താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വിസ്മൃതമാകണം


രണമേ! മമ സ്വാഗതം! ഭൂവിൽ മേ-
ലമരണമെന്നതാശിപ്പതില്ല ഞാൻ!
ധരണിയാമിരുൾക്കുണ്ടിൽനിന്നെന്നേക്കും
ശരണമേകുക ശാശ്വതാന്ദമേ!
കരിമുകിൽമാല മിന്നുമൊരംബര-
ത്തെരുവിലെങ്ങുമലയുമെൻ ചിത്തമേ!
മതി, മതി, തവ ചിന്തകളിക്കൊടും-
ചിതയിൽവീണങ്ങു വെണ്ണീറടിഞ്ഞല്ലോ!
വികൃതമാകുന്ന മൃണ്മയീ ഗാത്രം
ചെറുകൃമികൾക്കുമാഹാരമാകട്ടെ!
നിരവധിനാളുകൾകൊണ്ടു ഞാനാർജ്ജിച്ച
നിരുപമാനന്ദസ്വപ്നം തകർന്നുപോയ്!
മമ പ്രണയലതിക തഴയ്ക്കുവാൻ
മരണശാഖയിൽത്തന്നെ പടരണം!
കരൾ തകർന്നു ഞാൻ മണ്ണടിച്ചാലൊരു
കരിയിലപോലുമില്ല കരയുവാൻ
വിടപിയിലൊരു പത്രം കൊഴിയുകിൽ
വിടവവിടെയൊരല്പമുണ്ടാകുമോ?
കടലിനെന്തൊരു നഷ്ടമൊരു തിര
കരയൊടേറ്റു തകർന്നുപോയീടുകിൽ
പുലരിതന്നുടെ പുഞ്ചിരിക്കൊഞ്ചലും
പുറകിലായെത്തും കണ്ണീർപ്രവാഹവും,