ക്രിസ്തുമതനിരൂപണം/ഉപാദാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
ഉപാദാനം
ക്രിസ്തുമതനിരൂപണം

ഉപാദാനം[തിരുത്തുക]

[ 20 ] അല്ലയോ ക്രിസ്തീയ പ്രസംഗികളെ!

യഹോവ **ഉപാദാനകാരണം[1] കൂടാതെ ശൂന്യത്തിൽ നിന്നാണ് ലോകത്തെ സൃഷ്ടിച്ചതെന്നു നിങ്ങൾ പറയുന്നില്ലല്ലോ. എന്നാൽ സത്ക്കാരത്തിൽ നിന്നു സത്ക്കാര്യമേ ജനിക്കൂ. കാരണത്തിൽ ശക്തി രൂപമായിരുന്നതുതന്നെ പിന്നെ കാരകങ്ങളാൽ വ്യക്തിരൂപമായിട്ടുകാര്യമാകും. വിത്തിൽ നിന്ന് എങ്ങനെയോ അതുപോലെ കാരണം കൂടാതെ കാര്യോൽപ്പത്തി ഒരിടത്തുമില്ല. അസത്ക്കാരണത്തിൽ അസത്ക്കാര്യമല്ലാതെ സത്ക്കാര്യം ജനിക്കുകയുമില്ല. മണലിൽ നിന്ന് എണ്ണ ഉണ്ടാകില്ല. പൊന്നിൽനിന്ന് ഇരുമ്പ് ഉണ്ടാകുന്നില്ല. കുടത്തെ അപേക്ഷിച്ചു മണ്ണിനേയും തൈരിനെ അപേക്ഷിച്ചു പാലിനേയും സ്വീകരിക്കുന്നതുപോലെ അതാതു കാര്യങ്ങളെ അപേക്ഷിച്ച് കാരണങ്ങളെ സ്വീകരിക്കുക എന്നുള്ളതും കാര്യത്തിൽ കാരണത്വം ഇരിക്കുന്നു എന്നുള്ളതും ന്യായസിദ്ധമാകയാൽ സത്ക്കാര്യവാദം സാധിക്കപ്പെട്ടു ആകയാൽ ഘടം മുതലായ കാര്യങ്ങൾക്ക് കുലാലൻ മുതലായ കർതൃകാരണവും മണ്ണുമുതലായ ഉപാദനകാരണവും മാറ്റമില്ലാതെ നിയതമായിരിക്കയാൽ കാര്യമായ ലോകത്തിനു കർത്താവും ഉപാദാനകാരണവും ആവശ്യമായിട്ടുള്ളതെന്ന് അനുമിക്കപ്പെടും.ലോകമായ ഒരു പക്ഷത്തിൽ കാര്യത്വമായ അനുമാനത്താൽ അനുമിക്കപ്പെടുന്ന കർത്താവും ഉപദാനകാരണവുമായ രണ്ടു സിദ്ധങ്ങളിൽ ഒന്ന് സാദ്ധ്യമാകും എന്നും മറ്റേത് അസിദ്ധമാകും എന്നും കൽപിക്കുന്നത് ഒരു വിധത്തിലും യുക്തമാകുന്നില്ലല്ലോ.

അതല്ല, അപ്രകാരം സമ്മതിക്ക എന്നുവന്നാൽ അനുമാനപ്രമാണങ്ങളെല്ലാം അഴിഞ്ഞുപോകുന്നതാണ്.

അങ്ങനെയെങ്കിൽ *കാര്യത്വഹേതുവിനാൽ[2] **ദൃഷ്ടാന്തസിദ്ധഘടാതികർത്താക്കളിൽ[3] എന്നപോലെ ദൃഷ്ടാന്ത സിദ്ധലോകകർത്താവിലും അല്പജ്ഞാനം അല്പശക്തി പരവശത മുതലായ ഗുണങ്ങൾ ഉണ്ടായിരിക്കുമെന്നുവന്നുപോകുമല്ലോ. എന്നാൽ ദൃഷ്ടാന്തത്തിൽ ഘടകർത്താവായ ജീവാത്മാവാകട്ടെ ഘടത്തെ നിവർത്തിക്കുന്നതായ തന്റെ കാര്യത്തെക്കുറിച്ച് മുഴുവനും അറിയുന്നവനും മിഴുവനും ചെയ്യുന്നവനും സ്വതന്ത്രനും തന്റെ കാര്യനിവർത്തിക്കുതക്കതായ ശരീ [ 21 ] രാവധി നിലയുള്ളവനും ആയിരിക്കും. അപ്രകാരംതന്നെ ഈശനും തന്റെ കാര്യത്തിൽ പൂർണ്ണജ്ഞാനം മുതലായവയോടു കൂടിയവനായിരിക്കുമെന്ന് തീർച്ചയാകും.

