Jump to content

മണിനാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മണിനാദം (കവിതാസമാഹാരം)

രചന:ഇടപ്പള്ളി രാഘവൻ പിള്ള (1944)
ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയാണ് 'മണിനാദം'.
[ 2 ]
മാതൃഭൂമി
ആഴ്ചപ്പതിപ്പ്
പുസ്തകം 14 1111 മിഥുനം ൨൮-ആംനു തിങ്കളാഴ്ച ലക്കം W 17


രു യുവകവിയുടെ വിഷാദാത്മകത്വം അദ്ദേഹത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നു.

"മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാൻ!"

എന്ന് കഴിഞ്ഞ ലക്കം ആഴ്ചപതിപ്പിൽ ഉഴറിപ്പാടി വിടചോദിച്ച ശ്രീ ഇടപ്പള്ളി രാഘവൻപിള്ള കെട്ടിഞാന്ന് ജീവനൊടുക്കിയിരിക്കുന്നു. ഒരു പ്രത്യേക മനോഭാവത്തോടുകൂടി നോക്കുമ്പോൾ ഈ ലോകത്തിൽ ദുഃഖിക്കാനും നിരാശപ്പെടാനുമുള്ള സംഗതികൾ മാത്രമേ കാണുകയുള്ളൂ എന്നതു വാസ്തവമാണ്. അനീതികളുടേയും അസമത്വങ്ങളുടെയും വിളനിലമായിത്തീർന്നിരിക്കുന്നു നമ്മുടെ സമുദായം. എങ്കിൽ കൂടി മനുഷ്യന്റെ കർമക്ഷമത ഈ അസമത്വങ്ങളുടെയും അഴിമതികളുടെയും മുന്നിൽ തലകുനിച്ച് അവയ്ക്കു വഴിയരുളുകയോ? ദാരിദ്ര്യവും മഹാവ്യാധിയും ഞെക്കിഞെരുക്കുന്നവർ, ജീവിതത്തിൽ യാതൊരുദ്ദേശ്യവുമില്ലാത്തവർ, മനോദാർഢ്യമില്ലാത്തവർ ആത്മഹത്യ വരിക്കുകയാണെങ്കിൽ അതിനുള്ള ഉത്തരവാദിത്വം അവരേക്കാൾ അധികം സമുദായം തന്നെ വഹിക്കണമെന്നു സമ്മതിക്കാം. പക്ഷേ കവിയുടെ നില ഒരു സന്ദേശവാഹകന്റേതാണ്. കവിയുടെ സങ്കല്പലോകം പലരും ആദർശമായെടുത്തേയ്ക്കാം. അങ്ങനെയിരിക്കെ "മരണമാണ് ജീവിതത്തിന്റെ വമ്പിച്ച സമ്മാനം" എന്ന് ഒരു കവി ഉൽഘോഷിക്കുകയാണെങ്കിൽ, അതിന്നനുസരിച്ച് ജീവിതം അവസാനിപ്പിക്കുകയാണെങ്കിൽ. അത് അപക്വമതികളെ വഴി തെറ്റിപ്പിക്കുകയല്ലേ ചെയ്യുക. ശ്രീ രാഘവൻപിള്ളയുടെ ദാരുണമായ ഈ വേർപാട് അത്യന്തം പരിതാപകരമായിരിക്കുന്നു.

പത്രാധിപർ
മാതൃഭൂമി ആഴ്ചപതിപ്പ്
1936 ജൂലൈ 11
[ 149 ]
മണിനാദംമണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! - വരുന്നു ഞാൻ!
അനുനയിക്കുവാനെത്തുമെൻ കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:

മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ-
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ! - യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റതോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെൻ മൗനഗാനത്തിൽ
മദതരളമാം മാമരക്കൂട്ടമേ!
പിരിയുകയാണിതാ, ഞാനൊരധഃകൃതൻ
കരയുവാനായ്പിറന്നൊരു കാമുകൻ!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മൺപ്രദീപകം!

അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം,
കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം! - ഹാ, ഭ്രമിച്ചു ഞാൻ തെല്ലിട!

[ 150 ]

അഴലിലാനന്ദലേശമിട്ടെപ്പൊഴും
മെഴുകി മോടികലർത്തുമീ മേടയിൽ
കഴലൊരല്പമുയർത്തിയൂന്നീടുകിൽ
വഴുതിവീഴാതിരിക്കില്ലൊരിക്കലും
മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞനിത്ര നാൾ
സുഖദസുന്ദര സ്വപ്നശതങ്ങൾതൻ-
സുലളിതാനന്ദഗാനനിമഗ്നനായ്
പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും
പ്രണയമാധ്വീലഹരിയിൽ ലീനനായ്
സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്
അടിയുറയ്ക്കാതെ മേല്പോട്ടുയർന്നുപോ-
യലകടലിന്റെയാഴമളക്കുവാൻ!
മിഴി തുറന്നൊന്നു നോക്കവേ, കാരിരു-
മ്പഴികൾ തട്ടിത്തഴമ്പിച്ചതാണു ഞാൻ!
തടവെഴാപ്രേമദാരിദ്ര്യബാധയാൽ
തടവുകാരനായ്ത്തീർന്നവനാണു ഞാൻ!
കുടിലുകൊട്ടാരമാകാനുയരുന്നു;
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാൻ.
പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും!

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! - വരുന്നു ഞാൻ!
ചിരികൾതോറുമെൻ പട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തുനിന്നിനി,
വിടതരൂ, മതി പോകട്ടെ ഞാനുമെൻ-
നടനവിദ്യയും മൂകസംഗീതവും!
വിവിധരീതിയിലൊറ്റനിമിഷത്തിൽ
വിഷമമാണെനിക്കാടുവാൻ, പാടുവാൻ;
നവരസങ്ങൾ സ്ഫുരിക്കണമൊക്കെയു-

[ 151 ]

