താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്തമറ്റുന്മുഖമാകും സനാതന—
ഗ്രന്ഥത്തിലേക്കൊന്നു കണ്ണയച്ചീടുകിൽ
അജ്ഞാതമാമിതിന്നാന്തരാർത്ഥം കുറ—
ച്ചാത്മാവറിയാതെ ശാന്തിയുണ്ടാകുമോ?
അല്പവും നിൽകാതെ കാലമതിനുടെ
രാപ്പകൽത്താളുകൾ മുന്നോട്ടു നീക്കവേ
മർത്ത്യനറിയേണ്ട പാഠങ്ങളെത്രയോ
വ്യർത്ഥമായ് മാഞ്ഞുമറയുന്നു നിത്യവും!
താവുന്ന സംസാരസന്താപമേഖങ്ങൾ
താഴ്വാരമെത്രമേൽ മൂടിനിന്നീടിലും,
പ്രത്യഗ്രഭാഗത്തിലെപ്പൊഴും മിന്നുന്ന
നിത്യപ്രകാശനിമഗ്നശിരസ്കരായ്
ചിന്താനിരതരചലേന്ദ്രരാം, മുനി—
വൃന്ദങ്ങളോതുന്ന ദിവൃതത്ത്വങ്ങളെ
പാട്ടിൽ ഗ്രഹിച്ചു പതഞ്ഞൊഴുകീടുന്ന
കാട്ടാറുതന്നുടെ കമ്രഗാനങ്ങളും;
ജീവിതപത്രങ്ങൾ മേൽക്കുക്മേൽ വീഴ്കിലും,
ഭാവികരങ്ങളാലെത്ര മാച്ചീടിലും
ഭൂയോപി ഭൂയോപി കായത്തിനോടൊത്തു
സായൂജ്യമാളുന്ന തൻനിഴൽപാടിനെ,
ശ്രദ്ധിച്ചുനോക്കിപ്പഠിച്ചാ രഹസ്യങ്ങ—
ളുദ്ധരിച്ചിദ്ധരതന്നിൽ പരത്തുവാൻ
പാടുപെട്ടീടും പരാർത്ഥശരീരരാം
പാദപപാളിതന്നാന്ദോളനങ്ങളും;
വ്യാകരണത്തിന്നിരുമ്പഴിക്കൂടുവി—
ട്ടാകാശമെങ്ങും ചരിക്കും കിളികൾതൻ
സ്വാതന്ത്ര്യസംശുദ്ധഗാനമകരന്ദ—
പൂതകല്ലോലിനിതന്റെ വിശുദ്ധിയും;
സത്തുമസത്തും തിരിഞ്ഞവർക്കുള്ളതാം
സത്യസ്വരൂപം പരത്തിഗ്ഗതഭയം
ആശ്വാസവേവന്നുമേറ്റുന്ന തെന്നലിൻ
ശാശ്വതശാന്തിതൻ സന്ദേശസാരവും