലാത്ത കുട്ടികൾക്കു സ്വാധീനതയെ കൊടുക്കുകയും അതു ഹേതുവായിട്ട് അവർ വലിയ ദോ‌ഷങ്ങളെ ചെയ്യുകയും ചെയ്താൽ ആ ദോ‌ഷങ്ങൾ ആരുടെ പേരിൽ ഇരിക്കും? വിവേകമില്ലാത്തവർക്കു സ്വാധീനതയെ കൊടുത്തതു നീതിയോ? അതും ഇരിക്കട്ടെ. ദൈവം തന്റെ രൂപമായിട്ടു സൃഷ്ടിച്ച മനു‌ഷ്യരെ വഞ്ചിച്ചുകെടുതൽ ചെയ്യുന്നതിന് ഒരു പിശാച് ശക്തനാകുമോ? അപ്രകാരം പിശാചു [ 25 ] വന്നുദോ‌ഷപ്പെടുത്തിയപ്പോൾ ദൈവം അവിടെ ഇല്ലായിരുന്നു എങ്കിൽ സർവ്വവ്യാപകനല്ലെന്നും അതിനെ അറിഞ്ഞില്ലെങ്കിൽ സർവജ്ഞനല്ലെന്നും അതിനെ അറിഞ്ഞിട്ടും ആ പിശാചിനെ ഖണ്ഡിപ്പാൻ കഴിയാതെ ഇരുന്നുപോയി എങ്കിൽ അനന്തശക്തിയുള്ളവനല്ലെന്നും അതിലേയ്ക്ക് സമ്മതിച്ചിരുന്നു എങ്കിൽ കരുണയില്ലാത്തവനെന്നും തീർച്ചയാക്കാം.

ഒരു ദുഷ്ടമൃഗം വന്നു തന്റെ കുട്ടിയെ കൊല്ലുന്നതിനുതുടങ്ങുമ്പോൾ അതിനെ വിലക്കുവാൻ കഴിയുന്നതും പ്രയാസപ്പെടാതെ വൃഥാ നോക്കിക്കൊണ്ടിരിക്കുന്നവനെ പിതാവ് എന്നു പറയുമോ? ഒരിക്കലും പറഞ്ഞുകൂടാ. ആ സ്ഥിതിക്കു നിങ്ങളുടെ ദൈവത്തെ സർവ്വലോക പിതാവാണെന്നു നിരൂപിക്കുന്നതും പറയുന്നതും ശരിയാണോ?

പിശാചിനെ ശിക്ഷിക്കുകയും മനു‌ഷ്യരെ മുക്തിയിൽ ചേർത്തുകൊള്ളുകയും ചെയ്യാം എന്നുള്ള അഭിപ്രായത്തോടുകൂടി ആയിരുന്നു എങ്കിൽ വ്യാധിയേയും ഔ‌ഷധത്തേയും സമ്പാദിക്കുന്നത് ബുദ്ധികേടാകയാൽ അത് ഒരു ഭ്രാന്തകൃത്യമായിട്ടായിരിക്കും എന്നുമാത്രം പറയേണ്ടിവരും.

ഇനിയും മനു‌ഷ്യരുടെ ശുദ്ധിയെ നശിപ്പിച്ചത് പിശാചാണെന്നു പറയുന്നല്ലോ. ആ സ്ഥിതിക്കു മുമ്പേതന്നെ ദേവദൂതൻമുരുടെ ശുദ്ധിയെ നശിപ്പിച്ച് ഈ പിശാചാകത്തക്കവണ്ണം ആക്കിത്തീർത്തത് വേറെ ഒരു പിശാച് എന്നു നിശ്ചയിക്കേണ്ടതാണ്. അതിലേയ്ക്കു അന്ന് അവിടെ അപ്രകാരം ഒരു പിശാച് ഇല്ലായിരുന്നതുകൊണ്ട് യഹോവാതന്നെ എല്ലാവരെയും കെടുത്ത പിശാച് എന്നു പറയപ്പെടണം.

