താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഞാനിതാ വിരമിപ്പൂ


മാപ്പെനിക്കേകൂ ഭദ്രേ! മാമകസങ്കേതപ്പൂ-ന്തോപ്പിലെന്നെന്നും നിൽക്കും സുന്ദരവാസന്തികേ!
ഒറ്റവാക്കെനിക്കില്ലിന്നുത്തരമോതാൻ, നിൽക്കാ-
തുദ്ഗമിച്ചിടുമെന്റെ കണ്ണുനീരുറവെന്യേ.
താന്തനായ്, തണലിനും താങ്ങിനുമതീതനായ്,
ഭ്രാന്തനായനാദ്യന്ത ജീവിതാധ്വാവിൻ മദ്ധ്യേ
മൂകമായ്ക്കിടന്നൊരെൻ ജീവനിൽ പ്രേമപ്പുതു-
പ്പൂവിരിപ്പുണ്യാഹസ്സിൻ പുഞ്ചിരി പകർത്തിയും,
"ഉത്സവമുല്ലാസദം ജീവിതം," ഏവം പാടി
മത്സിരാപ്രവാഹത്തിൽ പൊന്തിരയിളക്കിയും
ലോകത്തിനജ്ഞാതമായീ മണൽപ്പുര തന്നിൽ,
ത്യാഗദേവതേ, നിത്യനർത്തനം നടത്തി നീ!
അന്യനുമഭ്യസൂയചേർത്തിടും വിധത്തിലീ
മന്നിൽ നിന്നെന്നേയ്ക്കുമായെന്നെയുമുയർത്തി നീ!
പകലിൻ പകുതിയിൽ പാതിരാവിനെക്കണ്ടു
പതറിപ്പകച്ചു ഞാൻ നോക്കുന്നു നിരുന്മേഷം!
അസ്വാസ്ഥ്യമലതല്ലുമന്തരരംഗത്തിൻ തപ്ത-
നിശ്വാസം പാളിക്കുന്നെൻ പട്ടടച്ചന്തീയയ്യോ!
ഇരുളാണിരുളെങ്ങുമെങ്ങനെ തുടരും ഞാ-
നിനിയും തീർക്കേണ്ടൊരെൻ തീർത്ഥയാത്രതൻ ശേഷം!
മാർഗ്ഗദർശനം ചെയ്യാനേന്തിയ മണിദീപം
മാറ്റിനിർത്തിയതെന്തെൻ സ്വാർത്ഥാന്ധകാരത്തെത്താൻ!