താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"മകരന്ദം പെയ്യുമഗ്ഗാനനാള-
മനുവേലമെന്നുള്ളിൽ മാറ്റൊലിക്കും!"
"സുലഭമപ്പുഞ്ചിരിയാകും ചിത്ര-
ശലഭങ്ങളെല്ലാം കരിഞ്ഞുപോയി!"
"അഴകിൻ കണികകളെങ്കിലും ഞാൻ
മഴവില്ലിൽക്കണ്ടുകൊണ്ടാശ്വസിക്കും."
"പുളകും പുരട്ടീടുമാ വചസ്സാം
പുതുമലരെല്ലാം കൊഴിഞ്ഞുപോയീ!"
"പരമനിർവാണദമാ, മവതൻ
പരിമളധോരണി വീശിവീശി
അഭിരാമ സ്വപ്നശതങ്ങൾ തീർപ്പൊ-
രവഗാഹ കാവ്യങ്ങൾ ഞാൻ പഠിക്കും
പ്രണയത്തിൻ ചഞ്ചൽച്ചിറകു വീശി-
യകലത്തൊരാത്മാവലഞ്ഞുവെന്നാൽ,
കഠിന നിരാശതൻ മണ്ഡലത്തിൽ
തടയും തളരും തകർന്നുപോകും!"
"ഇരുളിന്നടിത്തട്ടിലെത്രയെത്ര
കരളുകൾ തേങ്ങിക്കരഞ്ഞെന്നാലും
കരിയുവാനുള്ള സുമങ്ങളെല്ലാം
വിരിയും വിതറും സുന്ധസാരം
തകരും ഞാൻ-ജീവിതമാകമാനം
പകരാവൂ പാവന പ്രേമഗാനം;
അനഘമാണെന്തിലും മർത്ത്യജന്മം
അനുരാഗിയെന്നാലതിലും കാമ്യം!..."