താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നുകിലാനന്ദത്താലല്ലെങ്കിലാതങ്കത്താ-
ലൊന്നിനെൻ ഹൃദയത്തിൽ സ്ഥാനമില്ലല്പം പോലും!
രാഗമൂകമാമൊരു സായഹ്നമുകിലാം ഞാൻ
ത്യാഗിയാം കാർമ്മേഘമായ്ക്കരയാൻ പിറന്നതാം.
മിന്നലിൻ സാരിത്തുമ്പിൽ ചെന്നെത്തിപ്പിടിക്കുവാ-
നൊന്നിവൻ വെമ്പി,ക്കുന്നിൽ തടഞ്ഞു തകരുമ്പോൾ,
തപ്തമാമൊരു ചിത്രമെങ്ങാനും കുളുർത്താൽ ഞാൻ
തൃപ്തനാണതാണെന്റെ ജീവിതമുദ്രാവാക്യം!


കരയാൻ മാത്രം രണ്ടു കണ്ണുമായ്പ്പിറന്ന ഞാൻ
തിരയാനിനിയെങ്ങുമില്ലയെന്നാനന്ദത്തെ.
ഇനിയും പിളർക്കേണം, കൂരിരുൾപ്പാറയ്ക്കുള്ളിൽ
കനിവിന്നുറവൽപ്പമുണ്ടെങ്കിൽ കണ്ടെത്തുവാൻ
സിരയിൽക്കിടപ്പുണ്ടു ചെഞ്ചോര കുറച്ചതും
ചൊരിയാൻ മടിയില്ലിപ്പാഴ്മരുപ്പരപ്പിൽത്താൻ!
പോകട്ടെ മുന്നോട്ടുതാനെന്നാലുമെനിക്കാട്ടെ
ശോകസിന്ധുതന്നാഴം കണ്ടതിനൊന്നാം മുദ്ര!


വിടർന്ന താരിൻ ചിരിയല്ല,തു കൊഴിയുമ്പോൾ
വിടർന്ന നെടുവീർപ്പിൻ മാനസമുണർത്തിപ്പൂ!
മൗക്തികം വിളവതുകൊണ്ടല്ല, നീർപ്പോളകൾ
നിത്യവും തകരലാലാണാഴിയോടെൻ പ്രേമം!
താരകത്തങ്കപ്പുള്ളി താവിടും നീലാംബര-
ധാരിയായെത്തീടുന്ന യാമിനി ചിരിക്കട്ടെ!
കൂരിരുൾദാരിദ്ര്യത്തിന്നുള്ളിൽനിന്നുദ്ഗമിക്കും
നേരിയ നെടുവീർപ്പിൻ കാരണമാരായാം ഞാൻ,
"തകരൂ, തകരൂ"യെൻ മാനസം മന്ത്രിക്കുമ്പോൾ
"നുകരൂ, നുകരൂ"യെന്നോതുവാനശക്തൻ ഞാൻ!
ഞാനെന്റെ ചുടുബാഷ്പാലെൻ കാവ്യം വിരചിക്കാം,
ആനന്ദകാവ്യത്തിന്റെ കർത്തൃത്വം പ്രകൃതിക്കാം!-