അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണന്റെ വിലാപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കുന്നേരം
പുത്രൻ മരിച്ചതു കേട്ടൊരു രാവണൻ
വീണിതു ഭൂമിയിൽ മോഹം കലർന്നതി-
ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാൻ:
‘ഹാ ഹാ കുമാര! മണ്ഡോദരീനന്ദന!
ഹാ ഹാ സുകുമാര! വീര! മനോഹര!
മത്ക്കർമ്മദോഷങ്ങളെന്തു ചൊല്ലാവതു
ദു:ഖമിതെന്നു മറക്കാവതുള്ളിൽ ഞാൻ!
വിണ്ണവർക്കും ദ്വിജന്മാർക്കും മുനിമാർക്കു-
മിന്നു നാന്നായുറങ്ങീടുമാറായിതു
നമ്മെയും പേടിയില്ലാർക്കുമിനി മമ-
ജന്മവും നിഷ്ഫലമായ് വന്നിതീശ്വര!‘
പുത്രഗുണങ്ങൾ പറഞ്ഞും നിരൂപിച്ചു-
മത്തൽ മുഴുത്തു കരഞ്ഞു തുടങ്ങിനാൻ
‘എന്നുടെ പുത്രൻ മരിച്ചതു ജാനകി-
തന്നുടെ കാരണമെന്നതു കൊണ്ടു ഞാൻ
കൊന്നവൾ തന്നുടെ ചോര കുടിച്ചൊഴി-
ഞ്ഞെന്നുമേ ദു:ഖമടങ്ങുകയില്ല മേ!‘
ഖഡ്ഗവുമോങ്ങിച്ചിരിച്ചലറിത്തത്ര-
നിർഗമിച്ചീടിനാൻ ക്രുദ്ധനാം രാവണൻ
സീതയും ദുഷ്ടനാം രാവണനെക്കണ്ടു
ഭീതയായെത്രയും വേപഥു ഗാത്രിയായ്
ഹാ! രാമ! രാമ! രാമേതി ജപത്തൊടു-
മാരാമദേശേ വസിക്കും ദശാന്തരേ
ബുദ്ധിമാനായ സുപാർശ്വൻ നയജ്ഞന-
ത്യുത്തമൻ കർബ്ബുരസത്തമൻ വൃത്തവാൻ
രാവണൻ തന്നെത്തടുത്തു നിർത്തിപ്പറ-
യാവതെല്ലാം പറഞ്ഞീടിനാൻ നീതികൾ:
‘ബ്രഹ്മകുലത്തിൽ ജനിച്ച ഭവാനിഹ
നിർമലനെന്നു ജഗത്ത്രയസമ്മതം
താവകമായ ഗുണങ്ങൾ വർണ്ണിപ്പതി-
നാവതല്ലോർക്കിൽ ഗുഹനുമനന്തനും
ദേവദേവേശ്വരനായ പുരവൈരി-
സേവകന്മാരിൽ പ്രധാനനല്ലോ ഭവാൻ
പൌലസ്ത്യനായ കുബേര സഹോദരൻ
ത്രൈലോക്യവന്ദ്യനാം പുണ്യജനാധിപൻ
സാമവേദജ്ഞൻ സമസ്തവിദ്യാലയൻ
വാമദേവാധിവാസാത്മാ ജിതേന്ദ്രിയൻ
വേദവിദ്യാവ്രതസ്നാനപരായണൻ
ബോധവാൻ ഭാർഗ്ഗവശിഷ്യൻ വിനയവാൻ
എന്നിരിക്കെ ബ്ഭവാനിന്നു യുദ്ധാന്തരേ
നന്നുനന്നെത്രയുമോർത്തു കൽപ്പിച്ചതും
സ്ത്രീവധമാകിയ കർമ്മത്തിനാശു നീ
ഭാവിച്ചതും തവ ദുഷ്ക്കീർത്തിവർദ്ധനം
രാത്രിഞ്ചരേന്ദ്രപ്രവരപ്രഭോ! മയാ-
സാർദ്ധം വിരവോടു പോരിക പോരിനായ്
മാനവന്മാരെയും വാനരന്മാരെയും
മാനേന പോർചെയ്തു കൊന്നു കളഞ്ഞു നീ
ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക
മാനസതാപവും ദൂരെനീക്കീടുക”
നീതിമാനായ സുപാർശ്വൻ പറഞ്ഞതു
യാതുധാനാധിപൻ കേട്ടു സന്തുഷ്ടനായ്
ആസ്ഥനമണ്ഡപേ ചെന്നിരുന്നെത്രയു-
മാസ്ഥയാ മന്ത്രികളോടും നിരൂപിച്ചു
ശിഷ്ടരായുള്ള നിശാചരന്മാരുമായ്
പുഷ്ടരോഷം പുറപ്പെട്ടിതു പോരിനായ്
ചെന്നു രക്ഷോബലം രാമനോടേറ്റള-
വൊന്നൊഴിയാതെയൊടുക്കിനാൻ രാമനും
മന്നവൻ തന്നോടെതിർത്തിതു രാവണൻ
നിന്നു പോർ ചെയ്താനഭേദമായ് നിർഭയം
പിന്നെ രഘുത്തമൻ ബാണങ്ങളെയ്തെയ്തു
ഭിന്നമാക്കീടിനാൻ രാവണദേഹവും
പാരം മുറിഞ്ഞു തളർന്നു വശം കെട്ടു
ധീരതയും വിട്ടുവാങ്ങീ ദശാനനൻ
പോരുമിനി മമ പോരുമെന്നോർത്തതി-
ഭീരുവായ് ലങ്കാപുരം പുക്കനന്തരം.