മവരർക്കിഷ്ടമായിട്ടിരിക്കണം!
അരുതതരുതെനിക്കീ രീതി തെല്ലുമി-
ച്ചരിതമെന്നുമപൂർണമാണെങ്കിലും
അണിയലൊക്കെക്കഴിഞ്ഞു നിഗൂഢമായ്
പലദിനവും നവനവരീതികൾ
പരിചയിച്ചു, ഫലിച്ചില്ലൊരല്പവും
തവിടുപോലെ തകരുമെൻ മാനസ-
മവിടെയെത്തിച്ചു കുഴയണം!
ചിരിചൊരിയുവാനായിയെൻ ദേശികൻ
ശിരസി താഡനമേറ്റി പലപ്പൊഴും.
ഹഹഹ! വിസ്മയം, വിസ്മയം, ലോകമേ!
അതിവിചിത്രമീ നൃത്തശിക്ഷാക്രമം!
കളരി മാറി ഞാൻ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി.
പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിതെത്താതിരുന്നിടാ!
മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! - വരുന്നു ഞാൻ!
ഉദയമുണ്ടിനിമേലിലതെങ്കിലെ-
ന്നുദകകൃത്യങ്ങൾ ചെയ്യുവാനെത്തിടും.
സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിഹരി ഞാൻ മേലിലും കേഴണം?
മധുരചിന്തകൾ മാഞ്ഞുപോയീടവേ,
മരണമാണിനിജ്ജീവിച്ചിരിക്കുവാൻ;
ഇരുളിലാരുമറിയാതെയെത്രനാൾ
കരളുനൊന്തു ഞാൻ കേഴുമനർഗളം?
ഹൃദയമില്ലാത്ത ലോകമേ, യെന്തിനാ-
യതിനു കാരണം ചോദിപ്പൂ നീ സദാ?
പരസഹസ്രം രഹസ്യമുണ്ടെന്നുമെൻ-
പുറകിൽനിന്നിദം വിങ്ങിക്കരയുവാൻ
- സ്മരണയായിപ്പറന്നുവെന്നെന്നുമെൻ-

[ 152 ]

മരണശയ്യയിൽ മാന്തളിർ ചാർത്തുവാൻ-
സമയമായി, ഞാൻ - നീളും നിഴലുകൾ
ക്ഷമയളന്നതാ നില്ക്കുന്നു നീളവേ.

പവിഴരേഖയാൽ ചുറ്റുമനന്തമാം
ഗഗനസീമയിൽ, പ്രേമപ്പൊലിമയിൽ,
കതിർവിരിച്ചു വിളങ്ങുമക്കാർത്തികാ-
കനകതാരമുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്;
നിഹതനാമെന്നെയോർത്താ മുരളിയിൽ
നിറവതുണ്ടൊരു നിശ്ശബ്ദരോദനം-
കഠിനകാലം കദനമൊരല്പമാ-
ക്കവിളിണയിൽ കലർത്താതിരിക്കണേ!

പരിഭവത്തിൽ പരുഷപാഷാണകം
തുരുതുരെയായ്പതിച്ചു തളർന്നൊരെൻ-
ഹൃദയമൺഭിത്തി ഭേദിച്ചുതീരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയിൽ
പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണർവിയറ്റുമോ?.. യേറ്റാൽ ഫലിക്കുമോ!

(മാതൃഭൂമി ആഴ്ചപ്പതിപ്പ് - 1936 ജൂലായ് 6) [ 153 ]
നാളത്തെ പ്രഭാതം


നാളത്തെ പ്രഭാതമേ, നിൻമുഖം ചുംബിക്കുവാൻ
നാളെത്രയായീ കാത്തുനില്പിതെന്നാശാപുഷ്പം!
നീളത്തിൽ നിന്നെക്കണ്ടു കൂകുവാനായിക്കണ്ഠ-
നാളത്തിൽ ത്രസിക്കുന്നുണ്ടെന്നന്ത്യസംഗീതകം!
പാടിഞാനിന്നോളവും നിന്നപദാനംമാത്രം
വാടിയെൻ കരളെന്നും നിന്നഭാവത്താൽമാത്രം!
ഗോപുരദ്വാരത്തിങ്കൽ നിൽക്കും നിന്നനവദ്യ
നൂപുരക്വാണം കേട്ടെൻ കാതുകൾ കുളുർക്കുന്നു!
ബദ്ധമാം കവാടം ഞാനെന്നേയ്ക്കും തുറന്നാലും
മുഗ്ദ്ധ നീ മുന്നോട്ടെത്താനെന്തിനു ലജ്ജിക്കുന്നു!
അങ്ങു വന്നെതിരേൽക്കാനാകാതെ ചുഴലവും
തിങ്ങുമീയിരുൾക്കുള്ളിൽ വീണു ഞാൻ വിലപിച്ചു.
തെല്ലൊരു വെളിച്ചമില്ലോമനേ, യിതായെന്റെ
പുല്ലുമാടവും കത്തിച്ചെത്തുകയായീ ദാസൻ!....

[ 154 ]
വരുന്നു ഞാൻ

പാതിയും കഴിഞ്ഞതില്ലെൻ ഗ്രന്ഥപാരായണം
ഭീതിദമിതിന്നന്ത്യമെന്തിനായാരായേണം?
ജ്ഞാനതൃഷ്ണനാമെന്റെ നീടുറ്റ നിത്യാദ്ധ്വാനം
പാനപാത്രത്തിൽ വെറും കണ്ണുനീർ നിറപ്പാനാം!
പാതയിലിളംകാറ്റുമിളകുന്നീലാ ചെറ്റും,
പാതിരാപ്പിശാചിന്റെ നർത്തനരംഗം ചുറ്റും!
അക്ഷരമോരോന്നും ഞാൻ വായിച്ചുതിർക്കുന്നേരം
അക്ഷികൾ ചുടുബാഷ്പാലന്ധമാകുന്നൂ പാരം!
ഏറുമെൻ നെടുവീർപ്പിൻ നിശ്വാസനിപാതങ്ങൾ
- നീറുമീ ഹൃദയത്തിൻ നിശ്ശബ്ദഞരക്കങ്ങൽ-
മതി,യിബ്ഭയാനകമൂകത ഭഞ്‌ജിക്കുവാൻ
മതിയിൽക്കുറേക്കൂടി തീക്കനൽ ചൊരിയുവാൻ!

II


ആദ്യത്തെയദ്ധ്യായങ്ങളൊക്കവേയമൂല്യങ്ങൾ
-ആനന്ദാർണവത്തിലെസ്സുന്ദരതരംഗങ്ങൾ!
ആയതിന്നാന്ദോളനമേറ്റു ഞാൻ പോയിപ്പോയി
ആഴമറ്റിടും കയംതന്നിലാപതിക്കയായ്!
ഇനിയും മുന്നേട്ടേയ്ക്കോ?.... വേണ്ടിതിന്നവസാനം
ഇതിലും ഭയാനകമാകുവാനത്രേ നൂനം!
കത്തുകയാണെന്നാലുമെന്മുന്നിൽ ഗതഭയം
കർത്തവ്യം നടത്തുവാനേതോരു ദീപം സ്വയം!

[ 155 ]

ഞാനതുമനാദരിച്ചെങ്ങനെ വിരമിക്കും?
കാണുവതസഹ്യമാ, ണെങ്ങനെ മുഴുമിക്കും!
അങ്ങതാ, മമ ഭാഗ്യപുഞ്ജമെൻ മലർശയ്യ
ഭംഗിയായൊരുക്കിയെന്നാഗമം കാക്കുന്നയ്യാ!
നിദ്രയും വെടിഞ്ഞു ഞാൻ വായനയാർന്നാലേവം
ഭദ്രയാമവളൊന്നു കണ്ണടയ്ക്കുമോ പാവം!
ഓമനേ, വരുന്നു ഞാൻ, വായന നിറുത്തട്ടേ
ഈ മണിദീപാങ്കുരം ഞാൻതന്നെ കെടുത്തട്ടേ!...