അങ്ങനെ എങ്കിൽ ഘടകർത്താവു തന്റെ കാര്യമല്ലാത്ത പടം മുതലായവയെ ചെയ്യാത്തതുപോലെ ഈശനും തന്റെ കാര്യമല്ലാത്ത വേറൊന്നിനെ ചെയ്യാത്തവനാകുമലോ. എന്നാൽ,

ഈശന്റെ കാര്യമല്ലാതെ അന്യകാര്യമില്ലാത്തതുകൊണ്ട്[4] ഈ സംശയത്തിലേയ്ക്ക് അവസരമേ ഇല്ല, അതിനാൽ കാര്യത്വഹേതുവെന്നാൽ ഉപാദാനകാരണം സാധിക്കപ്പെടുന്നു.

എന്നാൽ ദൈവം സർവസാമർത്ഥ്യംകൊണ്ട് കാരണം കൂടാതെ കാര്യത്തെ ജനിപ്പിക്കും എന്നുവരികിൽ,

അതു ചേരുകയില്ല. സർവ്വസാമർത്ഥ്യമെന്നത് ശരിയായി എല്ലാവറ്റെയും തടവുകൂടാതെ നടത്തുന്ന ശക്തിയാകുന്നു. ആ ശക്തി ഉണ്ടെന്നും വച്ച് ശരിയായതിനെ അല്ലാതെ ശരിയല്ലാത്തതിനെ ചെയ്ക എന്നുള്ളത് ഒരു വിധത്തിലും സർവ്വസാമർത്ഥ്യത്തെ താങ്ങുന്നതല്ല. കൃശതയും സ്ഥൂലതയും മാറാതെ ഇരിക്കവേ കടുകിനകത്ത് മലയെ കടത്തുന്നത് തക്കതല്ല. അങ്ങനെ ചെയ്യാത്തതുകൊണ്ട് സർവ്വസാമർത്ഥ്യംഭംഗം ഒരിക്കലും ഉണ്ടാകയില്ല. ഉണ്ടാകുമെന്നുവരികിൽ ദൈവം തനിക്കു തുല്യനായ വേറെ ഒരു അനാദി ദൈവത്തെ ഉണ്ടാക്കുന്നതിനും തന്നെ ഇല്ലാതാക്കിക്കളയുന്നതിനും കഴിയാത്തവനാകയാൽ അസമർത്ഥനെന്നു വരേണ്ടതാണ്. അതു നിങ്ങൾക്കു സമ്മതമല്ലാത്തകൊണ്ട് ഉപാദാനകാരണത്തെ അപേക്ഷിക്കയാൽ *സർവ്വസാമർത്ഥ്യഭംഗം[5] ഒരിക്കലും ഉണ്ടാകുന്നതല്ല.

ഇനിയും ദൈവം താൻതന്നെ ഉപാദാനകാരണവും നിമിത്തകാരണവുമായിട്ടു നിന്ന് ലോകത്തെ ജനിപ്പിച്ചു എന്നു നിശ്ചയിക്കാമല്ലോ. എങ്കിൽ,

അതും ചേരുകയില്ല. കാര്യം കാരണാത്മകം എന്നാണ് ന്യായം. ആകയാൽ വെളുത്ത വസ്ത്രത്തിന്റെ ഉപാദാനകാരണമായ തന്തുവും വെളുത്ത നിറത്തോടുകൂടി ഇരിക്കുന്നതുപോലെ ചേതനവും അചേതനവുമായ ലോകത്തിന് ഉപാദാനകാരണമായിരിക്കകൊണ്ട് ദൈവവും ചേതനത്വവും അചേതനത്വവും ഉള്ളവനെന്നു പറയേണ്ടിവരും. അപ്പോൾ അന്യോന്യം വിരുദ്ധങ്ങളായ ചെതനത്വാചേതനത്വങ്ങളെന്ന രണ്ടു ധർമ്മങ്ങളുംകൂടി ഒരു ധർമ്മിയിൽ ഇരിക്കുകയുമില്ലല്ലോ. [ 22 ] ഒരംശംകൊണ്ടു ചേതനത്വവും ഒരംശംകൊണ്ടു അചേതനത്വവും ഉള്ളവനെന്നു വരികിൽ,

1സാവയവത്വം[6] ഉണ്ടായി 2ഘടപടാദികൾക്ക്[7] എന്നപോലെ 3കാര്യത്വം[8] വന്നു 4പരമകാരണത്വഭംഗം[9] ഭവിക്കും. "യദ്യദ് സാവയവം തത്തൽ കാര്യം യഥാ ഘടപടാദി" - ഏതെല്ലാം അവയവത്തോടു കൂടിയതോ അതെല്ലാം കാര്യമാകുന്നു. ഘടം, പടം മുതലായവ എങ്ങനെയോ അപ്രകാരം ഇതല്ലയോ ന്യായം.

