അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണഗാത്രദഹനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


അഗ്രജൻ വീണതു കണ്ടു വിഭീഷണൻ
വ്യഗ്രിച്ചരികത്തു ചെന്നിരുന്നകുലാൽ
ദുഃഖം കലർന്നു വിലാപം തുടങ്ങിനാ-
'നൊക്കെ വിധിബലമല്ലോ വരുന്നതും
ഞാനിതൊക്കെപ്പറഞ്ഞീടിനേൻ മുന്നമേ
മാനം നടിച്ചെന്നെയും വെടിഞ്ഞീടിന
വീര! മഹാശയനോചിതനായ നീ
പാരിലീവണ്ണം കിടക്കുമാറായതും
കണ്ടിതെല്ലാം ഞാനനുഭവിക്കേണമെ-
ന്നുണ്ടു ദൈവത്തിനതാർക്കൊഴിക്കാവതും?
ഏവം കരയും വിഭീഷണൻതന്നോടു
ദേവദേവേശനരുൾചെയ്തിതാദരാൽ
'എന്നോടഭിമുഖനായ്നിന്നു പോർചെയ്തു
നന്നായ്‌ മരിച്ച മഹാശൂരനാമിവൻ-
തന്നെക്കുറിച്ചു കരയരുതേതുമേ
നന്നല്ലതുപരലോകത്തിനു സഖേ!
വീരരായുള്ള രാജാക്കൾധർമ്മം നല്ല
പോരിൽ മരിയ്ക്കുന്നതെന്നറിയേണമേ!
പോരിൽ മരിച്ചു വീരസ്വർഗ്ഗസിദ്ധിയ്ക്കു
പാരം സുകൃതികൾക്കെന്നി യോഗം വരാ
ദോഷങ്ങളെല്ലമൊടുങ്ങീതിവന്നിനി-
ശ്ശേഷക്രിയയ്ക്കു തുടങ്ങുക വൈകാതെ'
ഇത്ഥമരുൾ ചെയ്തു നിന്നരുളുന്നേരം
തത്ര മണ്ഡോദരി കേണു വന്നീടിനാൾ
ലങ്കാധിപൻമാറിൽ വീണു കരഞ്ഞുമാ-
തങ്കമുൾക്കൊണ്ടു മോഹിച്ചു പുനരുടൻ
ഓരോതരം പറഞ്ഞും പിന്നെ മറ്റുള്ള
നാരീജനങ്ങളും കേണുതുടങ്ങിനാർ
പംക്തിരഥാത്മജനപ്പോളരുൾചെയ്തു
പംക്തിമുഖാനുജൻ തന്നോടു സാദരം
'രാവണൻ തന്നുടൽ സംസ്കരിച്ചീടുക
പാവകനെജ്ജ്വലിപ്പിച്ചിനിസ്സത്വരം'
തത്ര വിഭീഷണൻ ചൊന്നാ'നിവനോള-
മിത്ര പാപം ചെയ്തവരില്ല ഭൂതലേ
യോഗ്യമല്ലേതുമടിയനിവനുടൽ-
സംസ്കരിച്ചീടുനാ'നെന്നു കേട്ടേറ്റവും
വന്ന ബഹുമാനമോടെ രഘൂത്തമൻ
പിന്നെയും ചൊന്നാൻ വിഭീഷണൻ തന്നോടു
'മദ്ബാണമേറ്റു രണാന്തേ മരിച്ചൊരു
കർബ്ബുരാധീശ്വരനറ്റിതു പാപങ്ങൾ
വൈരവുമാമരണാന്തമെന്നാകുന്നി-
തേറിയ സദ്ഗതിയുണ്ടാവതിന്നു നീ
ശേഷക്രിയകൾ വഴിയേ കഴിക്കൊരു
ദോഷം നിനക്കതിനേതുമകപ്പെടാ'
