അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/വാനരാദികൾക്ക് ഭഗവാൻ കൊടുത്ത അനുഗ്രഹം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


വിശ്വംഭരാ പരിപാലനവും ചെയ്തു
വിശ്വനാഥന് വസിച്ചീടും ദശാന്തരേ
സസ്യസമ്പൂർണ്ണമായ് വന്നിതവനിയും
ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും
വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത-
പക്വങ്ങളോടു കലർ‌ന്നു നിന്നീടുന്നു
ദുർഗ്ഗന്ധപുഷപങ്ങളക്കാലമൂഴിയില്
സൽഗന്ധയുക്തങ്ങളായ്‌വന്നിതൊക്കെവെ
നൂറായിരം തുരഗങ്ങള് പശുക്കളും
നൂറുനൂറായിരത്തില്പുറം പിന്നെയും
മുപ്പതുകോടി സുവർണ്ണാഭാ‍രങ്ങളും
സുബ്രാഹ്മണർക്കു കൊടുത്തു രഘൂത്തമന്
വസ്ത്രാഭരണ മാല്യങ്ങൾസംഖ്യമായ്
പൃത്ഥ്വീസുരോത്തമന്മാർക്കു നൽകീടിനാന്
സ്വർണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം
വർണ്ണവൈചിത്ര്യമനഘമനുപമം
ആദിത്യപുത്രനു നൽകിനാനാദരാ-
ലാദിതേയാധിപപുത്രതനയനും
അംഗദദ്വന്ദ്വം കൊടുത്തോരനന്തരം
മംഗലാപാംഗിയാം സീതയ്ക്കു നൽകിനാന്
മേരുവും ലോകത്രയവും കൊടുക്കിലും
പോരാ വിലയതിനങ്ങനെയൊള്ളൊരു
ഹാരം കൊടുത്തതു കണ്ടു വൈദേഹിയും
പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം
കണ്ഠദേശത്തിങ്കൽനിന്നങ്ങെടുത്തിട്ടു
രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാള്
ഭർത്തൃമുഖാബ്ജവും മാരുതി വക്ത്രവും
മദ്ധ്യേ മണിമയമാകിയ ഹാരവും
ഇംഗിതജ്ഞന് പുരുഷോത്തമനന്നേരം
മംഗലദേവതയോടു ചൊല്ലീടിനാന്
‘ഇക്കണ്ടവർകളിലിഷ്ടനാകുന്നതാ-
രുൾക്കമലത്തില് നിനക്കു മനോഹരേ!
നൽകീടവന്നു നീ മറ്റാരുമില്ല നി-
ന്നാകൂതഭംഗം വരുത്തുവാനോമലേ!’
എന്നതു കേട്ടു ചിരിച്ചു വൈദേഹിയും
മന്ദം വിളിച്ചു ഹനുമാനു നൽകിനാള്
ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും
മരുതിയും പരമാനന്ദസംയുതം
അഞ്ജലിയോടും തിരുമുമ്പില് നിന്നിടു-
മഞ്ജനാപുത്രനെക്കണ്ടു രഘുവരന്
മന്ദമരികേ വിളിച്ചരുൾചെയ്തിതാ-
നന്ദപരവശനായ് മധുരാക്ഷരം
‘മാരുതനന്ദന വേണ്ടും വരത്തെ നീ
വീര വരിച്ചുകൊൾകേതും മടിയാതെ’
എന്നതു കേട്ടു വന്ദിച്ചു കപീന്ദ്രനും
മന്നവന് തന്നോടപേക്ഷിച്ചരുളിനാന്
‘സ്വാമിന് പ്രഭോ നിന്തിരുവടിതന്നുടെ
നാമവും ചാരുചരിത്രവുമുള്ള നാള്
ഭൂമിയിൽ വാഴ്‌വാനനുഗ്രഹിച്ചീടണം
രാമനാമം കേട്ടുകൊൾവാനനാരതം
രാമജപസ്മരണശ്രവണങ്ങളിൽ
മാമകമാനസേ തൃപ്തിവരാ വിഭോ!
മറ്റുവരം മമ വേണ്ട ദയാനിധേ!
മറ്റുമിളക്കമില്ലാതൊരു ഭക്തിയു-
മുണ്ടായിരിയ്ക്കണ'മെന്നതു കേട്ടൊരു
പുണ്ഡരീകാക്ഷനനുഗ്രഹം നൽകിനാൻ
'മൽകഥയുള്ളനാൾ മുക്തനായ്‌ വാഴ്കനീ
ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!'