ഇനിയും ദൈവം സ്വതന്ത്രത്വമുള്ളവനാകയാൽ വേറൊന്നിനെ അപേക്ഷിക്കാതെ സ്വേച്ഛാപ്രകാരം ലോകത്തെ നിർമ്മിച്ചുവെന്നു അനുവദിക്കാമെങ്കിൽ, അതു ചേരുകയില്ല. സ്വതന്ത്രത്വം ഉള്ളതുകൊണ്ട് ന്യായത്തെ നോക്കാതെയോ നോക്കിയോ കൃത്യത്തെ ചെയ്യുന്നത്?

നോക്കാതെ ചെയ്യുമെങ്കിൽ ജീവന്മാരുടെ പുണ്യപാപങ്ങളാകുന്ന കാരണങ്ങൾ വേണ്ടെന്നും തോന്നിയപോലെ നിയമം കൂടാതെ സുഖദുഃഖങ്ങളെ കൊടുക്കുമെന്നും കാര്യത്തിനു തക്കതായ കാലം, ദേശം മുതലായ സാമാന്യകാരണങ്ങളെയും നോക്കാതെ യഥേഷ്ടം കൃത്യം ചെയ്യുമെന്നും 5ധർമ്മിധർമ്മഭാവസംബന്ധന്യായം[10] നോക്കാതെ കാഠിന്യമുള്ളതായ ഭൂമിയെ ദ്രവത്വമുള്ളതാക്കുകയും ദ്രവത്വമുള്ള ജലത്തെ കാഠിന്യവും ഗന്ധവും ഉള്ളതാക്കുകയും അഗ്നിയെ രസമുള്ളതാക്കുകയും വായുവിനെ രൂപമുള്ളതാക്കുകയും ഇനിയും തോന്നിയ പ്രകാരമെല്ലാം ചെയ്യുമെന്നും ന്യായം നോക്കിത്തന്നെയാണെങ്കിൽ കാര്യകാരണസ്വഭാവസംബന്ധന്യായത്തെയും [11] 6സൽകാര്യവാദന്യായത്തെയും[12] അനുസരിച്ച് ഉപദാനകാരണത്തെ അപേക്ഷിച്ച് കൃത്യം ചെയും എന്നലയോ സമ്മതിക്കേണ്ടത്.

അങ്ങനെയാണെങ്കിൽ ഉപാദാനകാരണം മുതലായവയെ അപേക്ഷിച്ച് കൃത്യം ചെയ്യുന്നതുകൊണ്ട് ദൈവം സ്വതന്ത്രത്വം ഇല്ലാത്തവനാകുമല്ലോ. എന്നാൽ അങ്ങനെ അല്ല. ദൈവത്തിന്റെ സ്വാതന്ത്യ്രമായത് സ്വതന്ത്രമായ വേറെ ഒന്നിനാൽ പ്രര്യമാണമല്ലാതെ ഇരുന്ന് സാധനം മുതലായവയെ നിയമിച്ചു നടത്തുന്ന ശക്തിയാകുന്നു. അല്ലാതെ ജീവകർമ്മം മുതലായവയെ അപേക്ഷിക്കാതെ ഇരിക്കുന്നതല്ല. ഭണ്ഡാഗാരം മുതലായവയെ അപേക്ഷിച്ചു ദാനം മുതലായ കൃത്യങ്ങളെ ചെയ്യുന്ന രാജാവിനു സ്വാവധി സ്വതന്ത്രത്വം കുറയാത്തതുപോലെ നിമിത്തം, ഉപാദാനകാരണം, ജീവകർമ്മം മുതലായവയെ അപേക്ഷിച്ചു കൃത്യം ചെയ്യുന്ന ദൈവത്തിനും സ്വാതന്ത്യ്രത്തിനു യാതൊരു കുറവും ഇല്ല.