ചന്ദനഗന്ധാദികൊണ്ടു ചിതയുമാ-
നന്ദേന കൂട്ടി മുനിവരന്മാരുമായ്‌
വസ്ത്രാഭരണമാല്യങ്ങൾകൊണ്ടും തദാ
നക്തഞ്ചരാധിപദേഹമലങ്കരി-
ച്ചാർത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്നി-
ഹോത്രികളെസ്സംസ്കരിയ്ക്കുന്നവണ്ണമേ
രാവണദേഹം ദഹിപ്പിച്ചു തന്നുടെ
പൂർവ്വജനായുദകക്രിയയും ചെയ്തു
നാരികൾ ദുഃഖം പറഞ്ഞു പോക്കിച്ചെന്നു
ശ്രീരാമപാദം നമസ്കരിച്ചീടിനാൻ
മാതലിയും രഘുനാഥനെ വന്ദിച്ചു
ജാതമോദം പോയ്‌ സുരാലയം മേവിനാൻ
ചെന്നു നിജനിജ മന്ദിരം പുക്കിതു
ജന്യാവലോകനം ചെയ്തു നിന്നോർകളും
വിഭീഷണരാജ്യാഭിഷേകം
ലക്ഷ്മണനോടരുൾചെയ്തിതു രാമനും
'രക്ഷോവരനാം വിഭീഷണായ്‌ മയാ
ദത്തമായോരു ലങ്കാരാജ്യമുൾപുക്കു
ചിത്തമോദാലഭിഷേകം കഴിക്ക നീ'
എന്നതുകേട്ടു കപിവരന്മാരൊടും
ചെന്നു ശേഷിച്ച നിശാചരന്മാരുമായ്‌
അർണ്ണവതോയാദി തീത്ഥജലങ്ങളാൽ
സ്വർണ്ണകലശങ്ങൾ പൂജിച്ചു ഘോഷിച്ചു
വാദ്യഘോഷത്തോടു താപസന്മാരുമാ-
യാർത്തുവിളിച്ചഭിഷേകവും ചെയ്തിതു
ഭൂമിയും ചന്ദ്രദിവാകരരാദിയും
രാകമഥയുമുള്ളന്നു വിഭീഷണൻ
ലങ്കേശനായ്‌ വാഴുകെന്നു കിരീടാദ്യ-
ലങ്കാരവു ചെയ്തു ദാനപുരസ്കൃതം
പൂജ്യനായോരു വിഭീഷണനായ്ക്കൊണ്ടു
രാജ്യനിവാസികൾ കാഴ്ചയും വച്ചിതു
വാച്ച കുതൂഹലം പൂണ്ടു വിഭീഷണൻ
കാഴ്ചയുമെല്ലാമെടുപ്പിച്ചു കൊണ്ടുവ-
ന്നാസ്ത്ഥയാ രാഘവൻ തൃക്കാൽക്കൽ വച്ചഭി-
വാദ്യവും ചെയ്തു വിഭീഷണനാദരാൽ
നക്തഞ്ചരേന്ദ്രപ്രസാദത്തിനായ്‌ രാമ-
ഭദ്രനതെല്ലാം പരിഗ്രഹിച്ചീടിനാൻ
'ഇപ്പോൾ കൃതകൃത്യനായേനഹ'മെന്നു
ചിൽപുരുഷൻ പ്രസാദിച്ചരുളീടിനാൻ

അഗ്രേ വിനീതനായ്‌ വന്ദിച്ചു നിൽക്കുന്ന
സുഗ്രീവനെപ്പുനരാലിംഗനം ചെയ്തു
സന്തുഷ്ടനായരുൾചെയ്തിതു രാഘവൻ
'ചിന്തിച്ചതെല്ലാം ലഭിച്ചു നമുക്കെടോ!
ത്വത്സാഹയത്വേന രാവണൻ തന്നെ ഞാ-
നുത്സാഹമോടു വധിച്ചിതു നിശ്ചയം
ലങ്കേശ്വരനായ്‌ വിഭീഷണൻ തന്നെയും
ശങ്കാവിഹീനമഭിഷേകവും ചെയ്തു.'