അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കാലനേമിവധം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


കാണായിതാശ്രമം മായാവിരചിതം
നാനാമുനിജനസേവിതമായതും
ശിഷ്യജനപരിചാരകസംയുത-
മൃഷ്യാശ്രമം കണ്ടു വായുതനയനും
ചിന്തിച്ചു നിന്നാ ‘നിവിടെയൊരാശ്രമ-
മെന്തുമൂലം? പണ്ടു കണ്ടിട്ടുമില്ല ഞാൻ.
മാർഗ്ഗവിഭ്രംശം വരികയോ? കേവല-
മോർക്കണമെൻമനോവിഭ്രമമല്ലല്ലീ?
നാനാപ്രകാരവും താ‍പസനെക്കണ്ടു
പാനീയപാനവും ചെയ്തു ദാഹം തീർത്തു
കാണാം മഹൌഷധം നിൽ‌ക്കുമത്യുന്നതം
ദ്രോണാചലം രഘുപുംഗവാനുഗ്രഹാൽ‌.’
ഇത്ഥം നിരൂപിച്ചൊരു യോജനായതം
വിസ്താരമാണ്ട മായശ്രമമശ്രമം
രംഭാപനസഖർജ്ജുരകേരാമ്രാദി
സമ്പൂർണ്ണമത്യച്ഛതോയവാപീയുതം
കാലനേമിത്രിയാമാചാരനും തത്ര
ശാലയിലൃത്വിക്സദസ്യാദികളോടും
ഇന്ദ്രയാഗം ദൃഢമാമ്മാറനുഷ്ഠിച്ചു
ചന്ദ്രചൂഡപ്രസാദം വരുത്തീടുവാൻ
ഭക്ത്യാ ശിവപൂജയും ചെയ്തു വാഴുന്ന
നക്തഞ്ചരേന്ദ്രനാം താപസശ്രേഷ്ഠനെ
വീണു നമസ്കാരവും ചെയ്തുടൻജഗൽ‌
പ്രാണതനയനുമിങ്ങനെ ചൊല്ലിനാൻ:
‘രാമദൂതോഹം ഹനുമാനിനി മമ
നാമം പവനജനഞ്ജനാനന്ദനൻ‌
രാമകാര്യാർത്ഥമായ് ക്ഷീരാംബുരാശിക്കു
സാമോദമിന്നു പോകുന്നു തപോനിധേ!
ദേഹരക്ഷാർത്ഥമിവിടേക്കു വന്നിതു
ദാഹം പൊറാഞ്ഞു തണ്ണീർകുടിച്ചീടുവാൻ‌
എങ്ങു ജലസ്ഥലമെന്നരുൾ‌ചെയ്യണ-
മെങ്ങുമേ പാർക്കരുതെന്നെൻ‌മനോഗതം.’
മാരുതി ചൊന്നതു കേട്ടു നിശാചരൻ‌
കാരുണ്യഭാവം നടിച്ചു ചൊല്ലീടിനാൻ:
‘മാമകമായ കമണ്ഡലുസ്ഥം ജല-
മാമയം തീരുവോളം കുടിച്ചീടുക.
പക്വഫലങ്ങളും ഭക്ഷിച്ചനന്തരം
ദു:ഖം കളഞ്ഞു കുറഞ്ഞൊന്നുറങ്ങുക.
ഏതും പരിഭ്രമിക്കേണ്ട ഭവാനിനി-
ബ്ഭൂതവും ഭവ്യവും മേലിൽ‌ഭവിപ്പതും.
ദിവ്യദൃശാ കണ്ടറിഞ്ഞിരിക്കുന്നിതു
സുവ്യക്തമായതുകൊണ്ടു ചൊല്ലീടുവൻ.
വാനരന്മാരും സുമിത്രാതനയനും
മാനവവീരനിരീക്ഷിതരാകയാൽ‌
മോഹവും തീർന്നെഴുന്നേറ്റിതെല്ലാവരു-
മാഹവത്തിന്നൊരുമിച്ചുനിന്നീടിനാർ‌.’
ഇത്ഥമാകർണ്യ ചൊന്നാൻകപിപുംഗവ-
‘നെത്രയും കാരുണ്യശാലിയല്ലോ ഭവാൻ.
പാരം പൊരുതു മേ ദാഹമതുകൊണ്ടു
പോരാ കമണ്ഡലുസംസ്ഥിതമാം ജലം.’
