Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ഹരിഃ ശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു
നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! രാമ! നാരായണ! രാമ!
നാരായണ! രാമ! നാരായണ! ഹരേ!
രാമ! രമാരമണ! ത്രിലോകീപതേ!
രാമ! സീതാഭിരാമ! ത്രിദശപ്രഭോ!
രാമ! ലോകാഭിരാമ! പ്രണവാത്മക!
രാമ! നാരായണാത്മാരാമ! ഭൂപതേ!
രാമകഥാമൃതപാനപൂർണ്ണാനന്ദ-
സാരാനുഭൂതിക്കു സാമ്യമില്ലേതുമേ 10
ശാരികപ്പൈതലേ! ചൊല്ലുചൊല്ലിന്നിയും
ചാരുരാമായണയുദ്ധം മനോഹരം
ഇഥമാകർണ്യ കിളിമകൾ ചൊല്ലിനാൾ
ചിത്തം തെളിഞ്ഞു കേട്ടീടുവിനെങ്കിലോ
ചന്ദ്രചൂഡൻ പരമേശ്വരനീശ്വരൻ
ചന്ദ്രികാമന്ദസ്മിതം പൂണ്ടരുളിനാൻ
ചന്ദ്രാനനേ! ചെവിതന്നു മുദാ രാമ-
ചന്ദ്രചരിതം പവിത്രം ശൃണുപ്രിയേ!