ജാനകീദേവിയും ഭോഗാനുഭൂതികൾ
താനേ വരികെന്നനുഗ്രഹിച്ചീടിനാൾ
ആനന്ദബാഷ്പപരീതാക്ഷനായവൻ
വീണുനമസ്കൃത്യ പിന്നെയും പിന്നെയും
ചെന്നു ഹിമാചലം പുക്കു തപസ്സിനായ്‌
പിന്നെ ഗുഹനെ വിളിച്ചു മനുവരൻ
'ഗച്ഛ സഖേ! പുരം ശൃംഗീവരം ഭവാൻ
മൽചരിത്രങ്ങളും ചിന്തിച്ചു വാഴ്കനീ
ഭോഗങ്ങളെല്ലാം ഭുജിച്ചു ചിരം പുന-
രേകഭാവം ഭജിച്ചീടുകെന്നോടു നീ'
ദിവ്യാംബരാഭരണങ്ങളെല്ലാം കൊടു-
ത്തവ്യാജഭക്തനെ യാത്ര വഴങ്ങിനാൻ
പ്രേമഭാരേണ വിയോഗദുഃഖം കൊണ്ടു
രാമനാലാശ്ലിഷ്ടനായ ഗുഹൻ തദാ
ഗംഗാനദീപ്രിശോഭിതമായൊരു
ശൃംഗീവരം പ്രവേശിച്ചു മരുവിനാൻ
മൂല്യമില്ലാത വസ്ത്രാഭരണങ്ങളും
മാല്യകളഭ ഹരിചന്ദനാദിയും
പിന്നെയും പിന്നെയും വേണ്ടുവോളം നൽകി
മന്നവൻ ഗാഢഗാഢം പുണർന്നാദരാൽ
മർക്കടനായകന്മാർക്കും കൊടുത്തുപോയ്‌-
കിഷ്കിന്ധപൂകെന്നയച്ചരുളീടിനാൻ
സുഗ്രീവനും വിയോഗേന ദുഃഖം കൊണ്ടു
കിഷ്കിന്ധപുക്കു സുഖിച്ചു മരുവിനാൻ
സീതാജനകനായീടും ജനകനെ
പ്രീതിയോടെ പറഞ്ഞാശ്ലേഷവും ചെയ്തു
സീതയെക്കൊണ്ടു കൊടുപ്പിച്ചൊരോതരം
നൂതനപട്ടാംബരാഭരണാദിയും
നൽകി, വിദേഹരാജ്യത്തിനു പോകെന്നു
പുൽകിക്കനിവോടു യാത്ര വഴങ്ങിനാൻ
കാശിരാജാവിനും വസ്ത്രാഭരണങ്ങ-
ളാശയാനന്ദം വരുമാറു നൽകിനാൻ
പിന്നെ മറ്റുള്ള നൃപന്മാർക്കുമൊക്കവെ
മന്നവൻ നിർമ്മലഭൂഷണാദ്യങ്ങളും
സമ്മാനപൂർവ്വം കൊടുത്തയച്ചീടിനാൻ
സമ്മോദമുൾക്കൊണ്ടു പോയാരവർകളും
നക്തഞ്ചരേന്ദ്രൻ വിഭീഷണനന്നേരം
ഭക്ത്യാ നമസ്കരിച്ചാൻ ചരണാംബുജം
'മിത്രമായ്‌ നീ തുണച്ചോരുമൂലം മമ
ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാൻ
ആചന്ദ്രതാരകം ലങ്കയിൽ വാഴ്ക നീ
നാശമരികളാലുണ്ടാകയില്ല തേ
എന്നെ മറന്നുപോകാതെ നിരൂപിച്ചു
പുണ്യജനാധിപനായ്‌ വസിച്ചീടെടോ!
വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും
വിഷ്ണുപരായണനായ്‌ വിശുദ്ധാത്മനാ
മുക്തനായ്‌ വാണീടുകെ'ന്നു നിയോഗിച്ചു
മുക്താഫലമണിസ്വർണ്ണാഭാരങ്ങളും
ആവോളവും കൊടുത്താശു പോവാനയ-
ച്ചാവിർമ്മുദാ പുണർന്നീടിന്നാൻ പിന്നെയും
ചിത്തേ വിയോഗദുഃഖം കൊണ്ടു കണ്ണുനീ-
രത്യർത്ഥമിറ്റിറ്റു വീണും വണങ്ങിയും
ഗദ്ഗദവർണ്ണേന യാത്രയും ചൊല്ലിനാൻ
നിർഗ്ഗമിച്ചാനൊരുജാതി വിഭീഷണൻ
ലങ്കയിൽ ചെന്നു സുഹൃജ്ജനത്തോടുമാ-
തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാൻ.