എന്നലാതെ അവരുടെ അടുക്കൽ ന്യായം, ദയ മുതലായ ഗുണങ്ങൾ അല്പമെങ്കിലുമുണ്ടെന്നു വിചാരിപ്പാൻ പാടില്ല. ഇനിയും പാതിരിമാർ യൂറോപ്യന്മാരുടെ നാഗരീകത്തിനും നീതിയിലും ക്രിസ്തുമതമാണ് കാരണമെന്നു മടികൂടാതെ പറയുന്നത് ഒരിക്കലും ശരിയല്ലെന്നുള്ളതിലേയ്ക്ക് മുൻകാണിച്ച അന്യായങ്ങളും ഹിംസകളും നാഗരീകത്തിനു നീതിക്കും കാരണമായ ബൈബിളിനു മുഴുവിരോധമാകുന്നു എന്നും അവകളിരുന്ന പുസ്തകശാലകളോടുകൂടി തീയിട്ടു ചുടുകയും അതുകളെ പഠിച്ചറിഞ്ഞവരായ എല്ലാ പാതിരിമാരേയും ജയിലിൽ ഇരുത്തിയും ഹിംസിച്ചുകൊണ്ടു ചെയ്തിട്ടുള്ളതും തന്നെ സാക്ഷികളാകുന്നില്ലയോ?
വിദ്യാശാലകൾക്കു പാതിരിമാർ പ്രധാനികളായിരുന്ന കാലത്തു ടി. ശാസ്ത്രങ്ങളെ പാഠംവയ്ക്കാതെ ബൈബിളിനെ (ക്രിസ്തുമതവിഷയമായ) പാഠങ്ങളെ മാത്രം വയ്ക്കയാൽ ടി. ശാസ്ത്രങ്ങൾ അക്കാലത്ത് പരിപാലിക്കപ്പെടാതെ പോകയും ട്വാർക്കിമാട് എന്ന ആൾ ഹിബ്രുവിൽ എഴുതിയിരുന്ന ശാസ്ത്രപുസ്തകങ്ങളെ തീയിലിടുകയും ചാലമാൻക എന്ന ദേശത്ത് 6000 ശാസ്ത്രപുസ്തകങ്ങളെ ചുടുകയും സ്പാനിയാവിൽ ശാസ്ത്രങ്ങളെ വർദ്ധിപ്പിച്ചുകൊണ്ടുവരുന്നതിലേയ്ക്ക് ഉത്സാഹിച്ചവരായ 119 ശാസ്ത്രിമാരെ ജയിലിൽ കൊണ്ടിട്ടു കൊല്ലുകയും ഫ്രാൻസിൽ രസവാദശാസ്ത്രങ്ങളും മറ്റുള്ള ശാസ്ത്രങ്ങളും പഠിച്ചുകൂടാ എന്നും ക്രിസ്തുമതവിരോധകമായ ഏതു പുസ്തകങ്ങളെയും ക്രിസ്തുമതപ്രധാനിയുടെ ഉത്തരവു കൂടാതെ അച്ചിട്ടു കൂടാ എന്നും ഉത്തരവുണ്ടാക്കുകയും 1519-ആം വർഷത്തിൽ *പാണിനി[1] എന്ന തർക്കശാസ്ത്രിയെ ദലൂസ എന്ന ദിക്കിൽ നാക്കിനെ പറിച്ചുകൊല്ലുകയും ചെയ്തല്ലോ. ഇനിയും അനേകമുണ്ട്. സമയം പോരാത്തതിനാൽ നിർത്തുന്നു.
- മേൽ വിവരിച്ച പ്രബലന്യായങ്ങളെക്കൊണ്ട് പിതാവ്, പുത്രൻ, പവിത്രാത്മാവ് ഇവർ ദൈവലക്ഷണമുള്ളവരലെന്നും ക്രിസ്തുവിന്റെ പാപബലിയും വിശ്വാസവും മുക്തിസാധനമാകയില്ലെന്നും മുക്തിലക്ഷണവും നിത്യനരകത്തെ അനുഭവിക്കുമെന്നുള്ളതും അല്പംപോലും ചേരുന്നവയല്ലെന്നും ബൈബിൾ അപ്രമാണമാണെന്നും മറ്റും നല്ലതിൻവണ്ണം സാധിക്കപ്പെട്ടിരിക്കുന്നു.
- ഇനി ചിലർ പല ദൂഷണങ്ങളെയും ആഭാസന്യായങ്ങളെയും വിളിച്ചെഴുന്നെള്ളിച്ചുകൊണ്ട് ഇതിലേയ്ക്കും മറുപടി എഴുതിവിടുന്നു
- ↑ പാണിനി = യുറോപ്പിലെ ഒരു ഭാഷാപണ്ഡിതൻ