അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കാലനേമിയുടെ പുറപ്പാട്
മാരുതനന്ദനനൌഷധത്തിന്നങ്ങു
മാരുതവേഗേന പോയതറിഞ്ഞൊരു
ചാരവരന്മാർനിശാചരാധീശനോ-
ടാരുമറിയാതെ ചെന്നു ചൊല്ലീടിനാർ.
ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപൻ
പാരം വിചാരം കലർന്നു മരുവിനാൻ
ചിന്താവശനായ് മുഹൂർത്തമിരുന്നള-
വന്തർഗൃഹത്തിങ്കൽനിനു പുറപ്പെട്ടു
രാത്രിയിലാരും സഹായവും കൂടാതെ
രാത്രിഞ്ചരാധിപൻകലനേമീഗൃഹം
പ്രാപിച്ചളവധി വിസ്മയം പൂണ്ടവ-
നാമോദപൂർണ്ണം തൊഴുതു സന്ത്രസ്തനായ്
അർഘ്യാദികൾകൊണ്ടു പൂജിച്ചു ചോദിച്ചാ-
‘നർക്കോദയം വരും മുമ്പേ ലഘുതരം
ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ-
മിങ്ങനെ മറ്റുള്ളകമ്പടി കൂടാതെ?’
ദു:ഖനിപീഡിതനാകിയ രാവണ-
നക്കാലനേമിതന്നോടു ചൊല്ലീടിനാൻ:
‘ഇക്കാലവൈഭവമെന്തു ചൊല്ലാവതു-
മൊക്കെ നിന്നോടു ചൊൽവാനത്ര വന്നതും
ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ
ശക്തിയേറ്റാശു വീണിടിനാൻഭൂതലേ
പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജൻ
മന്നവന്മാരെയും വാനരന്മാരെയും
കൊന്നു രണാങ്കണം തന്നിൽവീഴ്ത്തീടിനാൻ.
വെന്നിപ്പറയുമടിപ്പിച്ചിതാത്മജൻ.
ഇന്നു ജീവിപ്പിച്ചുകൊള്ളുവാൻമാരുത-
നന്ദനനൌഷധത്തിന്നു പോയീടിനാൻ.
ചെന്നു വിഘ്നം വരുത്തേണമതിന്നു നീ.
നിന്നോടുപായവും ചൊല്ലാമതിന്നെടോ!
താപസനായ് ചെന്നു മാർഗ്ഗമദ്ധ്യേ പുക്കു
പാപവിനാശനമായുള്ള വാക്കുകൾ
ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം
വല്ല കണക്കിലും നീ വരുത്തീടണം.
താമസവാക്കുകൾകേട്ടനേരം കാല-
നേമിയും രാവണൻതന്നോടു ചൊല്ലിനാൻ:
സാമവേദജ്ഞ! സർവ്വജ്ഞ! ലങ്കേശ്വര!
സാമമാന്നുടെ വാക്കു കേൾക്കേണമേ!
നിന്നെക്കുറിച്ചു മരിപ്പതിനിക്കാല-
മെന്നുള്ളിലേതും മടിയില്ല നിശ്ചയം.
മാരീചനെക്കണക്കെ മരിപ്പാൻമന-
താരിലെനിക്കേതുമില്ലൊരു ചഞ്ചലം.
മക്കളും തമ്പിമാരും മരുമക്കളും
മക്കളുടെ നല്ല മക്കളും ഭൃത്യരും
ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു
ദു:ഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും?
എന്തു രാജ്യം കൊണ്ടും പിന്നെയൊരു ഫലം?
എന്തു ഫലം തവ ജാനകിയെക്കൊണ്ടും?
ഹന്ത! ജഡാത്മകമായ ദേഹം കൊണ്ടു-
മെന്തു ഫലം തവ ചിന്തിച്ചു കാൺകെടോ!
സീതയെ രാമനു കൊണ്ടക്കൊടുത്തു നീ
സോദരനായ്ക്കൊണ്ടു രാജ്യവും നൽകുക.
കാനനംതന്നിൽമുനിവേഷവും പൂണ്ടു
മാനസശുദ്ധിയോടുംകൂടി നിത്യവും
പ്രത്യുഷസ്യുസ്ത്ഥായ ശുദ്ധതോയെ കുളി-
ച്ചത്യന്തഭക്തിയോടർക്കോദയം കണ്ടു
സന്ധ്യാനമസ്കാരവും ചെയ്തു ശീഘ്രമേ-
കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ്
സർവ്വവിഷയസംഗങ്ങളും കൈവിട്ടു
സർവ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടൻ
ആത്മനി കണ്ടുകണ്ടാത്മാനമാത്മനാ
സ്വാത്മോദയംകൊണ്ടു സർവ്വലോകങ്ങളും
സ്ഥാവരജംഗമജാതികളായുള്ള
ദേവതിര്യങ്മനുഷ്യാദി ജന്തുക്കളും
ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യനാം
ദേഹി സർവ്വത്തിനുമാധാരമെന്നതും
ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു
താല്പര്യമുൾക്കൊണ്ടു കണ്ടതും കേട്ടതും
ഒക്കെ പ്രകൃതിയെന്നത്രേ ചൊല്ലപ്പെടും
സൽഗുരുമായയെന്നും പറഞ്ഞീടുന്നു.
ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ
സർഗ്ഗസ്ഥിതിവിനാശങ്ങൾക്കും കാരണം
ലോഹിതശ്വേതകൃഷ്ണാദി മയങ്ങളാം
ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ.
പുത്രഗണം കാമക്രോധാദികളെല്ലാം
പുത്രികളും തൃഷ്ണഹിംസാദികളെടോ.
തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു
തന്റെ വശത്താക്കുമാത്മാവിനെയവൾ.
കർത്തൃത്വഭോക്തൃത്വമുഖ്യഗുണങ്ങളെ
നിത്യമാത്മാവാകുമീശ്വരൻതങ്കലേ
ആരോപണം ചെയ്തു തന്റെ വശത്താക്കി
നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു.
ശുദ്ധനാത്മാ പരനേകനവളോടു
യുക്തനായ് വന്നു പുറത്തു കാണുന്നിതു
തന്നുടെയാത്മാവിനെത്താൻമറക്കുന്നി-
തന്വഹം മായാഗുണവിമോഹത്തിനാൽ.
‘ബോധസ്വരൂപനായോരു ഗുരുവിനാൽ
ബോധിതനായാൽനിവൃത്തേന്ദ്രിയനുമായ്
കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ
വേണുന്നതെല്ലാമവനു വന്നൂ തദാ.
ദൃഷ്ട്വാ പ്രകൃതിഗുണങ്ങളോടാശു വേർ
പെട്ടു ജീവമുക്തനായ് വരും ദേഹിയും.
നീയുമേവം സദാത്മാനം വിചാരിച്ചു
മായാഗുണങ്ങളിൽനിന്നു വിമുക്തനായ്
അദ്യപ്രഭൃതി വിമുക്തനാത്മാവിതി-
ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ്
ധ്യാനനിരതനായ് വാഴുകെന്നാൽവരു-
മാനന്ദമേതും വികല്പ്മില്ലോർക്ക നീ.
ധ്യാനിപ്പതിന്നു സമർത്ഥനല്ലെങ്കിലോ
മാനസേ പാവനേ ഭക്തിപരവശേ
നിത്യം സഗുണനാം ദേവനെയാശ്രയി-
ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം
ഹൃൽപത്മകർണ്ണികാമദ്ധ്യേ സുവർണ്ണ പീ-
ഠോൽപലേ രത്നഗണാഞ്ചിതേ നിർമ്മലേ
ശ്ല്ഷ്ണേ മൃദുതരേ സീതയാസംസ്ഥിതം
ലക്ഷ്മണസേവിതം ബാണധനുർദ്ധരം
വീരാസനസ്ഥം വിശാലവിലോചന-
മൈരാവതീതുല്യപീതാംബരധരം
ഹാരകിരീടകേയൂരാംഗദാംഗുലീ-
യോരു രത്നാഞ്ചിത കുണ്ഡലനൂപുര
ചാരുകടക കടിസൂത്ര കൌസ്തുഭ
സാരസമാല്യവനമാലികാധരം
ശ്രീവത്സവക്ഷസം രാമം രമാവരം
ശ്രീവാസുദേവം മുകുന്ദം ജനാർദ്ദനം
സർവ്വഹൃദിസ്ഥിതം സർവേശ്വരം പരം
സർവ്വവന്ദ്യം ശരണാഗതവത്സലം
ഭക്ത്യാ പരബ്രഹ്മയുക്തനായ് ധ്യാനിക്കിൽ
മുക്തനായ് വന്നുകൂടും ഭവാൻനിർണ്ണയം.
തച്ചരിത്രം കേട്ടുകൊൾകയും ചൊൽകയു-
മുച്ചരിച്ചും രാമരാമേതി സന്തതം
ഇങ്ങനെ കാലം കഴിച്ചുകൊള്ളുന്നാകി-
ലെങ്ങനെ ജന്മങ്ങൾപിന്നെയുണ്ടാകുന്നു?
ജന്മജന്മാന്തരത്തിങ്കലുമുള്ളോരു
കൽമഷമൊക്കെ നശിച്ചുപോം നിശ്ചയം.
വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ്
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ
ദേവം പരിപൂർണ്ണമേകം സദാ ഹൃദി-
ഭാവിതം ഭാവരൂപം പുരുഷം പരം
നാമരൂപാദിഹീനം പുരാണം ശിവം
രാമമേവം ഭജിച്ചീടു നീ സന്തതം.’
രാക്ഷസേന്ദ്രൻകാലനേമി പറഞ്ഞൊരു
വാക്കുകൾപീയൂഷതുല്യങ്ങൾകേൾക്കയാൽ
ക്രോധതാമ്രാക്ഷനായ് വാളുമായ് തൽഗളം
ഛേദിപ്പതിന്നൊരുമ്പെട്ടു ചൊല്ലീടിനാൻ:
‘നിന്നെ വെട്ടിക്കളഞ്ഞിട്ടിനിക്കാര്യങ്ങൾ
പിന്നെയെല്ലാം വിചാരിച്ചുകൊള്ളാമെടോ!’
കാലനേമിക്ഷണദാചരനന്നേരം
മൂലമെല്ലാം വിചരിച്ചു ചൊല്ലീടിനാൻ:
‘രാക്ഷസരാജ! ദുഷ്ടാത്മൻ! മതിമതി
രൂക്ഷതാഭാവമിതുകൊണ്ടു കിം ഫലം?
നിന്നുടെ ശാസനം ഞാനനുഷ്ഠിപ്പന-
തെന്നുടെ സൽഗതിക്കെന്നു ധരിക്ക നീ.
സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ-
നദ്യ സമുദ്യുക്തനായേൻമടിയാതെ.’
എന്നു പറഞ്ഞു ഹിമാദ്രിപാർശ്വേ ഭൃശം
ചെന്നിരുന്നാൻമുനിവേഷമായ് തൽക്ഷണേ