ക്രിസ്തുമതനിരൂപണം/ജന്മപാപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
ജന്മപാപം
ക്രിസ്തുമതനിരൂപണം

ജന്മപാപം[തിരുത്തുക]

[ 87 ] അല്ലയോ ക്രിസ്തീയ പ്രസംഗികളേ!

ആദിമനുഷ്യർ പാപികളായിത്തീർന്നതുകൊണ്ട് അവരുടെ ശുക്ല ശോണിതവഴിയായി ജനിക്കുന്ന എല്ലാമനുഷ്യർക്കും ജന്മപാപമുണ്ടായിരിക്കുമെന്നു നിങ്ങൾ പറയുന്നല്ലോ. ഓ!ഹോ! പാപമെന്നതു എന്തോന്നാണ്? ഒരു ദ്രവ്യമോ ഗുണമോ? രണ്ടുമല്ലല്ലോ. അതി വിലക്കിയതിനെ ചെയ്ത കർമ്മമായിട്ടും, വിധിച്ചതിനെ ചെയ്തിട്ടില്ലെന്നുള്ള കർമ്മത്തിന്റെ ഇല്ലായ്മയായിട്ടും അല്ലയോ ഇരിക്കുന്നത്? ആ സ്ഥിതിക്കു കർമ്മവും കർമ്മത്തിന്റെ ഇല്ലായ്മയും ഒരു വസ്തുവിൽ തോന്നി തൽക്ഷണം തന്നെ നശിക്കുകയും ചെയ്യും. ആകയാൽ ആയത് ഒരുത്തരിത്തന്നെ ചിരകാലം ഇരുന്നുകൊണ്ട് അവരുടെ വിന്ദുവഴി മറ്റുള്ളവരിലും പ്രവേശിക്കുമെന്ന് പറയുന്നത് ചേർച്ചയില്ലാത്തു കൂടാതെയും അച്ഛനമ്മമാരുടെ വിന്ദുവിനാൽ ഉണ്ടാകുന്നതു ശരീരമാകുന്നു. അല്ലാതെ ആത്മാവ് അല്ല. ശരീരം ജഡമായും ആത്മാവ് ചിത്തായും ഇരിക്കയാൽ അതിന്റെ സ്വഭാവം വേറെ. ഇതിന്റെ സ്വഭാവം വേറെ. ആകയാൽ അതിനോട് ഇതിന് അൽപവും സംബന്ധം ഇല്ലാ.

ഈ ആത്മാവ് അച്ഛനമ്മമാരുടെ ആത്മാവിൽ നിന്ന് ഒരു അംശം അല്ലാ. ഒരു അംശം എന്നു വരികിൽ ജ്ഞാനസംബന്ധംകൂടി ഉണ്ടായിരിക്കുകയും ആ ആത്മാവ് ഖണ്ഡിക്കപ്പെടത്തക്കതെന്നു പറയുകയും ചെയ്യേണ്ടതാണ്. ആകയാൽ അതിനും ഇതിനും യാതൊരു സംബന്ധവും ഇല്ലല്ലോ. ഇങ്ങനെ ഇരിക്കുമ്പോൾ ഒരാത്മാവ് ചെയ്ത കുറ്റം മറ്റൊരു ആത്മാവിനെ പറ്റിപ്പിടിക്കുമെന്ന് പറയുന്നതു ന്യായമാണോ?

മേലും ശുക്ലംവഴിയായി പാപം സംബന്ധിക്കുമെങ്കിൽ കുരുട്, ചെകിട് മുതലായ ഊനമുള്ളവർക്കു നല്ല സൌന്ദര്യമുള്ള കുട്ടികളും നിത്യരോഗികൾക്ക് അരോഗികളായ പുത്രന്മാരും ദുഷ്ടനായ പിതാവിന് ശിഷ്ടനായ പുത്രനും ശിഷ്ടനായ പിതാവിന് ദുഷ്ടനായ പുത്രനും ജനിക്കുന്നത് എന്തുകൊണ്ട്? ഈ സംഗതികളാലും വിന്ദുവഴിയായി പാപസംബന്ധമുണ്ടാകുമെന്നു പറയുന്നത് അൽപവും യുക്തമല്ലാ. ഇനിയും അപ്രകാരംതന്നെ പാപം കൂടെ തുടർന്നു ചെല്ലുമെങ്കിലും ആ പാപം താനെ പൊയ്കളയുമോ? ഇല്ലല്ലോ? അതുകൊണ്ട് ദൈവം തന്നെ അതിനെ ഇല്ലാതെ ആക്കേണ്ടതല്ലയോ? അങ്ങനെ ഇരിക്കമ്പോൾ ഒരുത്തൻ ചെയ്ത പാപത്തെ മറ്റൊരുത്തന്റെ പേരിൽ ചുമത്തുകയാൽ ആ ദൈവം മഹാ അന്യാക്കാരൻ അല്ലയോ?

ഈ ലോകത്തിലുള്ള രാജാക്കന്മാപോലും ഒരുവൻ കുറ്റം ചെയ്താൽ അവനെ ദണ്ഡിപ്പിക്കയില്ല. ആ സ്ഥിതിക്ക്, സർവ്വജ്ഞനായും, സർവ്വദയാലുവായും, പരിപൂർണ്ണനായും സ്നേഹദ്വേഷരഹിതനായും ഇരിക്കുന്ന ദൈവം ഒരാത്മാവ് ചെയ്ത കുറ്റത്തെ മറ്റൊരു ആത്മാവിന്റെ മേലാക്കി ദണ്ഡിപ്പിക്കും എന്നു പറയുന്നതു ന്യായമല്ലാതാകുന്നു. ഇങ്ങനെ ജന്മപാപത്തെക്കുറിച്ചു വിചാരിച്ചതിലും, പാശലക്ഷണം ഇല്ലെന്നു തെളിവായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.