അതുകൂടാതെയും പിശാച് സർപ്പവേ‌ഷം കെട്ടി വന്നു മനു‌ഷ്യരെ ദോ‌ഷപ്പെടുത്തിയതുകൊണ്ട് ആ പിശാചിനെ ശപിക്കാതെ സർപ്പങ്ങളെ എല്ലാം ശപിച്ചത് എന്തിന്?

പാപം ഉണ്ടാകുന്നതിന് ഒരുവിധത്തിലും കാരണങ്ങളാകാത്ത സർപ്പങ്ങൾ എല്ലാം ശാപമേറ്റ സ്ഥിതിക്ക് ആ പാപോൽപത്തിക്കുനേരെ കാരണമായിരുന്ന പിശാചും വൃക്ഷവും അതുകളെ സൃഷ്ടിച്ച ദൈവവും ശാപമേൽക്കാതെ ഒഴിഞ്ഞതു നീതിയായിട്ടുള്ളതുതന്നെയോ?

ഇനിയും ആദിമനു‌ഷ്യർ ദോ‌ഷം ചെയ്തതുകൊണ്ട് അവർക്കു കൊടുത്ത ശാപം അവരുടെ സന്തതിയിൽ ജനിക്കുന്ന എല്ലാ മനു‌ഷ്യർക്കും പറ്റത്തക്കവണ്ണം നിശ്ചയിച്ചതിന്റെ കാരണമെന്താണ്?

ആദിപുസ്തകം 6അ. 6-7വാ. താൻ ഭൂമിയിൽ മനു‌ഷ്യരെ സൃഷ്ടിച്ചതിനെക്കുറിച്ച് പരിതപിച്ചു. അത് യഹോവായുടെ ഹൃദയത്തിൽ വേദനയായിരുന്നു. നാം മനു‌ഷ്യരെ സൃഷ്ടിച്ചത് നമുക്കു പരിതാപമായിരിക്കുന്നു. [ 26 ]

യഹോവാ, ഇപ്രകാരം ഇച്ഛയോടുകൂടി മനു‌ഷ്യരെ സൃഷ്ടിച്ചിട്ട് പിന്നെ പരിതപിച്ചത് എന്തിന്?

താൻ സൃഷ്ടിച്ച മനു‌ഷ്യർ ശുദ്ധന്മാരായിരിക്കാതെ, പാപികളായി പോയതുകൊണ്ടു പരിതപിച്ചു എങ്കിൽ,

അതു ന്യായംതന്നെ. ആ മനു‌ഷ്യർ പാപികളായെന്നുമാത്രമല്ലേ ഉള്ളു. വേറെ അന്യായമൊന്നും ചെയ്തില്ലല്ലോ. ആ അവരെ സൃഷ്ടിച്ചതിനെക്കുറിച്ച് പരിതപിച്ച് യഹോവാ താൻ സൃഷ്ടിച്ച ദൈവദൂതൻ പാപിയായും പിശാചായും തീർന്നു എന്നുമാത്രമല്ല, തന്റെ അടിമകളായ മനു‌ഷ്യരെയും ദോ‌ഷപ്പെടുത്തി, തന്റെ പേരിൽ അപകീർത്തിയും ഉണ്ടാക്കിത്തീർത്തു തന്റെ കൽപനയെയും ലംഘിച്ച്, താൻ ജനിച്ച് കഷ്ടപ്പെട്ടു മരിക്കുന്നതിലേയ്ക്കു ഇടയാക്കി. ജനനമരണമില്ലാത്തവനെന്നുള്ള പേരിനെയും അനർത്ഥവത്താക്കി. ഇങ്ങനെ എലാം തനിക്കു മഹാനാശങ്ങളെ ചെയ്തതുകൊണ്ട് ആ, അവരെ സൃഷ്ടിച്ചതിനെ വിചാരിച്ച് അത്യന്തം പരിതപിക്കാനുള്ളതായിരിക്കെ അല്പംപോലും അതിനെപ്പറ്റി പരിതപിക്കാതെ ഇരുന്നത് എന്തൊകൊണ്ടോ? സൃഷ്ടിച്ചുതുടങ്ങിയാൽ ഇപ്രകാരമുള്ള ദോ‌ഷങ്ങളെല്ലാം സംഭവിക്കുമെന്നുള്ളതിനെ മുമ്പിൽക്കൂട്ടി അറിഞ്ഞിരുന്നില്ലെങ്കിൽ സർവജ്ഞനല്ല എന്നും അറിഞ്ഞു കൊണ്ടുതന്നെ ആയിരുന്നുവെങ്കിൽ കൃപ ഇല്ലാത്തവനെന്നും പിന്നീടു പരിതപിച്ചതു കള്ളമെന്നും നിശ്ചയിക്കേണ്ടതാണ്.

