താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിശ്വഭാരതിയിൽ


പുസ്തകം ദൂരത്തെറിഞ്ഞെന്റെ കൂട്ടരി-
പ്പുത്തിലഞ്ഞിച്ചോട്ടിലൊന്നിച്ചിരിക്കുവിൻ;
വിജ്ഞാനജിജ്ഞാസയേറുന്ന നിങ്ങളീ
വിശ്വത്തെ വീക്ഷിച്ചു സംതൃപ്തി നേടുവിൻ;
പുല്ലാണു പുസ്തകജ്ഞാനം പുലരിതൻ
പുല്ലാംകുഴൽവിളി വന്നു പുണരവേ;
തോല്ക്കുകിലെന്തു പരീക്ഷയിൽ? തെല്ലുമേ
തോല്ക്കൊലാ സൗഭഗാസ്വാദനത്തിങ്കൽ നാം
പുസ്തകകീടങ്ങളായിട്ടനാരതം
മസ്തകം താഴ്ത്തി നാം മൗനംഭജിക്കുകിൽ
സാരഗർഭങ്ങളാമോരോ നിമിഷവും
കൂരിരുൾക്കുള്ളിലടിഞ്ഞുപോം നിഷ്ഫലം!
പണ്ടു പഠിച്ചുള്ള പാഠമുരുവിട്ടു
തൊണ്ട വരട്ടുന്ന പണ്ഡിതമ്മന്യരാൽ
ശിക്ഷണം ചെയ്യും കലാലയാലംബർ നാം
ലക്ഷണം കെട്ടവരായിച്ചമഞ്ഞുപോയ്!
വാനവനാകാൻ കൊതിക്കുന്ന മർത്ത്യനെ
വാനരനാക്കും കലാലയാദ്ധ്യായനം
വീതാനുലജ്ജം തുടുങ്ങുന്നതേതൊരു
പാതാളമെത്തുവാനയ്യോ! ഭയങ്കരം!
വാസ്തവം കൈവിട്ടതിൻ പാഴ്നിഴലിനെ
വാഴ്ത്തുവാൻമാത്രം പഠിച്ചവരായ നാം,