അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ശ്രീരാമന്റെ രാജ്യഭാരഫലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ജാനകീദേവിയോടും കൂടി രാഘവ-

നാനന്ദമുൾക്കൊണ്ടു രാജഭോഗാന്വിതം

അശ്വമേധാദിയാം യാഗങ്ങളും ചെയ്തു

വിശ്വപവിത്രയാം കീർത്തിയും പൊങ്ങിച്ചു

നിശ്ശേഷസൌഖ്യം വരുത്തി പ്രജകൾക്കു

വിശ്വമെല്ലാം പരിപാലിച്ചരുളിനാൻ

വൈധവ്യദുഃഖം വനിതമാർക്കില്ലൊരു

വ്യാധിഭയവുമൊരുത്തർക്കുമില്ലല്ലോ

സസ്യപരിപൂർണ്ണയല്ലോ ധരിത്രിയും

ദസ്യുഭയവുമൊരേടത്തുമില്ലല്ലോ 5100

ബാലമരണമകപ്പെടുമാറില്ല

കാലേ വരിഷിക്കുമല്ലോ ഘനങ്ങളും

രാമപൂജാപരന്മാർ നരന്മാർ ഭുവി

രാമനെ ധ്യാനിക്കുമേവരും സന്തതം

വർണ്ണാശ്രമങ്ങൾ തനിക്കുതനിക്കുള്ള-

തൊന്നുമിളക്കം വരുത്തുകയില്ലാരുമേ

എല്ലാവനുമുണ്ടനുകമ്പ മാനസേ

നല്ലതൊഴിഞ്ഞുള്ള ചിന്തയില്ലാർക്കുമേ

നോക്കുമാറില്ലാരുമേ പരദാരങ്ങ-

ളോർക്കയുമില്ല പരദ്രവ്യമാരുമേ 5110

ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു

നിന്ദയുമില്ല പരസ്പരമാർക്കുമേ

നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-

വണ്ണം പ്രജകളെ രക്ഷിച്ചു രാഘവൻ

സാകേതവാസികളായ ജനങ്ങൾക്കു

ലോകാന്തരസുഖമെന്തോന്നിതിൽപ്പരം

വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്

ശോകമോഹങ്ങളകന്നു മരുവിനാർ.