താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ദതയോർക്കുമ്പോളെങ്ങനെയാണല്പം
മന്ദഹസിക്കാതിരിപ്പൂ നമ്മൾ?"
യാമിനീദേവിതന്നാഗമവേളയിൽ
വ്യോമത്തെ നോക്കി ഞാനേവമോതി:
"കത്തുന്ന ദീപത്തിനുള്ള നിഴലിൽ, ത-
ന്നുത്തുംഗകാന്തി മറഞ്ഞിടുമ്പോൾ,
പൂങ്കാവിൽനിന്നുദ്ഗമിക്കും നെടുവീർപ്പും
പൂഞ്ചോലതന്നുടെ മർമ്മരവും
ചട്ടറ്റ വേണുവിൻ സംഗീതഘോഷവും
തട്ടിയീ വായു കനക്കുംനാളിൽ,
മൃണ്മയദേഹം വെടിഞ്ഞിട്ടീയാത്മാക്കൾ
ചിന്മയൻതന്നിൽ ലയിക്കുംനാളിൽ,
സുന്ദരമാമേതു താരമോ നമ്മൾതൻ-
മന്ദിരമായിട്ടു തീർന്നിടുന്നു?"
മാമകചോദ്യങ്ങൾക്കൊന്നുമൊരുത്തര-
മോമൽ കഥിച്ചല്ല; സ്വപ്നമെല്ലാം!