താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൻ നിത്യസങ്കല്പഗാനം പതിവുപോൽ
വിൺതട്ടിലെങ്ങാനുമെത്തി മുട്ടീടവേ
"ദുസ്സഹം! ദുസ്സഹം! ദുർവിഷപൂരിതം!
ദുഃസ്വഭാവത്തിൻ പ്രദർശന"മാണുപോൽ
കഷ്ടം! 'കല കല'യ്ക്കെന്ന മഹദ്വാക്യ-
മൊട്ടുമറിയാത്ത സാഹിതീദാസരേ!
ഓലത്തുരുമ്പിൽ മുറുകെപ്പിടിക്കുന്ന
ലീലയ്ക്കു ഞാനിതാ കൈതൊഴാം കൈതൊഴാം
ആവൽച്ചിറകടികൊണ്ടു മുഖരിത-
മാകുന്ന നീരന്ധ്രനീലനഭഃസ്ഥലം
നേരിൽ പ്രഭാകരൻ നീളേ നിറയുന്ന
നീരദപാളിയാൽ നിഷ്പ്രഭനാകവേ
ആവശ്യമില്ല നിന്നാത്മസംഗീതങ്ങ-
ളീവിശ്വമത്രമേൽ പാതാളമാർന്നുപോയ്.
മേൽക്കുമേൽ തിങ്ങുന്ന കൂരിരുൾമഗ്നനാം
രാക്കുയിലോർക്കാതെ രാഗം തുടങ്ങിയാൽ
പേക്കിനാവിങ്കൽ കഴിയുന്ന മൂങ്ങകൾ-
ക്കോർക്കുവാൻ വ,യ്യവ മൂളാൻ തുടങ്ങീടും!
ലോകവികൃതികൾ കണ്ടൊരു താരകം
ശോകരസ സ്ഫുരൽപ്പുഞ്ചിരി തൂകിയാൽ
കാളുമസൂയ ഘനീഭവിച്ചുള്ളതാം
കാളാംബുദങ്ങൾ മുരങ്ങാൻ തുടങ്ങീടും!
ലോകത്തിനുണ്ടൊരു കാഞ്ചനകഞ്ചുകം
ലോലം-സദാചാരമെന്ന നാലക്ഷരം
ആയതിന്നുള്ളിലടയ്ക്കുന്നതില്ലെത്ര
മായാത്ത ബീഭത്സനഗ്നചിത്രം നരൻ!
സത്യം തിരയുമെന്നാത്മാവതിനുടെ
സത്തുമസത്തും തുറന്നുകാട്ടീടവേ
ആട്ടിൻതുകലിട്ട ചെന്നായ്ക്കളൊക്കെയു-
മാർത്തുവിളിക്കുന്നു 'വിപ്ലവം! വിപ്ലവം!'
ആദർശജീവിതം പാടിനടക്കുന്ന-
മാദൃശരെത്രമേൽ സുസ്ഥിരമാകിലും