[ 156 ]
വിശ്വഭാരതിയിൽ


പുസ്തകം ദൂരത്തെറിഞ്ഞെന്റെ കൂട്ടരി-
പ്പുത്തിലഞ്ഞിച്ചോട്ടിലൊന്നിച്ചിരിക്കുവിൻ;
വിജ്ഞാനജിജ്ഞാസയേറുന്ന നിങ്ങളീ
വിശ്വത്തെ വീക്ഷിച്ചു സംതൃപ്തി നേടുവിൻ;
പുല്ലാണു പുസ്തകജ്ഞാനം പുലരിതൻ
പുല്ലാംകുഴൽവിളി വന്നു പുണരവേ;
തോല്ക്കുകിലെന്തു പരീക്ഷയിൽ? തെല്ലുമേ
തോല്ക്കൊലാ സൗഭഗാസ്വാദനത്തിങ്കൽ നാം
പുസ്തകകീടങ്ങളായിട്ടനാരതം
മസ്തകം താഴ്ത്തി നാം മൗനംഭജിക്കുകിൽ
സാരഗർഭങ്ങളാമോരോ നിമിഷവും
കൂരിരുൾക്കുള്ളിലടിഞ്ഞുപോം നിഷ്ഫലം!
പണ്ടു പഠിച്ചുള്ള പാഠമുരുവിട്ടു
തൊണ്ട വരട്ടുന്ന പണ്ഡിതമ്മന്യരാൽ
ശിക്ഷണം ചെയ്യും കലാലയാലംബർ നാം
ലക്ഷണം കെട്ടവരായിച്ചമഞ്ഞുപോയ്!
വാനവനാകാൻ കൊതിക്കുന്ന മർത്ത്യനെ
വാനരനാക്കും കലാലയാദ്ധ്യായനം
വീതാനുലജ്ജം തുടുങ്ങുന്നതേതൊരു
പാതാളമെത്തുവാനയ്യോ! ഭയങ്കരം!
വാസ്തവം കൈവിട്ടതിൻ പാഴ്നിഴലിനെ
വാഴ്ത്തുവാൻമാത്രം പഠിച്ചവരായ നാം,

[ 157 ]

അന്തമറ്റുന്മുഖമാകും സനാതന—
ഗ്രന്ഥത്തിലേക്കൊന്നു കണ്ണയച്ചീടുകിൽ
അജ്ഞാതമാമിതിന്നാന്തരാർത്ഥം കുറ—
ച്ചാത്മാവറിയാതെ ശാന്തിയുണ്ടാകുമോ?
അല്പവും നിൽകാതെ കാലമതിനുടെ
രാപ്പകൽത്താളുകൾ മുന്നോട്ടു നീക്കവേ
മർത്ത്യനറിയേണ്ട പാഠങ്ങളെത്രയോ
വ്യർത്ഥമായ് മാഞ്ഞുമറയുന്നു നിത്യവും!
താവുന്ന സംസാരസന്താപമേഖങ്ങൾ
താഴ്വാരമെത്രമേൽ മൂടിനിന്നീടിലും,
പ്രത്യഗ്രഭാഗത്തിലെപ്പൊഴും മിന്നുന്ന
നിത്യപ്രകാശനിമഗ്നശിരസ്കരായ്
ചിന്താനിരതരചലേന്ദ്രരാം, മുനി—
വൃന്ദങ്ങളോതുന്ന ദിവൃതത്ത്വങ്ങളെ
പാട്ടിൽ ഗ്രഹിച്ചു പതഞ്ഞൊഴുകീടുന്ന
കാട്ടാറുതന്നുടെ കമ്രഗാനങ്ങളും;
ജീവിതപത്രങ്ങൾ മേൽക്കുക്മേൽ വീഴ്കിലും,
ഭാവികരങ്ങളാലെത്ര മാച്ചീടിലും
ഭൂയോപി ഭൂയോപി കായത്തിനോടൊത്തു
സായൂജ്യമാളുന്ന തൻനിഴൽപാടിനെ,
ശ്രദ്ധിച്ചുനോക്കിപ്പഠിച്ചാ രഹസ്യങ്ങ—
ളുദ്ധരിച്ചിദ്ധരതന്നിൽ പരത്തുവാൻ
പാടുപെട്ടീടും പരാർത്ഥശരീരരാം
പാദപപാളിതന്നാന്ദോളനങ്ങളും;
വ്യാകരണത്തിന്നിരുമ്പഴിക്കൂടുവി—
ട്ടാകാശമെങ്ങും ചരിക്കും കിളികൾതൻ
സ്വാതന്ത്ര്യസംശുദ്ധഗാനമകരന്ദ—
പൂതകല്ലോലിനിതന്റെ വിശുദ്ധിയും;
സത്തുമസത്തും തിരിഞ്ഞവർക്കുള്ളതാം
സത്യസ്വരൂപം പരത്തിഗ്ഗതഭയം
ആശ്വാസവേവന്നുമേറ്റുന്ന തെന്നലിൻ
ശാശ്വതശാന്തിതൻ സന്ദേശസാരവും

[ 158 ]

ലോകോത്തരസ്നേഹശുദ്ധിയെ, ദിവ്യമാം
ത്യാഗത്തിലെത്തിച്ചു തൃപ്തരായ്, നിത്യരായ്,
മന്ദഹസിച്ചു മറഞ്ഞുപോയീടുന്ന
മഞ്ഞുകണികതൻ നിസ്വാർത്ഥജന്മവും;
കണ്ടു പഠിക്കുവിൻ, കേട്ടു പഠിക്കിവിൻ,
കണ്ഠം തുറന്നുകൊണ്ടുച്ചരിച്ചീടുവിൻ!....

