ക്രിസ്തുമതനിരൂപണം/പാശനിരൂപണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
പാശനിരൂപണം
ക്രിസ്തുമതനിരൂപണം

[ 7 ]


പാശനിരൂപണം


ആദ്യന്തമുള്ളതായും അനിത്യമായും ദേവനിയമം ഉള്ളപ്പോൾ അനന്തനിത്യമാകുന്നതായും അവ്യാപകമായും പരതന്ത്രമായും ഇന്ദ്രിയവി‌ഷയമായും വികാരിയായും അചേതനമായും ഇരിക്കുന്ന ജഡവസ്തുവാകുന്നു പാശം. അത് കാര്യപാശമെന്നും ദു‌ഷ്കർമ്മപാശമെന്നും രണ്ടു വിധമായിരിക്കും. അവയിൽ ദൈവത്തിനാൽ ഉപാദാനകാരണംകൂടാതെ സൃഷ്‌ടിക്കപ്പെട്ട ജഡപദാർത്ഥം കാര്യപാശം. അതാകട്ടെ പൃഥിവി, ജലം, വായു, തേജസ്സ് എന്ന് ഭൂതവാച്യങ്ങളാകുന്ന ദ്രവ്യങ്ങളും ഗുണങ്ങളും കർമ്മങ്ങളുമാകുന്നു. ആ കാര്യപാശംതന്നെ ശുദ്ധമെന്നും അശുദ്ധമെന്നും രണ്ട് വിധമായിരിക്കും. അവയിൽ ശുദ്ധപാശമെന്നത് സൃഷ്ടിക്കപ്പെട്ടമാതിരിയിൽത്തന്നെ ഇരിക്കുന്ന സ്വർഗ്ഗമണ്ഡലം മുതലായവയും, അശുദ്ധപാശമെന്നത് സൃഷ്ടിച്ചതിന്റെ ശേ‌ഷം ജീവന്മാരുടെ പാപം ഹേതുവായിട്ട് ദോ‌ഷപ്പെട്ട ഭൂമി മുതലായവയും ആകുന്നു. ഇനി ദു‌ഷ്കർമ്മപാശമെന്നത് ജീവന്മാർക്കു വിധിക്കപ്പെട്ട കർമ്മത്തെ ചെയ്യായ്കകൊണ്ടും വിലക്കപ്പെട്ടതിനെ ചെയ്കകൊണ്ടും ഉണ്ടായ വാസനാരൂപവും ശുക്ലശോണിതവഴിയുടെ സന്തതിയിൽ ചെല്ലുന്നതും പരിശുദ്ധിയെ കെടുത്തുന്നതും മയക്കത്തെ ചെയ്യുന്നതും ക്ലേശം, വ്യാധി, മൂപ്പ്, മരണം എന്നിവകളെ ഉണ്ടാക്കുന്നതും ദുഃഖസാധനവും ബലിദാനത്താൽ പരിഹരിക്കപ്പെടുന്നതും പരിഹരിക്കപ്പെടാത്തസ്ഥിതിക്ക് നിത്യനരകവേദനയ്ക്ക് കാരണവും ജഡഗുണവും ആയിരിക്കുന്ന പാപകർമ്മമാകുന്നു. അതും ജൻമപാപമെന്നും കർമ്മപാപമെന്നും രണ്ടുവിധം. പാപമാകുന്നത് ദേവവാക്യത്തെ വിശ്വസിക്കാത്തതാണെന്നും ദേവവിധിയെ ലംഘിക്കുന്നതാണെന്നും പ്രത്യേകം പ്രത്യേകം അഭിപ്രായപ്പെടുന്ന പക്ഷക്കാരും ഉണ്ട്. ബൈബിൾശാസ്ത്രത്തിൽ സ്പഷ്ടമായി പറയപ്പെടാത്ത വി‌ഷയങ്ങൾക്കും വ്യാഖ്യാതാക്കന്മാർ ഓരോരോ സങ്കൽപപ്രകാരം അവനവന്റെ പോക്കിനു തക്കവണ്ണം അഭിപ്രായപ്പെട്ട് അന്യോന്യം മലയ്ക്കുകയും ചെയ്യുന്നുണ്ട്.