താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വരുന്നു ഞാൻ

പാതിയും കഴിഞ്ഞതില്ലെൻ ഗ്രന്ഥപാരായണം
ഭീതിദമിതിന്നന്ത്യമെന്തിനായാരായേണം?
ജ്ഞാനതൃഷ്ണനാമെന്റെ നീടുറ്റ നിത്യാദ്ധ്വാനം
പാനപാത്രത്തിൽ വെറും കണ്ണുനീർ നിറപ്പാനാം!
പാതയിലിളംകാറ്റുമിളകുന്നീലാ ചെറ്റും,
പാതിരാപ്പിശാചിന്റെ നർത്തനരംഗം ചുറ്റും!
അക്ഷരമോരോന്നും ഞാൻ വായിച്ചുതിർക്കുന്നേരം
അക്ഷികൾ ചുടുബാഷ്പാലന്ധമാകുന്നൂ പാരം!
ഏറുമെൻ നെടുവീർപ്പിൻ നിശ്വാസനിപാതങ്ങൾ
- നീറുമീ ഹൃദയത്തിൻ നിശ്ശബ്ദഞരക്കങ്ങൽ-
മതി,യിബ്ഭയാനകമൂകത ഭഞ്‌ജിക്കുവാൻ
മതിയിൽക്കുറേക്കൂടി തീക്കനൽ ചൊരിയുവാൻ!

II


ആദ്യത്തെയദ്ധ്യായങ്ങളൊക്കവേയമൂല്യങ്ങൾ
-ആനന്ദാർണവത്തിലെസ്സുന്ദരതരംഗങ്ങൾ!
ആയതിന്നാന്ദോളനമേറ്റു ഞാൻ പോയിപ്പോയി
ആഴമറ്റിടും കയംതന്നിലാപതിക്കയായ്!
ഇനിയും മുന്നേട്ടേയ്ക്കോ?.... വേണ്ടിതിന്നവസാനം
ഇതിലും ഭയാനകമാകുവാനത്രേ നൂനം!
കത്തുകയാണെന്നാലുമെന്മുന്നിൽ ഗതഭയം
കർത്തവ്യം നടത്തുവാനേതോരു ദീപം സ്വയം!