അലാതെയും ലോകത്ത് ഇന്നത് ഇന്നപോലെ ആകുമെന്ന് അറിഞ്ഞിരുന്നാൽ ഇന്നത് ഇന്നവണ്ണം നടത്തേണ്ടതാണെന്നുള്ള നിയതനിശ്ചയവുംകൂടി അപ്പോൾ ചെയ്തു കൊള്ളുകയില്ലയോ? ആ സ്ഥിതിക്കു യഹോവാ നിശ്ചയിച്ച പ്രകാരംതന്നെ എല്ലാം നടക്കും എന്നല്ലാതെ ഇടയ്ക്കു തെറ്റിപോകുമോ? തെറ്റിപോകുമെങ്കിൽ സർവജ്ഞത്വവും സർവകർത്തൃത്വവും ഇല്ലാതാകുമല്ലോ. അങ്ങനെ ഒന്നും തെറ്റിപ്പോയില്ലെങ്കിൽ സമസ്തവും യഹോവായുടെ നിയമപ്രകാരം തന്നെ സംഭവിച്ചിട്ടുള്ളതെന്നു പറയേണ്ടതാണ്. അതുകൊണ്ട് സകല പാപങ്ങളും വീഴ്ചകളും യഹോവയുടെ പേരിൽ അല്ലാതെ മനു‌ഷ്യരുടെമേൽ ഇരിക്കുന്നതിലേയ്ക്കു തീരെ ന്യായം ഇല്ല.