ഇങ്ങനെ ഉപാദാനകാരണത്തെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു കണ്ടിരിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

 1. ഉപാദാനകാരണം = ഏതെങ്കിലും വസ്തു സൃഷ്ടിക്കപ്പെടുന്നതിനു ആധാരമായി നിൽക്കുന്ന വസ്തു ഉപാദാനകാരണം. നൂലിന് പഞ്ഞി ഉപാദാനകാരണമാണ്. മുണ്ടിനു നൂല് ഉപാദാനകാരണമാണ്. മുണ്ടുണ്ടാക്കുന്ന ആൾ കര്തൃകാരണമാണ്. സൃഷ്ടിക്കു ഇപ്രകാരം ഉപാദാനകാരണമില്ലാതെ യഹോവ ശൂന്യത്തിൽനിന്നു സൃഷ്ടിനടത്തി എന്നാണു ബൈബിൾ പറയുന്നത്.
 2. കാര്യത്വഹേതു = സൃഷ്ടിയുടെ കാരണം.
 3. ദൃഷ്ടാന്തസിദ്ധഘടാതികർത്താക്കൾ = ഈശ്വരൻ ലോകത്തെ സൃഷ്ടിക്കുമ്പോൾ എന്താണ് സൃഷ്ടിക്കേണ്ടത്‌ എങ്ങനെ സൃഷ്ടിക്കണം എന്നെല്ലാം അറിവുന്റായിരിക്കും. കുടമുന്റാക്കുന്ന കുലാലന്(ഘടാദികർത്താവ്)മണ്ണ് എങ്ങനെയുള്ളതായിരിക്കണം കുടം എങ്ങനെ ഉണ്ടാക്കണം എന്നിവയെക്കുറിച്ച് നല്ല അറിവുണ്ട്. എന്നാൽ യഹോവ സൃഷ്ടി തുടങ്ങിയപ്പോൾ ഭാവിയിൽ വരാൻപോകുന്ന പലകാര്യങ്ങളെക്കുറിച്ചും അറിവില്ലാത്തവനായിരുന്നു എന്നാണു ബൈബിൾവചനംകൊണ്ടു കാണുന്നത്.
 4. സാധ്യം ഉണ്ടോ ഇല്ലയോ എന്നു സംശയമുള്ള സ്ഥലമാണു പക്ഷം. ഉദാ. "പർവ്വതത്തിൽ തീയുണ്ട്; പുകയുള്ളതുകൊണ്ട്" എന്ന അനുമാനവാക്യത്തിൽ "തീ" സാധ്യവും, "പുകയുള്ളതുകൊണ്ട്" എന്നതു ഹേതുവും, "പർവ്വതം" പക്ഷവുമാണ്.
 5. സർവ്വസാമർത്ഥ്യഭംഗം = എല്ലാം ചെയ്യാൻ കഴിവുണ്ട് എന്ന അവസ്ഥയുടെ ഭംഗം
 6. സാവയവത്വം = അവയവങ്ങളോട് കൂടിയ അവസ്ഥ
 7. ഘടപടാദികൾ = കുടം, വസ്ത്രം മുതലായവ.
 8. കാര്യത്വം = അവയവം അഥവാ രൂപം ഉള്ള അവസ്ഥ.
 9. പരമകാരണത്വഭംഗം = പരമപ്രധാനമായ അഥവാ ഏറ്റവും അടിസ്ഥാനപരമായ കാരണം എന്ന തത്വത്തിന്റെ ഭംഗം
 10. ധർമ്മിധർമ്മഭാവസംബന്ധന്യായം = വസ്തുവിനെയും അതിന്റെ ധർമ്മത്തെയും നോക്കി ബന്ധിപ്പിക്കുന്ന ന്യായം.ഭൂമിയുടെ ധർമ്മം കാഠിന്യവും ഗന്ധവുമാണ്. ജലത്തിന്റെ ധർമ്മം ദ്രവത്വം. ഭൂമിയ്ക്കു കാഠിന്യവും, ഗന്ധവും ധർമ്മങ്ങളാകുന്നു. ജലത്തിന്റെ "ധർമ്മം" രസവും, ദ്രവത്വവുമാണ്. ഭൂമിയും, ജലവും "ധർമ്മി" എന്നറിയപ്പെടുന്നു. ഇവ തമ്മിലുള്ള സംബന്ധമാണ് ധർമ്മിധർമ്മഭാവസംബന്ധം.
 11. കാര്യകാരണസ്വഭാവസംബന്ധം. = കാരണത്തിന്റെ സ്വഭാവം കാര്യത്തിൽ അനുവർത്തിക്കും എന്നതാണ് കാര്യകാരണസ്വഭാവസംബന്ധം.
 12. സൽകാര്യവാദന്യായത്തെയും = കാര്യകാരണ ബന്ധത്തിലൂടെയുള്ള സത്യാന്വേഷണം.