[ 159 ]

ഞാനിതാ വിരമിപ്പൂ


മാപ്പെനിക്കേകൂ ഭദ്രേ! മാമകസങ്കേതപ്പൂ-ന്തോപ്പിലെന്നെന്നും നിൽക്കും സുന്ദരവാസന്തികേ!
ഒറ്റവാക്കെനിക്കില്ലിന്നുത്തരമോതാൻ, നിൽക്കാ-
തുദ്ഗമിച്ചിടുമെന്റെ കണ്ണുനീരുറവെന്യേ.
താന്തനായ്, തണലിനും താങ്ങിനുമതീതനായ്,
ഭ്രാന്തനായനാദ്യന്ത ജീവിതാധ്വാവിൻ മദ്ധ്യേ
മൂകമായ്ക്കിടന്നൊരെൻ ജീവനിൽ പ്രേമപ്പുതു-
പ്പൂവിരിപ്പുണ്യാഹസ്സിൻ പുഞ്ചിരി പകർത്തിയും,
"ഉത്സവമുല്ലാസദം ജീവിതം," ഏവം പാടി
മത്സിരാപ്രവാഹത്തിൽ പൊന്തിരയിളക്കിയും
ലോകത്തിനജ്ഞാതമായീ മണൽപ്പുര തന്നിൽ,
ത്യാഗദേവതേ, നിത്യനർത്തനം നടത്തി നീ!
അന്യനുമഭ്യസൂയചേർത്തിടും വിധത്തിലീ
മന്നിൽ നിന്നെന്നേയ്ക്കുമായെന്നെയുമുയർത്തി നീ!
പകലിൻ പകുതിയിൽ പാതിരാവിനെക്കണ്ടു
പതറിപ്പകച്ചു ഞാൻ നോക്കുന്നു നിരുന്മേഷം!
അസ്വാസ്ഥ്യമലതല്ലുമന്തരരംഗത്തിൻ തപ്ത-
നിശ്വാസം പാളിക്കുന്നെൻ പട്ടടച്ചന്തീയയ്യോ!
ഇരുളാണിരുളെങ്ങുമെങ്ങനെ തുടരും ഞാ-
നിനിയും തീർക്കേണ്ടൊരെൻ തീർത്ഥയാത്രതൻ ശേഷം!
മാർഗ്ഗദർശനം ചെയ്യാനേന്തിയ മണിദീപം
മാറ്റിനിർത്തിയതെന്തെൻ സ്വാർത്ഥാന്ധകാരത്തെത്താൻ!

[ 160 ]

കാറ്റുവന്നൂതിക്കെടുത്തീടാതെ വസ്ത്രാഞ്ചലാൽ
കാത്തു ഞാൻ സൂക്ഷിക്കയാൽ കെട്ടിതദ്ദീപാങ്കുരം!
ജീവിതമിനിയും ഞാൻ പേറിലും ത്യജിക്കിലു-
മീവിധം കരയുവാനുള്ളതാം തവ ജന്മം!....
അമിതോല്ലാസപ്രദമായ നിൻ മുഖം മേലിൽ
സമുദായത്തിൻ വെറും സംശയമിരുളിക്കും!
ഞാനശക്തനാണതു കാണുവാ, നവസാന-
ഗാനവും പാടാം; പാപപങ്കിലം മമ ജന്മം!
വിണ്ണിനെക്കാട്ടിത്തന്ന നിൻമുഖത്തൊഴിയാത്ത
കണ്ണുനീരർപ്പിച്ച ഞാനെന്നെന്നും കൃതഘ്നൻതാൻ;
പുരുഷത്വത്തിൻ വെറും പര്യായഭേദംമാത്രം
പുരുഷൻ-ക്ഷമിക്കണേ-ഞാനിതാ വിരമിപ്പൂ!...

[ 161 ]
കരയല്ലേ!....രയല്ലേ തങ്കം! കരയല്ലേ തങ്കം!
കളയല്ലേ കാലം കദനത്താൽ!
അഴകിൻ പൊന്നോടം, ക്ഷണികജീവിത-
മൊഴുകട്ടേ തോഷക്കുളിരാറ്റിൽ!

പരിണാമിയാമീ മനുജ ജീവിതം
പലവഴിയൂടെ തിരിയേണം;
ഒരു നീണ്ട യാത്രയ്ക്കടിമയല്ലതി-
നൊരു ഭാരം പേറിത്തളരേണ്ട!

കവിതൻ കണ് ടത്തിൽ കളകളഗാന-
കലവികൾ കലാപരിധികൾ
അതിലംഘിച്ചെന്നുമഭിനവമായി-
യലതല്ലിപ്പായുമവിതർക്കും;
അലരുകൾ വാടും, കൊഴിയു,മായവ-
യണിയുവോനെന്നാൽ കരയേണ്ടാ!

കരയല്ലേ തങ്കം! കരയല്ലേ തങ്കം!
കളയല്ലേ കാലം കദനത്താൽ!
മധുരസംഗീതം പരിപൂർണമാകാൻ
യതി ഭംഗം വന്നെ മതിയാവൂ;
പുരടവർണമാം പുതുനിഴൽ തങ്ങും

[ 162 ]

പുഴയിലാശീർഷം മുഴുകുവാൻ
അടരും ജീവിതദലമെല്ലാം നിജ-
യരുണനസ്തമിച്ചിരുളുമ്പോൾ
കദനത്തിൻ ചാറു നുകരുവാൻ, ബാഷ്പ-
ഝരികതൻ സ്വർഗമണയുവാൻ,
പ്രണയത്തിൻ കളി മതിയാക്കാൻ കാലം
ക്ഷണനമായ് പിന്നിൽ പിടികൂടും!

കരയല്ലേ തങ്കം! കരയല്ലേ തങ്കം!
കളയല്ലേ കാലം കദനത്താൽ!
അതിവേഗം നമുക്കിവിടെയുള്ളതാ-
മലരറുക്കേണം മതിയോളം;
അമലേയല്ലെങ്കിലണയുമത്തെന്ന-
ലപഹരിച്ചേയ്ക്കുമഖിലവും!
സിരകളിൽ ചുട്ട രുധിരം പായുന്നു
ത്വരിതമായ്, കൺകൾ തെളിയുന്നു!
അവസരം മറ്റില്ലിനിയച്ചുംബന-
ശതമന്യോന്യം നാം പകരുവാൻ!
അറിക നമ്മൾതൻ നിമിഷജീവിതം
സുരഭിലാശയാൽ പരിപൂതം;
നിശിതസുസ്ഥിരകരമാ വാഞ്ഛകൾ
നിയതം തൃപ്തിയാൽ പൊതിയേണം;
സമയത്തിൻ കരതലമൊഴുക്കുന്നു
മരണത്തിൻ മഞ്ജുമണിനാദം!

കരയല്ലേ തങ്കം! കരയല്ലേ തങ്കം!
കളയല്ലേ കാലം കദനത്താൽ!
മഹിതസൗന്ദര്യക്കുളിർനിലാവാക്കും
മതിയിലേകുന്നു മധുപൂരം;
മനുജ ജീവിതക്ഷമികതാളത്തി-
നനുകൂലിച്ചതും നടമാടും;
ചിരിയൊന്നുപോലും മുഴുവനാക്കുവാ-

[ 163 ]

നരുതാത്ത മർത്ത്യൻ പറയുന്നൂ,
'അനഘം വിജ്ഞാന,' മതിനു കാരണ-
മവനുള്ള കാലപരിമാണം;
പരിപൂർണമാക്കാൻ കഴിയുകിലേതും
പരിശൂനംതന്നെ – പരിശൂന്യം!
അഖിലം പൂർണമാണഖിലം ശാന്തമാ-
ണവിടെയാ നിത്യസുരലോകേ;
ശതിയെന്നാൽ മന്നിൽ മഹിതപുഷ്പങ്ങൾ
പരിപൂർണം, നിത്യം മരണത്താൽ!...