ആദ്യമേതന്നെ സകലത്തെയും നിശ്ചയിച്ചിരുന്ന എന്നുള്ളതിനു പ്രമാണം ഏഫെസിയക്കാർ 1-അ. 4-വാ. നാം ശുദ്ധിയുള്ളവരായും സ്നേഹത്തിന്റെ തന്റെ മുമ്പാകെ കുറ്റമില്ലാത്തവരായും ഇരിക്കേണ്ടുന്നതിന് അവൻ ലോകത്തിന്റെ അടിസ്ഥാനത്തിനു മുമ്പെ നമ്മെ ഇവങ്കൽ തിരഞ്ഞെടുത്തിരിക്കുന്ന പ്രകാരംതന്നെ ടി (11-വാ). തന്റെ മനസ്സിന്റെ ആലോചനപോലെതന്നെ സകലത്തെയും പ്രവർത്തി [ 27 ] ക്കുന്നതിന്റെ നിർണ്ണയപ്രകാരം നാം മുൻ നിയമിക്കപ്പെട്ടിട്ട് ഇവങ്കൽ നമുക്ക് ഒരവകാശംലഭിച്ചിരിക്കുന്നു. റോമാക്കാർ 8-അ. 28-വാ. വിശേ‌ഷിച്ചും ദൈവത്തെ സ്നേഹിക്കുന്നവരും അവന്റെ മുൻ നിശ്ചയപ്രകാരം വിളിക്കപ്പെട്ടവരും ആയുള്ളവർക്കു എല്ലാ കാര്യങ്ങളും നൻമയ്ക്കായിട്ട് ഒരുമിച്ചു വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. 8-അ. 29-വാ. എന്തുകൊണ്ടെന്നാൽ അവൻ മുൻ അറിഞ്ഞവരെ തന്റെ പുത്രൻ അനേക സഹോദരന്മാരിൽ ആദ്യജാതനായിരിക്കേണ്ടുന്നതിന് അവന്റെ സ്വരൂപത്തോട് അനുരൂപപ്പെടുത്തുവാനായിട്ടു മുൻനിശ്ചയിച്ചു. ടി.ടി. 30. അവൻ ഏവരെ മുൻനിശ്ചയിച്ചുവോ അവരെത്തന്നെ അവൻ നീതീകരിച്ചു. ഏവരെ അവൻ നീതീകരിച്ചുവോ അവരെ അവൻ മഹത്വപ്പെടുത്തി. (അപ്പെസ്തോ: നടപ്പുകൾ 2-അ. 22-വാ.) ദൈവത്തിന്റെ നിശ്ചയ ആലോചനയാലും മുൻ അറിവിനാലും ഏല്പ്പിക്കപ്പെടുകകൊണ്ടു നിങ്ങൾ അവനെപിടിച്ച് ദുഷ്ടകൈകൾകൊണ്ട് അവനെ കുരിശിൽ തറച്ചുകൊന്നു. (റോമാക്കാർ 9-അ. 22-33 വ.) പിന്നെ ദൈവം തന്റെ ക്രോധത്തെ കാണിപ്പാനും തന്റെ ശക്തിയെ അറിയിപ്പാനും ഇഷ്ടപ്പെട്ട് നാശത്തിനു യോഗ്യമായുള്ള ക്രോധപാത്രങ്ങളെ വളരെ ദീർഘശാന്തതയോടു സഹിച്ചു എങ്കിൽ എന്ത്? താൻ മഹത്വത്തിനുമുമ്പിൽ ഒരുക്കിയ കാരുണ്യപാത്രങ്ങളിൽ തന്റെ മഹത്വത്തിന്റെ ഐശ്വര്യത്തെ അറിയിപ്പാനും ഇഷ്ടപ്പെട്ടുവെങ്കിൽ എന്ത്? 2. തെസ്സലോനിയക്കാർ 2.അ.13വാ. എന്നാൽ കർത്താവിനാൽ സേവിക്കപ്പെട്ട സഹോദരന്മാരെ, നിങ്ങളെ ദൈവം ആദി തുടങ്ങി ആത്മാവിനാലുള്ള ശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷയ്ക്കു തിരഞ്ഞെടുത്തിരിക്കകൊണ്ട്,

ഈ വാക്യങ്ങളാൽ ഇന്നത് ഇന്നവണ്ണം നടത്തണമെന്നു സൃഷ്ടികാലത്ത് ആദ്യംതന്നെ യഹോവാ നിശ്ചയിച്ചിരുന്നു എന്നു തോന്നുന്നു. അതുകൊണ്ട് യഹോവയുടെ നിയമപ്രകാരം തന്നെയാണ് സകല ദോ‌ഷങ്ങളും സംഭച്ചത് എന്നു തെളിവായിരിക്കുന്നു. ആകയാൽ ആ ദൈവം താൻ ചെയ്ത പാപത്തിലേയ്ക്കുവേണ്ടി ആത്മാക്കളെ ദണ്ഡിപ്പിക്കുന്നതു മഹാ അന്യായമാകുന്നു. ഇങ്ങനെ ആദിസൃഷ്ടി നിരൂപണംകൊണ്ട് ദൈവലക്ഷണമില്ലെന്ന് സാധിക്കപ്പെടുന്നു.