താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വളരൊളി വാനിൽ വീശും കുളുർമതി
വിളറിയങ്ങു മറഞ്ഞുപോകുന്നതും.
ചിര സുകൃതഫലമാം തടില്ലത
ഒരു ഞൊടിയിൽ പിടഞ്ഞുവീഴുന്നതും,
നിരവധി സുമരാജിയെത്തന്നുടെ
നിറകതിരാൾ വിടുർത്തിയ ഭാനുമാൻ
കരുണതെല്ലുമിയലാതവകൾതൻ
മരണശയ്യ വിരിച്ചു പിരിവതും;
പ്രതിദിനം കണ്ടുപോരും പ്രകൃതിക്കെൻ-
പ്രലപനങ്ങൾ വ്യഥാ വിലായ്ത്തോന്നിടാം.
അബലന്മാരുടെ ജന്മമനന്തമാ-
മവശതതന്നണിയറതന്നെയാം.;
മമ തനുവിന്റെ സൗഭാഗ്യം കണ്ടാദ്യം
മതിമറന്നെത്ര തോഷിച്ചതില്ല ഞാൻ!
കഠിനമിക്കായകാന്തിയാം പീയൂഷം
കണവനുള്ളൊരു കാകോളമായെന്നോ!
പരിണയിക്കാനൊരുത്ത,നിവൾ പിന്നെ
പരപുരുഷന്നു പാവയായാടണം!
പ്രണയം - എന്നുടെ ജീവിതസർവസ്വം-
പണയമാക്കണംപോൽ, ഞാൻ പണയത്തിനായ്?
അനഘനിർമ്മല പ്രേമത്തിൻ മുമ്പില-
ക്കനകകുംഭങ്ങൾ പാഴ്ക്കരിക്കട്ടകൾ!
പുതുപരിഷ്കൃതികന്ദളമേശാത്ത
ചെറുകുടിലുകൾ, ചേണെയും സൗധങ്ങൾ!
മധുപപാളി മരന്ദം നുകർന്നേറ്റം
മദതരളിതരായി മടങ്ങുമ്പോൾ,
ഉലകിൽ ദൗഷ്ട്യമറിയാത്ത താരുകൾ
തലകുനിച്ചു കരഞ്ഞു കഴിയണം!
മഹിള ഞാനെന്റെ മാനം നശിപ്പിച്ചീ-
മഹിയിൽ വാഴുമാനാശിപ്പതില്ലല്പം!
സതികൾതന്നുടെ പാദം തുടർന്നിവൾ
പതിവ്രതയായിത്തന്നെ മരിച്ചീടാം!