അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണവധം
രാഘവൻ മാതലിയോടരുളിച്ചെയ്തി-
'താകുലമെന്നിയേ തേർ നടത്തീടു നീ'....................3940
മാതലി തേരതിവേഗേന കൂട്ടിനാ-
നേതുമേ ചഞ്ചലമില്ല ദശാസ്യനും
മൂടി പൊടികൊണ്ടു ദിക്കുമുടനിട-
കൂടി ശരങ്ങളുമെന്തൊരു വിസ്മയം.
രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു********8
ധാത്രിയിലിട്ടു ദശരഥപുത്രനും
യാധുധാനാധിപൻ വാജികൾ തമ്മെയും
മാതലിതന്നെയുമേറെയെയ്തീടിനാൻ
ശൂലം മുസലം ഗദാദികളും മേൽക്കു-
മേലേ പൊഴിച്ചിതു രാക്ഷസരാജനും.......................3950
സായകജാലം പൊഴിച്ചവയും മുറി-
ച്ചായോധനത്തിന്നടുത്തിതു രാമനും
ഏറ്റമണഞ്ഞുമകന്നും വലംവച്ചു-
മേറ്റുമിടംവച്ചുമൊട്ടു പിൻവാങ്ങിയും
സാരഥിമാരുടെ സൗത്യകൗശല്യവും
പോരാളികളുടെ യുദ്ധകൗശല്യവും
പണ്ടുകീഴിൽ കണ്ടതില്ല നാമീവണ്ണ-
മുണ്ടാകയുമില്ലിവണ്ണമിനി മേലിൽ
എന്നു ദേവാദികളും പുകഴ്ത്തീടിനാർ
നന്നുനന്നെന്നു തെളിഞ്ഞിതു നാരദൻ.......................3960
പൗലസ്ത്യരാഘവന്മാർതൊഴിൽ കാൺകയാൽ
ത്രൈലോക്യവാസികൾ ഭീതിപൂണ്ടീടിനാർ
വാതമടങ്ങി മറഞ്ഞിതു സൂര്യനും
മേദിനിതാനും വിറച്ചിതു പാരമായ്
പാഥോനിധിയുമിളകി മറിഞ്ഞിതു
പാതാളവാസികളും നടുങ്ങീടിനാർ
'അംബുധി അംബുധിയോടെന്നെതിർക്കിലു-
മംബരമംബരത്തോടെതിർത്തീടിലും
രാഘവരാവണയുദ്ധത്തിനു സമം
രാഘവരാവണയുദ്ധമൊഴിഞ്ഞില്ല'...........................3970
കേവലമിങ്ങനെ നിന്നു പുകഴ്ത്തിന്നർ
ദേവാദികളുമന്നേരത്തു രാഘവൻ
രാത്രിഞ്ചരന്റെ തലയൊന്നറുത്തുടൻ***********
ധാത്രിയിലിട്ടാനതുനേരമപ്പൊഴേ
കൂടെ മുളച്ചുകാണായിതവൻതല
കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും
ഉണ്ടായിതപ്പോളതും പിന്നെ രാഘവൻ
ഖണ്ഡിച്ചു ഭൂമിയിലിട്ടാലരക്ഷണാൽ
ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ
പൃത്ഥ്വിയിലിട്ടു രഘുകുലസത്തമൻ....................3980
പിന്നെയും പത്തു തലയ്ക്കൊരു വാട്ടമി-
ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും
ഇങ്ങനെ നൂറായിരം തല പോകിലു-
മെങ്ങും കുറവില്ലവൻതല പത്തിനും
രാത്രിഞ്ചരാധിപൻതന്റെ തപോബലം************
ചിത്രം വിചിത്രം വിചിത്രമത്രേ തുലോം
കുംഭകർണ്ണൻ മകരാക്ഷൻ ഖരൻ ബാലി
വമ്പനാം മാരീചനെന്നിവരാദിയാം
ദുഷ്ടരെക്കൊന്ന ബാണത്തിനിന്നെന്തതി-
നിഷ്ഠൂരനാമിവനെക്കൊല്ലുവാൻ മടി-......................3990
യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാൻ
കണ്ടീലുപായവുമേതുമൊന്നീശ്വരാ!