[ 164 ]
വിപ്ലവം! വിപ്ലവം!


ത്ര കരികിലും, പിന്നെയും പിന്നെയും
പത്രം മുളയ്ക്കുമെന്നാശാപതംഗമേ!
പോകായ്മ, പോകായ്മ മേല്പോട്ടിരുൾത്തട്ടി-
ലേകാ കിയായിക്കഴിക്കാം കുറച്ചുനാൾ.
വാരുറ്റ വാസരം കേട്ടു ചിരിക്കിലും
വാരുണിയെത്ര മുഖം കറുപ്പിക്കിലും
ഭാവപ്പകർച്ചയൊരല്പം ഗണിക്കാതെ
ഭാവി ഭയാനകമെന്നുമോർത്തീടാതെ
ഇച്ഛയ്ക്കിണങ്ങിയപോലെ പലേതരം
സ്വച്ഛന്ദഗാനങ്ങൾ പാടിപ്പറന്നു നീ
സ്വാതന്ത്ര്യമാരാഞ്ഞു മുന്നോട്ടുപോയതി-
പ്പാരതന്ത്ര്യത്തിൽപ്പതിക്കുവാൻ മാത്രമാം!
അല്പം പരിമിതമെങ്കിലും പിന്നിട്ടൊ-
രപ്രദേശം താൻ പ്രഹർഷപ്രദായകം!
ക്ലേശം പുരണ്ട നിൻ കണ്ഠനാളം കുറ-
ച്ചാശ്വസിച്ചീടുമസ്സംഗീതമണ്ഡപം
നിന്നെ ക്ഷണിക്കയാണിപ്പൊഴും പിന്നോട്ടു
മിന്നൽപ്പിണർക്കരം വീശിയിടക്കിടെ.
ചിന്തയ്ക്കുമപ്പുറത്താരുമറിയാത്ത
ബന്ധുരമായൊരു പഞ്ജരാന്തസ്ഥരായ്
നിന്നെയോർത്തെപ്പൊഴും സ്നേഹഗാനത്തിന്റെ
പൊന്നല വീശുന്ന പുണ്യത്തിടമ്പിനായ്

[ 165 ]

നിൻ നിത്യസങ്കല്പഗാനം പതിവുപോൽ
വിൺതട്ടിലെങ്ങാനുമെത്തി മുട്ടീടവേ
"ദുസ്സഹം! ദുസ്സഹം! ദുർവിഷപൂരിതം!
ദുഃസ്വഭാവത്തിൻ പ്രദർശന"മാണുപോൽ
കഷ്ടം! 'കല കല'യ്ക്കെന്ന മഹദ്വാക്യ-
മൊട്ടുമറിയാത്ത സാഹിതീദാസരേ!
ഓലത്തുരുമ്പിൽ മുറുകെപ്പിടിക്കുന്ന
ലീലയ്ക്കു ഞാനിതാ കൈതൊഴാം കൈതൊഴാം
ആവൽച്ചിറകടികൊണ്ടു മുഖരിത-
മാകുന്ന നീരന്ധ്രനീലനഭഃസ്ഥലം
നേരിൽ പ്രഭാകരൻ നീളേ നിറയുന്ന
നീരദപാളിയാൽ നിഷ്പ്രഭനാകവേ
ആവശ്യമില്ല നിന്നാത്മസംഗീതങ്ങ-
ളീവിശ്വമത്രമേൽ പാതാളമാർന്നുപോയ്.
മേൽക്കുമേൽ തിങ്ങുന്ന കൂരിരുൾമഗ്നനാം
രാക്കുയിലോർക്കാതെ രാഗം തുടങ്ങിയാൽ
പേക്കിനാവിങ്കൽ കഴിയുന്ന മൂങ്ങകൾ-
ക്കോർക്കുവാൻ വ,യ്യവ മൂളാൻ തുടങ്ങീടും!
ലോകവികൃതികൾ കണ്ടൊരു താരകം
ശോകരസ സ്ഫുരൽപ്പുഞ്ചിരി തൂകിയാൽ
കാളുമസൂയ ഘനീഭവിച്ചുള്ളതാം
കാളാംബുദങ്ങൾ മുരങ്ങാൻ തുടങ്ങീടും!
ലോകത്തിനുണ്ടൊരു കാഞ്ചനകഞ്ചുകം
ലോലം-സദാചാരമെന്ന നാലക്ഷരം
ആയതിന്നുള്ളിലടയ്ക്കുന്നതില്ലെത്ര
മായാത്ത ബീഭത്സനഗ്നചിത്രം നരൻ!
സത്യം തിരയുമെന്നാത്മാവതിനുടെ
സത്തുമസത്തും തുറന്നുകാട്ടീടവേ
ആട്ടിൻതുകലിട്ട ചെന്നായ്ക്കളൊക്കെയു-
മാർത്തുവിളിക്കുന്നു 'വിപ്ലവം! വിപ്ലവം!'
ആദർശജീവിതം പാടിനടക്കുന്ന-
മാദൃശരെത്രമേൽ സുസ്ഥിരമാകിലും

[ 166 ] <poem>

മർത്ത്യൻ സമുദായജീവയാണെങ്കിലോ മറ്റഭിപ്രായങ്ങളാദരിച്ചീടണം കാരുണ്യമറ്റ പരിതഃസ്ഥിതികൾതൻ ക്രൂരദംഷ്ട്രയ്ക്കും വിധേയനായീടണം; ആഴമേറീടുന്നൊരാഴി കടക്കിലും ആഴക്കു വെള്ളത്തിൽ മുങ്ങി മരിക്കണം!

<poem> [ 167 ]
വസന്തം കഴിഞ്ഞു


തോഴി:
"തളരിത'താരകേ!' നീയിനിയും
തളരാതെ പാടുന്നതാരു കേൽക്കും?
അതിദദ്ധമായ നിൻ തന്ത്രികളി-
ലനിരുദ്ധഗനത്തിനർത്ഥമില്ലേ!"

