താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തകരാത്ത നീർപ്പോള


കാലത്തിൻ വേലക്കാരിയാം വാസരം
വേലചെയ്തു വലഞ്ഞു വശംകെട്ടു.
അന്ത്യയാത്രയും ചൊല്ലി,ദ്ദഹിക്കവേ,
അന്തരീക്ഷമിരുണ്ടു പുകയാലേ!
തങ്കരളാം കരിങ്കല്ലലിയാതെ
ശങ്കയെന്യെ, മുതലാളിതൃപ്തിക്കായ്
മങ്കയാൾമൂലമന്നു താനാർജ്ജിച്ച
തങ്കനാണ്യങ്ങനെണ്ണുന്നുഡുച്ഛലാൽ!
അന്തിയോളമലഞ്ഞുനടന്നൊരെ-
ന്നന്തരംഗത്തിനാർത്തി കെടുത്തുവാൻ,
കിട്ടിയില്ലിറ്റു കഞ്ഞിത്തെളിപോലും,
കഷ്ടമെന്നാശയൊക്കവേ നിഷ്ഫലം!
ആലസ്യമെനിക്കെന്നുമരുളുമൊ-
രാലയദ്വാരമെത്തിയുൽക്കണ്ഠയാൽ
മുട്ടി ഞാനിന്നു, മെങ്കിലൊരുത്തരും
കിട്ടിയില്ല, തുറന്നില്ല വാതിൽ മേ;
വെന്തു തീവ്രമെരിയുമെൻ ഹൃത്തിങ്കൽ
ചന്ദനച്ചാർ പുരട്ടും കരത്തിലും
ഇറ്റനുകമ്പ വീഴ്ത്തുവാനില്ലാതെ
വറ്റിയോ? മമ കൈക്കുമ്പിൾ ശൂന്യമായ്!
സ്തന്യമറ്റതാം മാതാവുതൻ ചോര-
തന്നെയല്ലയോ, പൈതൽ നുകരുന്നൂ.