അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ഹനൂമദ്ഭരതസംവാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


പിന്നെ മുഹൂത്തമാത്രം നിരൂപിച്ചഥ
ചൊന്നാനനിലാത്മജനോടു രാഘവൻ
'ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരൻ-
തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ
വന്നീടുകെന്നുടെ വൃത്താന്തവും പുന-
രൊന്നൊഴിയാതെയവനോടു ചൊല്ലണം
പോകുന്നനേരം ഗുഹനെയും ചെന്നു ക-
ണ്ടേകാന്തമായറിയിച്ചീടവസ്ഥകൾ'
മാരുതി മാനുഷവേഷം ധരിച്ചു പോയ്‌
ശ്രീരാമവൃത്തം ഗുഹനെയും കേൾപ്പിച്ചു
സത്വരം ചെന്നു നന്ദിഗ്രാമമുൾപ്പുക്കു
ഭക്തനായീടും ഭരതനെ കൂപ്പിനാൻ
പാദുകവും വച്ചു പൂജിച്ചനാരതം
ചേതസാ രാമനെ ധ്യാനിച്ചു ശുദ്ധനായ്‌
സോദരനോടുമാമാതൃജനത്തൊടു-
മാദരപൂർവ്വം ജടവൽക്കലം പൂണ്ടു
മൂലഫലവും ഭുജിച്ചു കൃശാംഗനായ്‌
ബാലനോടുംകൂടെ വാഴുന്നതു കണ്ടു
മാരുതിയും ബഹുമാനിച്ചിതേറ്റവു-
'മാരുമില്ലിത്ര ഭക്തന്മാരവനിയിൽ'
എന്നു കൽപിച്ചു വണങ്ങി വിനീതനായ്‌
നിന്നു മധുരമാമ്മറു ചൊല്ലീടിനാൻ
'അഗ്രജൻ തന്നെ മുഹൂർത്തമാത്രേണ നി-
ന്നഗ്രേ നിരാമയം കാണാം ഗുണനിധേ!
സീതയോടും സുമിത്രാത്മജൻ തന്നോടു-
മാദരവേറും പ്ലവഗബലത്തൊടും
സുഗ്രീവനോടും വിഭീഷണൻ തന്നോടു-
മുഗ്രമായുള്ള രക്ഷോബലം തന്നൊടും
പുഷ്പകമാം വിമാനത്തിന്മേലേറി വ-
ന്നിപ്പോളിവിടെയിറങ്ങും ദയാപരൻ
രാവണനെക്കൊന്നു ദേവിയേയും വീണ്ടു
ദേവകളാലഭിവന്ദിതനാകിയ
രാഘവനെക്കണ്ടു വന്ദിച്ചു മാനസേ
ശോകവും തീർന്നു വസിക്കാമിനിച്ചിരം'
ഇത്ഥമാകർണ്യ ഭരതകുമാരനും
ബദ്ധസമ്മോദം വിമൂർച്ഛിതനായ്‌ വീണു
സത്വരമാശ്വസ്തനായ നേരം പുന-
രുത്ഥായ ഗാഢമായാലിംഗനം ചെയ്തു
വാനരവീരശിരസി മുദാ പര-
മാനന്ദബാഷ്പാഭിഷേകവും ചെയ്തിതു
'ദേവോത്തമനോ നരോത്തമനോ ഭവാ-
നേവമെന്നെക്കുറിച്ചിത്ര കൃപയോടും
ഇഷ്ടവാക്യം ചൊന്നതിന്നനുരൂപമായ്‌
തുഷ്ട്യാ തരുവതിനില്ല മറ്റേതുമേ
ശോകം മദീയം കളഞ്ഞ ഭവാനു ഞാൻ
ലോകം മഹമേരു സാകം തരികിലും
തുല്യമായ്‌ വന്നുകൂടാ പുനരെങ്കിലും
ചൊല്ലീടെടോ രാമകീർത്തനം സൗഖ്യദം
മാനവനാഥനു വാനരന്മാരോടു
കാനനേ സംഗമമുണ്ടായതെങ്ങനെ?
വൈദേഹിയെക്കട്ടുകൊണ്ടവാറെങ്ങനെ
യാതുധാനാധിപനാകിയ രാവണൻ?
ഇത്തരം ചോദിച്ച രാജകുമാരനോ-
ടുത്തരം മാരുതിപുത്രനും ചൊല്ലിന്നൻ
'എങ്കിലൊ നിങ്ങളച്ചിത്രകൂടാചല-
ത്തിങ്കൽ നിന്നാധി കലർന്നു പിരിഞ്ഞ നാൾ
ആദിയായിന്നോളമുള്ളോരവസ്ഥക-
ളാദരമുൾക്കൊണ്ടു ചൊല്ലുന്നതുണ്ടു ഞാൻ
ഒന്നൊഴിയാതെ തെളിഞ്ഞു കേട്ടീടുക
വന്നുപോം ദുഃഖവിനാശം തപോനിധേ'
എന്നു പറഞ്ഞറിയിച്ചാനഖിലവും
മന്നവൻതൻ ചരിത്രം പരിത്രം പരം
ശത്രുഘ്നമിത്രഭൃത്യാമാതൃവർഗ്ഗവും
ചിത്രം വിചിത്രമെന്നൊർത്തുകൊണ്ടീടിനാർ