വായുതനയനേവം ചൊന്ന നേരത്തു
മായാവിരചിതനായ വടുവിനെ
തോയാകരം ചെന്നു കാട്ടിക്കൊടുക്കെന്നു
ഭൂയോ മുദാ കാലനേമിയും ചൊല്ലിനാൻ.
‘നേത്രനിമീലനം ചെയ്തു പാനീയവും
പീത്വാ മമാന്തികം പ്രാപിക്ക സത്വരം.
എന്നാൽനിനക്കൌഷധം കണ്ടുകിട്ടുവാ-
നിന്നു നല്ലോരു മന്ത്രോപദേശം ചെയ്‌വൻ‌.’
എന്നതു കേട്ടു വിശ്വാസേന മാരുതി
ചെന്നാനയച്ച വടുവിനോടും മുദാ
കണ്ണുമടച്ചു വാപീതടം പ്രാപിച്ചു
തണ്ണീർകുടിപ്പാൻതുടങ്ങും ദശാന്തരേ
വന്നു ഭയങ്കരിയായ മകരിയു-
മുന്നതനായ മഹാകപിവീരനെ
തിന്നുകളവാനൊരുമ്പെട്ട നേരത്തു
കണ്ണും മിഴിച്ചു കപീന്ദ്രനും നോക്കിനാൻ;
വക്ത്രം പിളർന്നു കണ്ടോരു മകരിയെ
ഹസ്തങ്ങൾകൊണ്ടു പിളർന്നാൻകപിവരൻ
ദേഹമുപേക്ഷിച്ചു മേല്പോട്ടു പോയിതു
ദേഹിയും മിന്നൽ‌‌പോലെ തദത്യത്ഭുതം.
ദിവ്യവിമാനദേശേ കണ്ടിതന്നേരം
ദിവ്യരൂപത്തൊടു നാരീമണിയെയും
ചേതോഹരാംഗിയാമപ്സരസ്ത്രീമണി
വാതാത്മജനോടു ചൊന്നാളതുനേരം:
‘നിന്നുടെ കാരുണ്യമുണ്ടാകയാലെനി-
ക്കിന്നു വന്നൂ ശാപമോക്ഷം കപിവര!
മുന്നമൊരപ്സരസ്ത്രീ ഞാ,നൊരു മുനി-
തന്നുടെ ശാപേന രാക്ഷസിയായതും
ധന്യമാലീതി മേ നാമം മഹാമതേ!
മാന്യനാം നീയിനിയൊന്നു ധരിക്കണം
അത്ര പുൺയാശ്രമേ നീ കണ്ട താപസൻ
നക്തഞ്ചരൻകാലനേമി മഹാഖലൻ‌.
രാവണപ്രേരിതനായ് വന്നിരുന്നവൻ‌
താവകമാർഗ്ഗവിഘ്നം വരുത്തീടുവാൻ
താപസവേഷം ധരിച്ചിരിക്കുന്നിതു
താപസദേവഭൂദേവാദി ഹിംസകൻ
ദുഷ്ടനെ വേഗം വധിച്ചുകളഞ്ഞിനി-
പ്പുഷ്ടമോദം ദ്രോണപർവ്വതം പ്രാപിച്ചു
ദിവ്യൌഷധങ്ങളുംകൊണ്ടങ്ങു ചെന്നിനി
ക്രവ്യാദവംശമശേഷമൊടുക്കുക.
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു
വാനരവീര! കുശലം ഭവിക്ക തേ.’
പോയാളിവണ്ണം പറഞ്ഞവൾ‌, മാരുതി
മായാവിയാം കാലനേമിതന്നന്തികേ
ചെന്നാ‍, നവനോടു ചൊന്നാനസുരനും:
‘വന്നീടുവാനിത്ര വൈകിയതെന്തെടോ?
കാലമിനിക്കളയാതെ വരിക നീ
മൂലമന്ത്രോപദേശം ചെയ്‌വനാശു ഞാൻ.
ദക്ഷിണയും തന്നഭിവാദ്യവും ചെയ്ക
ദക്ഷനായ് വന്നുകൂടും ഭവാൻനിർണ്ണയം.’
തൽക്ഷണേ മുഷ്ടിയും ബദ്ധ്വാ ദൃഢതരം
രക്ഷ:പ്രവരോത്തമാംഗേ കപിവരൻ‌
ഒന്നടിച്ചാനതുകൊണ്ടവനും തദാ
ചെന്നു പുക്കീടിനാൻ‌ധർമ്മരാജാലയം