നായിക:
"മദിരോത്സവത്തിൽ മുഴുകിയോരോ
മധുമാസം തോഴി, മറഞ്ഞെന്നാലും
അകലെയലസമലയടിക്കും
അരുവിയിഗ്ഗാനങ്ങളേറ്റുപാടും."
"സ്മരണതൻ മഞ്ജുളമന്ദഹാസം
അരുണാഭമന്നത്തെയന്തരീക്ഷം,
ഇനിയെത്ര കണ്ണീരൊഴുക്കിയാലും
കനിവറ്റ കാലം തെളികയില്ല!"
"അഖിലവും, സാക്ഷിയായ് കണ്ടിരുന്നോ-
രവസരം മേലിലദൃശ്യമെങ്കിൽ,
ഒഴിയാതൊഴുകുമിത്തപ്തബാഷ്പം
മിഴിയിൽനിന്നെന്തും മറച്ചുകൊള്ളും!"
"തളിരുണ്ടത്താരുണ്യശ്രീയിൽത്തത്തും
കളകണ്ഠം പാടിപ്പറന്നുപോയി."

[ 168 ]

"മകരന്ദം പെയ്യുമഗ്ഗാനനാള-
മനുവേലമെന്നുള്ളിൽ മാറ്റൊലിക്കും!"
"സുലഭമപ്പുഞ്ചിരിയാകും ചിത്ര-
ശലഭങ്ങളെല്ലാം കരിഞ്ഞുപോയി!"
"അഴകിൻ കണികകളെങ്കിലും ഞാൻ
മഴവില്ലിൽക്കണ്ടുകൊണ്ടാശ്വസിക്കും."
"പുളകും പുരട്ടീടുമാ വചസ്സാം
പുതുമലരെല്ലാം കൊഴിഞ്ഞുപോയീ!"
"പരമനിർവാണദമാ, മവതൻ
പരിമളധോരണി വീശിവീശി
അഭിരാമ സ്വപ്നശതങ്ങൾ തീർപ്പൊ-
രവഗാഹ കാവ്യങ്ങൾ ഞാൻ പഠിക്കും
പ്രണയത്തിൻ ചഞ്ചൽച്ചിറകു വീശി-
യകലത്തൊരാത്മാവലഞ്ഞുവെന്നാൽ,
കഠിന നിരാശതൻ മണ്ഡലത്തിൽ
തടയും തളരും തകർന്നുപോകും!"
"ഇരുളിന്നടിത്തട്ടിലെത്രയെത്ര
കരളുകൾ തേങ്ങിക്കരഞ്ഞെന്നാലും
കരിയുവാനുള്ള സുമങ്ങളെല്ലാം
വിരിയും വിതറും സുന്ധസാരം
തകരും ഞാൻ-ജീവിതമാകമാനം
പകരാവൂ പാവന പ്രേമഗാനം;
അനഘമാണെന്തിലും മർത്ത്യജന്മം
അനുരാഗിയെന്നാലതിലും കാമ്യം!..."


[ 169 ]
'തകരൂ! തകരൂ!'


ജനിത്തൈവല്ലിയിൽ വിടർന്ന വെള്ളിപ്പൂക്കൾ
വിജനപ്രദേശത്തും വാരൊളി വിതറവേ;
അവയെപ്പുണർന്നെത്തും കൊച്ചന്തിക്കുളിർത്തെന്ന-
ലമലസ്നേഹത്തിന്റെ സന്ദേശം പരത്തവേ;
തകരും താപത്താൽത്തൻ തൂലികയെറിഞ്ഞിട്ടി-
ക്കവിയെന്തേവമേന്തിക്കരവൂ സഗദ്ഗദം?

പൂർണമായില്ലാ കഷ്ടം! സായാഹ്നരാഗത്തിനാൽ
വാർണീഷുപിടിപ്പിച്ചൊരെൻ ചിത്രമതിൻമുമ്പേ,
ഭാവനാലോകം വിട്ടു കീഴ്പോട്ടു പതിച്ചൊരെൻ-
തൂവലു ദൂരത്തെങ്കിലെന്തതിൽ തെറ്റാണാവോ?
പകലാം വെള്ളത്താളിൽപ്പകർത്തിക്കഴിയാത്ത
പല പാഠവുമുണ്ടെൻ ജീവിതഗ്രന്ഥത്തിങ്കൽ;
എഴുതിത്തീർക്കാത്തൊരിച്ചിത്രവും കളയാം കൈ
വഴുതിക്കുതിച്ചൊരാപ്പൈങ്കിളി പോയാൽ പോട്ടെ;
ശരി,യെന്നാലും മുന്നിൽ നില്ക്കുമീ രജനിക്കും
ശിരസ്സിൽ വരയ്ക്കുണ്ടോ വല്ലതുമൊരു മാറ്റം?
കഴിയും കമനീയമാകുമീ രംഗമിപ്പോൾ
പൊഴിയാൻ കണ്ണീരുള്ളോർ സജ്ജരാകുകിൽപ്പോരും!

സത്യസൗന്ദര്യങ്ങൾതൻ സന്ദേശകാരൻ തന്റെ
ശുദ്ധമാനസം വീഴ്ത്തും കണ്ണീരുതാനാം കാവ്യം;

[ 170 ]

ഒന്നുകിലാനന്ദത്താലല്ലെങ്കിലാതങ്കത്താ-
ലൊന്നിനെൻ ഹൃദയത്തിൽ സ്ഥാനമില്ലല്പം പോലും!
രാഗമൂകമാമൊരു സായഹ്നമുകിലാം ഞാൻ
ത്യാഗിയാം കാർമ്മേഘമായ്ക്കരയാൻ പിറന്നതാം.
മിന്നലിൻ സാരിത്തുമ്പിൽ ചെന്നെത്തിപ്പിടിക്കുവാ-
നൊന്നിവൻ വെമ്പി,ക്കുന്നിൽ തടഞ്ഞു തകരുമ്പോൾ,
തപ്തമാമൊരു ചിത്രമെങ്ങാനും കുളുർത്താൽ ഞാൻ
തൃപ്തനാണതാണെന്റെ ജീവിതമുദ്രാവാക്യം!


കരയാൻ മാത്രം രണ്ടു കണ്ണുമായ്പ്പിറന്ന ഞാൻ
തിരയാനിനിയെങ്ങുമില്ലയെന്നാനന്ദത്തെ.
ഇനിയും പിളർക്കേണം, കൂരിരുൾപ്പാറയ്ക്കുള്ളിൽ
കനിവിന്നുറവൽപ്പമുണ്ടെങ്കിൽ കണ്ടെത്തുവാൻ
സിരയിൽക്കിടപ്പുണ്ടു ചെഞ്ചോര കുറച്ചതും
ചൊരിയാൻ മടിയില്ലിപ്പാഴ്മരുപ്പരപ്പിൽത്താൻ!
പോകട്ടെ മുന്നോട്ടുതാനെന്നാലുമെനിക്കാട്ടെ
ശോകസിന്ധുതന്നാഴം കണ്ടതിനൊന്നാം മുദ്ര!