ചിന്തിച്ചു രാഘവൻ പിന്നെയുമദ്ദശ-
കന്ധരൻമെയ്യിൽ ബാണങ്ങൾ തൂകീടിനാൻ
രാവണനും പൊഴിച്ചീടിനാൻ ബാണങ്ങൾ
ദേവദേവൻതിരുമേനിമേലാവോളം
കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര-
നുണ്ടായിതുള്ളിലൊരു നിനവന്നേരം
പുഷ്പസമങ്ങളായ് വന്നു ശരങ്ങളും
കെൽപുകുറഞ്ഞു ദശാസ്യനും നിർണ്ണയം..................4000
ഏഴുദിവസം മുഴുവനീവണ്ണമേ
രോഷേണനിന്നു പൊരുതോരനന്തരം
മാതലിതാനും തൊഴുതു ചൊല്ലീടിനാ-
'നേതും വിഷാദമുണ്ടാകായ്ക മാനസേ
മുന്നമഗസ്ത്യതപോധനനാദരാൽ
തന്ന ബാണം കൊണ്ടു കൊല്ലാം ജഗൽപ്രഭോ!
പൈതാമഹാസ്ത്രമതായതെ'ന്നിങ്ങനെ
മാതലി ചൊന്നതു കേട്ടു രഘുവരൻ
'നന്നു പറഞ്ഞതു നീയിതെന്നോടിനി-
ക്കൊന്നീടുവൻ ദശകണ്ഠനെ നിർണ്ണയം'...................4010
എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ
നന്നായെടുത്തു തൊടുത്തിതു രാഘവൻ
സൂര്യാനലന്മാരതിന്നു തരം തൂവൽ
വായുവും മന്ദരമേരുക്കൾ മദ്ധ്യമായ്
വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം
വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിനാൻ
രാവണൻതന്റെ ഹൃദയം പിളർന്നു ഭൂ-********
ദേവിയും ഭേദിച്ചു വാരിധിയിൽ പുക്കു
ചോരകഴുകി മുഴുകി വിരവോടു
മാരുതവേഗേന രാഘവൻ തന്നുടെ........................4020
തൂണിയിൽ വന്നിങ്ങു വീണു തെളിവോടെ
ബാണവുമെന്തൊരു വിസ്മയമന്നേരം
തേരിൽ നിന്നാശു മറിഞ്ഞുവീണീടിനാൻ
പാരിൽ മരാമരം വീണപോലെ തദാ
കൽപകവൃക്ഷപ്പുതുമലർ തൂകിനാ-
രുൽപന്നമോദേന വാനരരേവരും
അർക്കകുലോത്ഭവൻ മൂദ്ധനി മേൽക്കുമേൽ
ശക്രനും നേത്രങ്ങളൊക്കെ തെളിഞ്ഞിതു
പുഷ്കരസംഭവനും തെളിഞ്ഞീടിനാ-
നർക്കനും നേരെയുദിച്ചാനതുനേരം......................4030
മന്ദമായ് വീശിത്തുടങ്ങി പവനനും
നന്നായ് വിളങ്ങീ ചതുർദ്ദശലോകവും
താപസന്മാരും ജയജയ ശബ്ദേന
താപമകന്നു പുകഴ്‌ന്നുതുടങ്ങിനാർ
ശേഷിച്ച രാക്ഷസരോടിയകംപുക്കു
കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ
അർക്കജൻ മാരുതി നീലാംഗദാദിയാം
മർക്കടവീരരുമാർത്തു പുകഴ്ത്തിനാർ