താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാറ്റുവന്നൂതിക്കെടുത്തീടാതെ വസ്ത്രാഞ്ചലാൽ
കാത്തു ഞാൻ സൂക്ഷിക്കയാൽ കെട്ടിതദ്ദീപാങ്കുരം!
ജീവിതമിനിയും ഞാൻ പേറിലും ത്യജിക്കിലു-
മീവിധം കരയുവാനുള്ളതാം തവ ജന്മം!....
അമിതോല്ലാസപ്രദമായ നിൻ മുഖം മേലിൽ
സമുദായത്തിൻ വെറും സംശയമിരുളിക്കും!
ഞാനശക്തനാണതു കാണുവാ, നവസാന-
ഗാനവും പാടാം; പാപപങ്കിലം മമ ജന്മം!
വിണ്ണിനെക്കാട്ടിത്തന്ന നിൻമുഖത്തൊഴിയാത്ത
കണ്ണുനീരർപ്പിച്ച ഞാനെന്നെന്നും കൃതഘ്നൻതാൻ;
പുരുഷത്വത്തിൻ വെറും പര്യായഭേദംമാത്രം
പുരുഷൻ-ക്ഷമിക്കണേ-ഞാനിതാ വിരമിപ്പൂ!...