വിടർന്ന താരിൻ ചിരിയല്ല,തു കൊഴിയുമ്പോൾ
വിടർന്ന നെടുവീർപ്പിൻ മാനസമുണർത്തിപ്പൂ!
മൗക്തികം വിളവതുകൊണ്ടല്ല, നീർപ്പോളകൾ
നിത്യവും തകരലാലാണാഴിയോടെൻ പ്രേമം!
താരകത്തങ്കപ്പുള്ളി താവിടും നീലാംബര-
ധാരിയായെത്തീടുന്ന യാമിനി ചിരിക്കട്ടെ!
കൂരിരുൾദാരിദ്ര്യത്തിന്നുള്ളിൽനിന്നുദ്ഗമിക്കും
നേരിയ നെടുവീർപ്പിൻ കാരണമാരായാം ഞാൻ,
"തകരൂ, തകരൂ"യെൻ മാനസം മന്ത്രിക്കുമ്പോൾ
"നുകരൂ, നുകരൂ"യെന്നോതുവാനശക്തൻ ഞാൻ!
ഞാനെന്റെ ചുടുബാഷ്പാലെൻ കാവ്യം വിരചിക്കാം,
ആനന്ദകാവ്യത്തിന്റെ കർത്തൃത്വം പ്രകൃതിക്കാം!-
[ 171 ]
തകരാത്ത നീർപ്പോള


കാലത്തിൻ വേലക്കാരിയാം വാസരം
വേലചെയ്തു വലഞ്ഞു വശംകെട്ടു.
അന്ത്യയാത്രയും ചൊല്ലി,ദ്ദഹിക്കവേ,
അന്തരീക്ഷമിരുണ്ടു പുകയാലേ!
തങ്കരളാം കരിങ്കല്ലലിയാതെ
ശങ്കയെന്യെ, മുതലാളിതൃപ്തിക്കായ്
മങ്കയാൾമൂലമന്നു താനാർജ്ജിച്ച
തങ്കനാണ്യങ്ങനെണ്ണുന്നുഡുച്ഛലാൽ!
അന്തിയോളമലഞ്ഞുനടന്നൊരെ-
ന്നന്തരംഗത്തിനാർത്തി കെടുത്തുവാൻ,
കിട്ടിയില്ലിറ്റു കഞ്ഞിത്തെളിപോലും,
കഷ്ടമെന്നാശയൊക്കവേ നിഷ്ഫലം!
ആലസ്യമെനിക്കെന്നുമരുളുമൊ-
രാലയദ്വാരമെത്തിയുൽക്കണ്ഠയാൽ
മുട്ടി ഞാനിന്നു, മെങ്കിലൊരുത്തരും
കിട്ടിയില്ല, തുറന്നില്ല വാതിൽ മേ;
വെന്തു തീവ്രമെരിയുമെൻ ഹൃത്തിങ്കൽ
ചന്ദനച്ചാർ പുരട്ടും കരത്തിലും
ഇറ്റനുകമ്പ വീഴ്ത്തുവാനില്ലാതെ
വറ്റിയോ? മമ കൈക്കുമ്പിൾ ശൂന്യമായ്!
സ്തന്യമറ്റതാം മാതാവുതൻ ചോര-
തന്നെയല്ലയോ, പൈതൽ നുകരുന്നൂ.

[ 172 ]

നിഷ്കളങ്കമെൻ കണ്ണീർപ്രവാഹത്താൽ
മൽക്കരക്കുമ്പിൾ പൂർണമായ്ത്തീരട്ടെ,
നീണ്ടുകാണും നിരാശതൻ നർത്തന-
മണ്ഡപമാകുമീ നിശീഥത്തിങ്കൽ,
എന്തുകൊണ്ടു നശിച്ചില്ലീ ബുദ്ബുദം,
വൻതിരമാല തല്ലിത്തകർത്തിട്ടും?
നീളവേ, ഞാൻ വൃഥാവിലായെന്തിനു
'നളെ'യെന്നു സമാശ്വസിച്ചീടുന്നു?
നാളെയെന്നുടെ പട്ടടയിൽ തൃണ-
നാള-മല്ലയോ? ഇന്നത്തെയാണു ഞാൻ.


[ 173 ]
വിസ്മൃതമാകണം


രണമേ! മമ സ്വാഗതം! ഭൂവിൽ മേ-
ലമരണമെന്നതാശിപ്പതില്ല ഞാൻ!
ധരണിയാമിരുൾക്കുണ്ടിൽനിന്നെന്നേക്കും
ശരണമേകുക ശാശ്വതാന്ദമേ!
കരിമുകിൽമാല മിന്നുമൊരംബര-
ത്തെരുവിലെങ്ങുമലയുമെൻ ചിത്തമേ!
മതി, മതി, തവ ചിന്തകളിക്കൊടും-
ചിതയിൽവീണങ്ങു വെണ്ണീറടിഞ്ഞല്ലോ!
വികൃതമാകുന്ന മൃണ്മയീ ഗാത്രം
ചെറുകൃമികൾക്കുമാഹാരമാകട്ടെ!
നിരവധിനാളുകൾകൊണ്ടു ഞാനാർജ്ജിച്ച
നിരുപമാനന്ദസ്വപ്നം തകർന്നുപോയ്!
മമ പ്രണയലതിക തഴയ്ക്കുവാൻ
മരണശാഖയിൽത്തന്നെ പടരണം!
കരൾ തകർന്നു ഞാൻ മണ്ണടിച്ചാലൊരു
കരിയിലപോലുമില്ല കരയുവാൻ
വിടപിയിലൊരു പത്രം കൊഴിയുകിൽ
വിടവവിടെയൊരല്പമുണ്ടാകുമോ?
കടലിനെന്തൊരു നഷ്ടമൊരു തിര
കരയൊടേറ്റു തകർന്നുപോയീടുകിൽ
പുലരിതന്നുടെ പുഞ്ചിരിക്കൊഞ്ചലും
പുറകിലായെത്തും കണ്ണീർപ്രവാഹവും,

[ 174 ]

വളരൊളി വാനിൽ വീശും കുളുർമതി
വിളറിയങ്ങു മറഞ്ഞുപോകുന്നതും.
ചിര സുകൃതഫലമാം തടില്ലത
ഒരു ഞൊടിയിൽ പിടഞ്ഞുവീഴുന്നതും,
നിരവധി സുമരാജിയെത്തന്നുടെ
നിറകതിരാൾ വിടുർത്തിയ ഭാനുമാൻ
കരുണതെല്ലുമിയലാതവകൾതൻ
മരണശയ്യ വിരിച്ചു പിരിവതും;
പ്രതിദിനം കണ്ടുപോരും പ്രകൃതിക്കെൻ-
പ്രലപനങ്ങൾ വ്യഥാ വിലായ്ത്തോന്നിടാം.
അബലന്മാരുടെ ജന്മമനന്തമാ-
മവശതതന്നണിയറതന്നെയാം.;
മമ തനുവിന്റെ സൗഭാഗ്യം കണ്ടാദ്യം
മതിമറന്നെത്ര തോഷിച്ചതില്ല ഞാൻ!
കഠിനമിക്കായകാന്തിയാം പീയൂഷം
കണവനുള്ളൊരു കാകോളമായെന്നോ!
പരിണയിക്കാനൊരുത്ത,നിവൾ പിന്നെ
പരപുരുഷന്നു പാവയായാടണം!
പ്രണയം - എന്നുടെ ജീവിതസർവസ്വം-
പണയമാക്കണംപോൽ, ഞാൻ പണയത്തിനായ്?
അനഘനിർമ്മല പ്രേമത്തിൻ മുമ്പില-
ക്കനകകുംഭങ്ങൾ പാഴ്ക്കരിക്കട്ടകൾ!
പുതുപരിഷ്കൃതികന്ദളമേശാത്ത
ചെറുകുടിലുകൾ, ചേണെയും സൗധങ്ങൾ!
മധുപപാളി മരന്ദം നുകർന്നേറ്റം
മദതരളിതരായി മടങ്ങുമ്പോൾ,
ഉലകിൽ ദൗഷ്ട്യമറിയാത്ത താരുകൾ
തലകുനിച്ചു കരഞ്ഞു കഴിയണം!
മഹിള ഞാനെന്റെ മാനം നശിപ്പിച്ചീ-
മഹിയിൽ വാഴുമാനാശിപ്പതില്ലല്പം!
സതികൾതന്നുടെ പാദം തുടർന്നിവൾ
പതിവ്രതയായിത്തന്നെ മരിച്ചീടാം!

[ 175 ]

ഇനിയുമുണ്ടൊരു ജന്മമെനിക്കെങ്കി-
ലിതൾ വിടരാത്ത പുഷ്പമായ്ത്തീരണം;
വിജനഭൂവിങ്കലെങ്ങാനതിൻജന്മം
വിഫലമാക്കീട്ടു വിസ്മൃതമാകണം!

[ 176 ]
എന്റെ പോക്ക്


ച്ചവെയിലേറ്റു വാടും കൈവല്ലിയിൽ
പിച്ചപ്പാഴ്കുമ്പിളുമേന്തിയേന്തി;
മേല്ക്കുമേൽ വീഴുന്ന പാരുഷ്യമാർന്നിടും
വാക്കുതൻ കല്ലേറു പേറിപ്പേറി;
കണ്ടകാകീർണങ്ങളായിടും വീഥികൾ
കണ്ടകമൊട്ടൊട്ടു വാടിവാടി;
ആശാസുമങ്ങൾ വിരിച്ചിട്ടു മാർഗത്തിൽ
ക്ലേശങ്ങളാകവേ മാറ്റിമാറ്റി;
സ്വപ്നസുഖങ്ങൾതൻ ശീതളച്ഛായയിൽ
സ്വസ്ഥമായ് വിശ്രമം തേടിത്തേടി;
പിന്നിട്ടു കാലടിയോരോന്നും ചിത്തത്തിൻ-
സ്പന്ദനാൽ തിട്ടമായെണ്ണിയെണ്ണി;
വറ്റാത്തൊരിറ്റനുകമ്പ ലഭിക്കുവാൻ
ചുറ്റിത്തിരിഞ്ഞു ഞാൻ നാൾ കഴിപ്പൂ!

[ 177 ] <poem>
സ്വപ്നവിഹാരി

കോകിലപാളിതന് കാകളിത്തേൻ‌തെളി കാതിൽപ്പകരുമൊരാരാമത്തിൽ ഫുല്ലസുമങ്ങളൊത്തുല്ലസിച്ചീടുന്ന വല്ലീമതല്ലികൾതൻ നടുവിൽ; വെൺകുളിർക്കല്ലുകളാലേ വിരചിച്ച കൺകക്കും മേടതന്നങ്കണത്തിൽ. മുന്തിരിപ്പച്ചയാൽ ശീതളമായൊരു ബന്ധുരമായ നികുഞ്ജം തന്നിൽ. മുന്തിരിപ്പച്ചയാൽ ശീതളമായൊരു ബന്ധുരമായ നികുഞ്ജം തന്നിൽ. മദ്ധ്യാഹ്നവേളയിലോമലാളൊത്തിരു- ന്നിത്തരമോരോന്നുരച്ചു ഞാനും; "ദിവ്യമാം പ്രേമവും താരുണ്യസമ്പത്തും സർവേശൻ നമ്മൾക്കായേകിടുമ്പോൾ പാരിടംതന്നിലെ ജീവിതം ദുഃഖമായ്- ത്തീരുവാനെന്തൊരു ബന്ധമാവോ? സ്നേഹത്തിൻ സാരമറിയോത്തതായൊരു സ്നേഹിതരാരുമീ നമ്മൾക്കില്ല; സ്നേഹത്തിലന്യരെ മുന്നിട്ടുപോകുവാൻ മോഹിപ്പതെന്യെ മറ്റാശയില്ല; പ്രേമകഥകൾ കുറിക്കുന്ന പുസ്തക- സ്തോമമല്ലാതെ നാം‌‌ വായിപ്പീലാ; നീടുറ്റ നമ്മൾതൻ പ്രേമാപദാനത്തെ-

പ്പാടിപ്പുകഴ്ത്തിടും വാക്കുകൾതൻ [ 178 ]

മന്ദതയോർക്കുമ്പോളെങ്ങനെയാണല്പം
മന്ദഹസിക്കാതിരിപ്പൂ നമ്മൾ?"
യാമിനീദേവിതന്നാഗമവേളയിൽ
വ്യോമത്തെ നോക്കി ഞാനേവമോതി:
"കത്തുന്ന ദീപത്തിനുള്ള നിഴലിൽ, ത-
ന്നുത്തുംഗകാന്തി മറഞ്ഞിടുമ്പോൾ,
പൂങ്കാവിൽനിന്നുദ്ഗമിക്കും നെടുവീർപ്പും
പൂഞ്ചോലതന്നുടെ മർമ്മരവും
ചട്ടറ്റ വേണുവിൻ സംഗീതഘോഷവും
തട്ടിയീ വായു കനക്കുംനാളിൽ,
മൃണ്മയദേഹം വെടിഞ്ഞിട്ടീയാത്മാക്കൾ
ചിന്മയൻതന്നിൽ ലയിക്കുംനാളിൽ,
സുന്ദരമാമേതു താരമോ നമ്മൾതൻ-
മന്ദിരമായിട്ടു തീർന്നിടുന്നു?"
മാമകചോദ്യങ്ങൾക്കൊന്നുമൊരുത്തര-
മോമൽ കഥിച്ചല്ല; സ്വപ്നമെല്ലാം!

"https://ml.wikisource.org/w/index.php?title=മണിനാദം&oldid=70267" എന്ന താളിൽനിന്ന് ശേഖരിച്ചത്